Thursday 30 October 2014

റബര്‍, സ്‌പൈസസ് ബോര്‍ഡുകളെ ശ്വാസംമുട്ടിച്ചു കേന്ദ്രം



എന്‍.ബി. ബിജു


കോട്ടയം: സാമ്പത്തികമേഖലയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന റബര്‍ ബോര്‍ഡും സ്‌പൈസസ് ബോര്‍ഡും ഉള്‍പ്പെടെയുള്ള കമ്മോഡിറ്റി ബോര്‍ഡുകള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ കുരുക്ക്. തോട്ടവിളകളും നാണ്യവിളകളും ഏറെയുള്ള കേരളം പോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള നപടികളാണു ബോര്‍ഡുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

Sunday 19 October 2014

പൈനാപ്പിള്‍: കീടനാശിനിയുടെ പേരുപറഞ്ഞ് കൃഷി തടയണോ?



ടോം ജോര്‍ജ്


കീടനാശിനിയുപയോഗിക്കുന്നെന്ന പേരില്‍ കൃഷി തടയുന്ന വിരോധാഭാസം മൂലം കുഴങ്ങുകയാണ് കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍. വിലയിടിവുമൂലം നട്ടം തിരിയുന്ന  റബര്‍കര്‍ഷകര്‍ക്ക് ആകെയുണ്ടായിരുന്ന ആശ്വാസമായ പൈനാപ്പിളിനും കണ്ടകശനി ബാധിക്കുകയാണ്. കൃഷിക്കായി കര്‍ഷകര്‍ ഉപയോഗിക്കുന്ന വളങ്ങളുടെ ഫോളിയാര്‍ സ്‌പ്രേയും ഒരുമിച്ചു കായ്ക്കാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ തളിക്കലുമെല്ലാം പലയിടത്തും കൃഷിയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ആണ് തളിക്കുന്നതെന്നു വ്യാപകമായ പ്രചരണം നടക്കുന്നതിനാല്‍ പലയിടത്തും കൃഷി നിരോധിക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തുന്നു. കൃഷി തടയാന്‍ എത്തുന്ന ജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കൃഷി നടത്താന്‍ ഹൈക്കോടതിയില്‍നിന്ന് ഉത്തരവു വാങ്ങേണ്ട ഗതികേടിലാണു കര്‍ഷകര്‍.

മണിമല, എരുമേലി, ആമ്പല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നതിനെതിരേ പ്രമേയങ്ങള്‍ പാസാക്കിയതായാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ പൈനാപ്പിള്‍ കൃഷി നിരോധിച്ചു എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്തോ മാരകമായ പ്രശ്‌നങ്ങള്‍ പൈനാപ്പിള്‍ കൃഷിക്കു പിന്നിലുണ്ടെന്നു ധാരണ പരക്കുന്നതിനാല്‍ ഈ കൃഷിയിടങ്ങളോടടുത്തു താമസിക്കുന്ന മറ്റു പ്രദേശങ്ങളിലെ ജനങ്ങളും പരിഭ്രാന്തരായി രംഗത്തെത്തുകയാണ്.

ഇതിനിടയില്‍ കൃഷിക്കാരെ ചൂഷണം ചെയ്യാനും ചിലര്‍ മുതിരുന്നതായും വാര്‍ത്തകളുണ്ട്. തങ്ങളെ കാണേണ്ടവിധം കണ്ടില്ലെങ്കില്‍ ജനങ്ങളെ കൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് ഇക്കൂട്ടരുടെ ഭീഷണി. കൃഷിയേയും കര്‍ഷകരേയും ഇങ്ങനെ വേട്ടയാടുമ്പോള്‍ ഒരു കാര്‍ഷിക സമ്പത്ത് വ്യവസ്ഥയായ കേരളത്തിന്റെ അടിത്തറയാണ് ഇളകുന്നതെന്ന് ആരും മനസിലാക്കുന്നില്ല.

കേരളത്തില്‍ 12,500 ഹെക്ടറിലാണ് പൈനാപ്പിള്‍ കൃഷി ചെയ്യുന്നത്. 1,02,400 ടണ്ണാണ് വാര്‍ഷിക ഉത്പാദനം. ഇന്ത്യയിലെ ആകെ ഉത്പാദനത്തിന്റെ 7.6 ശതമാനമാണ് കേരളത്തില്‍ നടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും നടക്കുന്നത് കോട്ടയം, ഇടുക്കിജില്ലകളിലെ വാഴക്കുളം, മൂവാറ്റുപുഴ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്.

കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ 85 ശതമാനവും ഇവിടെയാണ് നടക്കുന്നത്. പലേടത്തും ഇപ്പോഴും ജനങ്ങള്‍ കൃഷി തടസപ്പെടുത്തുന്നുണ്ടെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കളപ്പുരയും സെക്രട്ടറി ജെയിംസ് ജോര്‍ജും പറഞ്ഞു. കൃഷി നിരോധിക്കാനോ പ്രമേയം പാസാക്കാനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും ഇവര്‍പറഞ്ഞു. വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇനിയും ഇതുസംബന്ധിച്ച് പൊതുജനത്തിന് എന്തെങ്കിലും പരാതികളോ വിശദീകരണമോ ആവശ്യമുണ്ടെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തെ സമീപിക്കാവുന്നതാണെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ. പി.പി. ജോയ് പറഞ്ഞു.

മുതല്‍മുടക്ക് കോടികള്‍

ലാഭമുണ്ടെങ്കിലും മുതല്‍മുടക്കും അധ്വാനവും അതിനനുസരിച്ചുതന്നെ വേണ്ട കൃഷിയാണ് പൈനാപ്പിളിന്റേതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു ഹെക്ടറില്‍ 25000 ചെടികളാണ് കൃഷിചെയ്യുന്നത്. തൊഴിലാളികള്‍ക്കു തന്നെ ഹെക്ടറില്‍ 1,86,500 രൂപവരും. ചെടി, വളം, കീടനാശിനികള്‍ എന്നിവയ്‌ക്കെല്ലാമായി 2,43,500 രൂപയും ഭൂമിക്കുള്ള പാട്ടത്തുക 1,00,000 എല്ലാമായി ഒരുഹെക്ടറിന് ആകെ 5,30,000 രൂപയാണ് ചെലവാകുന്നത്. ഇത്രയും പണം മുടക്കിയിട്ടും നിലവില്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ മൂലം സമയത്ത് കൃഷിയിറക്കാന്‍ പോലും കഴിയാത്ത അവസ്ഥ കൃഷിതന്നെ ഇല്ലാതാക്കുന്നതാണ്.

കര്‍ഷകരുടെ ചോദ്യം ന്യായമാണ്, കൃഷിയില്‍ കീടനാശിനി ഉപയോഗിക്കുന്നു എന്നപേരില്‍ കൃഷി നിരോധിക്കേണ്ട കാര്യമുണ്ടോ? അങ്ങനെ ശിപാര്‍ശ ചെയ്ത അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ കൃഷിഓഫീസുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയല്ലേ ചെയ്യേണ്ടത്?

