Sunday, 16 November 2014

കൃഷി വികസനത്തില്‍ കാര്‍ഷികമേളകളുടെ പങ്ക്
ഐബിന്‍ കാണ്ടാവനം


വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത അനുസരിച്ച് ഇനിയും കൃഷിയോട് വൈമുഖ്യം കാണിച്ചാല്‍ ആരോഗ്യകരമായ ജീവിതത്തെ ബാധിക്കും എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വീട്ടുവളപ്പിലെങ്കിലും സ്ഥലലഭ്യത അനുസരിച്ച് സ്വന്തം അടുക്കളയിലേക്ക് വേണ്ടുന്ന പച്ചക്കറികള്‍ ചിലതെങ്കിലും ഉല്‍പാദിപ്പിക്കാന്‍ സാധിച്ചാല്‍ ധനലാഭം മാത്രമല്ല വിഷമയമില്ലാത്ത പച്ചക്കറികള്‍ യഥാര്‍ത്ഥ  രുചിയോടെ കഴിക്കുവാനും സാധിക്കും.


കൃഷിയില്‍നിന്നും പിന്തിരിയുന്നവര്‍ക്കൊരു പ്രചോദനമായി കൃഷിയിലേക്ക് വീണ്ടും കടക്കുവാനും പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുവാനും കാര്‍ഷികമേളകള്‍ വലിയൊരളവില്‍ സഹായിക്കുന്നുണ്ട്. കാര്‍ഷിക പാരമ്പര്യമുള്ള കേരളത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ പല സീസണുകളിലായി നിരവധി കാര്‍ഷികമേളകള്‍ നടക്കുന്നു. അവയ്ക്ക് ജനം നല്‍കുന്ന പിന്തുണ കൃഷി ആരുടേയും മനസ്സില്‍ മരിച്ചിട്ടില്ല എന്നാണ്. ഇന്ന് കേരളത്തില്‍ നടക്കുന്ന കര്‍ഷികമേളകളില്‍ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്നത് കേരള ജലവകുപ്പ് മന്ത്രി പി.ജെ.ജോസഫിന്റെയും അദ്ദേഹം ചെയര്‍മാനായുള്ള ഗാന്ധിജി സ്റ്റഡി സെന്ററിന്റെയും നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സംഘടിപ്പിക്കുന്ന മേളയാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ അവസാന ആഴ്ചമുതല്‍ ജനുവരി ആദ്യ ആഴ്ചവരെ നടക്കുന്ന മേള ജനപങ്കാളിത്തംകൊണ്ട് പ്രശസ്തി നേടിയിട്ടുള്ളതാണ്.


1983 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച് കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒട്ടേറെ പരിപാടികള്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പരിപാടികളില്‍ കാര്‍ഷികമേളകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. 1989ല്‍ കോട്ടയത്ത് സംഘടിപ്പിച്ച കാര്‍ഷികമേള കേരളാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കാര്‍ഷികമേളയായിരുന്നു. തുടര്‍ന്ന്  93 മുതല്‍ തൊടുപുഴയിലാണ് മേള നടന്നുവരുന്നത്.

കൃഷിശാസ്ത്രജ്ഞന്മാരെയും കാര്‍ഷികമേഖലയിലെ മറ്റു വിദഗ്ദ്ധരെയും ശ്രദ്ധേയരായ കര്‍ഷകരെയും ഭരണാധികാരികളെയും ഒന്നിച്ചണിനിരത്തുന്ന കാര്‍ഷികമേളകള്‍ ഉത്സവപ്രതീതി ജനിപ്പിച്ചുകൊണ്ടാണ് ഓരോ വര്‍ഷവും നടത്തപ്പെടുന്നത്. വിള മത്സരങ്ങളും വിള പ്രദര്‍ശനവും കാര്‍ഷികമേളയുടെ മാറ്റു കൂട്ടുമ്പോള്‍ ശില്പശാലകള്‍ പുത്തന്‍ അറിവുകള്‍ കൈമാറുന്നതിന് വേദിയൊരുക്കുന്നു.

ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ കാര്‍ഷികമേഖലയിലേക്ക് പകര്‍ത്തുന്നത്തിനും മികച്ച കര്‍ഷകരുടെ വിജയ രഹസ്യങ്ങള്‍ ജനമനസ്സുകളില്‍ എത്തിക്കുന്നതിനുമുള്ള ഒന്നാന്തരം ഉപാധിയായി കാര്‍ഷികമേള മാറിക്കഴിഞ്ഞിരിക്കുന്നു. കാര്‍ഷികവൃത്തിയുടെ മാന്യത ഉയര്‍ത്തിക്കാട്ടുന്നതിനും കൃഷി അദായകരമായ ഒരു തൊഴിലാക്കി മാറ്റാന്‍ കഴിയുമെന്ന് അഭ്യസ്തവിദ്യരെ ബോധ്യപ്പെടുത്തുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് മേളകള്‍ നടത്തപ്പെടുന്നത്. പഞ്ചസാരയില്‍ പൊതിഞ്ഞ ഗുളികകള്‍പോലെ മാത്രമേ വിജ്ഞാനവ്യാപനം കാര്‍ഷികമേഖലയില്‍ സാധ്യമാകുകയുള്ളു.


മേളയിലെ വിളമത്സരം വഴി ഉല്‍പാദനക്ഷമത ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. കപ്പയും ചേനയും കാച്ചിലും ഇഞ്ചിയും മഞ്ഞളും കച്ചോലവും വാഴപ്പഴങ്ങളും കൈതച്ചക്കയും ഏലവും കുരുമുളകും തേങ്ങാക്കുലകളും ആകര്‍ഷകമായ പഴുക്കാക്കുലകളും കണ്ണിനും കരളിനും കുളിര്‍മ പകരാനും അനേകര്‍ക്ക്  പ്രചോദനം നല്കുവാനും പോരുന്നവയാണ്. മൃഗസംരക്ഷണത്തിനും തത്തുല്യ പ്രാധാന്യം നല്കിയിരിക്കുന്നു. കാര്‍ഷിക സ്‌പോര്‍ട്‌സ് സംഘടിപ്പിച്ചുകൊണ്ട് തൊഴിലിന്റെ മഹത്വം വിളിച്ചറിയിക്കുവാനും വിദഗ്ദ്ധരായ തൊഴിലാളികളെ അംഗീകരിക്കുവാനും മേള ശ്രദ്ധ ചെലുത്തുന്നു.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഒന്നാണ് കാര്‍ഷികമേളകള്‍. കേരളത്തിലെ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും കൃഷി ആദായകരമായ ഒരു തൊഴിലാക്കി മാറ്റുന്നതിനും കൂട്ടായ പരിശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു.


No comments:

Post a Comment

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെ...