കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഭീതിപ്പെടുത്തുന്ന തരത്തില്‍ ഉയരുന്ന വാര്‍ത്തകള്‍ക്ക് തത്കാലം ചെവികൊടുക്കാതിരിക്കാം. ശുദ്ധജല അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ വിലക്കില്ല. എന്നാല്‍, അക്വേറിയം ഷോപ്പുകളുടെ കാര്യത്തില്‍ നല്കിയിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. ഒത്തൊരുമിച്ചുള്ള പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ മത്സ്യകൃഷിയുടെ മറ്റു വിഭാഗങ്ങളെക്കൂടി ഇത്തരം ഉത്തരവുകള്‍ ബാധിച്ചേക്കാം.
ഐബിന്‍ കാണ്ടാവനം
കേരളത്തിലെ മത്സ്യക്കര്‍ഷകര്‍ക്കു ഭീതി വേണ്ട. നിരോധിച്ചത് ശുദ്ധജല മത്സ്യങ്ങളെയല്ല, സമുദ്രജല മത്സ്യങ്ങളെയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെക്കുറിച്ച് പൂര്‍ണ അറിവു ലഭിക്കാതെ എടുത്തുചാടി മത്സ്യക്കൃഷി ഉപേക്ഷിക്കേണ്ട ആവശ്യവും ഇല്ല. കൈവശം വയ്ക്കാന്‍ കഴിയാത്ത മത്സ്യങ്ങളുടെയും ജീവികളുടെയും പട്ടികയില്‍ 158 ഇനങ്ങളുടെ പേര് സര്‍ക്കാരിന്റെ ഉത്തരവിലുണ്ട്. എന്നാല്‍, പട്ടികയില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാ ഇനങ്ങളും സമുദ്രജലമത്സ്യങ്ങളും ജീവികളുമാണ്. ക്ലൗണ്‍ഫിഷ്, എയ്ഞ്ചല്‍ ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, പാരറ്റ്, റാസ്, ടാങ് പോലുള്ള എല്ലാ മത്സ്യങ്ങളും സമുദ്ര ഇനങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് പ്രധാനമായും ഇവയുടെ ഉത്പാദനം നടത്തിവരുന്നത്. കൂടാതെ സമുദ്രമത്സ്യങ്ങളില്‍ ഏറിയ പങ്കും ശ്രീലങ്ക പോലുള്ള വിദേശരാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയിലെത്തുന്നതും. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരം വിഴിഞ്ഞത്ത് ക്ലൗണ്‍ ഫിഷ് ഫാമുണ്ട്. അവയെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രജനനവുമാണ് ഇവിടെ നടക്കുന്നത്. ഉത്തരവ് പ്രാബല്യത്തിലായാല്‍ ആദ്യം അടച്ചുപൂട്ടപ്പെടുന്നത് ഇത്തരം സ്ഥാപനങ്ങളായിരിക്കും. നഷ്ടപ്പെടുന്നത് അവിടത്തെ ജീവനക്കാരുടെ ജോലിയും. ശുദ്ധജല മത്സ്യങ്ങള്‍ക്ക് വിലക്കില്ല. ശുദ്ധജല മത്സ്യങ്ങളും പട്ടികയിലുണ്ടെന്ന ഭീതിയും വേണ്ട.
ഉത്തരവവിലെ 14-ാം പോയിന്റിലുള്ള നിര്‍ദേശങ്ങള്‍ രാജ്യത്ത് എങ്ങനെ നടപ്പിലാക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന്റെ കീഴിലുള്ള മത്സ്യ ഏജന്‍സികള്‍ക്കു പോലും അറിയില്ല. അക്വേറിയം ഉടമകള്‍ക്ക് മുഴുവന്‍ സമയവും ഫിഷറീസ് വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഇതിലുള്ളത്. ഈ നിര്‍ദേശം രാജ്യത്ത് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്. വിദഗ്ധന്‍ മാത്രമല്ല, അദ്ദേഹത്തിന് ഒരു സഹായിയെയും നിയമിക്കണം.
