Sunday, 30 November 2014

ഒരുക്കാം വീട്ടിലൊരു പച്ചക്കറിത്തോട്ടംകാര്‍ഷികരംഗത്തെ പുത്തന്‍ കാഴ്ചപ്പാടുകള്‍ക്കും നവീന ആശയങ്ങള്‍ക്കും കാതോര്‍ക്കുകയാണ് കേരളത്തിലെ കര്‍ഷക സമൂഹം. എന്നാല്‍ യു എന്‍ ഭക്ഷ്യകാര്‍ഷിക സംഘടനയുടെ പ്രഖ്യാപനം നാമേവരേയും ചിന്തിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. 2014 കുടുംബകൃഷി അഥവാ അടുക്കളത്തോട്ട വര്‍ഷമായി ആചരിക്കുവാന്‍ യു എന്‍ ഭക്ഷ്യകാര്‍ഷിക സംഘടന ആഹ്വാനം ചെയ്തുകഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പട്ടിണി ഒരു പരിധിവരെ നിര്‍മാര്‍ജനം ചെയ്യുന്നതിനും അടുക്കളത്തോട്ടങ്ങള്‍ക്ക് കഴിയുമെന്ന് യുഎന്‍ കരുതുന്നു. അതിനാല്‍ ഓരോ കുടുംബവും ഓരോ കാര്‍ഷികോല്‍പാദനകേന്ദ്രങ്ങളായി മാറേണ്ട സമയമാണിത്. വീടുകളോടു ചേര്‍ന്നുള്ള അടുക്കളത്തോട്ടവും, വീട്ടില്‍ അനുവര്‍ത്തിക്കുന്ന മറ്റു കൃഷികളും ശാസ്ത്രീയമായ കാഴ്ചപ്പാടില്‍ ചെയ്യുന്നതിന് ഓരോരുത്തരേയും സഹായിക്കുക എന്നത് നമ്മുടെ ലക്ഷ്യമായെടുക്കണം.
അങ്ങനെ ഓരോ വീടും ഓരോ ഭക്ഷ്യോത്പാദന യൂണിറ്റാകുന്നതോടെ സീറോ ഹംഗര്‍ (വിശപ്പില്ലാത്ത ലോകം) എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാനാകും. കേരളത്തെ സംബന്ധിച്ചിടത്തോളം അടുക്കളത്തോട്ടങ്ങള്‍ക്ക് പ്രാധാന്യമേറിവരുന്ന ഒരു കാലഘട്ടമാണിത്. ആവശ്യമുള്ള വിവിധ ഭക്ഷ്യവിളകളെ വളര്‍ത്തിയെടുക്കാനാവശ്യമായ സ്ഥലം കണ്ടെത്തുക എന്നത് നമ്മുടെ സംസ്ഥാനത്ത് ശ്രമകരമായ ഒന്നായി മാറിയിരിക്കുന്നു.  ജനസംഖ്യാ വര്‍ധനവിനൊപ്പം പാര്‍പ്പിടം, റോഡുകള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഒരുപാട് സ്ഥലം വേണ്ട സ്ഥിതിയാണ്. അതിനിടയില്‍ പഴം പച്ചക്കറികള്‍ക്കും, മറ്റുവിളകള്‍ക്കും കൃഷിസ്ഥലമൊരുക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. ഇവിടെയാണ് അടുക്കളത്തോട്ടങ്ങളുടെ പ്രസക്തി. അധിക സ്ഥലസൗകര്യം ഇല്ലാതെ തന്നെ കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍, ചിലയിനം പഴവര്‍ഗങ്ങള്‍ (ഉദാ: വാഴ, മാവ്) എന്നിവ നമുക്ക് വളര്‍ത്തിയെടുക്കാനാകും. ഇങ്ങനെ കൃഷിചെയ്യുവാന്‍ ഒരുപാട് സ്ഥലമോ, മറ്റു സൗകര്യങ്ങളോ ആവശ്യമില്ല, മറിച്ച് ഉറച്ച മനസോടുകൂടിയ ഒരു ചെറിയ ശ്രമം മാത്രം മതി.  പഴയകാലത്ത് ആവശ്യമുള്ള പഴം പച്ചക്കറികളും, മറ്റു വിളകളുമെല്ലാം നാം തന്നെ നമ്മുടെ തൊടികളില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ജീവിതരീതിയിലുണ്ടായ മാറ്റങ്ങളും വേറിട്ട സാമൂഹ്യവ്യവസ്ഥയും നമ്മുടെ കൃഷിരീതികളെയും മാറ്റിമറിച്ചു. അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ കൃഷി ചെയ്യുന്നതിന് ആര്‍ക്കും നേരമില്ലാതായി. പക്ഷെ, അതിര്‍ത്തികടന്നുവരുന്ന അരിയും പച്ചക്കറികളും പഴങ്ങളുമില്ലെങ്കില്‍ നാം പട്ടിണിയിലാകും എന്നു മനസിലായപ്പോള്‍ കംപ്യൂട്ടറില്‍ കൈകള്‍ അമര്‍ത്തി കൈത്തഴമ്പ് വന്നവര്‍ പോലും കൃഷിയിലേക്ക് വന്നുതുടങ്ങി. ഇനിയും നാം മടിച്ചുനിന്നുകൂടാ, എത്രയും വേഗം നമ്മുടെ വീടുകളിലെ തോട്ടങ്ങളില്‍ നിന്നുണ്ടാക്കുന്ന ഏതെങ്കിലും രണ്ടോ, മൂന്നോ ഇനങ്ങളെങ്കിലും പുറത്തു കടകളില്‍നിന്നും വാങ്ങിക്കാതെ മുന്നോട്ടുപോകുവാന്‍ ശ്രമിക്കേണ്ട സമയമായി.  അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിലൂടെ നമുക്ക് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനാകും.