വളത്തെ എന്‍ഡോസള്‍ഫാനായി തെറ്റിധരിക്കേണ്ട

വളം വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേചെയ്യുന്ന ഫോളിയാര്‍ രീതികള്‍ ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കുന്നതാണ്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും ചെടികള്‍ക്കാവശ്യമായ സൂക്ഷ്മ മൂലകങ്ങളുമാണ് ഇങ്ങനെ സ്‌പ്രേചെയ്ത് ഇലകളില്‍ തളിക്കുന്നത്.
ചുവട്ടില്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ അളവില്‍ വളം മതിയെന്നതും ഇതിന്റെ പ്രയോജനങ്ങളാണ്. ഇങ്ങനെ വളപ്രയോഗം നടത്തുന്നതുവരെ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേയായി ചിലയിടങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നു. ഇതേക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ കൃഷിഓഫീസുകളും സന്നദ്ധമാകണം.  പൊതുജനങ്ങളില്‍ നിന്നുയരുന്ന മറ്റൊരു പ്രശ്‌നം എല്ലാചെടികളും ഒരേസമയത്ത് കായ്ക്കുന്നതിന് ഏഴുമാസം പ്രായമുള്ളപ്പോള്‍ പ്രയോഗിക്കുന്ന എഥിഫോണിനെകുറിച്ചുള്ളതാണ്. ഇതും മാരക കീടനാശിനിയായാണ് ചിത്രീകരിക്കപ്പെടുക. എന്നാല്‍ 2-ക്ലോറോ ഈതൈല്‍ ഫോസ്‌ഫോണിക്ക് ആസിഡ് അടങ്ങിയ എഥിഫോണ്‍ യൂറിയ, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവചേര്‍ത്ത് നല്‍കുകയാണ് ചെയ്യുന്നത്.
ഇത് ചെടിയുടെ വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണാണ്, വിഷമല്ല. മീലിമുട്ട, സ്‌കെയില്‍ ഇന്‍സെക്ട് എന്നിവയെ തുരത്താന്‍ ഉപയോഗിക്കുന്ന ക്യൂനാല്‍ഫോസ്, ക്ലോര്‍പൈറിഫോസ് എന്നിവയാണ് കീടനാശിനികള്‍. ഇവ കാര്‍ഷികയുണിവേഴ്‌സിറ്റിയും മറ്റും നിര്‍ദ്ദേശിക്കുന്ന അളവില്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കൃഷിവകുപ്പ് കൃഷിഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ടെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡൈഥേന്‍ എം-45, കാര്‍ബോസള്‍ഫാന്‍ എന്നിവയും രോഗ നിയന്ത്രണത്തിന് ഉപയോഗിക്കുന്നു. പേരില്‍ സള്‍ഫാന്‍ ഉള്ളതായിരിക്കാം കാര്‍ബോസള്‍ഫാനെ എന്‍ഡോസള്‍ഫാനായി തെറ്റിധരിക്കാന്‍ കാരണം. ഇവതമ്മില്‍ ഒരുസാമ്യവുമില്ലെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
നിര്‍ദ്ദേശിക്കപ്പെട്ട അളവ് കീടനാശിനികള്‍ മാത്രം  ഉപയോഗിക്കാന്‍ കര്‍ഷകരും ശ്രദ്ധിക്കണം. ഇതിന് കൃഷിവകുപ്പിന്റെ നിരീക്ഷണവും നല്ലതാണ്. കൃഷിചെയ്യുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇതേക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ബോധവത്കരിക്കുന്നതും നല്ലതാണ്. ഇതിന്റെ പേരില്‍ കര്‍ഷകരുടെ മനസുമടുപ്പിക്കുന്ന തരത്തിലുള്ള ചൂഷണങ്ങളും അവസാനിപ്പിക്കണം. പ്രതിവര്‍ഷം 800 കോടിയുടെ വിറ്റുവരവുള്ള ഈ കൃഷി കേരളത്തിന് അന്യമാകാതിരിക്കാന്‍ കൃഷിയേ സ്‌നേഹിക്കുന്നവര്‍ ഉണരണം.