ഇന്ത്യയില്‍ അലങ്കാരമത്സ്യകൃഷി കുടില്‍വ്യവസായമാണ്. ചെറുകിട കര്‍ഷകര്‍ വീടുകളില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍ പല കൈകളില്‍കൂടി കടന്നാണ് പൊതുവിപണിയില്‍ എത്തുക. അതുകൊണ്ടുതന്നെ വലിയ വേതനം നല്കി വിദഗ്ധന്റെ സേവനം ഉറപ്പാക്കാന്‍ കര്‍ഷകര്‍ക്കോ ചെറു കടയുടമകള്‍ക്കോ കഴിയില്ല. അങ്ങനെയുണ്ടായാല്‍ ഈ മേഖലതന്നെ ഉപേക്ഷിക്കേണ്ടതായിവരും. വന്‍കിട കച്ചവടക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇതു നടപ്പാക്കാന്‍ കഴിഞ്ഞേക്കും.
മത്സ്യ ഏജന്‍സികളോട് അഭിപ്രായം ആരാഞ്ഞില്ല
മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അഥോറിറ്റി (എംപിഡിഇഎ), സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) പോലുള്ള വിഭാഗങ്ങളുടെ അഭിപ്രായം ഉത്തരവ് തയാറാക്കുന്‌പോള്‍ ചോദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തെറ്റിദ്ധാരണ വേണ്ട
വര്‍ഷങ്ങള്‍ക്കു മുന്പ് മുയല്‍ കര്‍ഷകര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളില്‍കൂടിത്തന്നെയാണ് ഇപ്പോള്‍ അലങ്കാരമത്സ്യ കര്‍ഷകരും കടന്നുപോകുന്നത്. മത്സ്യങ്ങളെ വില്‍ക്കുന്ന കടകളെയാണ് നിര്‍ദേശത്തില്‍ പ്രതിപാദിച്ചിട്ടുള്ളതെങ്കിലും പരോക്ഷമായി കര്‍ഷകരെയും പുതിയ നിര്‍ദേശങ്ങള്‍ പ്രതികൂലമായി ബാധിക്കും. വന്‍കിട കര്‍ഷകര്‍ക്ക് ആഗോളവിപണി മുന്നിലുള്ളപ്പോള്‍ കടകളിലും മറ്റും ചെറിയ തോതില്‍ വില്പന നടത്തുന്ന ചെറുകിട കര്‍ഷകര്‍ക്കാണ് വെല്ലുവിളിയുണ്ടാവുക. എങ്കില്‍പോലും പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന അഭ്യൂഹങ്ങള്‍ അലങ്കാരമത്സ്യ വിപണിയെത്തന്നെ തകര്‍ക്കാനുതകുന്നതാണ്. വീടുകളില്‍ ശുദ്ധജല അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനോ പ്രജനനം നടത്തുന്നതിനോ വില്‍ക്കുന്നതിനോ നിയമം എതിരല്ല.
ഹര്‍ജി നല്കാന്‍ സമയമുണ്ട്
മേയ് 23നാണ് അലങ്കാരമത്സ്യമേഖലയുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷന്‍ ഇറങ്ങിയത്. ഒരു മാസത്തെ സമയപരിധിയില്‍ എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് സാവകാശമുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ വലിയ തോതില്‍ ഈ മേഖലയിലേക്കിറങ്ങിയവര്‍ക്ക് വെല്ലുവിളിയാവുമെന്നതിനാല്‍ എംപിഡിഇഎ തന്നെ ഇതിനെതിരേ ഹര്‍ജി സമര്‍പ്പിക്കാമെന്ന് ഉറപ്പുനല്കിയിട്ടുള്ളതായി മത്സ്യകര്‍ഷകനായ ഗിരീഷ് ഭട്ട് പറയുന്നു. ഈ മാസം 23 വരെ ഇതിനു സാവകാശമുണ്ട്. രാജ്യത്തെ പ്രധാന മത്സ്യഹബ്ബുകളായ കോല്‍ക്കത്തയും ചെന്നൈയും പുതിയ ഉത്തരവിനെതിരേ നീക്കം തുടങ്ങിയിട്ടുണ്ട്.
