Sunday 21 May 2017

അല്പം പന്നിക്കാര്യം

ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് നേരേ കശാപ്പുശാലയിലേക്ക്. ആഴ്ചയിലെ ഒഴിവുദിവസാഘോഷങ്ങള്‍ അവിടെനിന്നാണ് ആരംഭിക്കുക. പന്നിയും പോത്തും കഴിഞ്ഞിട്ടേയുള്ളൂ കോഴിയുള്‍പ്പെടെയുള്ള ഇറച്ചികള്‍. ഇതില്‍ പന്നിയോടാണ് പാലാക്കാര്‍ക്ക് പൊതുവേ പ്രിയം കൂടുതലെന്നു പറയാറുണ്ട്. എനിക്കും അങ്ങനെയാട്ടോ... സ്വന്തമായി വളര്‍ത്തി വലുതാക്കിയ പന്നികളെ സ്വന്തമായി കശാപ്പുചെയ്യുകയാണ് ഞങ്ങളുടെ രീതി. കച്ചവടക്കാര്‍ക്ക് കൊടുത്താല്‍ തീറ്റ വാങ്ങി നല്കിയ ചെലവുപോലും കിട്ടില്ല എന്ന ബോധ്യംവന്നതുകൊണ്ടാണ് സ്വന്തമായി വില്‍ക്കാന്‍ തുടങ്ങിയത്.





ആദ്യകാലത്ത് പന്നികളുടെ പ്രജനനത്തില്‍ മാത്രമായിരുന്നു ശ്രദ്ധയെങ്കില്‍ ഇപ്പോള്‍ ഇറച്ചിവില്പനയിലാണ് കൂടുതല്‍ ശ്രദ്ധ നല്കുന്നത്. പന്നിയെ വളര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞു എന്നതുതന്നെ ഇതിനു കാരണം. എന്നാല്‍ ഇറച്ചിക്ക് ആവശ്യക്കാരേറെയുണ്ട്. ഏതായാലും ഇവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത് ഹോട്ടല്‍ വേസ്റ്റ് നല്കി വളര്‍ത്തുന്ന വലിയ ഫാമുകളെക്കുറിച്ചല്ല. ഒരു ഇടത്തരം കുടുംബത്തിലെ ആഹാരാവശിഷ്ടങ്ങള്‍ വെറുതെ വലിച്ചെറിയാതെ എങ്ങനെ മുതലാക്കാം എന്നതിനെക്കുറിച്ചാണ്.

അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തിലെ ഭക്ഷണാവശിഷ്ടങ്ങള്‍മതി ഒരു പന്നിയെ വളര്‍ത്താന്‍. പഴയ കാലത്തെ നാടന്‍ പന്നികളെ മാറ്റി മുന്തിയ ഇനം പന്നികള്‍ വന്നതോടെ മികച്ച വളര്‍ച്ച ലഭിക്കുകയും ചെയ്യും.


അഞ്ചടി നീളം പത്തടി വീതി നാല് ഹോളോ/സോളിഡ് ബ്രിക് ഉയരവുമുള്ള കൂട്ടില്‍ ഒരു പന്നിയെ അനായാസം വളര്‍ത്താം. മഴ നനയാതെയും വെയിലേല്‍ക്കാതെയും മേല്‍ക്കൂരയുള്ളത് നല്ലതാണ്. തറ കോണ്‍ക്രീറ്റ് ചെയ്ത് പരുക്കനിടണം. അല്ലെങ്കില്‍ കഞ്ഞിവെള്ളം വീണ് തറ പൊളിഞ്ഞുപോകും. തീറ്റ നല്കാനായി ഒരു വശത്ത് കല്ലില്‍ കൊത്തിയ മരവിയോ സ്റ്റീല്‍ ബേസിന്‍ നിലത്തുറപ്പിച്ചതോ നല്കാം. സിമന്റ്‌കൊണ്ട് തീറ്റ നല്കാനുള്ള പാത്രം നിര്‍മിക്കാത്തതാണ് നല്ലത്. കാഷ്ഠവും മറ്റും പുറത്തേക്ക് കളയാന്‍ ഒരു വശത്ത് ദ്വാരം ഇടുകയും വേണം. ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കില്‍ കൂട്ടിലെ വേസ്റ്റ് അതിലേക്കു മാറ്റാം.


45 ദിവസം പ്രായമായ പന്നിക്കുഞ്ഞുങ്ങളെയാണ് വാങ്ങാന്‍ ലഭിക്കുക. ഇനവും ഗുണവും അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടായിരിക്കും. എന്താണെങ്കിലും ശാസ്ത്രീയമായി വളര്‍ത്തുന്നവരില്‍നിന്നു കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് ഉത്തമം. (അതായത് അന്തര്‍പ്രജനനം (inbreeding) നടത്താത്ത ഫാമുകളില്‍നിന്നു വേണം കുഞ്ഞുങ്ങളെ വാങ്ങാന്‍.) അന്തര്‍പ്രജനനം നടന്നിട്ടുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് വലുപ്പക്കുറവും ആരോഗ്യക്കുറവും ഉണ്ടായിരിക്കുക മാത്രമല്ല തീറ്റപരിവത്തനശേഷി കുറവുമായിരിക്കും. അതുകൊണ്ടുതന്നെ മികച്ച വളര്‍ച്ച ലഭിക്കാതെവരും.

