Thursday, 5 May 2016

ആട്, പാവപ്പെട്ടവന്റെ പശു

പാവപ്പെട്ടവന്റെ പശു. ആടിന് ഇതിനു പകരമൊരു വിശേഷണം നല്കാനില്ല. ചെറിയ ശ്രദ്ധയും തീറ്റയുമുണ്ടെങ്കില്‍ ആടുവളര്‍ത്തല്‍ ആദായകരമാണ്. ഒരു വീട്ടിലേക്കാവശ്യമുള്ള പാലിന് ഒരാട് മതിയാകും. പഴയ കാലത്തില്‍നിന്നു വിഭിന്നമായി മികച്ച പാലുത്പാദനശേഷിയുള്ള ആടുകള്‍ ഇന്നു കേരളത്തില്‍ ധാരാളമുണ്ട്. വിദേശ ഇനങ്ങളല്ലാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും ഭൂപ്രകൃതിയനുസരിച്ച് വളര്‍ന്നുവരുന്നിരുന്ന ആടുകള്‍ ഇന്ന് രാജ്യവാപകമായി വളര്‍ത്തിവരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ജംമ്‌നാപ്യാരി, രാജസ്ഥാനില്‍നിന്നുള്ള സിരോഹി, ബീറ്റല്‍ തുടങ്ങിയവ പാലുത്പാദനത്തിലും തീറ്റപരിവര്‍ത്തനശേഷിയിലും മികച്ചുനില്‍ക്കുന്ന ചില പ്രാദേശിക ഇനങ്ങളാണ് ഇന്ന് കേരളത്തിലും ഇവ വ്യാപകമായുണ്ട്.



ബേവിടെ കുടുംബത്തില്‍പ്പെട്ട ജീവിയാണ് ആട്. ശാത്രനാമം കാപ്ര എയ്ഗാഗ്രസ് ഹിര്‍കസ് (Capra aegagrus hircus). 300ലധികം ഇനം ആടുകള്‍ ഇന്ന് ലോകത്തുണ്ട്. മനുഷ്യര്‍ ഏറ്റവും ആദ്യം മെരുക്കിയെടുത്ത ജീവികളിലൊന്നാണിവ. പ്രധാനമായും മാസം, പാല്‍, തോല്‍, രോമം എന്നിവയ്ക്കായാണ് ഇവയെ വളര്‍ത്തുക.

രോമാവൃതമായ ശരീരമാണ് ആടുകളുടേത്. കറുപ്പ്, വെള്ള, തവിട്ട് നിറങ്ങളോ ഇവയുടെ സങ്കര നിറങ്ങളോ ആയിരിക്കും. ആട്ടിന്‍ കാഷ്ടം കാര്‍ഷികമേഖലയില്‍ വളമായി ഉപയോഗിക്കുന്നു.

ആടുകള്‍ പൊതുവെ പച്ചിലകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നനവുള്ള അന്തരീക്ഷത്തോട് താത്പര്യമില്ല. അതിനാല്‍ കൂടുകള്‍ എപ്പോഴും ഉണങ്ങിയതും വൃത്തിയുള്ളതുമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂത്രമോ കാഷ്ടമോ കൂടിനുള്ളില്‍ കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലത്തുനിന്ന് ഒരു മീറ്ററെങ്കിലും ഉയര്‍ന്ന അടിത്തട്ടുള്ള കൂടുകളാണ് ആടുകള്‍ക്ക് അനുയോജ്യം. കൂട് നിര്‍മിക്കുമ്പോള്‍ തറയില്‍ മരംത്തടി ഉപയോഗിക്കുന്നതാണ് നല്ലത്. സിമന്റ് തറയിലെ തണുപ്പ് ആടുകള്‍ക്ക് ചേര്‍ന്നതല്ല. പെട്ടെന്നു രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും.

പ്രസവം

അഞ്ചു മാസ(150 ദിവസം)മാണ് ആടുകളുടെ പ്രസവകാലം. എട്ടു മാസം പ്രായത്തിനുശേഷം പെണ്ണാടുകളെ ഇണചേര്‍ക്കുന്നതാണ് ഉത്തമം. ആടിന്റെയും കുഞ്ഞുങ്ങളുടെയും വളര്‍ച്ചയ്ക്ക് ഇതാണ് ഉത്തമം. മൂന്നാഴ്ചയിലൊരിക്കല്‍ മദിയുണ്ടാവുകയും ഇത് രണ്ടു ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും. മദിലക്ഷണം കാണിച്ചതിനു 24 മണിക്കൂറിനുശേഷം ഇണചേര്‍ക്കാം.

കൂടുതല്‍ ഉത്പാദനക്ഷമതയും വളര്‍ച്ചാനിരക്കും പാലുത്പാദനശേയുള്ളതുമായ ഇനത്തിലെ മുട്ടനാടുകളുമായി ഇണ ചേര്‍ക്കുന്നത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഗുണം കൂട്ടും. അന്തര്‍പ്രജനനം ഒരിക്കലും പാടില്ല. പലരും വീടുകളില്‍ ജനിക്കുന്ന മുട്ടനാടുകളെ അമ്മയാടുമായി വീണ്ടും ഇണചേര്‍ക്കാറുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യം, വളര്‍ച്ച, രോഗപ്രതിരോധശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കും. ആടുവളര്‍ത്തല്‍ ലാഭകരമാക്കാനും അന്തര്‍പ്രജനനം ഒഴിവാക്കുന്നതാണ് നല്ലത്. കൃത്രിമബാജദാനവും ഇന്ന് ആടുകളില്‍ ഉപയോഗിക്കാറുണ്ട്.

പ്രസവസമയമടുക്കുമ്പോള്‍ ആടുകള്‍ അസ്വസ്ഥതകാണിക്കും. കൂടെക്കൂടെ കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്. പ്രസവസമയത്ത് പരിചരണത്തിനായി ഒരാള്‍ അടുത്തുള്ളത് നല്ലതാണ്. ഒന്നില്‍ക്കൂടുതല്‍ കുട്ടിയുണ്ടെങ്കില്‍ ആദ്യകുട്ടി ജനിച്ചതിനുശേഷം 10-15 മിനിറ്റിനുള്ളില്‍ രണ്ടാമത്തെ കുട്ടിയും ജനിക്കും. ജനിച്ചുവീഴുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചുവൃത്തിയാക്കി വൃത്തിയുള്ള ചാക്കിലോ മറ്റോ കിടത്തി തള്ളയാടിന്റെ സമീപം കിടത്താം. മൃഗങ്ങള്‍ മാതൃസ്‌നേഹം പ്രകടിപ്പിക്കുന്നത് കുഞ്ഞുങ്ങളെ നക്കിത്തോര്‍ത്തിയാണ്.

ആറാഴ്ച പ്രായമാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ക്ക് ചെറിയ തോതില്‍ ഖരാഹാരം നല്കിത്തുടങ്ങാം.

വിവിധ ഇനങ്ങള്‍

ലോകത്തെ പ്രമുഖ ആടുവളര്‍ത്തല്‍ രാജ്യങ്ങള്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ്. ജമുനാപ്യാരി, ബീറ്റല്‍, മര്‍വാറി, ബാര്‍ബാറി, സുര്‍ത്തി, ബംഗാള്‍ ഓസ്മനാബാദി, മലബാറി എന്നിവയാണ് ഇന്ത്യയില്‍ വളര്‍ത്തിവരുന്ന പ്രധാന കോലാടുകള്‍. ഇവയില്‍ മലബാറി ഇനത്തില്‍പ്പെട്ട ആടുകളാണ് കേരളത്തില്‍ കൂടുതല്‍ കണ്ടുവരുന്നത്. ഇവ ശുദ്ധജനുസില്‍പ്പെട്ടവയല്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറേബ്യയില്‍നിന്നു കച്ചവടത്തിനെത്തിയവരോടൊപ്പം എത്തിയ ആടുകളെ മലബാര്‍ പ്രദേശത്തുണ്ടായിരുന്ന ആടുകളുമായി ഇണചേര്‍ത്തുണ്ടായ സങ്കരയിനമാണിതെന്ന് കരുതപ്പെടുന്നു. അട്ടപ്പാടിയിലെ ആദിവാസിമേഖലയില്‍ കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് കേരളത്തില്‍നിന്നുള്ള ശുദ്ധജനുസാണ്.


നല്ല ആടിന്റെ ലക്ഷണങ്ങള്‍


ഒരു നല്ല കറവയാടിന് അതുള്‍പ്പെടുന്ന ജീനസിന്റെ ലക്ഷണങ്ങളുണ്ടായിരിക്കണം. ജീനസിന്റെ ലക്ഷണങ്ങള്‍ക്കനുഗുണമായ വലുപ്പവും ശരീരദൈര്‍ഘ്യവും വലിയ അകിടും ഉത്തമലക്ഷണങ്ങളാണ്. നല്ല കറവയാടിന്റെ അകിടിനെ ആവരണം ചെയ്യുന്ന ചര്‍മം മൃദുവായിരിക്കും. സ്പര്‍ശനത്തില്‍ അകിടിനാകെ മൃദുത്വം അനുഭവപ്പെടും. അകിടിലെ സിരകള്‍ സുവ്യക്തമായിരിക്കണം. കൂടാതെ കറവയ്ക്കുമുമ്പ് തടിച്ചുവീര്‍ത്തിരിക്കുന്ന അകിടും മുലക്കാമ്പുകളും കറവയ്ക്കു ശേഷം ചുക്കിച്ചുളിഞ്ഞുവരികയും വേണം.

മുട്ടാടിനെ സംബന്ധിച്ചും ജീനസിന്റെ ലക്ഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. നല്ല ഓജസും പ്രസരിപ്പും ഉണ്ടാവണം. നീണ്ടു പുഷ്ടിയുള്ള ദേഹം, നല്ല ബലവും നീളവുമുള്ള കാലുകള്‍ എന്നിവ നല്ല ലക്ഷണങ്ങളാണ്. ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ സാനന്‍ ഇനത്തില്‍ നിന്നാണ്.


ചില ആടിനങ്ങള്‍


മലബാറി
കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നു. പാലിനും ഇറച്ചിക്കും ഉതകുന്ന ജനുസ്. ഒറ്റ പ്രസവത്തില്‍ രണ്ടോ അതിലധികമോ (നാല് വരെ) കുഞ്ഞുങ്ങള്‍. 180 ദിവസത്തില്‍ 180 കിലോഗ്രാം പാലാണ് ഈ ഇനണ്ടത്തില്‍നിന്നും ലഭിക്കുക. ഇടത്തരം വലുപ്പമുള്ള തല. ചെവികള്‍ക്ക് നീളമേറും. സാധാരണയായി കൊമ്പുകണ്ടുവരുന്നു. എന്നാല്‍ ഏകീകൃതമായ ഒരു നിറം കാണുന്നില്ല.


അട്ടപ്പാടി ബ്ലാക്ക്

അട്ടപ്പാടി ബ്ലാക്ക്
അട്ടപ്പാടി ഭാഗത്തെ ആദിവാസികളുടെ കൈവശമുള്ള തനത് ജനുസ്. കറുത്ത നിറം. നീളമേറിയ കാലുകള്‍. പാലുത്പാദനവും കുഞ്ഞുങ്ങളുടെ എണ്ണവും കുറവ്. രോഗപ്രതിരോധശേഷി കൂടുതല്‍. പ്രധാനമായും ഇറച്ചിയാവശ്യത്തിനു വളര്‍ത്തുന്നു. പാലിന് ഔഷധഗുണം കൂടുതലുണ്ടെന്ന് പറയപ്പെടുന്നു. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇനമാണിത്.


ജമുനാപ്യാരി
ജമുനാപ്യാരി
ഇന്ത്യയുടെ അന്തസ്. ഉത്തര്‍പ്രദേശില്‍ ഉത്ഭവം. ഇന്ത്യയില്‍ ലഭ്യമായതില്‍ ഏറ്റവും വലുപ്പം വയ്ക്കുന്ന ഇനം. പൊതുവെ വെള്ള നിറം. നീളമുള്ള ചെവി, വളഞ്ഞ മൂക്ക്, കഴുത്ത്, തുടയുടെ ഭാഗത്ത് നീളംകൂടിയ രോമം. 85 ശതമാനം പ്രസവങ്ങളിലും ഒരു കുട്ടി. പാലുത്പാദനം ശരാശരി രണ്ടു ലിറ്റര്‍.