Saturday 18 October 2014

ഡയറി ഫാമുകള്‍ക്ക് ഭീഷണിയായി സറ





പരമാവധി പാല്‍ ഉത്പാദനം ലക്ഷ്യമാക്കി തീവ്രരീതിയില്‍ പശുക്കളെ പരിപാലിക്കുന്ന ഡയറി ഫാമുകള്‍ക്ക്  ഭീഷണിയാകുന്ന  രോഗാവസ്ഥയാണ് 'സറ' (SARA).  സബ് അക്യൂട്ട് റൂമിന. അസിഡോസിസ് (Sub Acute Ruminal Acidosis) എന്ന ഉപാപചയ രോഗത്തിന്റെ  ചുരുക്കപ്പേരാണിത്.  പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്താനായി  രുചിയേറിയ എളുപ്പം ദഹിക്കുന്ന അന്നജ പ്രധാനമായ,  എന്നാല്‍ നാരുകളുടെ അളവ് കുറവായ  സാന്ദ്രാഹാരം  ധാരാളമായി നല്‍കുന്നതു വഴി ആമാശയത്തിന്റെ അമ്ലത ദീര്‍ഘ സമയത്തേക്ക്  ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണിത്.  കറവപ്പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനക്ഷമതയേയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്ന ഈ അവസ്ഥ വലിയ സാമ്പത്തിക  നഷ്ടമുണ്ടാക്കുന്നു. പുല്ലിന്റെയും, വൈക്കോലിന്റെയും ലഭ്യത കുറയുകയും കാലിത്തീറ്റയെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നതോടെ കേരളത്തിലെ ഫാമുകളും 'സറ' ഭീഷണിയിലാണ്.  പശുവിന്റെ ആമാശയത്തിനു നാല് അറകളാണുള്ളത്. ഇതില്‍ ആദ്യത്തെ അറയായ റൂമിനയിലാണ് സൂക്ഷ്മാണുക്കളുടെ സഹായത്തോടെ പുളിപ്പാക്കല്‍ പ്രക്രിയയിലൂടെ  ദഹനത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്. നാരുകള്‍ കൂടുതലടങ്ങിയ പുല്ലു തിന്നാനും ദഹിപ്പിക്കാനും കഴിയുന്നവിധമാണ് റൂമിന്‍  സംവിധാനം ചെയ്തിരിക്കുന്നത്. ദഹനം കൃത്യമായി നടക്കുന്നതിനായി റൂമിനിലെ  അമ്ലക്ഷാരനില നിശ്ചിത  പരിധിക്കുള്ളില്‍ നിര്‍ത്തുന്നതിനുള്ള കഴിവ് സാധാരണയായി പശുക്കള്‍ക്കുണ്ട്.  ഇതിനായി റൂമിനിലെ പി.എച്ച്. (അമ്ല-ക്ഷാര നിലയുടെ സൂചിക) 6-7 എന്ന നിലയില്‍ നിലനിര്‍ത്തുന്നു.  റൂമിനില്‍ അന്നജം ദഹിച്ചുണ്ടാകുന്ന  ഫാറ്റി ആസിഡുകള്‍ പി.എച്ച്. വ്യത്യാസം വരുത്തുമെങ്കിലും  ഇവയെ നിശ്ചിത പരിധിയില്‍ നിലനിര്‍ത്താനുള്ള സങ്കീര്‍ണമായ  സംവിധാനങ്ങള്‍ പശുവിന്  പ്രകൃത്യാ തെന്നയുണ്ട്. അമ്ലനില  കൂടുന്ന സമയത്ത് തീറ്റയുടെ അളവ് കുറയ്ക്കുന്നതും, കൂടുതലുള്ള  അമ്ലങ്ങള്‍ നിര്‍വീര്യമാക്കാന്‍  ധാരാളം ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതുമൊക്കെ  ഇത്തരം സംവിധാനങ്ങളാണ്. എന്നാല്‍ ധാന്യങ്ങള്‍  ധാരാളമടങ്ങിയ എളുപ്പം ദഹിക്കുന്ന  തീറ്റകള്‍ കൂടുതല്‍ അളവില്‍ കഴിക്കുമ്പോള്‍  റൂമിനിലെ അമ്ലനില ഉയരുന്നു.  അതായത് പി.എച്ച്. സാധാരണ പരിധിയിലും താഴുന്നു.  ഈ സമയത്ത് റൂമിന്റെ പി.എച്ച്.  5-5.5 എന്ന നിലയിലെത്തുന്നു. ഇങ്ങനെ ഒരു ദിവസം മൂന്നു മണിക്കൂര്‍ നേരമെങ്കിലും പി.എച്ച്. താഴ്ന്ന് നില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍ അതിനെ നമുക്ക് സറ എന്നു വിളിക്കാം.


