Monday 27 August 2018

മത്സ്യക്കര്‍ഷകനും വേണം കൈത്താങ്ങ്


കനത്ത മഴയും പ്രളയവും തുടച്ചുനീക്കിക്കൊണ്ടുപോയത് കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന മത്സ്യക്കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. കര്‍ഷകരുടെ ജലാശയങ്ങളിലെയും അക്വേറിയങ്ങളിലെയും മത്സ്യങ്ങള്‍ ഉപയോഗിച്ച് പ്രളയം നദികളെ മത്സ്യസന്പന്നമാക്കി. ചെറുമീനുകള്‍ മുതല്‍ ഭീമാകാരന്മാരായ അരാപൈമയും അലിഗേറ്റര്‍ ഗാറുകളുമൊക്കെ ഇതില്‍ ഉള്‍പ്പെടും.







ഐബിന്‍ കാണ്ടാവനം




വരുന്നത് പ്രതിസന്ധി

നാട്ടിലെ തോടുകളിലും പുഴകളിലും തിലാപ്പിയയും നട്ടറും വാളയുമൊക്കെ ഇപ്പോള്‍ യഥേഷ്ടം ലഭ്യമാണ്. വരും കാലങ്ങളില്‍ ഇത് വളര്‍ത്തുമത്സ്യങ്ങളുടെ മാര്‍ക്കറ്റ് ഇടിയാന്‍ കാരണമായേക്കാം. നട്ടറും വാളയും സ്വാഭാവിക പ്രജനനത്തിന് വിധേയരാവാന്‍ സാധ്യത കുറവായതിനാല്‍ ഇവയുടെ പെരുകല്‍ കാര്യമായി നടക്കില്ല. എന്നാല്‍, നൈല്‍ തിലാപ്പിയ വളരെ വേഗം വംശവര്‍ധന നടത്തുന്നവയാണ്. ഇവ മത്സ്യക്കര്‍ഷകര്‍ക്ക് ഭാവിയില്‍ ശത്രുവാകും.



എഫ്എഫ്ഡിഎ കണക്കുകള്‍ ശേഖരിക്കുന്നു

ചെറുകിട കര്‍ഷകര്‍ മുതല്‍ വന്‍കിട കര്‍ഷകരെവരെ കടന്നുപോയ പ്രളയം സാരമായി ബാധിച്ചു. പ്രളയത്തില്‍ മത്സ്യകൃഷിയില്‍ നഷ്ടം വന്നവരെക്കുറിച്ച് ഫിഷ് ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റി (എഫ്എഫ്ഡിഎ) വിവരശേഖരം നടത്തുന്നുണ്ട്. അതാത് ജില്ലാ എഫ്എഫ്ഡിഎ ഓഫീസുമായി ബന്ധപ്പെടണം. എഫ്എഫ്ഡിഎയുടെ സ്‌കീമിലുള്ള മത്സ്യക്കര്‍ഷകരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ സ്വീകരിക്കുന്നത്. ഓരോ ഇനം മത്സ്യത്തിനും പ്രത്യേകം പ്രത്യേകം ഫോമുകളാണുള്ളത്. ഫോമില്‍ കര്‍ഷകന്‍ വിവരങ്ങള്‍ പൂരിപ്പിച്ച് എത്രയും വേഗം നല്കണം. ഇതിനുശേഷം കര്‍ഷകരുടെ നഷ്ടം തിട്ടപ്പെട്ടുത്തി സര്‍ക്കാരിനു സമര്‍പ്പിക്കും.
ബ്രാക്കിഷ് വാട്ടര്‍ ഫിഷ്, കേജ്, റീസര്‍ക്കുലേറ്റിംഗ് അക്വാകള്‍ച്ചര്‍ സിസ്റ്റം (റാസ്), ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ), കാര്‍പ്പ് മത്സ്യങ്ങള്‍, വാളയും മറ്റ് അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്ന മത്സ്യങ്ങളും എന്നു തുടങ്ങി പ്രത്യേകം പ്രത്യേകം ഫോമുകളുണ്ട്. ഇത് പൂരിച്ച് നല്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി എഫ്എഫ്ഡിഎ ഓഫീസര്‍മാരുമായി ബന്ധപ്പെടുക. നിരോധിച്ച മത്സ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാനിടയില്ല.




