Wednesday, 17 December 2014

ജയന്റ് ഗൗരാമി; അറിഞ്ഞിരിക്കാന്‍ അല്പം കാര്യം

ഐബിന്‍ കാണ്ടാവനം


ജയന്റ് ഗൗരാമി. പേരുപോലെതന്നെ ഭീമന്‍മാരാണ് ഇവര്‍. വലിപ്പംകൊണ്ടും രുചികൊണ്ടും കേരളത്തിലെ മത്സ്യപ്രേമികളുടെയിടയില്‍ പ്രചാരം നേടിയ മത്സ്യം. മലയന്‍ ദ്വീപസമൂഹങ്ങളില്‍ പിറന്ന ഇവര്‍ വളര്‍ത്തുമത്സ്യം എന്നതിനാല്‍ ലോകത്തെമ്പാടും വ്യാപിക്കപ്പെട്ടു. ഇന്നു വിദേശരാജ്യങ്ങളിലെ മത്സ്യപ്രേമികളുടെ സ്വീകരണമുറികളില്‍ വലിയ ചില്ലു കൂടുകളില്‍ അരുമകളായി വളര്‍ത്തുന്നു.
1916ല്‍ ഇന്ത്യയിലാദ്യമായി കൊല്‍ക്കത്തയില്‍ ഇറക്കുമതി ചെയ്തു. പതിഞ്ഞ ദീര്‍ഘവൃത്താകൃതിയിലുള്ള ശരീരം. മികച്ച വളര്‍ച്ച, ആയുര്‍ദൈര്‍ഘ്യം, കൂടുണ്ടാക്കിയുള്ള പ്രജനനം, അന്തരീക്ഷത്തില്‍നിന്നു നേരിട്ടു ശ്വസിക്കുവാനുള്ള കഴിവ് തുടങ്ങിയവ ഗൗരാമി മത്സ്യങ്ങളുടെ പ്രത്യേകതയാണ്.

അലങ്കാര മത്സ്യങ്ങളും വളര്‍ത്തുമത്സ്യങ്ങളും ഉള്‍പ്പെട്ട ഒരു വലിയ കുടുംബമാണു ഗൗരാമികളുടേത്. അന്തരീക്ഷത്തിന്‍നിന്നു നേരിട്ടു ശ്വസിക്കുന്നതിനായി പ്രത്യക ശ്വസനാവയവം ഉള്ളതിനാല്‍ ഓക്‌സിജന്‍ കുറവുള്ള ജലത്തിലും ജീവിക്കാന്‍ കഴിയും. ഇവയില്‍ ജയന്റ് ഗൗരാമികളെ മാത്രമാണു ഭക്ഷണാവശ്യത്തിനായി വ്യാപകമായി വളര്‍ത്തുന്നത്. കേരളത്തിലും വ്യാപകമായി വളര്‍ത്തുന്ന ജയന്റ് ഗൗരാമികളെ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മികച്ച വരുമാനം നേടിത്തരുന്ന ഒരു മേഖലയാക്കി മാറ്റാന്‍ കഴിയും.

ജയന്റ് ഗൗരാമി(Osphronemous gourami), ആനച്ചെവിയന്‍ ഗൗരാമി(Osphronemous Exodon), ചുമന്നവാലന്‍ ഗൗരാമി(Osphronemous Lacticlavius),  ആല്‍ബിനോ ജയന്റ് ഗൗരാമി എന്നിവരാണ് ഗൗരാമി കുടുംബത്തിലെ ഭീമന്മാര്‍. ചേമ്പ്, ചേന, വാഴ തുടങ്ങിയവയുടെ ഇലകളും പുല്ലും പച്ചക്കറികളുമൊക്കെ തീറ്റയായി നല്കാം. വേവിച്ച മാംസാവശിഷ്ടങ്ങളും ഗൗരാമികള്‍ക്കു പ്രയപ്പെട്ടതാണ്.