റൂമനിലുള്ള അമ്ലനില പരിധിയിലധികം വര്‍ധിക്കുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. റൂമനെ ആവരണം ചെയ്യുന്ന കോശങ്ങള്‍ക്ക്  ശ്ലേഷ്മാവരണത്തിന്റെ  സംരക്ഷണമില്ല.  അതിനാല്‍ അമ്ലങ്ങള്‍ അടിഞ്ഞു കൂടുന്നത് റൂമന്റെ ആവരണത്തെ നശിപ്പിക്കുന്നു.  ഇത് റൂമന്‍ വീക്കത്തിനും ഭിത്തിയില്‍ വ്രണങ്ങള്‍ക്കും കാരണമാകുന്നു.  ഈ അവസരം മുതലെടുത്ത് ബാക്ടീരിയകള്‍ റൂമന്‍ ഭിത്തിവഴി  രക്തത്തിലേക്ക് പ്രവേശിക്കുകയും, അവിടെ നിന്ന് കരള്‍, ശ്വാസകോശം, ഹൃദയ വാല്‍വ്, കിഡ്‌നി, സന്ധികള്‍ തുടങ്ങി പാദങ്ങള്‍വരെയും പ്രശ്‌നമുണ്ടാക്കുന്നു.  അമ്ലനില കൂടുന്നതോടെ  നാരുകളെ ദഹിപ്പിക്കുന്ന  പ്രക്രിയ താറുമാറാകുകയും ചെയ്യുന്നു.
വ്യക്തവും, കൃത്യവുമായ ബാഹ്യലക്ഷണങ്ങള്‍ പലപ്പോഴും കാണപ്പെടുന്നില്ല  എന്നതാണ് സറയുടെ  പ്രത്യേകത. പലപ്പോഴും  ആഴ്ചകളോ, മാസങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതെന്നയാവണം സറ എന്ന അവസ്ഥ  പലപ്പോഴും തിരിച്ചറിയപ്പെടാതെ  പോകുന്നത്.  കഴിക്കുന്ന തീറ്റയുടെ അളവ് കുറയുന്നതാണ് ഒരു ലക്ഷണം.  ഈ ലക്ഷണവും ഒരു പ്രത്യേക രീതിയിലാണ് കാണപ്പെടുന്നത്.  ഒരു ദിവസം കൂടുതല്‍ തീറ്റയെടുക്കുന്ന പശു അടുത്ത ദിവസം തീറ്റയുടെ അളവ് കുറയ്ക്കുന്നു.   പാലിലെ കൊഴുപ്പിന്റെ അളവില്‍ കുറവുണ്ടാകുന്നു. വയറിളക്കം നേരിയ തോതില്‍ കാണപ്പെടുന്നു.  ചാണകം അയഞ്ഞു പോവുകയും പതഞ്ഞ് കുമിളകള്‍ കാണപ്പെടുകയും ചെയ്യാം.   ഇടവിട്ട ദിവസങ്ങളില്‍ വയറിളക്കം കാണപ്പെടുന്നതും  ലക്ഷണമാണ്. പലപ്പോഴും പശുവിന്റെ ശരീരത്തില്‍ എപ്പോഴും ചാണകം പറ്റിയിരിക്കുന്നതായി കാണാം.  അയവെട്ടല്‍ കുറയുകയും നല്ല തീറ്റ തിന്നിട്ടും  പശു ക്ഷീണിക്കുന്നതായും കാണപ്പെടുന്നു.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പലതും  ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്.  എന്നാല്‍ പശുവിന്റെ  പാദത്തിനും   കുളമ്പിനുമുണ്ടാകുന്ന  പ്രശ്‌നങ്ങളാണ് സറയുടെ  പ്രധാനവും, കൃത്യവുമായ ലക്ഷണം.  കുളമ്പിന്റെ പ്രശ്‌നങ്ങള്‍, ഫലകവീക്കം, കുളമ്പിന്റെ  നിറവ്യത്യാസം, രക്തസ്രാവം, വ്രണങ്ങള്‍, ആകൃതി നഷ്ടപ്പെടല്‍ തുടങ്ങിയ പാദത്തിന്റെ പ്രശ്‌നങ്ങള്‍ ദീര്‍ഘ കാലത്തേക്ക് നിലനില്‍ക്കുന്നു. ഗര്‍ഭാശയ വീക്കം, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, അകിടുവീക്കം തുടങ്ങിയ  പ്രശ്‌നങ്ങളും പിന്നാലെയെത്തും.


പ്രത്യുത്പാദന, ഉത്പാദന ക്ഷമത  കുറഞ്ഞ് ആരോഗ്യം നശിച്ച  ഇത്തരം പശുക്കള്‍ അകാലത്തില്‍ ഫാമുകളില്‍നിന്ന് ഒഴിവാക്കപ്പെടുന്നു.  ചുരുക്കം പറഞ്ഞാല്‍ പാലുത്പാദനം കൂട്ടാനായി നല്‍കിയ  അമിതമായ ആഹാരം  താത്കാലിക ലാഭം നല്‍കിയെങ്കിലും  ദീര്‍ഘകാലാടിസ്ഥാനത്തില്‍  വന്‍ നഷ്ടം വരുത്തിവെയ്ക്കുന്നു.  ഇതാണ്  സറ ഉയര്‍ത്തുന്ന വലിയ ഭീഷണി.
സറ ബാധിച്ച പശു



