ടോം ജോര്‍ജ്
ഒരു കുഞ്ഞിനേപ്പോലെ വേണം ഏലത്തെ സംരക്ഷിക്കാന്‍. എല്ലാ ദിവസവും തോട്ടത്തിലെത്തണം. ചെടികളെ നിരീക്ഷിക്കണം. കൃത്യമായ പരിചരണം നല്‍കിയാല്‍ ഏലം ലക്ഷങ്ങള്‍ മടക്കിത്തരും. ഇത് വെറും വാക്കല്ല, 12 വര്‍ഷത്തെ തന്റെ ഏലംകൃഷി അനുഭവങ്ങളില്‍നിന്ന് മൂന്നാര്‍ ബൈസണ്‍വാലി കടമാട്ട് കെ.വി. രാജന്‍ നല്‍കുന്ന അനുഭവപാഠമാണ്.
നല്ലാണി എന്ന അത്യുത്പാദന ശേഷിയുള്ള ഏലത്തൈകളാണ് ഇദ്ദേഹം കൃഷിചെയ്യുന്നത്.
കട്ടപ്പനയില്‍നിന്നും കൊണ്ടുവന്നു നട്ട തൈകള്‍ ഇന്ന് 1500 ചുവടായി നില്‍കുന്നു. നാലേക്കറില്‍ ആദ്യം നട്ടത് ഏലത്തിനു തണല്‍ നല്‍കുന്നതിനായി തണല്‍ മരങ്ങളാണ്. കൃത്യമായ ഇടയകലത്തില്‍ നില്‍ക്കുന്ന ഇവ തണല്‍ മാത്രമല്ല നല്‍കുന്നത്. ഇവയുടെ പൊഴിയുന്ന ഇലകള്‍ നല്ല ജൈവവളക്കൂട്ടുകൂടിയാണ്. ഏലത്തിനൊപ്പം കുരുമുളകുകൂടി ഇവയില്‍ പടര്‍ത്തിയാല്‍ വരുമാനം വര്‍ധിപ്പിക്കാം. ഏലത്തിനു പൂക്കള്‍ ധാരാളമുള്ളതിനാല്‍ തേനീച്ചവളര്‍ത്തലും ലാഭകരമാണ്. ഇത് വിളവ് വര്‍ധനയ്ക്കും കാരണമാകും.
ഏലച്ചിമ്പുകള്‍ (തൈ) നടുമ്പോള്‍ മുതല്‍ ശ്രദ്ധവേണം. ചെടികള്‍ തമ്മില്‍ പത്തടി അകലം വേണം. അടിവളമായി തമിഴ്‌നാട്ടില്‍നിന്നു വരുന്ന ആട്ടിന്‍ കാഷ്ടമാണ് ഉപയോഗിച്ചത്. തണ്ടുതുരപ്പന്‍ പുഴുവിനെ നേരിടാന്‍ മാസത്തില്‍ ഒരു പ്രാവശ്യം 100 ലിറ്റര്‍ വെള്ളത്തില്‍ 200 മില്ലി ലിറ്റര്‍ എക്കാലക്‌സ് കലര്‍ത്തി തളിക്കും. ഏലച്ചെടികള്‍ തുരന്ന് കൂമ്പു തിന്നു നശിപ്പിക്കുന്ന പുഴുവാണിത്. വേരുപുഴുവിന് തരിരൂപത്തിലുള്ള സൂപ്പര്‍ഗാര്‍ഡ് ഒരുചുവടിന് 150 ഗ്രാം വീതം നല്‍കും. നിമവിരയ്ക്കും ഇതുതന്നെയാണ് ഉപയോഗിക്കുന്നത്.
കൃഷിരീതി
മണ്ണിളക്കി തടമെടുത്ത് ആട്ടിന്‍കാഷ്ടം കുഴയ്ക്കുകയാണ് ആദ്യപടി. പിന്നീട് ഒരുകൈപ്പത്തി താഴ്ത്തി ചിമ്പ് വച്ച് കമ്പുപയോഗിച്ച് കെട്ടണം. 30 ദിവസത്തിനുള്ളില്‍ വേരുപിടിക്കും. ഒന്നരവര്‍ഷത്തിനുള്ളില്‍ വിളവെടുക്കാവുന്ന ഏലം 12 വര്‍ഷം വരെ വിളവുനല്‍കുന്നതുമാണ്. ഒരേക്കറില്‍നിന്ന് അഞ്ച്-ആറ് തവണയായി 500 കിലോ വരെ ഏലം ലഭിക്കും. ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയാണ് വിളവെടുപ്പു കാലം. ഇപ്പോള്‍ ഒരു കിലോ ഏലത്തിന് 700-750 രൂപവരെ ലഭിക്കുന്നുണ്ട്. ക്വാളിറ്റികൂടിയ ഇനങ്ങള്‍ക്ക് 800 രൂപവരെ കിലോയ്ക്കു ലഭിക്കും. കേരളത്തില്‍ ഏലത്തിന് ഓപ്പണ്‍ മാര്‍ക്കറ്റില്ലാത്തതാണ് ഏക പ്രതിസന്ധി. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന സേട്ടുമാരാണ് നിലവില്‍ ഏലത്തിന് വില നിശ്ചയിക്കുന്നത്.
0:52:34 എന്ന രാസവളം ഫോളിയാര്‍ സ്‌പ്രേയായി ഇലകളില്‍ നല്‍കും. ഓരോ വര്‍ഷവും ഒരു പാട്ട ആട്ടിന്‍ കാഷ്ടം ചുവടില്‍ നല്‍കും. വേനല്‍ക്കാലത്ത് വലകെട്ടി നീരുകുടിക്കുന്ന ചിലന്തിപോലുള്ള കീടത്തെ നിയന്ത്രിക്കാന്‍ ഗന്ധകപ്രയോഗം നല്ലതാണ്. ഒരേക്കര്‍ കൃഷിക്ക് ചെലവെല്ലാമായി 50,000 രൂപവരും. റീപ്ലാന്റുചെയ്ത് വളര്‍ത്തുന്നതിനുള്ള കൂലിച്ചെലവ് ഉള്‍പ്പെടെയാണിത്. ഏലത്തിന്റെ ചിമ്പ് ഒന്നിന് 40 രൂപയാണ് ഇപ്പോള്‍ വില. രാജന്റെ തോട്ടപരിപാലനം ഒന്നു കാണേണ്ടതുതന്നെയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് } നവംബര്‍ലക്കം കര്‍ഷകന്‍ മാസിക കാണുക.
No comments:
Post a Comment