ഫംഗല്‍ രോഗങ്ങള്‍
സാപ്രോലെനിയ, അക്ലീയ
മത്സ്യങ്ങളുടെ ശരീരത്തില്‍ വെളുത്ത പാട രൂപപ്പെടുന്നു. ഫംഗസിന്റെയൊപ്പം ആല്‍ഗകൂടി വളര്‍ന്നാല്‍ വെളുത്ത നിറത്തല്‍നിന്ന് ബ്രൗണ്‍ നിറത്തിലേക്ക് മാറും.ശരീരത്തില്‍ എന്തെങ്കിലും പരിക്കുകളോ ആരോഗ്യക്കുറവോ ഉണ്ടെങ്കില്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് ഫംഗസ് രോഗബാധ ഉണ്ടാകൂ എന്നാണ് പറയാറ്. ഫംഗല്‍ ബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി ഗ്രാം സോഡിയം പെര്‍മാംഗനേറ്റ് എന്ന രീതിയില്‍ ലയിപ്പിച്ച് 30 മിനിറ്റ് മത്സ്യത്തെ ഇടുക, അല്ലെങ്കില്‍ മെത്തിലീന്‍ ബ്ലൂ ലായനി വെള്ളത്തില്‍ ചേര്‍ത്ത് മീനുകളെ ഇടുക. ഇങ്ങനെ ചെയ്യുമ്പോള്‍ എയ്‌റേഷന്‍ നല്കിയിരിക്കണം.
ബാക്ടീരിയല്‍ രോഗങ്ങള്‍
ഫിഷ് ടൂബെര്‍കുലോസിസ്
മത്സ്യങ്ങളുടെ നിറം മങ്ങുക, വിശപ്പില്ലായ്മ, ശോഷിച്ച് ഒട്ടിയ വയര്‍ തുടങ്ങിയവ ലക്ഷണങ്ങള്‍. ശരീരത്തില്‍ ചെറിയ പുണ്ണുകളും ഉണ്ടാവാറുണ്ട്. നട്ടെല്ല് വളയും.
ഡ്രോപ്‌സി (വയര്‍ വീര്‍ക്കല്‍)
തെറിച്ചു നില്‍ക്കുന്ന ചെതുമ്പല്‍, പുറത്തേക്കുന്തിയ കണ്ണുകള്‍, വിളറിയ ചെകിളപ്പൂക്കള്‍, വയറു വീര്‍ക്കുക, ശരീരത്തില്‍ ചുവന്ന വ്രണങ്ങള്‍ എന്നിവ ലക്ഷണങ്ങള്‍.ആരോഗ്യക്കുറവുള്ള മത്സ്യങ്ങളിലേക്ക് വളരെവേഗം വ്യാപിക്കും. രോഗം ബാധിച്ചവയെ ടാങ്കില്‍നിന്നു മാറ്റി നശിപ്പിക്കുകയോ ആന്റബയോട്ടിക്കുകള്‍ നല്കുകയോ ചെയ്യാം. പൊതുവെ ചികിത്സ ഫലിക്കാറില്ല.
വാല്‍/ചിറക് ചീയല്‍
മത്സ്യങ്ങളുടെ വാല്‍, ചിറക് എന്നവയുടെ ആഗ്രങ്ങള്‍ ചീയുക പ്രധാന ലക്ഷണം. രോഗം മൂര്‍ച്ഛിച്ചാല്‍ വാലും ചിറകും ദ്രവിച്ച് ഇല്ലാതാകും. പിന്നാലെ ഫംഗല്‍ ഇന്‍ഫെക്ഷനുകളും വരാം.വെള്ളം മോശമാകുന്നതാണ് പ്രധാന രോഗകാരണം. കൂടാതെ ജലത്തിലെ താപനില കുറയുന്നതും ഹാനികരമായ വാതകങ്ങള്‍ രൂപപ്പെടുന്നതും ഈ രോഗത്തിനു കാരണമാകും. ടാങ്കിലെ വെള്ളം പൂര്‍ണമായും മാറ്റുക. രോഗം മൂര്‍ച്ഛിച്ചാല്‍ ചികിത്സ ബുദ്ധിമുട്ടാണ്.