ദീര്‍ഘകാലം കുറഞ്ഞ അളവില്‍ തീറ്റ നല്‍കിയിരുന്ന  പശുക്കള്‍ക്ക് പെട്ടെന്ന് കൂടിയ അളവില്‍ എളുപ്പം ദഹിക്കുന്ന  തീറ്റ നല്‍കുന്നത് സറയ്ക്ക് കാരണമാകുന്നു.  പ്രസവശേഷം കറവയുടെ ആദ്യഘട്ടത്തിലാണ്  ഇത് ഏറെ പ്രധാനം. ഈ സമയത്ത് പശുക്കള്‍ക്ക് അമിതമായ രീതിയില്‍ പെട്ടെന്നു കഞ്ഞിവെച്ച് നല്‍കുന്നതും ചോളപ്പൊടി  നല്‍കുന്നതുമൊക്കെ റൂമന്റെ അമ്ലത വര്‍ധിപ്പിക്കുന്നു.  മാത്രമല്ല, കറവയുടെ ആദ്യഘട്ടത്തില്‍ പശുക്കള്‍ക്ക് തിന്നാന്‍ കഴിയുന്നതിലധികം  ധാന്യസമ്പന്നമായ ആഹാരം നല്‍കിയാല്‍  അവ പിന്നീട് നാരുകളടങ്ങിയ പുല്ല് കഴിക്കാന്‍ മടി കാട്ടുകയും നാരിന്റെ കുറവ് അമ്ലനില ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യും.  നാരുകളടങ്ങിയ തീറ്റ കൂടുതല്‍ ഉമിനീര്‍ ഉത്പാദനം സാധ്യമാക്കുകയും ഉമിനീരില്‍ അടങ്ങിയ  ബൈകാര്‍ബണേറ്റുകള്‍  അമ്ലനിലയെ നിര്‍വീര്യമാക്കാന്‍  സഹായിക്കുകയും ചെയ്യുന്നു.  അതിനാല്‍ ആവശ്യമായ അളവില്‍  തീറ്റപ്പുല്ലിന്റെ ലഭ്യത ഉറപ്പാക്കണം.


പശുക്കളുടെ റൂമന്റെ ആവരണത്തിനും, അവയിലെ സൂക്ഷ്മജീവികള്‍ക്കും തീറ്റയുമായി പൊരുത്തപ്പെടാന്‍ നിശ്ചിത സമയം ആവശ്യമാണ്.  ഇത് ഒന്നു മുതല്‍ നാലാഴ്ചവരെ നീളുന്ന സമയമാണ്.  അതിനാല്‍ വറ്റുകാലത്തിന്റെ  സമയത്തുതെന്ന പ്രസവാനന്തരം  നല്‍കാനുള്ള തീറ്റ പശുക്കളെ ശീലിപ്പിച്ചു തുടങ്ങണം.  കൃത്യമായ തീറ്റക്രമവും, തീറ്റ സമയവും പാലിക്കണം.   പശുക്കള്‍ക്ക് നല്‍കുന്ന തീറ്റയില്‍  നാരിന്റെ അളവ്  കൃത്യമായി ഉറപ്പാക്കണം. മൊത്തം ശുഷ്‌കാഹാരത്തിന്റെ  27-30 ശതമാനം ന്യൂട്രല്‍ ഡിറ്റര്‍ജന്റ് ഫൈബര്‍ (NDF) ആയിരിക്കണം. ഇതില്‍തെന്ന 70-80 ശതമാനം തീറ്റപ്പുല്ലില്‍ നിന്നുമായിരിക്കണം.  തീറ്റപ്പുല്‍ അരിഞ്ഞ് നല്‍കുമ്പോള്‍  വലിപ്പം 3.5 സെന്റീ മീറ്ററില്‍ കുറയാന്‍ പാടില്ല. വലിപ്പം കൂടിയാല്‍ പശു തിന്നാത്ത അവസ്ഥയും  വരും. കൃത്യമായ അളവില്‍ നാരുകളടങ്ങിയ തീറ്റ  നല്‍കുന്ന ഫാമില്‍ 40 ശതമാനം പശുക്കളും ഒരു സമയത്ത് അയവെട്ടുന്ന ജോലിയിലായിരിക്കും.  അമ്ലങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന അപ്പക്കാരവും മറ്റും തീറ്റയില്‍ ചേര്‍ത്തു നല്‍കാം.  ഡയറി ഫാമുകളിലെ തീറ്റ  സാന്ദ്രാഹാരവും, പരുഷാഹാരവും  ചേര്‍ത്ത് നല്‍കുന്ന ടോട്ടല്‍ മിക്‌സ്ഡ് റേഷന്‍ (Total Mixed Ration)  രീതിയാക്കുന്നത്  ഉത്തമം. ഒരു ന്യട്രീഷ്യനിസ്റ്റിന്റെ  സഹായത്തോടെ  തീറ്റക്രമം സംവിധാനം ചെയ്യുകതന്നെയാണ് സറ തടയാനുള്ള മാര്‍ഗം.