ശുദ്ധജല മത്സ്യമായ ജയന്റ് ഗൗരാമി തെളിഞ്ഞ ജലാശയത്തിനേക്കാളേറെ പായല്‍നിറഞ്ഞ ജലാശയം ഇഷ്ടപ്പെടുന്നവരാണ്. 3.5-4 വര്‍ഷത്തില്‍ പ്രായപൂര്‍ത്തിയാകും. പാര്‍ശ്വചിറകുകളിലെ നിറവും ശരീര ഘടനയും കീഴ്ത്താടിയും നോക്കി ലിംഗനിര്‍ണയം നടത്താം. ആണ്‍മത്സ്യത്തിനു ശരീരവലിപ്പം കൂടുതലും തടിച്ചുവീര്‍ത്ത് മുമ്പോട്ടുന്തിയ കീഴ്ത്താടിയും നെറ്റിയില്‍ മുഴയുമുണ്ടാകും. പെണ്‍മത്സ്യങ്ങളുടെ പാര്‍ശ്വചിറകുകള്‍ക്കു ചുവട്ടില്‍ കറുപ്പു നിറവും ആണ്‍മത്സ്യത്തെ അപേക്ഷിച്ചു വലിപ്പം കുറവുമായിരിക്കും.
ആണ്‍ ഗൗരാമി (ഇടത്), പെണ്‍ ഗൗരാമി (വലത്)


ആദ്യ മൂന്നു വര്‍ഷം ഗൗരാമിയുടെ ഒപ്പം മറ്റു മത്സ്യങ്ങളെയും വളര്‍ത്താം. എന്നാല്‍ പ്രജനനപ്രായമായാല്‍ ഗൗരാമികളുടെയൊപ്പം മറ്റുമത്സ്യങ്ങള്‍ പാടില്ല. ജോടിയായും അല്ലെങ്കില്‍ ഒരു ആണ്‍മത്സ്യത്തിനു മൂന്നുവരെ പെണ്‍മത്സ്യങ്ങള്‍ എന്ന രീതിയിലും പ്രജനന കുളങ്ങളില്‍ നിക്ഷേപിക്കാം. വലിപ്പമുള്ളതും ആരോഗ്യമുള്ളതുമായ മത്സ്യങ്ങളെയാവണം പ്രജനനത്തിനു ഉപയോഗിക്കേണ്ടത്. കൂടുണ്ടാക്കുന്നതിനായി കുളത്തിനു ചുറ്റും പുല്ലുപിടിപ്പിച്ച് കുളത്തിലേക്കിറക്കാം. അതിനുള്ള സൗകര്യമില്ലെങ്കില്‍ മുളയോ പിവിസി പൈപ്‌കൊണ്ടുണ്ടാക്കിയ ഫ്രയിമോ നല്കണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന കുളമായിരിക്കണം. വെള്ളത്തിന്റെ താപനില കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനാലാണിത്. പാറക്കുളങ്ങളാണു പ്രജനനത്തിനു യോജിച്ചവ. എന്നാല്‍ സിമന്റ് കുളങ്ങളിലും പടുതാക്കുളങ്ങളിലും കുഞ്ഞുങ്ങളുണ്ടാകും.

