Saturday, 21 May 2016

വാഴരോഗങ്ങള്‍

പറുദീസയുടെ പഴം എന്നാണ് വാഴ അറിയപ്പെടുക. ലോകത്ത് പ്രധാനമായും രണ്ടു വര്‍ഗത്തില്‍പ്പെട്ട വാഴകളാണുള്ളത്. ഇതില്‍ ഭക്ഷണാവശ്യത്തിനു
ഉപയോഗിക്കുന്നവയുടെ
 ശാസ്ത്ര നാമം മ്യൂസ പാരഡിസിയാക്ക ( Musa paradisiaca-പറൂദീസയുടെ പഴം) എന്നും മരുഭൂമിയില്‍ കാണപ്പെടുന്നവയെ മ്യൂസ സാപിയെന്റം (Musa sapientum- ജ്ഞാനത്തിന്റെ പഴം) എന്നുമാണ്.


കേരളത്തിലെ കാര്‍ഷിക പാരമ്പര്യത്തില്‍ വളരെ പ്രാധാന്യമുള്ള വിളയാണ് വാഴ. നീളം കൂടി വലുപ്പമുള്ള ഇലകളും ഉയരവുമള്ള വാഴ വൃക്ഷത്തിനു സമാനമാണെങ്കിലും വൃക്ഷങ്ങളുടെ ഗണങ്ങളില്‍ ഉള്‍പ്പെടുത്താറില്ല. ഇലകളുടെ തണ്ടുകള്‍ തിങ്ങിക്കൂടിയ അവസ്ഥയിലായതിനാലാണ് അവ വൃക്ഷത്തിനു സമാനമാകുന്നത്. അതിനാല്‍ത്തന്നെ ശക്തിയായ കാറ്റിനെ അതിജീവിക്കാനുള്ള ബലം വാഴയ്ക്കില്ല.

ഇനങ്ങള്‍

മറ്റൊരു സംസ്ഥാനത്തും കാണാത്ത വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്.
 പ്രധാനമായും വാഴകളെ മൂന്നായി തിരിക്കാം
1. പഴമായി ഉപയോഗിക്കാവുന്ന ഇനങ്ങള്‍
പാളയംകോടന്‍, ഞാലിപ്പൂവന്‍, ചെങ്കദളി, കദളി, റോബസ്റ്റ, കര്‍പ്പൂരവള്ളി, കുന്നന്‍, പൂവന്‍, കൂമ്പിലാക്കണ്ണന്‍.

2. കറിക്കായി ഉപയോഗിക്കുന്നവ
മൊന്തന്‍, പേയന്‍, നേന്ത്ര പടത്തി, ബത്തീസ, കാഞ്ചികേല.

3. കറിക്കായും പഴമായും ഉപയോഗിക്കുന്നവ
നേന്ത്രന്‍ സാന്‍സിബാര്‍.

കന്നു തെരഞ്ഞെടുക്കുമ്പോള്‍

മെച്ചപ്പെട്ട കുല തരുന്നതും രോഗകീട സാധ്യതയില്ലാത്തതുമായ മാതൃവാഴയില്‍നിന്നാണ് കന്നുകള്‍ തെരഞ്ഞെടുക്കേണ്ടത്. 3-4 മാസം പ്രായമുള്ള ആരോഗ്യമുള്ള കന്നുകള്‍ തെരഞ്ഞെടുക്കാം. മാതൃവാഴയില്‍നിന്നു വിളവെടുത്തതിനു പത്തു ദിവസത്തിനുള്ളില്‍ വിത്തുകന്നുകള്‍ മാറ്റുന്നത് മാണവണ്ടിന്റെ ആക്രമണം തടയാന്‍ സാധിക്കും. നടാന്‍ തെരഞ്ഞെടുത്ത കന്നിന്റഎ തണ്ട് 15-20 സെന്റീ മീറ്റര്‍ ഉയരത്തില്‍വച്ച് മുറിക്കണം.

-മാണത്തിന്റെ കേടുവന്നഭാഗം ചെത്തിയൊരുക്കി ഒഴുക്കുള്ള വെള്ളത്തില്‍ മുക്കിവയ്ക്കുന്നത് നിമാ വിരകളെ നിയന്ത്രിക്കാന്‍ സഹായകമാണ്. അതിനുശേഷം കന്നുകള്‍ ചാണകവെള്ളത്തില്‍ മുക്കി ഒരാഴ്ച തണലത്തുവച്ച് ഉണക്കിയശേഷം നടാന്‍ ഉപയോഗിക്കാം.

വളപ്രയോഗം നടത്തുമ്പോള്‍

രാസവളങ്ങള്‍ വാഴയുടെ ചുവട്ടില്‍നിന്ന് 60-70 സെന്റീമീറ്റര്‍ അകലത്തില്‍ ചുറ്റിനും ഇട്ട് മണ്ണില്‍ കലര്‍ത്തണം. വളപ്രയോഗസമയത്ത് മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നൈട്രജന്‍, പൊട്ടാസ്യം വളങ്ങളുടെ അനുപാതം ശരിയാകാതെ വരികയും അമോണിയ രൂപത്തിലുള്ള നൈട്രജന്‍ വളങ്ങള്‍ 5-6 മാസം പ്രായമായ വാഴകള്‍ക്ക് കൂടുതലായി നല്കുകയും ചെയ്യുന്നതുമൂലം സമയത്തിനു മുമ്പായി കുലകള്‍ പുറത്തുവരുന്നതാണ് വെള്ളക്കൂമ്പ്. പൊട്ടാസ്യം ശരിയായ അളവില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ചെടികള്‍ കൂടുതല്‍ നൈട്രജന്‍ വലിച്ചെടുക്കേണ്ട അവസ്ഥയില്‍ വാഴപ്പനി കാണുന്നു. പോളയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതും കൈകള്‍ ഒടിഞ്ഞുതൂങ്ങുന്നതും തടയില്‍ ചൂടനുഭവപ്പെടുന്നതുമാണ് ഇതിന്റെ കാരണങ്ങള്‍.

കീടങ്ങളും നിയന്ത്രണമാര്‍ഗങ്ങളും

ഏകദേശം 182ല്‍പ്പരം കീടങ്ങല്‍ വാഴയുടെ വിവിധ ഘട്ടങ്ങളില്‍ കാണാറുണ്ട്. ഇവയില്‍ തടതുരപ്പന്‍ പുഴു, മാണവണ്ട്, വഴപ്പേന്‍, മീലിമൂട്ട, ഇലതീനിപ്പുഴുക്കള്‍ എന്നിവയാണ് കൂടുതല്‍ നാശം വരുത്തുന്നവ.

1. തടതുരപ്പന്‍ പുഴു

ലക്ഷണങ്ങള്‍: വാഴത്തടയുടെ പുറംപോളകളില്‍ സുഷിരങ്ങള്‍ ഉണ്ടാവുകയും അവയില്‍നിന്നു കട്ടിയുള്ള ദ്രാവകം ഒഴുകിവരുകയും ചെയ്യുന്നു. രൂക്ഷമായ ആക്രമണമുള്ള വാഴകള്‍ ഒടിഞ്ഞുപോകുന്നു.

നിയന്ത്രണം: തോട്ടം വൃത്തിയായി സൂക്ഷിക്കുക. കളിമണ്ണു കുഴച്ച് തടയുടെ പുറംപോളകളില്‍ പുരട്ടുക. വേപ്പിന്‍കുരു പൊടിച്ച് ഇലക്കവിളുകളില്‍ ഇടുക.

2. മാണവണ്ട്

ലക്ഷണങ്ങള്‍: തൈവാഴകളുടെ വളര്‍ച്ച മുരടിക്കുക, മൂമ്പിലകള്‍ കരിഞ്ഞിരിക്കുക, ഇലകളുടെ എണ്ണം കുറയുക, മാണത്തിന്റെ ഉള്‍ഭാഗത്ത് ദ്വാരങ്ങളും വണ്ടിവന്റെ വിവിധദശങ്ങളും കാണകുക എന്നിവ.

