Monday, 10 November 2014

കൃത്യതാ തീറ്റ 'ക്ഷീരപ്രഭ'വഴി



ഡോ. സാബിന്‍ ജോര്‍ജ്ജ്


അളവിലും ഗുണത്തിലും സമീകൃതമായ കാലിത്തീറ്റ നിര്‍മാണത്തിനും അതുവഴി ആദായകരമായ പാലുത്പാദനത്തിനും ക്ഷീര കര്‍ഷകരെ സഹായിക്കുന്ന മലയാളത്തിലുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുമായി വെറ്ററിനറി സര്‍വകലാശാല. കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ  ധനസഹായത്തോടെ  മണ്ണുത്തി വെറ്ററിനറി കോളജിലെ അനിമല്‍ ന്യൂട്രിഷന്‍  വിഭാഗമാണ് 'ക്ഷീരപ്രഭ' എന്ന പേരില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തത്.

  
ഉത്പാദനശേഷിയുള്ള സങ്കരയിനം  പശുക്കള്‍ക്ക്  ജനിതക ശേഷിക്കനുസരിച്ച് ഉത്പാദനം  സാധ്യമാകണമെങ്കില്‍ സന്തുലിത തീറ്റ നല്‍കിയേ മതിയാകൂ. വിപണിയില്‍ ലഭ്യമായ കാലിത്തീറ്റ, പിണ്ണാക്ക്, തവിട്, ധാന്യങ്ങള്‍, മിനറല്‍ മിക്‌സ്ചര്‍ എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ക്കുമ്പോഴാണ് കറവപ്പശുവിന് ഉത്പാദനത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്.  ആവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ലഭിച്ചില്ലെങ്കില്‍ ഉത്പാദനം കുറയുകയും ഒപ്പം പ്രത്യുത്പാദന, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്യും.

പോഷകങ്ങള്‍ അധികമാകുന്നത് സാമ്പത്തിക നഷ്ടവും വരുത്തിവെയ്ക്കും.  അല്‍പാഹാരവും, അമിതാഹാരവും ആപത്തായതിനാല്‍ നല്‍കുന്ന തീറ്റ സന്തുലിതമാക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി കര്‍ഷകര്‍ക്ക് 'ക്ഷീരപ്രഭ' വഴികാട്ടിയാകും. 
മിക്ക ക്ഷീരസഹകരണ  സംഘങ്ങളിലും കമ്പ്യൂട്ടര്‍ സംവിധാനമുള്ളതിനാല്‍ ക്ഷീര സംഘങ്ങള്‍ക്കും തീറ്റ സന്തുലനത്തിന് മുന്‍കൈയെടുക്കാവുന്നതാണ്.  ലളിതമായ രീതിയില്‍ മലയാളത്തില്‍ തയാറാക്കിയിരിക്കുന്നു എന്നതാണ് ക്ഷീരപ്രഭയുടെ പ്രത്യേകത.  കമ്പ്യൂട്ടറില്‍ സാമാന്യ ജ്ഞാനമുള്ളവര്‍ക്ക് ഇത് എളുപ്പം ഉപയോഗിക്കാം.    
ആവശ്യമായ പോഷകങ്ങള്‍ എത്രയെന്നു കണ്ടുപിടിക്കുകയാണ് ആദ്യഘട്ടം. ഇതിനായി പശുക്കളുടെ ഏകദേശ തൂക്കം, പാലുത്്പാദനം, കൊഴുപ്പിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നല്‍കണം.  പശുവിന് ആവശ്യമായ പോഷകങ്ങളുടെ അളവ് എത്രയെന്ന് സോഫ്റ്റ് വെയര്‍  തനിയെ കണക്കുകൂട്ടി നല്‍കുന്നു.
   
ആവശ്യമായ പോഷകങ്ങള്‍ കര്‍ഷകന്‍ നല്‍കുന്ന തീറ്റ വസ്തുക്കളില്‍നിന്നും ലഭ്യമാക്കുകയാണ് അടുത്ത ഘട്ടം.  ഇതിന് കര്‍ഷകന്‍ തന്റെ പശുവിനു നല്‍കാന്‍ ഉദ്ദേശിക്കുന്ന തീറ്റകള്‍ സോഫ്റ്റ്‌വെയറില്‍ നല്‍കിയിരിക്കുന്ന ലിസ്റ്റില്‍നിന്നും തെരഞ്ഞെടുക്കണം. മൂന്നാം ഘട്ടത്തില്‍ കര്‍ഷകന്‍ തെരഞ്ഞെടുത്ത തീറ്റകള്‍ എത്ര വീതം നല്‍കണമെന്ന് കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്നു.

തീറ്റ സന്തുലിതമാക്കുന്ന ഇത്തരം സമ്പ്രദായം കര്‍ഷകരിലെത്തിച്ചാല്‍ ക്ഷീരോത്്പാദനം ആദായകരമാക്കാമെന്നും കേരളത്തിന്റെ പ്രതിദിന പാലുത്പാദനം വര്‍ധിപ്പിക്കാമെന്നും പദ്ധതിയ്ക്ക് നേതൃത്വം  നല്‍കിയ ഡോ. കെ.എം. ശ്യാം മോഹന്‍  പറഞ്ഞു.  സങ്കരയിനം പശുക്കളുടെ ഉത്പാദനശേഷി ഉപയോഗപ്പെടുത്താമെന്നതിനൊപ്പം  അളന്നു തീറ്റ നല്‍കി തീറ്റച്ചെലവ് കുറയ്ക്കാനും ഇതു വഴി കഴിയുന്നു. 


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...