Tuesday 15 March 2016

ഞാന്‍ വന്ന വഴി my autobiography- Ibin kandavanam

ഓര്‍മവച്ച നാള്‍മുതല്‍ കണ്ടുതുടങ്ങയത് മുയലുകളെയും ഗിനിപ്പന്നികളെയുമായിരുന്നു. അന്നൊക്കെ അവ എനിക്ക് കൗതുകങ്ങളും തമാശയുമായിരുന്നു. ഒന്നുമറിയാത്ത പ്രായത്തില്‍ ആ മിണ്ടാപ്രാണികളുടെ രക്തം പുരണ്ട കൈകളാണ് എന്റേത്. കണ്ണുതുറക്കാത്ത മുയല്‍കുഞ്ഞുങ്ങളെയും ഗിനിപ്പന്നിക്കുഞ്ഞുങ്ങളെയും കല്ലുകൊണ്ട് ഇടിച്ച് ജീവനെടുത്തിട്ടുണ്ട്. പിന്നീട് കാലം മുമ്പോട്ടുപോയപ്പോള്‍ സ്‌കൂളും പഠനവും ജീവിതത്തിലേക്ക് കയറിവന്നു. പിന്നീട് ആറാം ക്ലാസിലെത്തിയപ്പോഴാണ് വീണ്ടും മൃഗങ്ങളുടെ ലോകത്തേക്ക് വീണ്ടും കടക്കുന്നത്.


മുയലുകളായിരുന്നു ആദ്യ സംരംഭം. അറിവില്ലാത്ത മേഖലയില്‍ എന്റെ പപ്പ എനിക്ക് വഴികാട്ടിയായി. മുയലുകളുടെ പരിചരണവും ജീവിത രീതിയുമായിരുന്നു ആദ്യ പാഠങ്ങള്‍. പിന്നീട് ബഡ്‌ജെറിഗാറുകള്‍ കടന്നുവന്നു. പഠനത്തോടൊപ്പം അല്ലറചില്ലറ പോക്കറ്റ് മണിയും ലഭിക്കാന്‍ തുടങ്ങിയതോടെ അതും തരക്കേടില്ലാതെ മുമ്പോട്ടുപോയി. ഇവയിലും പ്രാഥമിക അറിവുകള്‍ മാത്രമേ കൈമുതലായുള്ളൂ. എങ്കിലും ബഡ്ജീസും നല്ലരീതിയില്‍ മുമ്പോട്ടുപോയി. ഇവയുടെയൊക്കെ പുറകെ നടക്കുമ്പോള്‍ പഠനത്തില്‍ ഉഴപ്പാകുമോ എന്നായിരുന്നു പപ്പയുടെ ഭയം. എന്നാല്‍ മൃഗങ്ങള്‍ കൂടെയുള്ളതാണ് എന്റെ പരീക്ഷകളിലെ മാര്‍ക്കിന് ആധാരമെന്ന് മനസിലായതോടെ ആ ഭയമങ്ങു മാറി. ആദ്യമൊക്കെ മുയലുകളും ജഡ്ജീസുമൊക്കെ ചാകുമ്പോള്‍ വല്ലാത്ത വിഷമമായിരുന്നു. എന്നാല്‍ അതൊക്കെ സര്‍വസാധാരണമാണെന്ന് പറഞ്ഞുതന്നതും പോട്ടെ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതും പപ്പതന്നെയായിരുന്നു. ഇടത്താലത്ത് മുയലുകളെയും ബഡ്ജീസിനെയും ഒഴിവാക്കേണ്ടിവന്നു.

വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ വിവിധ ഇനം മത്സ്യങ്ങള്‍ വിഹരിച്ചുതുടങ്ങിയപ്പോള്‍ ആദ്യമായി 10 ഗൗരാമിക്കുഞ്ഞുങ്ങളും എത്തി. അന്ന് ഗൗരാമിയുടെ കാര്യത്തില്‍ മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ മുട്ടയിടൂ, കൂടു നിര്‍മിച്ചാണ് മുട്ടയിടുന്നത് എന്ന രണ്ടേ രണ്ട് അറിവ് മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. മൂന്നു വര്‍ഷത്തിനുശേഷം ഗൗരാമി, കാര്‍പ്പ്, മുഷി, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങള്‍ വിഹരിച്ച കുളത്തിന്റെ ഒരു പൊത്തില്‍ അല്പം ഉണങ്ങിയ പുല്ല് കയറ്റിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അത് കാര്യമാക്കിയില്ല. എടുത്ത് മാറ്റുകയും ചെയ്തു. പിറ്റേ ദിവസവും പുല്ല് പഴയ സ്ഥലത്ത് കണ്ടതോടെ ഗൗരാമികുളുടേ പ്രജനനമായിയെന്ന് ഉറപ്പിച്ചു. അവിടുന്നങ്ങോട്ട് ഈ മേഖലയില്‍ ഒരു കുതിച്ചുചാട്ടമായിരുന്നെന്ന് വേണെമെങ്കില്‍ പറയാം. ഇന്റര്‍നെറ്റില്‍നിന്ന് പരമാവധി വിരങ്ങള്‍ ശേഖരിച്ചു. എന്റേ നിരീക്ഷണ-ഗവേഷണങ്ങളില്‍ന്ന് പ്രജനനക്കുളമൊരുക്കി. ഗൗരാമികളില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അന്ന് +1 പഠനകാലമായിരുന്നെന്നാണ് എന്റെ ഒരു ഓര്‍മ. ഗൗരാമികളുടെ പ്രജനനവും കുഞ്ഞുങ്ങളുടെ വിപണവുമായിരുന്നു അന്നുണ്ടായിരുന്നത്. ഗൗരാമിക്കുളത്തില്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും സ്വയം നടത്തി. അനുഭവങ്ങളില്‍നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വീണ്ടും വീണ്ടും അവയിലേക്കുതന്നെ ഇറങ്ങി. പ്രജനനത്തിനുണ്ടായിരുന്ന ഏഴു മത്സ്യങ്ങള്‍ ഫംഗസ് ബാധയേറ്റ് നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ തിരിച്ചടി. അന്ന് ഡിഗ്രി രണ്ടാം വര്‍ഷം. രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അന്ന് അറിവുകളുടെ അപര്യാപ്തത നഷ്ടംതന്നെയാണ് തന്നത്. ആ ദിനം ഇന്നും മനസിലൊരു മുറിപ്പാടാണ്. പിന്നീട് പുതിയ മതത്സ്യങ്ങളെ പുറത്തുനിന്നു വാങ്ങി. അല്പം ബുദ്ധിമുട്ടുള്ള ഗൗരാമികളുടെ പ്രജനനം സാധ്യമാക്കാന്‍ കഴിയും എന്ന വിശ്വാസമുണ്ടായിരുന്നു എനിക്ക്.

ഇതിന്റെയൊപ്പം മുയല്‍ വീണ്ടും എത്തി. മികച്ചയിനം മുയലുകളില്‍നിന്ന് നല്ല കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. (ഡിഗ്രി കാലമാണിത്). ഓരോ മുയലിനും വ്യക്തമായ ബയോ എഴുതി തയാറാക്കിയിരുന്നു. രക്തബന്ധമുള്ളവതമ്മില്‍ ഇണ ചേര്‍ക്കാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെണ്‍കുഞ്ഞുങ്ങളെ പേരന്റ് സ്റ്റോക്കിനായി വീട്ടില്‍ത്തന്നെ വളര്‍ത്തിയെടുത്തപ്പോള്‍ ആണ്‍മുയലുകളെ ഓരോ വര്‍ഷവും പുറത്തുനിന്നു വാങ്ങുകയായിരന്നു പതിവ്.

ഡിഗ്രിക്കു ശേഷം വീട്ടില്‍നിന്നു മാറിനില്‌ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ മുയലുകളുടെ എണ്ണം കുറച്ചു. എന്നാല്‍ ഗൗരാമികള്‍ കാര്യമായ രീതിയില്‍ മുമ്പോട്ടുപോയി. ഇപ്പോഴാണെങ്കിലും ഗൗരാമിയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട മത്സ്യം. മീനുകളുടെ എന്താവശ്യം വന്നാലും ലീവെടുത്ത് വീട്ടില്‍ ഓടിയെത്തും. അത്രക്ക് അഭിനിവേശമാണ് അവയോടെനിക്ക്. അന്നത്തെ ഒരു കുളത്തില്‍നിന്ന് ഇന്ന് എഴ് എണ്ണത്തിലേക്ക് വളര്‍ന്നു. പക്ഷേ ഗൗരാമി പ്രജനനം ഒരു കുളത്തില്‍ മാത്രം. ബാക്കിയൊക്കെ അലങ്കാര-വളര്‍ത്തു മത്സ്യങ്ങള്‍. അടുക്കളയിലേക്ക് എടുക്കാനായി മീനുകളെ പ്രത്യേകം വളര്‍ത്തുന്നുണ്ട്.