വീട്ടിലെ വേസ്റ്റിനൊപ്പം അല്പം ഗോതമ്പുതവിട് ചേര്‍ത്തു നല്കുന്നത് നല്ലതാണ്. രണ്ടു നേരം തീറ്റ നല്കാം. ഒപ്പം പുല്ലും ഇലവര്‍ഗങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്താം. അതുകൊണ്ടുതന്നെ ഹോട്ടല്‍ വേസ്റ്റ് നല്കുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധമൊന്നും ഈ രീതിയില്‍ വളര്‍ത്തുന്ന കൂടുകളില്‍ ഉണ്ടാവാറില്ല.

പത്തു മാസത്തിനുശേഷം ഇറച്ചിക്കായി ഉപയോഗിക്കാം.

ശുചീകരണം

ദിവസം കൂട് കഴുകി വൃത്തിയാക്കണം. കുളിപ്പിക്കുകയും വേണം. വിയര്‍പ്പുഗ്രന്ഥി ഇല്ലാത്ത മൃഗമായതിനാല്‍ ശരീരം തണുപ്പിക്കാന്‍ അവര്‍ക്ക് വെള്ളം വേണം.



പ്രചനനം


നേരത്തെ പറഞ്ഞതുപോലെ രക്തബന്ധമുള്ള പന്നികളെ പ്രജനനത്തിനായി തെരഞ്ഞെടുക്കരുത്. ആണ്‍പന്നിയും പെണ്‍പന്നിയും തമ്മില്‍ രക്തബന്ധം ഉണ്ടാവാന്‍ പാടില്ല. ആറു മാസംകൊണ്ട് പന്നികള്‍ പ്രായപൂര്‍ത്തിയാകും. എങ്കിലും എട്ടു മാസത്തിനുശേഷം ഇണ ചേര്‍ക്കുന്നതാണ് നല്ലത്. മദിലക്ഷണം കാണിക്കുമ്പോള്‍ ആണ്‍പന്നിയുടെ കൂട്ടിലേക്ക് പെണ്‍പന്നിയെ മാറ്റാം. 114 ദിവസം (മൂന്നു മാസം മൂന്നാഴ്ച മൂന്നു ദിവസം) അതാണ് പന്നികളുടെ ഗര്‍ഭകാലം.

ഇണചേര്‍ത്ത ദിവസം കുറിച്ചുവച്ചാല്‍ പ്രസവം നേരത്തെ അറിഞ്ഞ് വേണ്ടതു ചെയ്യാന്‍ കഴിയും. പ്രസവസനമയം അടുക്കുമ്പോള്‍ അസ്വസ്തത പ്രകടിപ്പിക്കുന്ന പന്നികള്‍ മുന്‍കാലുകള്‍കൊണ്ട് നിലത്ത് ഉരയ്ക്കുതയും കിടക്കുകയും എഴുന്നേല്‍ക്കുകയുമൊക്കെ ചെയ്യാറുണ്ട്. നാലു മുതല്‍ 16 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവാം. വലിയ ഇനം പന്നികളാണെങ്കില്‍ പ്രസവ സമയത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അല്ലാത്തപക്ഷം ചിലര്‍ കുഞ്ഞുങ്ങളെ ആക്രമിക്കാറുണ്ട്. കൂടാതെ ആദ്യ രണ്ടു മൂന്നു ദിവസത്തേക്ക് പ്രത്യേകം ശ്രദ്ധിക്കണം. കൂഞ്ഞുങ്ങള്‍ ഊര്‍ജ്വസ്വലരാകുന്നതുവരെ ശ്രദ്ധിച്ചില്ലെങ്കില്‍ തള്ള കയറിക്കിടന്ന് ചാകാനിടയുണ്ട്.

മുല കുടിക്കുമ്പോള്‍ പന്നിക്കുട്ടികള്‍ക്ക് ഒരു ശീലമുണ്ട്. പ്രസവിച്ച് ഭൂമിയില്‍ത്തൊട്ടുകഴിഞ്ഞ് ആദ്യം അതു മുലയാണോ കുടിച്ചത് ആ മുല മാത്രമേ അവ മുലകുടി മാറുന്നതുവരെ കുടിക്കാറുള്ളൂ. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ തള്ളയില്‍നിന്നു മാറ്റുമ്പോള്‍ ഒരുമിച്ച് മാറ്റാതെ ഘട്ടംഘട്ടമായി മാറ്റണം. അകിടുവീക്കം വരാനുള്ള സാധ്യത ഈ സമയത്ത് വളരെ കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ തള്ളപ്പന്നിയെ നഷ്ടപ്പെടാന്‍വരെ സാധ്യതയുണ്ട്. (പ്രസവശേഷം ആദ്യ ദിനങ്ങളിലും അകിടുവീക്കത്തിനു സാധ്യതയുണ്ട്.)


ഐബിന്‍ കാണ്ടാവനം


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...