കടപ്പാട്‌,

ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രഫസര്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എല്‍.പി.എം.
വെറ്ററിനറി കോളജ്
മണ്ണുത്തി തൃശൂര്‍
ഫോണ്‍ : 9446203839
drsabinlpm@yahoo.com

ഫിഞ്ചുകള്‍ മുതല്‍ മക്കാവ് വരെ പക്ഷിശേഖരത്തില്‍ വിസ്മയമൊരുക്കി രഞ്ജിത്ത്


രഞ്ജിത്ത് ഓമനപ്പക്ഷികള്‍ക്കൊപ്പം

ഐബിന്‍ കാണ്ടാവനം 


ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ് (blue and gold macaw)
ജോലിയുടെ ആയാസവും മാനസിക സമ്മര്‍ദ്ദങ്ങളും കുറയ്ക്കുവാന്‍ പക്ഷികളെ വളര്‍ത്തുന്നവരും പക്ഷിപ്രേമികളും ഇന്നു നിരവധിയാണ്. വ്യത്യസ്തതയുള്ള പക്ഷിയിനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അവയെ നല്‍കാന്‍ സദാ തത്പരനാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് കിഴപറയാറുള്ള വാഴവിള വീട്ടില്‍ രഞ്ജിത്ത്. 230 രൂപ വിലയുള്ള ഫിഞ്ചുകള്‍ മുതല്‍ രണ്ടു ലക്ഷം രൂപ വിലയുള്ള മക്കാവുകള്‍ വരെ രഞ്ജിത്തിന്റെ പക്കല്‍ലഭ്യമാണ്. ഒരു വര്‍ഷം മുമ്പു വയനാട്ടിലെ പുല്‍പള്ളിയില്‍ നിന്നും പാലായിലേക്കു താമസം മാറുമ്പോള്‍ തന്റെ ഓമന പക്ഷികള്‍ക്കു കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം താങ്ങാനാകുമോ എന്ന് രഞ്ജിത്തിനു സംശയമായിരുന്നു. പക്ഷേ കൃത്യമായ പരിചരണം ഉള്ളതുകൊണ്ട് അവ കോട്ടയത്തോടു വേഗമിണങ്ങി.

 ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് കേവലം കൗതുകത്തിനായി ഒരു ജോഡി ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സില്‍ തുടങ്ങിയ രഞ്ജിത്തിന്റെ പക്ഷിപ്രേമം ഇന്ന് ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ്, വിവിധയിനം കോന്യൂര്‍സ്, കോക്കറ്റീല്‍സ്, ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്, കാനറീസ്, ഡോവ്‌സ്, ഫിഞ്ച്‌സ് തുടങ്ങിയ ഇനങ്ങളിലായി 150തോളം പക്ഷികളിലെത്തിനില്‍ക്കുന്നു. കൂടാതെ ആവശ്യമനുസരിച്ച് കോയമ്പത്തൂര്‍, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ അംഗീകൃത ബ്രീഡിംഗ് ഫാമുകളില്‍ നിന്നും ഡിഎന്‍എയോടുകൂടിയ വിവിധയിനം പക്ഷികുഞ്ഞുങ്ങളെ വരുത്തി വളര്‍ത്തി കൊടുക്കുകയാണ് പതിവ്. സാധാരണ 30 മുതല്‍ 45 ദിവസം പ്രായമായ കുഞ്ഞുങ്ങളാണ് എത്തുക. അവയുടെ ഭക്ഷണ കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്.

ഇന്ന് ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന രഞ്ജിത്തിന്റെ വ്യാപാര ശൃംഖലയുടെ വിജയം താത്പര്യമുള്ള മേഖല തെരഞ്ഞെടുത്ത് അര്‍പ്പണ മനോഭാവത്തോടുകൂടിയുള്ള പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ്. ഫിഞ്ച്‌സ്, വിവിധയിനം മക്കാവ്‌സ്, ആഫ്രികന്‍ ലവ് ബേര്‍ഡ്‌സ്, കോക്കറ്റീല്‍, കൊക്കറ്റൂ, വിവിധ തരം കോന്യൂര്‍സ്, കാനറീസ്, ആമസോണ്‍ പാരറ്റ്‌സ്, ആഫ്രിക്കന്‍ ഗ്രേ പാരറ്റ്‌സ്, ലോറിക്കീറ്റ്‌സ്, റോസല്ല, എക്‌ലെറ്റസ്, ചെറിയ പാരക്കീറ്റ്‌സ്, ബഡ്‌ജെറിഗാറുകള്‍, ടുറാക്കോസ്, ഇഗ്വാന, അമേരിക്കന്‍ ഫോക്‌സ് സ്‌കുരല്‍, ഹെഡ്ജ്‌ഹോഗ് തുടങ്ങി വിവിധയിനം ഓമന പക്ഷിമൃഗാദികളെ വിപണനം ചെയ്യുന്നുണ്ട്. ആവശ്യക്കാര്‍ക്കു പക്ഷികള്‍ക്കുള്ള കൂടുകളും രഞ്ജിത്ത് നിര്‍മിച്ചു നല്കുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് വിപണനം. ഇതിനായി www.keralapetfarms.com എന്ന വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. ഒപ്പം ഫേസ്ബുക്കിലെ KeralaPetFarms.com എന്ന പേജ് രഞ്ജിത്തിന്റെ വ്യാപാര ശൃംഖല വിപുലപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

ഓമനപ്പക്ഷികളെക്കുറിച്ചും അവയുടെ പരിപാലന രീതികളെപ്പറ്റിയുമുള്ള സംശയങ്ങള്‍ക്കും പക്ഷിപ്രേമികളെ സഹായിക്കാന്‍ രഞ്ജിത്തിനു മടിയില്ല. കടല, ഗ്രീന്‍പീസ്, ചോളം, തിന, പയര്‍, സൂര്യകാന്തിക്കുരു, പഴങ്ങള്‍ എന്നിവയാണ് ഭക്ഷണമായി നല്‍കുന്നത്. ഒപ്പം ആവശ്യാനുസരണം മരുന്നുകളും വൈറ്റമിന്‍സും നല്‍കുന്നു. തത്തകളുടെ മികച്ച പരിശീലകന്‍ കൂടിയാണിദ്ദേഹം. തത്തകളെ മെരുക്കി അവയെ സംസാരിക്കാന്‍ പ്രാപ്തരാക്കുക എന്നത് രഞ്ജിത്തിനു ഏറ്റവും താത്പര്യമേറിയ കാര്യമാണ്. വില്പനയ്ക്കുള്ള തത്തകളില്‍ ഭൂരിഭാഗവും രഞ്ജിത്തിന്റെ പരിശീലനം നേടിയശേഷമാണ് ആവശ്യക്കാരിലെത്തുക.

ആഫ്രിക്കന്‍ ഗ്രേ പാരറ്റ് (African Gray Parrot)
ഭാര്യ ശ്രുതിയും മകള്‍ വേദയും രഞ്ജിത്തിന്റെ സഹായത്തിനായി ഒപ്പമുണ്ട്. എല്ലാ ചിലവുകളും കഴിഞ്ഞ് പ്രതിമാസം ശരാശരി 30000 രൂപയോളം ലഭിക്കുന്നുണ്ട്. കാര്‍ഷിക രംഗത്തെ ഏതു മേഖലയാണെങ്കിലും തികഞ്ഞ ആത്മാര്‍ഥതയോടും അര്‍പണ മനോഭാവത്തോടുംകൂടി സമീപിച്ചാല്‍ കൃഷി ഒരിക്കലും നഷ്ടമാവില്ല എന്നതാണ് രഞ്ജിത്തിന്റെ പക്ഷം. പക്ഷേ എന്ത് സംരംഭമാണെങ്കിലും വിപണന സാധ്യത മുമ്പില്‍ കണ്ടേ ഇറങ്ങിത്തിരിക്കാവു എന്നാണ് തുടക്കക്കാര്‍ക്ക് രഞ്ജിത്തിനു നല്‍കുവാനുള്ള ഉപദേശം.


(2014 ഒക്ടോബര്‍ ലക്കം കര്‍ഷകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്).


കാനറീസ് (Canneries)

ട്രൈടോണ്‍ കൊക്കറ്റൂ

എക്‌ലെറ്റസ്

ഹെഡ്ജ്‌ഹോഗ് (Hedge Hog)
ഫേസ് പീച്ച് പൈഡ് ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്‌

രഞ്ജിത്ത് ഓമനപ്പക്ഷികള്‍ക്കൊപ്പം


അമേരിക്കന്‍ ഫോക്‌സ് സ്‌കുരല്‍



guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...