ഇവയെക്കൂടാതെ മറ്റു പക്ഷികളും മൃഗങ്ങളും സസ്യലതാദികളും എന്റെ കൊച്ചു ഫാമിലുണ്ട്. വേന്‍ക്കാലത്തെ ജലക്ഷമമാണ് ഈ രംഗത്ത നേരിടുന്ന പ്രധാന വെല്ലുവിളി. വരും കാലത്ത് അവയില്‍ മാറ്റം വരുത്താമെന്ന പ്രതീക്ഷയുണ്ട്. പന്നിവളര്‍ത്തലും പ്രജനനവും കുഞ്ഞുങ്ങളെ വില്പനയും ഇറച്ചിക്കുവില്പനയുമൊക്കെ സ്വന്തമായി ചെയ്യുന്നു. ഇറച്ചിപ്പന്നികളെ ഇപ്പോള്‍ പുറത്ത് കച്ചവടക്കാര്‍ക്ക് നല്കുന്ന പതിവില്ല. നാട്ടില്‍ ആവശ്യക്കാരുള്ളതിനാല്‍ സ്വന്തമായി കൊന്ന് വില്പന നടത്തുന്നു. ശരാശരി 10 മാസത്തോളം വളര്‍ത്തിയ പന്നികളെ കച്ചവടക്കാര്‍ക്ക് നല്കിയാല്‍ അവയെ വളര്‍ത്തുന്നതുകൊണ്ട് വലിയ പ്രയോജനമില്ല എന്ന ബോധ്യത്തില്‍നിന്നാണ് ഇങ്ങനെയൊരു തീരുമാനം.

ഇന്ന് ഞാനൊരു ജേണലിസ്റ്റാണ്. കര്‍ഷകന്‍ എന്നറിയപ്പെടാനാണ് ഞാന്‍ ഇന്നും ആഗ്രഹിക്കുന്നത്. അതാണ് അഭിമാനവും. പഠന കാലത്ത് കാര്‍ഷികരംഗത്തോടുള്ള പലരുടെയും പുശ്ചം കണ്ടിട്ടുണ്ട്. പക്ഷേ അത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഒരുപക്ഷേ അവരുടെ താത്പര്യക്കുറവാകാം കാരണം. കാര്‍ഷികരംഗത്തോടുള്ള അഭിനിവേശംതന്നെയാണ് എന്നെ കാര്‍ഷികലേഖനങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നത്. അതില്‍നിന്നു ലഭിക്കുന്ന അറിവും സന്തോഷവും മറ്റൊന്നില്‍നിന്നും ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

തിരക്കുകളില്‍ ചിലപ്പോഴൊക്കെ ലേഖനങ്ങള്‍ എഴുതാന്‍ കഴിയാതെ വന്നിട്ടുണ്ട്. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇന്ന് എന്റെ മേലുദ്യേഗസ്ഥനും അന്ന് എന്റെ ജേര്‍ണലിസം അധ്യാപകനുമായിരുന്ന സാര്‍ എന്നെ വഴക്കുപറയുകയാണുണ്ടായത്. എത്ര തിരക്കുണ്ടായാലും നിന്റെ ഇഷ്ടങ്ങള്‍ മാറ്റിവയ്‌ക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അതെ തിരക്കുകളില്‍ മാറ്റിവയ്ക്കാനുള്ളതല്ല എന്റെ താത്പര്യങ്ങള്‍. അത് ഇന്നും തുടരുന്നു. ഇനിയങ്ങോട്ടു തുടരുകയും ചെയ്യും....

എന്ന് സ്വന്തം 
ഐബിന്‍
(കര്‍ഷകന്‍)

1 comment:

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...