നല്‌കേണ്ടത് ഇവയൊക്കെ
കര്‍ഷകന്റെ പേര്, വിലാസം            :
ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍:
കൃഷിയിടത്തിന്റെ വിസ്തൃതി (ഹെക്ടറില്‍)    :
കൃഷിയുടെ വിവരങ്ങള്‍
        1. നിക്ഷേപിച്ച തീയതി            :
        2. നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണം    :
        3. നല്കിയ തീറ്റയുടെ അളവ് (കിലോഗ്രാമില്‍)    :

നഷ്ടപ്പെട്ട മത്സ്യങ്ങളുടെ തൂക്കം (മെട്രിക് ടണ്‍) :

അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍

സാന്പത്തിക നഷ്ടം
         1. അടിസ്ഥാനസൗകര്യങ്ങളുടെ നഷ്ടം (ലക്ഷത്തില്‍):
         2. വിളനഷ്ടം (ലക്ഷത്തില്‍)            :
         3. ആകെ (ലക്ഷത്തില്‍)            :





കണക്കെടുപ്പുകള്‍ മാത്രം പോര

സര്‍ക്കാര്‍ സ്‌കീമുകള്‍ അനുസരിച്ച് മത്സ്യകൃഷി നടത്തിയവരെ മാത്രമാണ് എഫ്എഫ്ഡിഎ കണക്കില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍, നല്ലൊരു ശതമാനം കര്‍ഷകരും സ്വന്തമായി കൃഷി തുടങ്ങിയവരാണ്. ഇത്തരക്കാര്‍ക്കും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രത്യേക കരുതല്‍ വേണം. ചെറുകിട അലങ്കാരമത്സ്യക്കര്‍ഷകരെയും പരിഗണിക്കണം.



വേണ്ടതു വ്യക്തമായ മാര്‍ഗരേഖ

1. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജലത്തിന്റെ മൂന്നു തട്ടില്‍ വളരുന്ന കാര്‍പ്പിനം മത്സ്യങ്ങളെയാണ് സര്‍ക്കാര്‍ തലത്തില്‍ വിതരണം ചെയ്യുക. എന്നാല്‍, ഇവയെ വളര്‍ത്തിയെടുക്കാന്‍ വേണ്ടിവരുന്ന ചെലവും വിറ്റാല്‍ ലഭിക്കുന്ന വിലയും തമ്മില്‍ വലിയ അന്തരമുണ്ട്. കാര്‍പ്പിനം മത്സ്യങ്ങള്‍ക്ക് പൊതുവെ കേരള മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറവാണ്. അതുകൊണ്ടുതന്നെ,  മുന്തിയ ഇനം തിലാപ്പിയ, നട്ടര്‍, പംഗേഷ്യസ് (വാള) പോലുള്ള മത്സ്യങ്ങളിലേക്ക് കര്‍ഷകര്‍ തിരിയുന്നു. കൃത്യമായ നിര്‍ദേശം നല്കി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയണം.
2. 'കുഞ്ഞുങ്ങളെ തരും, വളര്‍ത്തി തനിയെ വിറ്റോണം' എന്ന സര്‍ക്കാര്‍ നിലപാട് മാറണം. നെല്ലിന് താങ്ങുവില നല്കി സംഭരിക്കുന്നതുപോലെ മത്സ്യക്കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കാത്ത വിധത്തില്‍ വില നല്കി മത്സ്യസംഭരണം നടത്താനും സംസ്‌കരിച്ച് വിതരണം ചെയ്യാനും പ്രത്യേക പദ്ധതി വേണം.
3. മത്സ്യക്കര്‍ഷകര്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കണം.




ചൂണ്ടക്കാര്‍ക്കു ചാകര



വളര്‍ത്തുമത്സ്യങ്ങള്‍ പുഴകളിലെത്തിയത് നാടന്‍ മത്സ്യങ്ങള്‍ക്കു ഭീഷണിയാകുമെന്ന വാദം നിരത്താമെങ്കിലും കനത്ത മഴയില്‍ കലങ്ങിമറിഞ്ഞ വെള്ളത്തില്‍ നാടന്‍ മത്സ്യങ്ങള്‍ക്കുപോലും അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു കഴിഞ്ഞുപോയത്. കഴിഞ്ഞ ദിവസം ചാലക്കുടിപ്പുഴയില്‍നിന്നു ലഭിച്ച അരാപൈമയ്ക്ക് 72 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. കൃത്രിമസാഹചര്യത്തില്‍ വളര്‍ത്തിയിരുന്ന മത്സ്യമായിരുന്നതിനാല്‍ ഭക്ഷണക്കുറവുമൂലം ക്ഷീണിച്ച അവസ്ഥയിലായിരുന്നു ആ മത്സ്യം. ഇത്തരത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പുഴകളില്‍ കര്‍ഷകരുടെ ജലാശയത്തില്‍നിന്നു ചാടിയ നട്ടര്‍ (റെഡ് ബെല്ലീഡ് പാക്കു), തിലാപ്പിയ, വാള തുടങ്ങിയ വളര്‍ത്തുമത്സ്യങ്ങള്‍ ഇപ്പോള്‍ യഥേഷ്ടം ചൂണ്ടക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഒപ്പം നിരവധി അലങ്കാരമത്സ്യങ്ങളും.




