Saturday 20 December 2014

ജയന്റ് ഗൗരാമിയില്‍ വിജയഗാഥ രചിച്ച് അരുണ്‍ കെ. ജാന്‍സ്‌

ഐബിന്‍ കാണ്ടാവനം

ജയന്റ് ഗൗരാമി മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനത്തിലൂടെ മത്സ്യകൃഷിയില്‍ ശക്തമായ സ്വാധീനമുറപ്പിച്ചിരിക്കുകയാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്ത് കുന്നോന്നിയിലെ കിഴക്കേക്കര അരുണ്‍ കെ. ജാന്‍സ്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് സുഹൃത്തില്‍നിന്നു ലഭിച്ച മീന്‍കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായി സ്വാഭാവിക പ്രജനനത്തിലൂടെ കുഞ്ഞുങ്ങളെ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് അരുണ്‍ ഗൗരാമി മത്സ്യകൃഷിയിലേക്കു തിരിയുന്നത്. ആദ്യകാലത്ത് കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരുന്നു.
എന്നാല്‍ പത്തു  സെന്റ് വലിപ്പമുള്ള സീല്‍പോളിന്‍ കുളത്തില്‍ പത്തു ജോടി മത്സ്യങ്ങളെ നിക്ഷേപിച്ച് കുളത്തിന്റെ വശങ്ങളില്‍ കോംഗോസിഗ്നല്‍ തീറ്റപ്പുല്ല് വളര്‍ത്തി കുളത്തിലേക്കു പടര്‍ത്തി. ഇത് മത്സ്യങ്ങള്‍ക്ക പ്രജനനത്തിനായി കൂടൊരുക്കാന്‍ സൗകര്യമായതോടൊപ്പം വെള്ളത്തിനു പുറത്തുള്ള സീല്‍പോളിന്‍ ഭാഗങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നു രക്ഷനേടുന്നതിനും ഉപകരിച്ചു. ഇത് കുളത്തിന്റെ ആയുസ് വര്‍ധിപ്പിച്ചു. കുഞ്ഞുങ്ങളുടെ എണ്ണവും. പന്ത്രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അരുണിന്റെ സീല്‍പോളിന്‍കുളം ഇന്നും കേടുപാടുകളില്ലാതെ സുരക്ഷിതമായിരിക്കുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗൗരാമി മത്സ്യക്കുഞ്ഞുങ്ങളുടെ ആവശ്യക്കാര്‍ വിശ്വാസപൂര്‍വം സമീപിക്കാവുന്ന ഉത്പാദകനായി അരുണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് രണ്ടു വലിയ സീല്‍പോളിന്‍ കുളങ്ങളിലായി ഇരുപതു ജോടി മത്സ്യങ്ങളാണ് പ്രജനനത്തിനായുള്ളത്. കൂടാതെ രണ്ടു കുളങ്ങളില്‍ കുഞ്ഞുങ്ങളെ ഒന്നര വര്‍ഷത്തോളം വളര്‍ത്തിയും ആവശ്യക്കാര്‍ക്കു നല്കുന്നുണ്ട്.

കുളത്തിന്റെ വശങ്ങളില്‍ വളര്‍ത്തിയ പുല്ലുകള്‍ പ്രജനനത്തിനായി കൂടുനിര്‍മിക്കാന്‍ മത്സ്യങ്ങള്‍ ഉപയോഗിക്കുന്നു. കൂടാതെ ഉണങ്ങിയ പുല്ലിനൊപ്പം പ്ലാസ്റ്റിക് ചാക്കുകള്‍ കീറി കൂട് നിര്‍മ്മിക്കാന്‍ കുളത്തില്‍ ഇട്ടുകൊടുക്കുന്നുണ്ട്. രണ്ടു മൂന്നു ദിവസംകൊണ്ട് പണി പൂര്‍ത്തിയാക്കുന്ന കൂട്ടില്‍ മത്സ്യങ്ങള്‍ മുട്ടയിടും. 24 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 18-24 ദിവസങ്ങളോളം കൂടിനുള്ളിലായിരിക്കും. ഈ കാലഘട്ടത്തില്‍ കുളത്തിലെ ചെറു പ്രാണ്ികള്‍ ഇവയെ ആക്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇടുന്ന മുട്ടയില്‍നിന്നു വളരെ കുറച്ച് ശതമാനം കുഞ്ഞൂങ്ങള്‍ മാത്രമേ ജീവിതത്തിലേക്കു പ്രവേശിക്കു. 24 ദിവസങ്ങളോടെ മത്സ്യശരീരം ആകുന്നതിനാല്‍ പിന്നീടുള്ള അതിജിവനനിരക്ക് വളരെ കൂടുതലാണെന്നു അരുണ്‍ പറയുന്നു.