നിയന്ത്രണം: വാഴത്തോട്ടം വൃത്തിയാക്കുക. നല്ല കന്നുകള്‍ തെരഞ്ഞെടുക്കുക. നടുന്നതിനുമുമ്പ് കന്നുകള്‍ ചാണകം, ചാരം, 4ഗ്രാം സെവിന്‍ എന്നിവ കുഴമ്പ് പരുവത്തിലാക്കി അതില്‍ മുക്കി വെയിലത്തുണക്കുക. വേപ്പിന്‍കുരു പൊടിച്ച് കുഴിയില്‍ ഇടുക. ഫിറമോണ്‍ കെണിയും ഉപയോഗിക്കാം.

3. മീലിമൂട്ട

ലക്ഷണം: മീലിമൂട്ടകള്‍ നീരുറ്റിക്കുടിക്കുന്നതുവഴി വേരുകള്‍ ഉണങ്ങുന്നു. ഇതുകാരണം വാഴയുടെ വളര്‍ച്ച മുരടിക്കുന്നു. ഇലകള്‍ മഞ്ഞളിച്ച് ഒടിഞ്ഞുതൂങ്ങുന്നു.

നിയന്ത്രണം: കളകള്‍ നശിപ്പിക്കുക. തടങ്ങളില്‍ ഒരു കിലോഗ്രാം കുമ്മായം പലപ്രാവശ്യമായി നല്കുക. മിത്രകുമിളായ വെര്‍ട്ടീസിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഉപയോഗിക്കുക.

4. ഇലതീനിപ്പുഴു

ലക്ഷണം: ഇലയുടെ ഹരിതകം കാര്‍ന്നുതിന്ന് ഇലകള്‍ ഉണങ്ങിപ്പോകുന്നു.

നിയന്ത്രണം: മൂട്ടക്കൂട്ടങ്ങളെ നശിപ്പിക്കുക.


5. ഇലപ്പേന്‍

ലക്ഷണം: മലകള്‍ മഞ്ഞനിറമായി കരിഞ്ഞുപോകുന്നു.

നിയന്ത്രണം: വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കുക.

6. നിമാവിരകള്‍

ലക്ഷണം: വേരുകളെ ആക്രമിക്കുന്നു. വളര്‍ച്ച മുരടിക്കുന്നു. വാഴ കുലയ്ക്കാന്‍ താമസിക്കുന്നു. വാഴ ഒടിഞ്ഞുപോകുന്നു.

നിയന്ത്രണം: നിലം നന്നായി ഉഴുത് വെയിലുകൊള്ളിക്കുക. കുഴിയില്‍ ചപ്പുചവറിട്ടു കത്തിക്കുക. വിളപരിക്രമണം പാലിക്കുക. വേപ്പിന്‍പിണ്ണാക്ക് ഒരു കിലോ ഗ്രാം ഒരു കുഴിയില്‍ ഉപയോഗിക്കുക. നല്ല കന്ന് തെരഞ്ഞെടുക്കുക.

യോഗങ്ങളും നിയന്ത്രണവും

1. ഇലപ്പുള്ളി രോഗങ്ങള്‍

= സിഗട്ടോക്ക ഇലപ്പുള്ളി
ലക്ഷണം: മഞ്ഞ നിറത്തിലുള്ള പൊട്ടുകളും വരകളും. ഇല വലുതായി മധ്യഭാഗം കരിഞ്ഞ് വലിയ പുള്ളികളായി മാറുന്നു. ഇതുകാരണം ഇലകളുടെ അന്നജനിര്‍മാണം തടസപ്പെടും. തന്മൂലം കായ്കളുടെ വലുപ്പവും കുലയുടെ തൂക്കവും കുറയും.

= കോര്‍ഡാന ഇലപ്പുള്ളി
ലക്ഷണം: ഇലകളില്‍ കണ്ണിന്റെ ആകൃതിയിലുള്ള വലിയ പുള്ളിക്കുത്തുകള്‍. ഇല കരിയുന്നു.

= ഫ്രെക്കിള്‍ ഇലപ്പുള്ളി
ലക്ഷണം: ഇലയുടെ മുകള്‍ഭാഗത്ത് തരുതരുപ്പുള്ള ഇലപ്പുള്ളികള്‍. ഇതും അന്നജനിര്‍മാണത്തെ തടസപ്പെടുത്തുന്നു.

നിയന്ത്രണം: വാഴകള്‍ തമ്മില്‍ ശരിയായ അകലം, നീര്‍വാര്‍ച സൗകര്യം, കൃത്യസമയങ്ങളില്‍ കളനിയന്ത്രണം എന്നിവ നടപ്പാക്കുക. രോഗം വന്ന ഇലകള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക. ബോര്‍ഡോ മിശ്രിതം, കാര്‍ബെന്‍ഡാസിം, ഇന്‍ഡോഫില്‍ എന്നിവ രണ്ടാഴ്ചയിലൊരിക്കല്‍ ഇടവിട്ട് തളിക്കുക.

2. പനാമവാട്ടം (വാട്ടരോഗം)

ലക്ഷണം: ഇലകള്‍ മഞ്ഞളിച്ച് വാടുന്നു. തടയില്‍ വിള്ളലുകള്‍. മാണം മുറിച്ചാല്‍ ചുവന്ന വരകള്‍.

നിയന്ത്രണം: നീര്‍വാര്‍ച സൗകര്യം വര്‍ധിപ്പിക്കുക. കുമ്മായം ഉപയോഗിക്കുക. നല്ല വാഴക്കന്ന് തെരഞ്ഞെടുക്കുക. സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കടഭാഗത്ത് ഒഴിച്ചുനല്കുക.

3. വൈറസ് രോഗങ്ങള്‍

= കുറുനാമ്പ് / കൂമ്പടപ്പ്
ലക്ഷണം: വിരിഞ്ഞുവരുന്ന ഇലകള്‍ ചെറുതായി വളര്‍ച്ച മുരടിക്കുന്നു. ഇലകള്‍ കട്ടിയായി മഞ്ഞളിക്കുന്നു. കുലക്കാറില്ല. കുലച്ചാല്‍ത്തന്നെ കുലകള്‍ക്ക് വളര്‍ച്ചയുണ്ടാവില്ല.

= മൊസെയ്ക്ക് രോഗം
ലക്ഷണം: പുറംപോളയില്‍ അസാധാരണ ചുവപ്പുനിറം താഴെനിന്ന് മുകളിലേക്ക് നീളത്തില്‍ വരകളായി പ്രത്യക്ഷപ്പെടുന്നു. വാഴക്കയ്യിലും ഇലയുടെ ഞരമ്പുകളിലും തവിട്ടുനിറത്തിലുള്ള വരകള്‍.

= വെള്ളരി മൊസെയ്ക്ക് രോഗം
ലക്ഷണം: ഇലകളില്‍ കുറുകെ വെളുത്ത വരകള്‍. ഇലകള്‍ ഉള്‍ഭാഗത്തേക്ക് ചുരുണ്ടുകൂടുന്നു. ചെറിയ കുലകള്‍.

നിയന്ത്രണം: രോഗം ബാധിക്കാത്ത തോട്ടത്തിലെ കന്നുകള്‍ ഉപയോഗിക്കുക. രോഗലക്ഷണം കണ്ടാല്‍ ആ വാഴകള്‍ പിഴുതു നശിപ്പിക്കുക. വാഴപ്പേനുകളെ നിയന്ത്രിക്കുക. വെള്ളരിവര്‍ഗവിളകളുടെ ഇടവിളകൃഷി ഒഴിവാക്കുക. കളകള്‍ നശിപ്പിച്ച് തോട്ടം വൃത്തിയായി സൂക്ഷിക്കുക.

