പ്രളയം തകർത്തെറിഞ്ഞ കേരളത്തിലെ അലങ്കാര മത്സ്യവിപണിക്ക് അടുത്ത പ്രഹരമായി കേരളത്തിലേക്ക് തായ്ലൻഡിൽനിന്ന് അലങ്കാരമത്സ്യങ്ങളുടെ കള്ളക്കടത്ത്.
ഏറെ പ്രചാരമുള്ള ഗപ്പി, പടയാളി മത്സ്യ(ബീറ്റ, ഫൈറ്റർ)ങ്ങളാണ് കള്ളക്കടത്തായി കേരളത്തിലേക്കെത്തുന്നത്. വിദേശത്തുനിന്ന് മത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്പോൾ 15 ദിവസമെങ്കിലും ക്വാറന്റൈൻ ചെയ്തശേഷമേ വിപണികളിൽ എത്തിക്കാവൂ എന്നാണ് കേന്ദ്രസര്ക്കാരിന്റെ ഇറക്കുമതി മാനദണ്ഡം. എന്നാൽ, ഇത് കാറ്റിൽപ്പറത്തിയാണ് കള്ളക്കടത്ത്.
പണമടച്ചാൽ ഒരു വ്യക്തിക്ക് 300 കിലോഗ്രാം ലഗേജ് വിമാനത്തിൽ കൊണ്ടുപോകാം എന്നതിനാൽ ഇത്തരത്തിലാണ് മത്സ്യങ്ങൾ ഇന്ത്യയിലേക്കെത്തുന്നത്. കേരളത്തിലേക്കു പ്രധാനമായും ചെന്നൈ, ബംഗളൂരു, നെടുന്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയാണ് എത്തുന്നത്.
സാന്പിൾ എന്നവണ്ണം അടുത്തിടെ വിവിധ ഇനത്തിലുള്ള ആൺഗപ്പികൾ 10,000 എണ്ണം കേരളത്തിലെ വിവിധ മൊത്തവ്യാപാരികളുടെ അടുത്തെത്തിയിട്ടുണ്ട്. കേരളത്തിൽ നിയമപ്രകാരം മത്സ്യങ്ങളെ ഇറക്കുമതി ചെയ്ത് പ്രജനനം നടത്തി വിൽക്കുന്ന കർഷകർക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് കള്ളക്കടത്തായി മത്സ്യങ്ങൾ എത്തുന്നത്.
കർഷകരുടെ വിലയേക്കാളും കുറഞ്ഞ വിലയ്ക്ക് ഇവിടെ എത്തുന്നതിനാൽ നിരവധി കർഷകരുടെ മത്സ്യങ്ങൾ വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്.
ഈ മാസം വലിയ അളവിൽ ആൺ, പെൺ ഗപ്പികൾ കേരളത്തിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
പെൺമത്സ്യങ്ങൾ എത്തുന്നതോടെ കേരളത്തിലെ അലങ്കാരമത്സ്യക്കർഷകർ പൂർണമായും തകർച്ചയിലേക്കെത്തും. വ്യാപകമായ രീതിയിൽ പടയാളി മത്സ്യങ്ങൾ എത്തിയതിനാൽ പല കർഷകരുടെയും മത്സ്യങ്ങൾ വിറ്റഴിക്കാനായിട്ടില്ല.
ഈ ഇനം മത്സ്യങ്ങളെ ഒരുമിച്ച് പാർപ്പിക്കാൻ കഴിയില്ലാത്തതിനാൽ കർഷകർക്ക് മത്സ്യങ്ങളെ സ്റ്റോക്ക് ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. പ്രശ്നം രൂക്ഷമായാൽ ഇവയെ നശിപ്പിച്ചുകളയേണ്ടിവരുമെന്ന് പടയാളി മത്സ്യങ്ങളുടെ കേരളത്തിലെതന്നെ ഒരു പ്രമുഖ ബ്രീഡർ ദീപികയോടു പറഞ്ഞു.