ബാര്‍ബാറി
ബാര്‍ബാറി
സ്വദേശം ഉത്തര്‍പ്രദേശ്. വെള്ളയില്‍ തവിട്ടുനിറത്തിലുള്ള പുള്ളികള്‍. നീളം കുറഞ്ഞ് ഇരു വശത്തേക്കും തള്ളിനില്‍ക്കുന്ന ചെവി. ഉയരം കുറവ്. പ്രധാനമായും ഇറച്ചിക്കായി വളര്‍ത്തുന്നു.


സിരോഹി
സിരോഹി
രാജസ്ഥാന്റെ സ്വന്തം ആടിനം. രാജസ്ഥാനിലെ സിരോഹി ജില്ലയില്‍ ഉരുത്തിരിഞ്ഞു. ശരാശരി വലുപ്പം. തവിട്ടു നിറത്തില്‍ നിറം കുറഞ്ഞ തവിട്ടിലുള്ള പുള്ളികള്‍. ചെറിയ കൊമ്പ്. പ്രസവത്തില്‍ ഒരു കുട്ടി. പാലുത്പാദനം ശരാശരി ഒന്നര ലിറ്റര്‍. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവ് പ്രധാന പ്രത്യേകത.


ബീറ്റല്‍
ബീറ്റല്‍
ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇനം. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്. മികച്ച രോഗപ്രതിരോധശേഷി. നീളമുള്ള ചെവി. ശരാശരി രണ്ടര ലിറ്റര്‍ പാല്‍. ഒറ്റപ്രസവത്തില്‍ രണ്ടു മുതല്‍ നാലു കുട്ടികള്‍ വരെ. കറുപ്പ്, തവിട്ട് നിറങ്ങളില്‍ കാണപ്പെടുന്നു.

ജര്‍ക്കാന
ജര്‍ക്കാന
ബീറ്റലിനോട് സാദൃശ്യം. ആടുകളിലെ ജഴ്‌സി എന്ന് അപരനാമം. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശം. മികച്ച രോഗപ്രതിരോധശേഷി. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യം. ശരാശരി രണ്ടര ലിറ്റര്‍ പാല്‍.



മാര്‍വാറി

മാര്‍വാറി
സ്വദേശം രാജസ്ഥാനിലെ മാര്‍വാര്‍ ജില്ല. തവിട്ട്, കറുപ്പ് നിറങ്ങള്‍. നീളം കൂടിയ രോമം. നീളമുള്ള ചെവി. വണ്ണം കുറഞ്ഞ കൊമ്പ്. ശരാശരി ഒരു ലിറ്റര്‍ പാല്‍. പ്രസവത്തില്‍ മിക്കവാറും ഒറ്റക്കുട്ടി.


രോഗങ്ങള്‍

പൊതുവേ രോഗങ്ങള്‍ കുറഞ്ഞ മൃഗമാണ് ആട്. അടപ്പന്‍, കരിങ്കാല്, കുളമ്പുദീനം, അകിടുവീക്കം, ആടുവസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ആടുകളെ ബാധിക്കാറുണ്ട്. പകരുന്ന പ്യൂറോന്യുമോണിയ ആടുകളെ സംബന്ധിച്ച് ഗുരുതരമായ മറ്റൊരു രോഗമാണ്. പരാദജീവികളും ധാരാളമായി ആടുകളെ ബാധിക്കാറുണ്ട്. നാടവിര, ലിവര്‍ഫ്‌ളൂക്ക് തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്. സ്വയം ചികിത്സ പാടില്ല. കാഷ്ടം പരിശോധിച്ച് വിരമരുന്ന് നല്കുന്നതാണ് ഉത്തമം.

ഔഷധഗുണങ്ങള്‍

ആടിന്റെ പാല്‍, മൂത്രം എന്നിവ വിഷ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. ആട്ടിന്‍കൊമ്പ് ആയുര്‍വേദ ഗുളികകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. വാതത്തിന് ആടിന്റെ അസ്ഥികള്‍, കൈകാല്‍ എന്നിവ തിളപ്പിച്ച് ഉപയോഗിക്കുന്നു. ആട്ടിന്‍കുടല്‍, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി, അയമോദകം എന്നിവയിട്ട് എണ്ണയില്‍ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേര്‍ത്ത് പ്രസവിച്ച സ്ത്രീകള്‍ക്ക് കൊടുക്കാറുണ്ട്.

ഐബിന്‍ കാണ്ടാവനം

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...