മൗത്ത് ഫംഗസ്
മൗത്ത് ഫംഗസ് എന്നാണ് പേരെങ്കിലും ബാക്ടീരിയയാണ് രോഗകാരി. വായുടെ ഭാഗത്ത് പാടപോലെ ആവരണം രൂപപ്പെടുക, പിന്നീട് ഇത് തല, ചിറകുകള്‍, ചെകിള, ശരീരം മുഴുവനായി പകരും. മൂര്‍ച്ഛിച്ചാല്‍ ശരീരത്തില്‍ വ്രണങ്ങളുണ്ടാകും.വെള്ളത്തിലെ താപനില കൂട്ടുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി ഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലയിപ്പിച്ച് മീനുകളെ അല്പനേരം ഇടുക. വെള്ളത്തിന്റെ അളവ് കുറച്ച് പുതിയ വെള്ളം നിറയ്ക്കുക.
നിയോണ്‍ ഡിസീസ്
സിക്ലിഡുകളെയും സൈപ്രിനിഡുകളെയും ബാധിക്കുന്ന ചികിത്സയില്ലാത്ത രോഗം. വിവിധ രീതികളില്‍ ഈ അസുഖം ശക്തിപ്രാപിക്കാം. ലക്ഷണങ്ങളും വ്യത്യസ്തമാണ്. മത്സ്യങ്ങളുടെ നിറം നഷ്ടപ്പെടുക, മെലിയുക. നീന്തുന്നതിലുള്ള കൃത്യത നഷ്ടപ്പെടുക എന്നിവ ലക്ഷണങ്ങള്‍. രോഗം ബാധിച്ചവ മത്സ്യക്കൂട്ടങ്ങളില്‍നിന്ന് ഒറ്റപ്പെടും. നിറം പൂര്‍ണമായും മങ്ങി വെള്ള നിറമാകും.ചികിത്സിക്കാന്‍ കഴിയില്ല. രോഗം ബാധിച്ചവയെ എത്രയും വേഗം ടാങ്കില്‍നിന്നു നീക്കം ചെയ്യുന്നതാണ് പകരുന്നത് തടയാനുള്ള പ്രധാന മാര്‍ഗം. ടാങ്കിലെ മീനുകളെ മാറ്റി ടാങ്ക് അണുവിമുക്തമാക്കുക. ഇതിനു പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിക്കാം.
ഡിസ്‌കസ് ഫ്‌ളൂ
പുതിയ മത്സ്യങ്ങളെ ടാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗം. വെളുത്ത പാട ശരീരത്തില്‍ രൂപപ്പെട്ട് ചിറകുകള്‍ ദ്രവിക്കുന്നു. രോഗം ബാധിച്ച മത്സ്യങ്ങള്‍ ടാങ്കിന്റെ മൂലകളില്‍ തിങ്ങിക്കൂടിയിരിക്കും.സീസണില്‍ വരുന്ന രോഗമാണിത്. ഹാച്ചറി മുഴുവന്‍ നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന രോഗം. കൃത്യമായ കാരണങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നിലധികം ഇനങ്ങളില്‍പ്പെട്ട ബാക്ടീരിയകളെ ഈ രോഗം ബാധിച്ച മത്സ്യങ്ങളുടെ ശരീരത്തില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. പിഎച്ച് താഴ്ത്തുക, ദിവസേന വെള്ളം മാറുക, തീറ്റ നല്കല്‍ നിര്‍ത്തുക തുടങ്ങിയ രോഗനിര്‍മാര്‍ജനത്തിനു നല്ലതാണ്. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്താം.
അവസാനിച്ചു
No comments:
Post a Comment