കൂടു നിര്‍മിച്ച് മുട്ടയിടുന്ന മത്സ്യമാണ് ഗൗരാമിയെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. വര്‍ഷത്തില്‍ മെയ്-ജൂലൈ, നവംബര്‍-ജനുവരി എന്നിങ്ങനെയാണ് ഗൗരാമികളുടെ പ്രജനനകാലം. 3.5-4 വയസ് പ്രായമാകുമ്പോഴാണ് ജയന്റ് ഗൗരാമികള്‍ പ്രായപൂര്‍ത്തിയാകുക.
ആണ്‍മത്സ്യം കൂട് നിര്‍മിച്ചു തുടങ്ങിയതിനു മൂന്നാം ദിവസം മുട്ടയിടും. പലപ്പോഴും മുട്ടകള്‍ കൂടിനു വെളിയില്‍ പോവാറുണ്ട്. കുളത്തിലെ വെള്ളം ശക്തിയായി ഇളകുമ്പോഴോ മഴയുള്ളപ്പോഴോ കൂടുകളിള്‍ ആദ്യമായി മുട്ടയിടുന്നതിന്റെ പരിചയക്കുറവോ ഇതിനു കാരണമാകാം. ബീജസങ്കലനം നടന്ന മുട്ടകളും ബീജസങ്കലനം നടക്കാത്ത മുട്ടകളും (ബീജസങ്കലനം നടന്നാലും ജീവന്‍ ലഭിക്കാത്ത മുട്ടകളുമാകാം) പെട്ടെന്നുതന്നെ തിരിച്ചറിയാവുന്നതേയുള്ള. ജീവന്‍ ഉള്‍ക്കൊള്ളുന്ന മുട്ടകള്‍ വളരെ നേര്‍ത്ത മഞ്ഞ നിറമായിരിക്കും. ജീവനില്ലാത്തവ ബ്രൈറ്റ് മഞ്ഞ നിറത്തിലും കാണാം. (മുകളിലത്തെ ചിത്രത്തില്‍ പച്ച വൃത്തത്തിനുള്ളിലുള്ളത് നല്ല മുട്ടകളും ചുവപ്പു വൃത്തത്തിനുള്ളിലുള്ളത് ചീത്ത മുട്ടകളുമാണ്). നല്ല മുട്ടകള്‍ കുളത്തില്‍നിന്നു ശേഖരിച്ച് അക്വേറിയങ്ങളില്‍ വാതായനം (Aeration) നടത്തി സൂക്ഷിച്ചാല്‍ രക്ഷപ്പെടുത്തി എടുക്കാന്‍ കഴിയും.