Wednesday, 27 September 2017

മില്‍മ: മേഖലാ യൂണിയനുകള്‍ക്കു മരണമണി? (അളവുതെറ്റി പാല്‍പ്പാത്രം-1)

മൂന്നു കോടിയിലേറെ വരുന്ന കേരള ജനതയെ പാലൂട്ടാനായി രാത്രിയെ പകലാക്കി, വെയിലിനെ കുടയാക്കി പണിയെടുക്കുന്നവരാണു ക്ഷീരകര്‍ഷകര്‍. എന്നാല്‍, ഇവരുടെ ജീവിതത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണ് പകലന്തിയോളം പണിയെടുക്കുന്ന കര്‍ഷകരുടെ അധ്വാനത്തിനുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നത് എത്ര പേര്‍ക്കറിയാം.

ഐബിന്‍ കാണ്ടാവനം 

 കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി രൂപീകൃതമായ മില്‍മ പോലും അടിയന്തര സാഹചര്യങ്ങളില്‍ കര്‍ഷകര്‍ക്ക് കൈത്താകാകുന്നുണ്ടോ ഇല്ല എന്നാണ് കര്‍ഷകരുടെ ഉത്തരം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്നോണം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്മറ്റിയുടെ പ്രധാന അജന്‍ഡയും കര്‍ഷകരുടെ ഉന്നമനമല്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. ജൂലൈ 19ന് ചുമതലയേറ്റ ലിഡ ജേക്കബ് കമ്മിറ്റി കേരളത്തിലുടനീളം സിറ്റിംഗുകള്‍ നടത്തുകയാണ്. എന്നാല്‍, അത് ക്ഷീരകര്‍ഷകര്‍ക്ക് എത്രത്തോളം പ്രയോജനപ്പെടും.

മില്‍മയുടെ കഥ

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ അധ്വാനത്തിനു തക്കതായ ഫലം ലഭിക്കണമെന്ന ലക്ഷ്യത്തോടെ കര്‍ഷര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തനത്തിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഏക പൊതുമേഖലാ സ്ഥാപനമാണ് മില്‍മ. ഏജന്‍സികളുടെ ചൂഷത്തിനിരയാകാതെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ ശേഖരിച്ചു പാലും പാലുത്പനങ്ങളും അതേ തനിമയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണു മില്‍മയുടെ ദൗത്യം.
എന്നാല്‍, കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്കാന്‍ ഇന്നു മില്‍മയ്ക്കു കഴിയുന്നില്ല. ഒരു ഫെഡറേഷനും മൂന്നു മേഖലാ യൂണിയനുകളും ഉള്‍പ്പെട്ട മില്‍മയുടെ അടിത്തറ ക്ഷീര കര്‍ഷകരും ക്ഷീര സംഘങ്ങളുമാണ്. എന്നാല്‍, കര്‍ഷകര്‍ ഇല്ലെങ്കിലും മില്‍മയെ നടത്തിക്കൊണ്ടു പോകാന്‍ കഴിയും എന്ന രീതിയിലുള്ള നീക്കമാണ് ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്നത്.

മേഖലാ യൂണിയനുകള്‍ ഇല്ലാതാകും!

ഒരു ഫെഡറേഷനും മൂന്നു മേഖലാ യൂണിയനുകളുമുള്ള മില്‍മയെ മേഖലാ യൂണിയനുകള്‍ ഇല്ലാതാക്കി ഫെഡറേഷന്റെ കീഴില്‍ മാത്രമാക്കാനാണു സര്‍ക്കാര്‍ ശ്രമം. മൂന്നു മേഖലാ യൂണിയനുകളുടെയും പ്രവര്‍ത്തനം വിലയിരുത്തി ഫെഡറേഷനുകളിലേക്കു മാത്രം ഒതുക്കി ലാഭം കൂട്ടാന്‍ കഴിയുമോ എന്നതാണ് ചുമതലപ്പെട്ട കമ്മിറ്റി പരിശോധിച്ചുവരുന്നത്. കേരളത്തിലുടെനീളം കമ്മിറ്റി നടത്തുന്ന സിറ്റിംഗുകളില്‍ ക്ഷീരകര്‍ഷകരോടു ചോദ്യാവലി നല്കി ആരായുന്നതും ഈ ഒറ്റ ലക്ഷ്യം മുന്നോട്ടുവച്ചുതന്നെ. കര്‍ഷകരുടെ അഭിപ്രായം ആരായുന്നുണ്ടെങ്കിലും ഈ മാറ്റത്തിനു കര്‍ഷകര്‍ക്കു മെച്ചമൊന്നും ലഭിക്കില്ല എന്നതാണ് വസ്തുത.

കര്‍ഷകര്‍ക്കുവേണ്ടി ഒറ്റ ചോദ്യം മാത്രം

പത്തു ചോദ്യങ്ങളാണ് റിട്ട. ഐഎഎസ് ഓഫീസര്‍ ലിഡ ജേക്കബ് അധ്യക്ഷയായ സമിതി കര്‍ഷകര്‍ക്കു മുന്നില്‍ വയ്ക്കുന്നത്. ഇതില്‍ അഞ്ചാമത്തെ ചോദ്യം മാത്രമാണു കര്‍ഷരുടെ പ്രശ്‌നങ്ങള്‍ ആരായുന്നത്. ചോദ്യം ഇങ്ങനെ: നിലവില്‍ ക്ഷീരസഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍. സാമൂഹിക സാന്പത്തിക മാറ്റങ്ങള്‍ക്കനുശ്രുതമായി ഈ മേഖലയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.
ശേഷിക്കുന്ന ഒന്പത് ചോദ്യങ്ങളും മില്‍മയുടെ ത്രിതല സംവിധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫെഡറേഷന്‍, മേഖലാ യൂണിയനുകള്‍ തുടങ്ങിയവയുടെ വിലയിരുത്തലുകളും മാത്രം. കര്‍ഷകര്‍ക്ക് അവരുടെ നിലയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കാന്‍ കഴിയുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.


പ്രശ്‌നങ്ങള്‍ പറയണം

കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന അവസ്ഥയില്‍ത്തന്നെയാണ് കാര്‍ഷിക മേഖല. പ്രധാനമായി മേഖലാ യൂണിയനുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കിലും ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയാനുള്ള അവസരമാണ് ലിഡ ജേക്കബ് അധ്യക്ഷയായ കമ്മിറ്റിയിലൂടെ ലഭിച്ചിരിക്കുന്നത്. കമ്മീഷന്‍ ജില്ലകള്‍തോറും സിറ്റിംഗുകള്‍ നടത്തുന്നതില്‍ കര്‍ഷകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. കര്‍ഷകര്‍ക്കുവേണ്ടി കര്‍ഷകര്‍തന്നെ രംഗത്തുവരണം.
കണ്ണൂര്‍, കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ കമ്മീഷന്റെ സിറ്റിംഗുകള്‍ അവസാനിച്ചു. 27ന് കോട്ടയം, എറണാകുളം ജില്ലകളിലും ഒക്ടോബര്‍ ഒമ്പതിന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും, പത്തിന് തിരുവനന്തപുരത്തും കമ്മീഷന്‍ സിറ്റിംഗ് നടത്തും.


ക്ഷീരകര്‍ഷകര്‍ക്കുമുണ്ട് പ്രശ്‌നങ്ങള്‍ (അളവുതെറ്റി പാല്‍പ്പാത്രം-2) 

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...