കൂടില്‍നിന്നു പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ കുളത്തിലെതന്നെ പ്ലവങ്ങള്‍ കഴിച്ച് വളരുന്നു. ആദ്യ മാസത്തില്‍ പ്രജനനക്കുളത്തില്‍നിന്നു കുഞ്ഞുങ്ങളെ ശേഖരിച്ച് നഴ്‌സറി ടാങ്കില്‍ വളര്‍ത്തി മൂന്നാം മാസം വില്ക്കുകയാണു പതിവ്. ഈ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ ഒന്നര ഇഞ്ചോളം വളര്‍ന്നിരിക്കും. കുഞ്ഞൊന്നിനു 20 രൂപയാണ് നിരക്ക്. വലുപ്പമനുസരിച്ച് വിലയും കൂടും.

തീറ്റ

ചേമ്പിലയാണു പ്രധാനമായി നല്കുന്നത്. കൂടാതെ സിഒത്രീ ഇനം തീറ്റപ്പുല്ല്, വാഴയില, ചക്കയുള്ള കാലത്ത് ചക്കപ്പഴം തുടങ്ങിയവയും നല്കും. നഴ്‌സറി കുളത്തിലേക്കു മാറ്റിയ കുഞ്ഞുങ്ങള്‍ക്ക് കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ഗോതമ്പു തവിടും ചേര്‍ത്തു നല്കും.

കുളങ്ങള്‍

പത്തു സെന്റ് വലിപ്പമുള്ള പ്രജനനക്കുളമടക്കം നാലു വലിയ സീല്‍പോളിന്‍ കുളങ്ങളാണ് അരുണിനുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രജനനത്തിനായും മറ്റുള്ളവ വളര്‍ത്തുന്നതിനും ഉപയോഗിക്കുന്നു.

ആറിന്റെ ഗുണിതമനുസരിച്ചു നിര്‍മിക്കുന്ന കുളത്തിനു 3-3.5 അടി താഴ്ചയുണ്ടാകും. വശങ്ങള്‍ക്കു 1-1.5 അടിയോളം ചെരിവ് നല്കിയാണ് കുഴിയെടുക്കുക. ഇത് വെള്ളത്തിന്റെ കന വ്യത്യാസത്തിനാണ്. ഉള്‍വശം മുഴുവന്‍ മണ്ണു കുഴച്ചു തേക്കും. പ്ലാസ്റ്റിക് ചാക്കുകളോ ഫ്‌ളെക്‌സോ വിരിച്ച് സീല്‍പോളിന്‍ ഷീറ്റ് വിരിക്കും.

വിപണനം

കുഞ്ഞുങ്ങള്‍ കൂടുതലായി ലഭിച്ച സമയത്ത് ഒന്നു രണ്ടു തവണ പത്രങ്ങളില്‍ പരസ്യം നല്കിയിരുന്നു. ഇപ്പോള്‍ അഞ്ചു വര്‍ഷമായി പരസ്യങ്ങളുടെ സഹായമല്ലാതെ ആവശ്യക്കാര്‍ അരുണിനെ സമീപിക്കുന്നു. കുഞ്ഞൊന്നിനു വലിപ്പമനുസരിച്ച് 20, 30, 40 രൂപ എന്ന രീതിയിലാണു വില. പ്രജനനത്തിനായുള്ള വലിയ മത്സ്യങ്ങള്‍ക്കു കിലോഗ്രാമിനു 500 രൂപ എന്ന രീതിയിലാണ് ഈടാക്കുക.


പുതിയ പദ്ധതി

ജയന്റ് ഗൗരാമി മത്സ്യപ്രജനനം കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഒരു സീല്‍പോളിന്‍ കുളംകൂടി നിര്‍മിക്കാന്‍ തയാറെടുക്കുന്നു.

വിലാസം
അരുണ്‍ കെ. ജാന്‍സ്
കിഴക്കേക്കര
കുന്നോന്നി, പൂഞ്ഞാര്‍.
ഫോണ്‍: 9447850299

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...