Monday, 10 November 2014

വരുന്നൂ ...... കേരഗ്രാമങ്ങള്‍


നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുക, സംയോജിത കീട-പോഷണ പരിപാലനം, ഇടവിളകൃഷി, മൂല്യവര്‍ധനം എന്നിവ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള നടീല്‍വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ കൃഷിവകുപ്പ് ഈ സാമ്പത്തികവര്‍ഷം "കേരഗ്രാമം' പദ്ധതി നടപ്പാക്കുന്നു. 219 കോടിയാണ് പദ്ധതിക്ക് വകവരുത്തിയിട്ടുള്ളത്. സംസ്ഥാനവിഹിതവും ആര്‍.കെ.വി.വൈ പദ്ധതിയും സംയോജിപ്പിച്ചാണ് പദ്ധതി.

500 ഹെക്ടറില്‍ കുറയാതെ നാളികേര കൃഷിയുള്ള 135 നിയോജകമണ്ഡലങ്ങളിലെ ഓരോ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. ജൈവജില്ലയായ കാസര്‍ ഗോഡ് ഒഴികെ മറ്റുജില്ലകളിലെ പഞ്ചായത്തുകളെ ഇതിനായി തെരഞ്ഞെടുക്കും. കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ് പാക്കേജിലുള്‍പ്പെടുത്തി ഈ പദ്ധതിക്കനുസൃതമായി സംയോജിത ജൈവപരിപാലന പദ്ധതി നടപ്പാക്കും. മൊത്തം 67,500 ഹെക്ടര്‍ പ്രദേശത്ത് ഇതിന്റെ ആനുകൂല്യം ലഭിക്കും.
   
ഇടപ്പണികള്‍ക്കും ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നാളികേര വികസനത്തിനുള്ള മാതൃകാപദ്ധതികള്‍ക്കുമാണ് പദ്ധതിസഹായം ലഭിക്കുക. ഇതുപ്രകാരം ഒരു തെങ്ങിന് തടംതുറക്കലിന് 30 രൂപ, തൊണ്ടടുക്കലിന് 50 രൂപ, കുമ്മായപ്രയോഗത്തിന് 6 രൂപ, മഗ്‌നീഷ്യം സള്‍ഫേറ്റ് 3.75 രൂപ, ജൈവവളം 25 രൂപ, രാസവളം 15 രൂപ, സസ്യസംരക്ഷകങ്ങള്‍ 10 രൂപ, ജൈവ-ജീവാണുവളം, ജൈവ നിയന്ത്രണകാരികള്‍ക്ക് 25 രൂപ എന്നിവ നല്‍കും. ഒരേക്കറില്‍ പരമാവധി 70 തെങ്ങുകള്‍ക്ക് സഹായം നല്‍കും. കൂടാതെ ഇടവിളകൃഷിക്ക് ഏക്കറൊന്നിന് പരമാവധി 2400 രൂപ സഹായം നല്‍കും. രോഗബാധയുള്ളതും ആരോഗ്യം കുറഞ്ഞതുമായ തെങ്ങ് മുറിച്ചുമാറ്റുന്നതിന് തെങ്ങൊന്നിന് 500 രൂപ നല്‍കും. ഏക്കറില്‍ പരമാവധി }ാലു തെങ്ങുകള്‍ ഇപ്രകാരം മുറിച്ചുമാറ്റാം.

പകരം ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് ഒരു തെങ്ങിന് 25 രൂപ പ്രകാരം ഒരേക്കറില്‍ പരമാവധി }ാലു തെങ്ങുകള്‍ നടാന്‍ സഹായം നല്‍കും. പരമാവധി 10000 രൂപ ഒരു ഏക്കറിന് സഹായം നല്‍കും.    

ഇതുകൂടാതെ ആവശ്യാധിഷ്ഠിതമായി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ചില ഘടകങ്ങള്‍ക്കും സഹായം നല്‍കും. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ കൃഷിഭവന്‍ മുഖാന്തിരം ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് തെങ്ങുകയറ്റയന്ത്രം വാങ്ങാന്‍ 2000 രൂപ സഹായം നല്‍കും. 500 രൂപ ഗുണഭോക്തൃവിഹിതവും. 2500 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തെങ്ങിന്‍ തോപ്പുകളില്‍ കിണര്‍, തുള്ളിനന സംവിധാനം, പമ്പ്‌സെറ്റ് അനുബന്ധസാമഗ്രികള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ ഏക്കറൊന്നിന് 10,000 രൂപ സഹായമുണ്ട്. 25 സെന്റില്‍ 6250 ഗുണമേന്‍മയുള്ള തൈകളുണ്ടാക്കുന്ന നാളികേരനഴ്‌സറികള്‍ സ്ഥാപിക്കാന്‍ ചെലവിന്റെ 25% പരമാവധി 50,000 രൂപ സഹായം നല്‍കും. ഇപ്രകാരം തെരഞ്ഞെടുത്ത 135 നഴ്‌സറികള്‍ പഞ്ചായത്തുകളില്‍ സ്ഥാപിക്കും.
   
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തെങ്ങിന്‍തോപ്പുകളിലെ വിളയവശിഷ്ടങ്ങള്‍ ജൈവവളമാക്കുന്നതിനു കമ്പോസ്റ്റ് യൂണിറ്റുകളൊരുക്കുന്നതിന് പരമാവധി 10,000 രൂപ സഹായം നല്‍കും.
   
675 യൂണിറ്റുകള്‍ സ്ഥാപിക്കും. നാളികേര മൂല്യവര്‍ധന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യവുമായി സഹകരിച്ച് സഹായം നല്‍കും. നാളികേര വികസന പ്രവര്‍ത്തനങ്ങളെയും ഏജന്‍സികളെയും സംയോജിപ്പിച്ച് സമര്‍പ്പിക്കുന്ന പഞ്ചായത്തുതല മാതൃകാപദ്ധതികള്‍ക്ക് സഹായം നല്‍കും. മൊത്തം ഒരു കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...