വീട്ടുമുറ്റത്തെ പപ്പായപ്പഴം കാക്ക കൊത്തിത്തിന്നുമ്പോള്‍ മൈസൂറില്‍നിന്നു ലോറികളിലെത്തിക്കുന്ന പപ്പായ കിലോയ്ക്കു 30 രൂപ നിരക്കില്‍ പഴക്കടകളില്‍നിന്നു വാങ്ങിക്കഴിക്കുന്നതാണു മലയാളിയുടെ സ്വഭാവം. പപ്പായപ്പഴത്തില്‍നിന്നു ജാം, ജെല്ലി, സ്ക്വാഷ്, ജൂസ്, ഫ്രൂട്ട് ബാര്‍, വൈന്‍, സിറപ്പ്, ശീതളപാനീയങ്ങള്‍, നെക്ടര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ സംസ്കരിച്ചെടുക്കാം. പപ്പയ്ന്‍ എന്ന എന്‍സൈമിന്റെ ഉത്പാദനത്തിനാണു മറ്റു സംസ്ഥാനങ്ങളില്‍ പപ്പായയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി. ഒരു വിധം മൂപ്പെത്തിയ (കായ് പിടിച്ച് 70 മുതല്‍ 100 വരെ ദിവസം ) പച്ചക്കായില്‍നിന്നെടുക്കുന്ന കറയാണിത്.
പ്രോട്ടീന്‍ ലയിപ്പിക്കുന്നതിനുള്ള ഇതിന്റെ പ്രയോജനം വാണിജ്യസാധ്യത വര്‍ധിപ്പിക്കുന്നു. ബിയര്‍ നിര്‍മാണത്തിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഡെങ്കിപ്പനി ബാധിതരുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാനും രോഗവിമുക്തിക്കും പപ്പായ ഇലകളുടെ നീര് അത്യുത്തമമാണെന്ന് ഇന്ത്യയിലും മലേഷ്യയിലും വെസ്റ്റ് ഇന്‍ഡീസിലും നടത്തിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രോട്ടീന്‍ ലയിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ മാംസവിഭവങ്ങള്‍ മൃദുവാക്കാനും പപ്പയ്ന്‍ ഉപയോഗിക്കുന്നു. പട്ട്, തുകല്‍, കോസ്‌മെറ്റിക്‌സ്, ഔഷധങ്ങള്‍ എന്നിവയുടെ ഉത്പാദ}ത്തിലും ഇതിനു വ്യാപകമായ ഉപയോഗമുണ്ട്. കുടല്‍, കരള്‍, ത്വക്ക് രോഗങ്ങള്‍, ഡിഫ്തീരിയ, അര്‍ശസ്, നീര്, ശരീരവേദന, മുറിവുകള്‍ എന്നിവക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളിലെ ഒരു പ്രധാന ഘടകമാണു പപ്പയ്ന്‍.
പപ്പായപ്പഴത്തില്‍ മാമ്പഴം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദത്തമായ വൈറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. തുടര്‍ച്ചയായി കഴിച്ചാല്‍ വൈറ്റമിന്‍ എ യുടെ അഭാവം കൊണ്ടുണ്ടാകുന്ന നിശാന്ധത, പ്രതിരോധശേഷിയുടെ കുറവ്, കുട്ടികളിലെ വളര്‍ച്ചക്കുറവ് തുടങ്ങിയവ പരിഹരിക്കാം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സി, ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍, ധാതുലവണങ്ങളായ പൊട്ടാസ്യം, മഗ്‌നീഷ്യം നാരുകള്‍ എന്നിവയും ഈ പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കാന്‍സര്‍, വയറിളക്കം, അള്‍സര്‍, ആസ്ത്മ, രക്തസമ്മര്‍ദം മുതലായവയെ ശമിപ്പിക്കും. സന്ധിവാതത്തിനെതിരേയും ഹൃദയരോഗങ്ങളെ തടയാനും പപ്പായ ഉത്തമമായ ഒരു ഔഷധമാണ്.
No comments:
Post a Comment