4. മാണം അഴുകള്‍

ലക്ഷണം: ഇവകള്‍ വിളറി, മഞ്ഞളിച്ച്, കൂമ്പില വിടരാതെ നില്ക്കുന്നു. രൂക്ഷമാകുന്നതോടെ കടയോടെ നിലംപൊത്തുന്നു. ഇത്തരം വാഴകളുടെ മാണം ചീഞ്ഞ അവസ്ഥയിലായിരിക്കും. മഴക്കാലത്തും നീര്‍വാര്‍ച്ച ഇല്ലാത്തിടത്തും പാടങ്ങലെ വാഴകള്‍ക്കുമാണ് ഇത് പ്രധാനമായും കാണപ്പെടുക.

നിയന്ത്രണം: നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തുക. രോഗം ബാധിക്കാത്ത തോട്ടത്തിലെ കന്നുകള്‍ ഉപയോഗിക്കുക. രോഗം ബാധിച്ചവ പിഴുതുമാറ്റുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടിയിടുക.

5. കരിങ്കുല രോഗം

ലക്ഷണം: ഇളം കായകള്‍ കറുത്ത് ചുക്കിച്ചുളിയുന്നു. കായയുടെ പുറത്ത് പിങ്ക് നിറത്തിലുള്ള പൂപ്പലുകള്‍. കുല മുഴുവനും തണ്ടും രോഗം ബാധിച്ച് കറുത്ത് ഉണങ്ങിപ്പോകുന്നു.

നിയന്ത്രണം: രോഗം മൂര്‍ഛിച്ച കുലകള്‍ നശിപ്പിക്കുക. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കാം.


.................

ചില നാട്ടറിവുകള്‍



വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണമായും വിരിഞ്ഞതിനു ശേഷം ചുണ്ട് ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിയോടെ വളരും.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

വാഴ കുലച്ച് പടല വിരിഞ്ഞു കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനുശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവില്ല.

കന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ (ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലയ്ക്കു തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴയ്ക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴതന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ കോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല തുടങ്ങിയ വാഴയിനങ്ങള്‍ക്ക് വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കൂ.

രണ്ട് വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന പക്ഷം വളം ഇരട്ടിയാക്കണം.

ഒരേ കുഴിയില്‍ രണ്ടു വാഴ നടുന്ന രീതിയില്‍ കൂടുതല്‍ വിളവും ലാഭവും കിട്ടുന്നു.

വാഴയുടെ പനാമാ രോഗത്തിന് പഞ്ചഗവ്യം വളരെ ഫലപ്രദമാണ്.

നന്നായി പഴുത്ത നേന്ത്രപ്പഴം വെയിലത്തുണക്കിയാല്‍ പഴത്തിന്റെ തൊലി ഇളകിപ്പോകും. തൊലി മാറ്റി വീണ്ടും ഉണക്കുക. ജലാംശം നീക്കിയ ശേഷം തേനിലോ പഞ്ചസാരയിലോ സൂക്ഷിക്കുക. വര്‍ഷങ്ങള്‍ കേടുകൂടാതിരിക്കും.

ദിവസേന വാഴയിലയില്‍ ആഹാരം കഴിക്കുക കണ്ണിന്റെ കാഴ്ചശക്തി വര്‍ധിക്കും.

വാഴക്കന്നും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈയും ഒരേ സമയം നട്ടാല്‍ രണ്ടു മാസം കഴിയുമ്പോള്‍ വളര്‍ന്ന് ഒരേ പോലെ ആയിരിക്കും. അതിനു കാരണം ടിഷ്യുകള്‍ച്ചര്‍ വാഴയുടെ വളര്‍ച്ചയുടെ തോത് വാഴക്കന്നിന്റേതിനേക്കാള്‍ കൂടുതലാണ് എന്നുള്ളതാണ്.

വാഴക്കന്നുകളുടെ മാണത്തില്‍ ധാരാളം ആഹാരം ശേഖരിച്ചിട്ടുള്ളതു കൊണ്ട് അവയില്‍ നിന്നും വേരു പൊട്ടുന്നത് സാവധാനത്തിലാണ്. എന്നാല്‍ ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് വേരുകളെ മാത്രം ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ വേരുപടലം വേഗം വ്യാപിച്ച് വെള്ളവും പോഷക മൂല്യങ്ങളും വലിച്ചെടുത്തു തുടങ്ങുന്നു.


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...