 1. വിഷമില്ലാത്ത, പുതുമയാര്‍ന്ന പച്ചക്കറികളുടെ ഉല്‍പാദനം.
 2. വീടുകളിലെ ജൈവമാലിന്യങ്ങളുടെ പുനരുപയോഗം.
 3. ധനലാഭം.
 4. മാനസിക സംതൃപ്തി.
 5. വ്യായാമം.

 മേല്‍സൂചിപ്പിച്ച എല്ലാ ഘടകങ്ങളും ലഭ്യമാകുന്നതുവഴി ആരോഗ്യകരമായ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കുവാന്‍ കഴിയും.  വിഷലിപ്തമായ പച്ചക്കറികളെ അകറ്റുന്നതിനും, പുതുമയാര്‍ന്നവയെ ഉപയോഗപ്പെടുത്തുന്നതിനും സഹായിക്കുന്നതോടൊപ്പം വീടുകളിലെ ജൈവമാലിന്യങ്ങളെ 100 ശതമാനവും ഉപയോഗയോഗ്യമാക്കുവാന്‍ നമുക്ക് കഴിയും. ഒരു വീട്ടില്‍ ശരാശരി രണ്ടുകിലോ ജൈവമാലിന്യങ്ങള്‍ ഉണ്ടെന്നിരിക്കട്ടെ. 1000 വീടുകളുള്ള ഒരു പ്രദേശത്ത് ആഴ്ചയില്‍ 14 ടണ്‍ ജൈവമാലിന്യം (1000 ഃ 2 ഃ 7 =14,000 സഴ) ഉണ്ടാകും. വിവിധമാര്‍ഗങ്ങളിലൂടെ ഇത് സംസ്‌കരിച്ച് പുനരുപയോഗിക്കുന്നതിലൂടെ ഇത്രയും മാലിന്യം ആ പ്രദേശത്തുനിന്ന് ഒഴിവാകുന്നു. ഗവണ്‍മെന്റ് പണം മുടക്കി മാലിന്യസംസ്‌കരണം നടത്തുന്ന ഇപ്പോഴത്തെ രീതിയില്‍ നിന്നും മാറി വിളകള്‍ക്കുള്ള നല്ല ജൈവവളമാക്കി ഇവയെ മാറ്റിയെടുക്കാന്‍ സാധിക്കണം. മണ്ണിരക്കമ്പോസ്റ്റ്, ഇ.എം. കമ്പോസ്റ്റ്, പൈപ്പ്കമ്പോസ്റ്റ് എന്നീ രീതികള്‍  ഉപയോഗപ്പെടുത്തണം. അതോടെ ജൈവവളം തേടി അലയേണ്ടിയും വരില്ല.

 അടുക്കളത്തോട്ടങ്ങള്‍ ധനസമ്പാദനത്തിനുള്ള ഒരു വേദികൂടിയാണ്. ഒരു ചെറിയ ഉദാഹരണം നോക്കാം. ഓരോ വീട്ടിലും ഒരാഴ്ചയില്‍ ഏകദേശം 250 ഗ്രാം പച്ചമുളക് ആവശ്യമായിവരുന്നുണ്ട്. അതായത് ഒരു മാസം ഒരു കിലോ. ആയിരം വീടുള്ള ഒരു പ്രദേശത്ത് ഒരു മാസം ഒരു ടണ്‍ (1000സഴ) പച്ചമുളക് വേണം. ഒരു കിലോ പച്ചമുളകിന് 50 രൂപ എന്നെടുക്കുകയാണെങ്കില്‍ ആ പ്രദേശത്ത് ഒരു വര്‍ഷം ആറു ലക്ഷം രൂപ (1000സഴ ഃ 50 ഃ 12 മാസം)യാണ് പച്ചമുളകിന് ആവശ്യമായി വരുന്നത്. കേരളത്തില്‍ ഒരു പഞ്ചായത്തില്‍ തന്നെ ശരാശരി മൂവായിരത്തോളം കുടുംബങ്ങള്‍ ഉണ്ട്. ഇങ്ങനെ നോക്കിയാല്‍ പച്ചമുളകിന് കേരളീയര്‍ ഭീമമായ തുകയാണ് ചിലവാക്കുന്നത്. ഇതു പതുക്കെ കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കും. ഒരു വീട്ടില്‍ അഞ്ചു മുളക് ചെടികള്‍ എങ്കിലും ഉണ്ടായാല്‍ മൂന്നോ നാലോ മാസത്തെ ആ കുടുംബത്തിന്റെ പച്ചമുളകിന്റെ മുഴുവന്‍ ആവശ്യവും അതുവഴി ലഭ്യമാകും.  ഇതു കൂടാതെ മാനസികമായ ഒരു സന്തോഷവും ഒപ്പം ശാരീരിക വ്യായാമവും ഇത്തരം കൃഷിരീതികളിലൂടെ് സ്വായത്തമാക്കുവാന്‍ കഴിയുന്നു. നട്ടുവളര്‍ത്തിയ ഒരു വെണ്ടയോ, മുളകോ, വഴുതിനയോ കായ്ച്ചാല്‍ അതെത്ര ആനന്ദപ്രദമായിരിക്കുമെന്ന് കൃഷി ചെയ്തവര്‍ക്ക് മനസിലാകും. അതോടൊപ്പം പച്ചക്കറികളെ കടകളിലോ, സൂപ്പര്‍മാര്‍ക്കറ്റുകളിലോ കണ്ടുശീലിച്ച നമ്മുടെ കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവവുമാകും.

No comments:

Post a Comment

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെ...