Saturday, 18 October 2014

ഫിഞ്ചുകള്‍ മുതല്‍ മക്കാവ് വരെ പക്ഷിശേഖരത്തില്‍ വിസ്മയമൊരുക്കി രഞ്ജിത്ത്


രഞ്ജിത്ത് ഓമനപ്പക്ഷികള്‍ക്കൊപ്പം

ഐബിന്‍ കാണ്ടാവനം 


ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ് (blue and gold macaw)
ജോലിയുടെ ആയാസവും മാനസിക സമ്മര്‍ദ്ദങ്ങളും കുറയ്ക്കുവാന്‍ പക്ഷികളെ വളര്‍ത്തുന്നവരും പക്ഷിപ്രേമികളും ഇന്നു നിരവധിയാണ്. വ്യത്യസ്തതയുള്ള പക്ഷിയിനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അവയെ നല്‍കാന്‍ സദാ തത്പരനാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് കിഴപറയാറുള്ള വാഴവിള വീട്ടില്‍ രഞ്ജിത്ത്. 230 രൂപ വിലയുള്ള ഫിഞ്ചുകള്‍ മുതല്‍ രണ്ടു ലക്ഷം രൂപ വിലയുള്ള മക്കാവുകള്‍ വരെ രഞ്ജിത്തിന്റെ പക്കല്‍ലഭ്യമാണ്. ഒരു വര്‍ഷം മുമ്പു വയനാട്ടിലെ പുല്‍പള്ളിയില്‍ നിന്നും പാലായിലേക്കു താമസം മാറുമ്പോള്‍ തന്റെ ഓമന പക്ഷികള്‍ക്കു കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം താങ്ങാനാകുമോ എന്ന് രഞ്ജിത്തിനു സംശയമായിരുന്നു. പക്ഷേ കൃത്യമായ പരിചരണം ഉള്ളതുകൊണ്ട് അവ കോട്ടയത്തോടു വേഗമിണങ്ങി.

 ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് കേവലം കൗതുകത്തിനായി ഒരു ജോഡി ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സില്‍ തുടങ്ങിയ രഞ്ജിത്തിന്റെ പക്ഷിപ്രേമം ഇന്ന് ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ്, വിവിധയിനം കോന്യൂര്‍സ്, കോക്കറ്റീല്‍സ്, ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്, കാനറീസ്, ഡോവ്‌സ്, ഫിഞ്ച്‌സ് തുടങ്ങിയ ഇനങ്ങളിലായി 150തോളം പക്ഷികളിലെത്തിനില്‍ക്കുന്നു. കൂടാതെ ആവശ്യമനുസരിച്ച് കോയമ്പത്തൂര്‍, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ അംഗീകൃത ബ്രീഡിംഗ് ഫാമുകളില്‍ നിന്നും ഡിഎന്‍എയോടുകൂടിയ വിവിധയിനം പക്ഷികുഞ്ഞുങ്ങളെ വരുത്തി വളര്‍ത്തി കൊടുക്കുകയാണ് പതിവ്. സാധാരണ 30 മുതല്‍ 45 ദിവസം പ്രായമായ കുഞ്ഞുങ്ങളാണ് എത്തുക. അവയുടെ ഭക്ഷണ കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്.

ഇന്ന് ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന രഞ്ജിത്തിന്റെ വ്യാപാര ശൃംഖലയുടെ വിജയം താത്പര്യമുള്ള മേഖല തെരഞ്ഞെടുത്ത് അര്‍പ്പണ മനോഭാവത്തോടുകൂടിയുള്ള പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ്. ഫിഞ്ച്‌സ്, വിവിധയിനം മക്കാവ്‌സ്, ആഫ്രികന്‍ ലവ് ബേര്‍ഡ്‌സ്, കോക്കറ്റീല്‍, കൊക്കറ്റൂ, വിവിധ തരം കോന്യൂര്‍സ്, കാനറീസ്, ആമസോണ്‍ പാരറ്റ്‌സ്, ആഫ്രിക്കന്‍ ഗ്രേ പാരറ്റ്‌സ്, ലോറിക്കീറ്റ്‌സ്, റോസല്ല, എക്‌ലെറ്റസ്, ചെറിയ പാരക്കീറ്റ്‌സ്, ബഡ്‌ജെറിഗാറുകള്‍, ടുറാക്കോസ്, ഇഗ്വാന, അമേരിക്കന്‍ ഫോക്‌സ് സ്‌കുരല്‍, ഹെഡ്ജ്‌ഹോഗ് തുടങ്ങി വിവിധയിനം ഓമന പക്ഷിമൃഗാദികളെ വിപണനം ചെയ്യുന്നുണ്ട്. ആവശ്യക്കാര്‍ക്കു പക്ഷികള്‍ക്കുള്ള കൂടുകളും രഞ്ജിത്ത് നിര്‍മിച്ചു നല്കുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് വിപണനം. ഇതിനായി www.keralapetfarms.com എന്ന വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. ഒപ്പം ഫേസ്ബുക്കിലെ KeralaPetFarms.com എന്ന പേജ് രഞ്ജിത്തിന്റെ വ്യാപാര ശൃംഖല വിപുലപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

ഓമനപ്പക്ഷികളെക്കുറിച്ചും അവയുടെ പരിപാലന രീതികളെപ്പറ്റിയുമുള്ള സംശയങ്ങള്‍ക്കും പക്ഷിപ്രേമികളെ സഹായിക്കാന്‍ രഞ്ജിത്തിനു മടിയില്ല. കടല, ഗ്രീന്‍പീസ്, ചോളം, തിന, പയര്‍, സൂര്യകാന്തിക്കുരു, പഴങ്ങള്‍ എന്നിവയാണ് ഭക്ഷണമായി നല്‍കുന്നത്. ഒപ്പം ആവശ്യാനുസരണം മരുന്നുകളും വൈറ്റമിന്‍സും നല്‍കുന്നു. തത്തകളുടെ മികച്ച പരിശീലകന്‍ കൂടിയാണിദ്ദേഹം. തത്തകളെ മെരുക്കി അവയെ സംസാരിക്കാന്‍ പ്രാപ്തരാക്കുക എന്നത് രഞ്ജിത്തിനു ഏറ്റവും താത്പര്യമേറിയ കാര്യമാണ്. വില്പനയ്ക്കുള്ള തത്തകളില്‍ ഭൂരിഭാഗവും രഞ്ജിത്തിന്റെ പരിശീലനം നേടിയശേഷമാണ് ആവശ്യക്കാരിലെത്തുക.

ആഫ്രിക്കന്‍ ഗ്രേ പാരറ്റ് (African Gray Parrot)
ഭാര്യ ശ്രുതിയും മകള്‍ വേദയും രഞ്ജിത്തിന്റെ സഹായത്തിനായി ഒപ്പമുണ്ട്. എല്ലാ ചിലവുകളും കഴിഞ്ഞ് പ്രതിമാസം ശരാശരി 30000 രൂപയോളം ലഭിക്കുന്നുണ്ട്. കാര്‍ഷിക രംഗത്തെ ഏതു മേഖലയാണെങ്കിലും തികഞ്ഞ ആത്മാര്‍ഥതയോടും അര്‍പണ മനോഭാവത്തോടുംകൂടി സമീപിച്ചാല്‍ കൃഷി ഒരിക്കലും നഷ്ടമാവില്ല എന്നതാണ് രഞ്ജിത്തിന്റെ പക്ഷം. പക്ഷേ എന്ത് സംരംഭമാണെങ്കിലും വിപണന സാധ്യത മുമ്പില്‍ കണ്ടേ ഇറങ്ങിത്തിരിക്കാവു എന്നാണ് തുടക്കക്കാര്‍ക്ക് രഞ്ജിത്തിനു നല്‍കുവാനുള്ള ഉപദേശം.


(2014 ഒക്ടോബര്‍ ലക്കം കര്‍ഷകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്).


കാനറീസ് (Canneries)

ട്രൈടോണ്‍ കൊക്കറ്റൂ

എക്‌ലെറ്റസ്

ഹെഡ്ജ്‌ഹോഗ് (Hedge Hog)
ഫേസ് പീച്ച് പൈഡ് ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്‌

രഞ്ജിത്ത് ഓമനപ്പക്ഷികള്‍ക്കൊപ്പം


അമേരിക്കന്‍ ഫോക്‌സ് സ്‌കുരല്‍



1 comment:

  1. വര്‍ണശബളമായ ജീവിതം!

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...