മത്സ്യങ്ങള്‍ക്കുമുണ്ട് ബുദ്ധിമുട്ടുകള്‍
ഓരോ മത്സ്യത്തിനും അവയുടെ ആവാസവ്യവസ്ഥയില്‍ വ്യത്യാസമുണ്ട്. ചെറിയ ജലാശയങ്ങളില്‍ വളരേണ്ടവയെ വലിയ ജലാശയങ്ങളില്‍ വളര്‍ത്തിയാല്‍ അവയുടെ ജീവിതചര്യതന്നെ മാറിപ്പോകും. തീറ്റലഭ്യത കുറയും. തന്മൂലം വളര്‍ച്ചയും ആയുസും കുറയും.
വേണം സര്‍ക്കാരിന്റെ സഹായം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയായതിനാല്‍ സ്വയംതൊഴില്‍ എന്ന നിലയ്ക്ക് കേരളത്തില്‍ വ്യാപകമായതാണ് അലങ്കാരമത്സ്യകൃഷി. കാവില്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴില്‍ നിരവധി ചെറുകിട കര്‍ഷകര്‍ ഇന്ന് കേരളത്തിലുണ്ട്. കാവിലിന്റെ പ്രവര്‍ത്തനം നിന്നെങ്കിലും നിരവധി ചെറുകിട കര്‍ഷകര്‍ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. എറണാകുളം തൃശൂര്‍ ഭാഗങ്ങളിലാണ് ചെറുകിട കര്‍ഷകര്‍ ഏറെയുള്ളത്.
ടാങ്കുകളുടെ വലുപ്പം
13 ഗാലണ്‍ അഥവാ 60 ലിറ്ററില്‍ താഴെ വലുപ്പുമുള്ള ടാങ്കുകളില്‍ മത്സ്യങ്ങളെ പാര്‍പ്പിക്കരുതെന്ന് വിജ്ഞാപനത്തിന്റെ നാലാം പാര്‍ട്ടില്‍ പറയുന്നു. ഒരിഞ്ച് വലുപ്പമുള്ള ഓരോ മത്സ്യത്തിനും ഒരു ചതുരശ്ര അടി വലുപ്പമുള്ള ടാങ്ക് ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. എന്നാല്‍പോലും മത്സ്യത്തിന്റെ പൂര്‍ണവളര്‍ച്ച അനുസരിച്ചു മാത്രമേ ടാങ്ക് തയാറാക്കാന്‍ പാടുള്ളൂ എന്നും പറയുന്നു. അതായത് അഞ്ച് ഇഞ്ച് വളരുന്ന മത്സ്യത്തിന്റെ ഒരിഞ്ച് വലുപ്പമുള്ള കുഞ്ഞിനു പോലും അഞ്ച് ചതുരശ്ര അടി വലുപ്പമുള്ള ടാങ്ക് വേണം. ഇതും അക്വേറിയം മേഖലയില്‍ നടപ്പിലാക്കാന്‍ കഴിയില്ല. കടകളുടെ നിലനില്പിനുതന്നെയാണ് ഇവിടെ ഭീഷണിയാകുന്നത്.
മത്സ്യവുമായി ബന്ധമില്ലാത്ത ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്
മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരേ കൊണ്ടുവന്നിട്ടുള്ള 1960ലെ നിയമത്തിലെ 38-ാം വകുപ്പു പ്രകാരമാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്തെ അലങ്കാര മത്സ്യവിപണനം മൃഗസംരക്ഷണ വകുപ്പു പ്രകാരമേ നടത്താന്‍ കഴിയൂ. അതുകൊണ്ടുതന്നെ ലൈസന്‍സ് നല്‌കേണ്ടവര്‍ക്ക് ഈ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് അലങ്കാരമത്സ്യകര്‍ഷകനായ മൂവാറ്റുപുഴ സ്വദേശി ശരത് അനില്‍ പറയുന്നു.
No comments:
Post a Comment