Saturday 4 March 2017

പൊള്ളല്‍ ചികിത്സയ്ക്ക് തിലാപിയയുടെ തൊലി!

ഐബിന്‍ കാണ്ടാവനം

ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് പുതിയ ചികിത്സാരീതിയുമായി ബ്രസീല്‍. പൊള്ളിന്റെ രണ്ടും മൂന്നും സ്റ്റേജിലുള്ളവരുടെ ചര്‍മത്തില്‍ തിലാപിയ മത്സ്യത്തിന്റെ തൊലി വച്ച് പൊതിയുകയാണ് ഈ ചികിത്സാരീതിയില്‍ ചെയ്യുന്നത്. പൂര്‍ണമായും അണുനശീകരണം കഴിഞ്ഞ തിലാപ്പിയ തൊലിയാണ് ഇതിനായി ഉപയോഗിക്കുന്നത്.

വികസിത രാജ്യങ്ങളില്‍ പൊള്ളലേറ്റവര്‍ക്ക് മൃഗങ്ങളുടെ തൊലി ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. മനുഷ്യചര്‍മം, പന്നിയുടെ ചര്‍മം, കൃത്രിമ ചര്‍മങ്ങള്‍ എല്ലാം വികസിത രാജ്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ബ്രസീലിന് ഇത് അന്യാണ്. ഇവിടെനിന്നാണ് തിലാപിയ ബാന്‍ഡേജ് എന്ന ആശയം പിറക്കുന്നത്.



ബ്രസീലില്‍ മൂന്നു ചര്‍മ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു ശതമാനം ആളുകലാണ് ഇവ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെയാണ് പ്ലാസ്റ്റിക് സര്‍ജനും പൊള്ളല്‍ സ്‌പെഷലിസ്റ്റുമായ ഡോ. എഡ്മാര്‍ മാഷിയേല്‍ തിലാപിയ മത്സ്യങ്ങളുടെ തൊലി ഉപയോഗിച്ചുള്ള പരീക്ഷണത്തിന് മുതിര്‍ന്നത്.

സാധാരണ രീതിയില്‍ പൊള്ളലേല്‍ക്കുന്ന ഭാഗത്ത് സില്‍വര്‍ സള്‍ഫാഡയസിന്‍ ക്രീം പുരട്ടി തുണികൊണ്ട് പൊതിയുകയാണ് ചെയ്യുന്നത്. സില്‍വര്‍ അടങ്ങിയിരിക്കുന്ന ക്രീം കൂടുതല്‍ പൊള്ളലേല്‍ക്കാതെ സംരക്ഷിക്കും. എന്നാല്‍ അവ സുഖപ്പെടുന്നതിനു കാരണമാകുന്നില്ലെന്ന് ഡോ. ജാന്നി ലീ പറയുന്നു. സാന്‍ഡിയാഗോയിലെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ റീജണല്‍ ബേണ്‍ സെന്റര്‍ മേധാവിയാണ് ഡോ. ജാന്നി.

തുണിയും ക്രീമും ഉപയോഗിക്കുമ്പോള്‍ എന്നും ഡ്രസ് ചെയ്യണം. രോഗിയെ വളരെ വേദനിപ്പിക്കുന്ന നിമിഷങ്ങളാണത്.

എന്നാല്‍, തിലാപിയ ഈ ചികിത്സാരീതിയിലേക്ക് കടന്നുവരുമ്പോള്‍ സൗകര്യങ്ങള്‍ ഏറെയുണ്ട്. ബ്രസീലില്‍ വ്യാപകമായി വളര്‍ത്തിവരുന്ന മത്സ്യമായതിനാല്‍ അവയുടെ തൊലി യഥേഷ്ടം ലഭിക്കും. അവ അണുനശീകരണം നടത്തി വര്‍ഷങ്ങളോളം സൂക്ഷിക്കാനാകും.

ഗുരുതരമായ പൊള്ളലുകള്‍ക്ക് ആഴചകളോളം ചികിത്സ വേണ്ടിവരും. എന്നാല്‍, തിലാപിയ തൊലി ഉപയോഗിച്ചുള്ള ബാന്‍ഡേഡ് വളരെ കുറച്ചു തവണ മാത്രമേ മാറ്റേണ്ടതായി വരുന്നുള്ളൂ. കൂടാതെ പൊള്ളല്‍ അതിവേഗം സുഖപ്പെടുകയും ചെയ്യുന്നുണ്ട്.


ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് കെയ്‌റയിലാണ് തിലാപിയയുടെ തൊലിയെക്കുറിച്ചുള്ള ആദ്യഘട്ട പഠനം നടന്നത്. വിവിധ അണുനാശിനികള്‍ ഉപയോഗിച്ച് ഇവിടുത്തെ ലാബ് ടെക്‌നീഷ്യര്‍ ഗവേഷണം നടത്തിയത്. ഒരു തവണ വൃത്തിയാക്കി അണുനശീകരണം നടത്തി സൂക്ഷിച്ചാല്‍ രണ്ടു വര്‍ഷം വരെ തൊലി കേടുകൂടാതിരിക്കും. മാത്രമല്ല മണവും ഉണ്ടായിരിക്കില്ല. ഇപ്പോള്‍ മനുഷ്യ ചര്‍മവും മൃഗങ്ങളുടെ ചര്‍മവുമൊക്കെ ഉപയോഗിച്ച് ചികിത്സിക്കുന്ന അമേരിക്കയില്‍ വൈകാതെതന്നെ തിലാപിയ തൊലിയും എത്തുമെന്നതില്‍ സംശയമില്ല.

ഏതായാലും ഇത് പരീക്ഷണ ഘട്ടത്തിലാണ്. വൈദ്യശാസ്ത്രം ഈ ചികിത്സാരീതി അംഗീകരിച്ചാല്‍ ഒരുപക്ഷേ മത്സ്യക്കര്‍ഷകര്‍ക്ക് പുതിയൊരു സാധ്യത തുറന്നുകിട്ടിയേക്കും.


മാര്‍ച്ച് രണ്ടിന് സാറ്റ് (STAT) പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന്. 

1 comment:

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...