Saturday, 1 November 2014

കേരളത്തില്‍ ഇനി സാധ്യതയില്ലെന്ന്; റബര്‍ ബോര്‍ഡ് വടക്കുകിഴക്കിലേക്ക്
എന്‍.ബി. ബിജു


കോട്ടയം: കേരളത്തില്‍ ഇനി റബര്‍ കൃഷി വിപുലമാക്കാനുള്ള സാധ്യതകളില്ലെന്നും റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു കേന്ദ്രീകരിക്കുമെന്നും ചെയര്‍മാന്‍ ഡോ. എ. ജയതിലക് ഇന്നലെ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ റബര്‍ കാര്‍ഷികമേഖല കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന് ഉറപ്പായി. ത്രിപുരയിലെത്തിയ ചെയര്‍മാന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അതേപടി നിറവേറ്റുമെന്ന സൂചനയാണു ചെയര്‍മാന്റെ വാക്കുകളില്‍കൂടി വ്യക്തമായിരിക്കുന്നത്. വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പത്തുലക്ഷത്തോളം ചെറുകിട കര്‍ഷകരുടെ ഭാവി അനിശ്ചിതത്ത്വത്തിലായിരിക്കുകയാണ്.
പലരും തോട്ടങ്ങള്‍ വെട്ടിമാറ്റി വാഴയും ജാതിയും കൈതയും ഉള്‍പ്പെടെയുള്ള കൃഷികളിലേക്കു തിരിഞ്ഞുകൊണ്ടിരിക്കുന്നു. രണ്ടു വര്‍ഷമായി റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയുടെ വിതരണവും നിലച്ചിരിക്കുകയാണ്. സബ്‌സിഡിയില്ലെങ്കിലും ബോര്‍ഡിന്റെ താഴേക്കിടയിലുള്ള ഓഫീസുകളില്‍ ആകെ നടക്കുന്നതു തോട്ടങ്ങളിലെ പരിശോധന മാത്രമാണ്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ കൊച്ചി സന്ദര്‍ശനംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ റബര്‍ ബോര്‍ഡിന്റെ ഇനിയുള്ള പോക്ക് എങ്ങോട്ടാണെന്നു വ്യക്തമാകും.

 കേരളത്തില്‍ റബര്‍കൃഷി അതിന്റെ പൂര്‍ണതയിലെത്തിയെന്നാണു റബര്‍ ബോര്‍ഡിന്റെ നിലപാട്. ഇനി കൃഷി വിപുലപ്പെടുത്താന്‍ സാധ്യതകളില്ല. എന്നാല്‍, റബറിന്റെ ഡിമാന്‍ഡ് ഉയരുന്നു. വര്‍ധിക്കുന്ന ഡിമാന്‍ഡ് നേരിടണമെങ്കില്‍ പുത്തന്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കണമെന്നാണു ബോര്‍ഡിന്റെ നിലപാട്. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റബര്‍ കൃഷിയുള്ളതു ത്രിപുരയിലാണ്. 67,730 ഹെക്ടറില്‍ കൃഷിയുണ്ട്. ത്രിപുര, ആസാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലായി 1,03,500 ഹെക്ടറില്‍നിന്ന് 46,000 ടണ്‍ ആണ് ഉത്പാദനം. ത്രിപുരയില്‍ റബര്‍ കൃഷി എത്തിയിട്ട് അമ്പതു വര്‍ഷമായി. ഇതിന്റെ വാര്‍ഷികാഘോഷവും അവിടെ നടക്കുകയാണ്.  ഇതുവരെ ഒരേ ഭൂമിയില്‍ റബര്‍ മാത്രമുള്ള ആവര്‍ത്തന കൃഷിരീതിയാണ് അവലംബിച്ചിരുന്നത്. എന്നാല്‍, പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നതു ടാപ്പിംഗ് കാലമെത്തിയാലും ഇടവിള കൃഷികള്‍ സാധ്യമാകുമെന്നാണെന്ന് റബര്‍ ബോര്‍ഡ് പറയുന്നു.ഇങ്ങനെ ഇടവിള കൃഷികള്‍ ചെയ്യുന്നതിലൂടെ ഉത്പാദനത്തില്‍ കുറവു സംഭവിക്കുന്നില്ല. ത്രിപുരയില്‍ റബര്‍ തോട്ടങ്ങളില്‍ വാഴ, കൈതച്ചക്ക, മുള എന്നിവയും പശ്ചിമബംഗാളില്‍ തേയിലയും ഇടവിളകളായി കൃഷി ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയാറാക്കിവരുകയാണ്. വടക്കു കിഴക്കന്‍ മേഖലയിലെ മണ്ണും കാലാവസ്ഥയും റബര്‍ കൃഷിക്കു വളരെ യോജ്യമാണെന്നു നിരന്തര പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതായി റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (ആര്‍ആര്‍ഐഐ) ഡയറക്ടര്‍ ജെയിംസ് ജേക്കബ് പറഞ്ഞു.

 വടക്കുകിഴക്കന്‍ മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തി പ്രാപിക്കുന്ന അവസരത്തിലാണു റബര്‍ കൃഷിക്ക് അവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രോത്‌സാഹനം നല്‍കാന്‍ തുടങ്ങിയത്. തൊഴിലില്ലാത്ത യുവത്വം തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കു തിരിയരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. തീവ്രവാദ സംഘടനയായ ത്രിപുര വിമോചനമുന്നണി പിന്നീട് ദുര്‍ബലമാകുകയും പ്രവര്‍ത്തകര്‍ മുഖ്യധാരയിലേക്കു മടങ്ങിയെത്തുകയും ചെയ്തു. ത്രിപുരയിലെ റബര്‍ കൃഷി കൂടുതലും പാട്ടം അധിഷ്ഠിതമാണ്. കൂടുതലും വനമേഖലയായതിനാല്‍ ഭൂമിയുടെ വാങ്ങലിന് അവിടെ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍, സംസ്ഥാനത്ത് റബര്‍ കൃഷിയുടെ വ്യാപനം വനനശീകരണത്തിന് വന്‍തോതില്‍ വഴിതെളിച്ചുകൊണ്ടിരിക്കുന്നു.

ഇതിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ റബര്‍ കൃഷിക്കു നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയും ചെയ്തു. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കൃഷി തടഞ്ഞിട്ടുണ്ട്. മാത്രമല്ല, ഒരു വ്യക്തിക്ക് 25 ഏക്കര്‍ എന്ന നിലയിലേക്ക് തോട്ടത്തിന്റെ പരിധി നിശ്ചയിക്കുകയും ചെയ്തു. വനം-വന്യജീവി നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് കൂടുതല്‍ ഭൂമി കണ്ടെത്തി ത്രിപുരയില്‍ എങ്ങനെ റബര്‍ കൃഷി വിപുലമാക്കാന്‍ കഴിയുമെന്ന ചോദ്യം ശേഷിക്കുകയാണ്.   

No comments:

Post a Comment

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെ...