ടോം ജോര്‍ജ്
കീടനാശിനിയുപയോഗിക്കുന്നെന്ന പേരില്‍ കൃഷി തടയുന്ന വിരോധാഭാസം മൂലം കുഴങ്ങുകയാണ് കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍. വിലയിടിവുമൂലം നട്ടം തിരിയുന്ന റബര്‍കര്‍ഷകര്‍ക്ക് ആകെയുണ്ടായിരുന്ന ആശ്വാസമായ പൈനാപ്പിളിനും കണ്ടകശനി ബാധിക്കുകയാണ്. കൃഷിക്കായി കര്‍ഷകര്‍ ഉപയോഗിക്കുന്ന വളങ്ങളുടെ ഫോളിയാര്‍ സ്‌പ്രേയും ഒരുമിച്ചു കായ്ക്കാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ തളിക്കലുമെല്ലാം പലയിടത്തും കൃഷിയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ആണ് തളിക്കുന്നതെന്നു വ്യാപകമായ പ്രചരണം നടക്കുന്നതിനാല്‍ പലയിടത്തും കൃഷി നിരോധിക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തുന്നു. കൃഷി തടയാന്‍ എത്തുന്ന ജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കൃഷി നടത്താന്‍ ഹൈക്കോടതിയില്‍നിന്ന് ഉത്തരവു വാങ്ങേണ്ട ഗതികേടിലാണു കര്‍ഷകര്‍.
മണിമല, എരുമേലി, ആമ്പല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നതിനെതിരേ പ്രമേയങ്ങള്‍ പാസാക്കിയതായാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ പൈനാപ്പിള്‍ കൃഷി നിരോധിച്ചു എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്തോ മാരകമായ പ്രശ്‌നങ്ങള്‍ പൈനാപ്പിള്‍ കൃഷിക്കു പിന്നിലുണ്ടെന്നു ധാരണ പരക്കുന്നതിനാല്‍ ഈ കൃഷിയിടങ്ങളോടടുത്തു താമസിക്കുന്ന മറ്റു പ്രദേശങ്ങളിലെ ജനങ്ങളും പരിഭ്രാന്തരായി രംഗത്തെത്തുകയാണ്.
ഇതിനിടയില്‍ കൃഷിക്കാരെ ചൂഷണം ചെയ്യാനും ചിലര്‍ മുതിരുന്നതായും വാര്‍ത്തകളുണ്ട്. തങ്ങളെ കാണേണ്ടവിധം കണ്ടില്ലെങ്കില്‍ ജനങ്ങളെ കൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് ഇക്കൂട്ടരുടെ ഭീഷണി. കൃഷിയേയും കര്‍ഷകരേയും ഇങ്ങനെ വേട്ടയാടുമ്പോള്‍ ഒരു കാര്‍ഷിക സമ്പത്ത് വ്യവസ്ഥയായ കേരളത്തിന്റെ അടിത്തറയാണ് ഇളകുന്നതെന്ന് ആരും മനസിലാക്കുന്നില്ല.
കേരളത്തില്‍ 12,500 ഹെക്ടറിലാണ് പൈനാപ്പിള്‍ കൃഷി ചെയ്യുന്നത്. 1,02,400 ടണ്ണാണ് വാര്‍ഷിക ഉത്പാദനം. ഇന്ത്യയിലെ ആകെ ഉത്പാദനത്തിന്റെ 7.6 ശതമാനമാണ് കേരളത്തില്‍ നടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും നടക്കുന്നത് കോട്ടയം, ഇടുക്കിജില്ലകളിലെ വാഴക്കുളം, മൂവാറ്റുപുഴ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്.
കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ 85 ശതമാനവും ഇവിടെയാണ് നടക്കുന്നത്. പലേടത്തും ഇപ്പോഴും ജനങ്ങള്‍ കൃഷി തടസപ്പെടുത്തുന്നുണ്ടെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കളപ്പുരയും സെക്രട്ടറി ജെയിംസ് ജോര്‍ജും പറഞ്ഞു. കൃഷി നിരോധിക്കാനോ പ്രമേയം പാസാക്കാനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും ഇവര്‍പറഞ്ഞു. വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇനിയും ഇതുസംബന്ധിച്ച് പൊതുജനത്തിന് എന്തെങ്കിലും പരാതികളോ വിശദീകരണമോ ആവശ്യമുണ്ടെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തെ സമീപിക്കാവുന്നതാണെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ. പി.പി. ജോയ് പറഞ്ഞു.