പ്രശ്നം ഗുരുതരം
രണ്ട് കാരിയർമാരാണ് കള്ളക്കടത്ത് നടത്തുന്നത്. ഒരു കാരിയറിലൂടെ 24,000 മത്സ്യങ്ങൾ എന്ന തോതിൽ 48,000 മത്സ്യങ്ങളാണ് ഏതാനും ദിവസങ്ങൾക്കു മുന്പ് കേരളത്തിൽ വിമാനമിറങ്ങിയത്.പടയാളി മത്സ്യങ്ങൾ 24 രൂപ മുതലും ഗപ്പികൾ 15 രൂപ മുതലും ഇത്തരത്തിൽ കേരളത്തിലെ മൊത്തവ്യാപാരികളുടെ അടുത്തെത്തുന്നു. റീട്ടെയ്ൽ വിപണിയിൽ ഫൈറ്റർ 150 രൂപ മുതലും ഗപ്പി 50 രൂപ മുതലുമാണ് വിൽക്കപ്പെടുന്നത്.
തായ്ലൻഡിൽ ഉത്പാദനച്ചെലവ് വളരെ കുറവായതിനാലാണ് ഇത്തരത്തിൽ മത്സ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ എത്തിക്കാൻ കഴിയുന്നത്. കേരളത്തിൽ ഉത്പാദനച്ചെലവ് കൂടുതലായതിനാൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. വളരെ മുതൽമുടക്കി ശാസ്ത്രീയമായി മത്സ്യപരിപാലനം നടത്തുന്നതിനാൽ വിലയിടിവ് താങ്ങാവുന്നതിലും അപ്പുറമാണ്.
സ്ക്രീൻ ചെയ്താൽ കിട്ടില്ല
പ്ലാസ്റ്റിക് ബാഗിൽ വായു നിറച്ച് ബോക്സുകളിലാക്കിയാണ് മത്സ്യങ്ങൾ വരുന്നത്. ഇവ വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനാ സ്കാനിംഗിൽ പെടില്ല.വിദേശഗപ്പികൾക്ക് പ്രിയം
ആദ്യകാലത്ത് കേവലം കൊതുകുതീനി മത്സ്യങ്ങൾ എന്ന പേരിൽ മാറ്റിനിർത്തപ്പെട്ടിരുന്നെങ്കിലും ഗപ്പി ഇന്ന് കീശനിറയെ പണം നല്കുന്ന മത്സ്യമാണ്. 10 രൂപ മുതൽ 3000 രൂപ വരെ ജോടിക്കു വിലയുണ്ട്. കൂടിയ വിലയുള്ളവ ഇറക്കുമതി ചെയ്തവയും കാഴ്ചയിൽ അതിഭംഗിയുള്ളവയുമാണ്.അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വേണം
അനധികൃതമായി മത്സ്യങ്ങൾ എത്തുന്നതിനെതിരേ കർഷകർ പരാതി നല്കാൻ ഒരുങ്ങുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ലെങ്കിൽ കേരളത്തിലെ അലങ്കാരമത്സ്യക്കർഷകർ കടക്കെണിയിലാകും. അതുകൊണ്ടുതന്നെ അന്വേഷണമുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.മത്സ്യങ്ങൾ രോഗവാഹകർ
വിദേശരാജ്യങ്ങളിൽനിന്ന് മത്സ്യങ്ങളെ ഇന്ത്യയിലെത്തിക്കുന്പോൾ കുറഞ്ഞത് 15 ദിവസമെങ്കിലും ക്വാറന്റൈൻ ചെയ്യണമെന്നാണ് ചട്ടം. മുംബൈ, ചെന്നൈ, കോൽക്കത്ത വിമാനത്താവളങ്ങളിൽ മാത്രമേ ഇതിനുള്ള സൗകര്യങ്ങളുള്ളൂ. ഇത്തരത്തിൽ ക്വാറന്റൈൻ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അത് വിപണിയിൽ എത്തിക്കാൻ കഴിയൂ.ക്വാറന്റൈൻ ചെയ്യാതെ എത്തുന്നതിനാൽ എന്തെങ്കിലും രോഗങ്ങളോ പകർച്ചവ്യാധികളോ കണ്ടുപിടിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ മറ്റു മത്സ്യങ്ങളിലേക്ക് രോഗങ്ങൾ പകരും. അതുപിന്നെ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും.
No comments:
Post a Comment