 ജയന്റ് ഗൗരാമികള്‍ക്കു വര്‍ഷത്തില്‍ രണ്ടു പ്രജനന കാലമാണുള്ളത്. മേയ്-ജൂലൈ, ഒക്ടോബര്‍-ഡിസംബര്‍. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ അനുസരിച്ചു പ്രജനനകാലത്തിനു മാറ്റം വരാറുണ്ട്. മഴ തുടങ്ങുന്ന സമയത്താണ് പ്രജനനം. മുട്ടയിടാറായ ജോടികള്‍ കൂടുണ്ടാക്കാന്‍ ഉചിതമായ സ്ഥലം കണ്ടുപിടിച്ചു പുല്ല്, ഇലകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചു കൂട് നിര്‍മിക്കും. ആണ്‍മത്സ്യമാണ് കൂടുണ്ടാക്കുക. ഒന്നിലധികം ആണ്‍മത്സ്യങ്ങളുള്ള കുളങ്ങളില്‍ കൂടുകള്‍ തമ്മില്‍ 10 അടിയെങ്കിലും അകലമുണ്ടന്നു ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ആണ്‍മത്സ്യങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും കൂടുകള്‍ പരസ്പരം നശിപ്പിക്കുകയും ചെയ്യും. ജലോപരിതലത്തോടു ചേര്‍ന്നു നിര്‍മിക്കുന്ന കൂട്ടില്‍ മുട്ട നിക്ഷേപിച്ച് ആണ്‍മത്സ്യം ബീജവര്‍ഷം നടത്തും. മുട്ടകള്‍ക്ക് ഇളം മഞ്ഞനിറമാണ്. 24 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 18-25 ദിവസം വരെ കൂടിനുള്ളിലായിരിക്കും. ഈ സമയത്ത് മാതാപിതാക്കള്‍ മാറിമാറി കാവല്‍നില്ക്കും. മീനിന്റെ ആകൃതിയായി, സ്വയം തീറ്റ തേടാറായിക്കഴിയുമ്പോഴാണു കുഞ്ഞുങ്ങള്‍ കൂടിനുള്ളില്‍നിന്നു വെളിയില്‍ വരിക. പുറത്തിറങ്ങിയ കുഞ്ഞുങ്ങളെ സന്ധ്യാസമയങ്ങളില്‍ കുളത്തിന്റെ വശങ്ങള്‍ നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. കുളത്തിലെ പ്ലവങ്ങളും ചെറുസസ്യങ്ങളുമാണു കുഞ്ഞുങ്ങളുടെ ആഹാരം. പ്ലവങ്ങളുടെ വളര്‍ച്ച കൂട്ടുന്നതിനായി പച്ചച്ചാണകം, ആട്ടിന്‍കാഷ്ടം എന്നിവ കുളത്തില്‍ നിക്ഷേപിക്കുന്നതു നല്ലതാണ്. കൈത്തീറ്റ കഴിക്കാറാകുമ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായ സ്റ്റാര്‍ട്ടര്‍ തീറ്റ നല്കാം. 3-4 മാസത്തിനുള്ളില്‍ വില്പനയ്ക്കു തയാറാകും. കുഞ്ഞുങ്ങള്‍ക്കു കൂര്‍ത്ത മുഖവും ശരീരത്തില്‍ വരകളും വാലിനോടുചേര്‍ന്നു ഇരുവശത്തും കറുത്തപൊട്ടും ഉണ്ട്.

മറ്റു വളര്‍ത്തു മത്സ്യങ്ങളെ അപേക്ഷിച്ചു ആദ്യത്തെ ഒരു വര്‍ഷം ഗൗരാമിക്കുഞ്ഞുങ്ങളുടെ വളര്‍ച്ച കുറവായിരിക്കും. പിന്നീടുള്ള  വളര്‍ച്ച ദ്രുതഗതിയിലാണ്. പ്രായപൂര്‍ത്തിയാകുന്ന കാലത്ത് 3-3.5കി.ഗ്രാം തൂക്കമെത്തും.

രോഗങ്ങള്‍

സാധാരണഗതിയില്‍ രോഗങ്ങള്‍ ജയന്റ് ഗൗരാമികളെ ബാധിക്കാറില്ല. ഫംഗസ് ബാധിച്ചാല്‍ കൃത്യമായ പരിചരണമില്ലാതെ രക്ഷിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഫംഗസ് ബാധയേറ്റാല്‍ മത്സ്യങ്ങളെ പ്രത്യേക ടാങ്കുകളിലേക്കുമാറ്റി വെള്ളത്തില്‍ മെതിലില്‍ ബ്ലൂ ലായനി ഒഴിച്ച് ശക്തിയായി വാതായനം നടത്തണം. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അസുഖം മാറിക്കൊള്ളും. വലിയ കുളങ്ങളില്‍ മത്സ്യങ്ങളെ നിക്ഷേപിക്കുന്നതിനുമുമ്പു പച്ചച്ചാണകം കലക്കുന്നത് ഫംഗസ്ബാധയെ പ്രതിരോധിക്കും. വെള്ളത്തിലെ ഓക്‌സിജന്റെ അളവു കുറഞ്ഞാലും ഗൗരാമികള്‍ക്കു ജീവിക്കാന്‍ കഴിയുമെങ്കിലും അവശിഷ്ടങ്ങള്‍ അടിഞ്ഞു മോശമാകുന്നതിനനുസരിച്ച് വെള്ളം മാറി നല്കുന്നത് രോഗങ്ങളുണ്ടാവാതിരിക്കുന്നതിനു നല്ലതാണ്.

ഫോണ്‍: 9539720020, 9946674661



No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...