മുതല്‍മുടക്ക് കോടികള്‍
ലാഭമുണ്ടെങ്കിലും മുതല്‍മുടക്കും അധ്വാനവും അതിനനുസരിച്ചുതന്നെ വേണ്ട കൃഷിയാണ് പൈനാപ്പിളിന്റേതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു ഹെക്ടറില്‍ 25000 ചെടികളാണ് കൃഷിചെയ്യുന്നത്. തൊഴിലാളികള്‍ക്കു തന്നെ ഹെക്ടറില്‍ 1,86,500 രൂപവരും. ചെടി, വളം, കീടനാശിനികള്‍ എന്നിവയ്‌ക്കെല്ലാമായി 2,43,500 രൂപയും ഭൂമിക്കുള്ള പാട്ടത്തുക 1,00,000 എല്ലാമായി ഒരുഹെക്ടറിന് ആകെ 5,30,000 രൂപയാണ് ചെലവാകുന്നത്. ഇത്രയും പണം മുടക്കിയിട്ടും നിലവില്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ മൂലം സമയത്ത് കൃഷിയിറക്കാന്‍ പോലും കഴിയാത്ത അവസ്ഥ കൃഷിതന്നെ ഇല്ലാതാക്കുന്നതാണ്.കര്‍ഷകരുടെ ചോദ്യം ന്യായമാണ്, കൃഷിയില്‍ കീടനാശിനി ഉപയോഗിക്കുന്നു എന്നപേരില്‍ കൃഷി നിരോധിക്കേണ്ട കാര്യമുണ്ടോ? അങ്ങനെ ശിപാര്‍ശ ചെയ്ത അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ കൃഷിഓഫീസുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയല്ലേ ചെയ്യേണ്ടത്?
വളത്തെ എന്‍ഡോസള്‍ഫാനായി തെറ്റിധരിക്കേണ്ട
വളം വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേചെയ്യുന്ന ഫോളിയാര്‍ രീതികള്‍ ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കുന്നതാണ്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും ചെടികള്‍ക്കാവശ്യമായ സൂക്ഷ്മ മൂലകങ്ങളുമാണ് ഇങ്ങനെ സ്‌പ്രേചെയ്ത് ഇലകളില്‍ തളിക്കുന്നത്.ചുവട്ടില്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ അളവില്‍ വളം മതിയെന്നതും ഇതിന്റെ പ്രയോജനങ്ങളാണ്. ഇങ്ങനെ വളപ്രയോഗം നടത്തുന്നതുവരെ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേയായി ചിലയിടങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നു. ഇതേക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ കൃഷിഓഫീസുകളും സന്നദ്ധമാകണം. പൊതുജനങ്ങളില്‍ നിന്നുയരുന്ന മറ്റൊരു പ്രശ്‌നം എല്ലാചെടികളും ഒരേസമയത്ത് കായ്ക്കുന്നതിന് ഏഴുമാസം പ്രായമുള്ളപ്പോള്‍ പ്രയോഗിക്കുന്ന എഥിഫോണിനെകുറിച്ചുള്ളതാണ്. ഇതും മാരക കീടനാശിനിയായാണ് ചിത്രീകരിക്കപ്പെടുക. എന്നാല്‍ 2-ക്ലോറോ ഈതൈല്‍ ഫോസ്‌ഫോണിക്ക് ആസിഡ് അടങ്ങിയ എഥിഫോണ്‍ യൂറിയ, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവചേര്‍ത്ത് നല്‍കുകയാണ് ചെയ്യുന്നത്.
ഇത് ചെടിയുടെ വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണാണ്, വിഷമല്ല. മീലിമുട്ട, സ്‌കെയില്‍ ഇന്‍സെക്ട് എന്നിവയെ തുരത്താന്‍ ഉപയോഗിക്കുന്ന ക്യൂനാല്‍ഫോസ്, ക്ലോര്‍പൈറിഫോസ് എന്നിവയാണ് കീടനാശിനികള്‍. ഇവ കാര്‍ഷികയുണിവേഴ്‌സിറ്റിയും മറ്റും നിര്‍ദ്ദേശിക്കുന്ന അളവില്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കൃഷിവകുപ്പ് കൃഷിഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ടെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡൈഥേന്‍ എം-45, കാര്‍ബോസള്‍ഫാന്‍ എന്നിവയും രോഗ നിയന്ത്രണത്തിന് ഉപയോഗിക്കുന്നു. പേരില്‍ സള്‍ഫാന്‍ ഉള്ളതായിരിക്കാം കാര്‍ബോസള്‍ഫാനെ എന്‍ഡോസള്‍ഫാനായി തെറ്റിധരിക്കാന്‍ കാരണം. ഇവതമ്മില്‍ ഒരുസാമ്യവുമില്ലെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
നിര്‍ദ്ദേശിക്കപ്പെട്ട അളവ് കീടനാശിനികള്‍ മാത്രം ഉപയോഗിക്കാന്‍ കര്‍ഷകരും ശ്രദ്ധിക്കണം. ഇതിന് കൃഷിവകുപ്പിന്റെ നിരീക്ഷണവും നല്ലതാണ്. കൃഷിചെയ്യുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇതേക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ബോധവത്കരിക്കുന്നതും നല്ലതാണ്. ഇതിന്റെ പേരില്‍ കര്‍ഷകരുടെ മനസുമടുപ്പിക്കുന്ന തരത്തിലുള്ള ചൂഷണങ്ങളും അവസാനിപ്പിക്കണം. പ്രതിവര്‍ഷം 800 കോടിയുടെ വിറ്റുവരവുള്ള ഈ കൃഷി കേരളത്തിന് അന്യമാകാതിരിക്കാന്‍ കൃഷിയേ സ്‌നേഹിക്കുന്നവര്‍ ഉണരണം.
No comments:
Post a Comment