സധൈര്യം മുന്നോട്ട്

പ്രളയത്തില്‍ എന്റെ മത്സ്യങ്ങള്‍ നഷ്ടപ്പെട്ടു. എന്നാല്‍, തോല്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ല എന്ന് നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞ ആലപ്പുഴ സ്വദേശിയായ കര്‍ഷകനെ ഇവിടെ ഓര്‍ക്കുന്നു. പ്രളയം നശിപ്പിച്ച തന്റെ കുളത്തെ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമം അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. കുളമൊരുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം...
1. കുളത്തില്‍ വന്നടിഞ്ഞിരിക്കുന്ന ചെളിയും മറ്റും നീക്കം ചെയ്ത് കുമ്മായം വിതറി വെയില്‍ കൊള്ളിച്ചശേഷം പുതിയ വെള്ളം നിറയ്ക്കാം.
2. പിഎച്ച് പരിശോധിച്ചശേഷം മത്സ്യങ്ങളെ നിക്ഷേപിക്കാം.
3. വലിയ കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേകം മാറ്റി വളര്‍ത്തിയശേഷം നിക്ഷേപിക്കുന്നതാണ് നല്ലത്.
4. ആദ്യ രണ്ടു മാസങ്ങളില്‍ പ്രോട്ടീന്‍ ശതമാനം കൂടിയ സ്റ്റാര്‍ട്ടര്‍ തീറ്റ നല്കുന്നത് കുഞ്ഞുങ്ങളുടെ വളര്‍ച്ച ഉയര്‍ത്തും.
5. ദിവസം രണ്ടു നേരം ഭക്ഷണം നല്കുന്നതും നല്ലതാണ്.
6. രണ്ടു മാസത്തിനുശേഷം ഇലകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
7. തീറ്റച്ചെലവ് കുറയ്ക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം.




അവശേഷിക്കുന്നവയ്ക്കു കരുതല്‍ വേണം


അനുയോജ്യ സാഹചര്യങ്ങളില്‍ വളരുന്ന മത്സ്യങ്ങളെ അപൂര്‍വമായി മാത്രമേ രോഗങ്ങള്‍ ബാധിക്കാറുള്ളൂ. ശരിയായ ജലാവസ്ഥ, വിവിധ തരത്തിലുള്ള ഭക്ഷണം, തിങ്ങിപ്പാര്‍ക്കാത്ത സാഹചര്യങ്ങള്‍, മറ്റു ബുദ്ധിമുട്ടുകളുണ്ടാക്കാത്ത അന്തരീക്ഷം തുടങ്ങിയവ ചേര്‍ന്നതാണ് മീനുകള്‍ക്ക് അനുയോജ്യ സാഹചര്യം എന്നു പറയുന്നത്. സാധാരണഗതിയില്‍ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, പുതിയ മീനുകളെ നിക്ഷേപിക്കുക എന്നിവയാണ് പ്രധാനമായും മീനുകളെ സമ്മര്‍ദത്തിലാക്കുക. ആരോഗ്യമുള്ള മീനുകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. എന്നാല്‍, സമ്മര്‍ദസാഹചര്യമുണ്ടാകുന്‌പോള്‍ മീനുകളെ രോഗങ്ങള്‍ വേഗം വേട്ടയാടുന്നു. പ്രളയം മത്സ്യങ്ങള്‍ക്ക് വലിയ സമ്മര്‍ദം സൃഷ്ടിക്കാനിടയുണ്ട്. ഇത്തരം സാഹചര്യളെക്കുറിച്ച് അറിവുവേണം.

അമോണിയ

ജലാശയത്തിന്റെ അടിത്തട്ടിലടിയുന്ന അധികഭക്ഷണം, മീനുകള്‍ ചത്തടിയുക, ചെടികള്‍ ചീയുക തുടങ്ങിയവയാണ് അമോണിയ വാതകം രൂപപ്പെടാനുള്ള കാരണം. പിഎച്ച് ഏഴിനു മുകളിലായാല്‍ അമോണിയ കൂടുതല്‍ വിഷമാകും.
മത്സ്യങ്ങള്‍ മന്ദതയിലായിരിക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുക, ചെകിളപ്പൂക്കളില്‍ നിറവ്യത്യാസം കാണുക എന്നിവയാണ് ലക്ഷണങ്ങള്‍. ഈ സാഹചര്യത്തില്‍ മീനുകള്‍ മിക്കപ്പോഴും ജലോപരിതലത്തിലായിരിക്കും. വെള്ളം പരിശോധിച്ചാല്‍ അമോണിയബാധ പെട്ടെന്നു സ്ഥിരീകരിക്കാന്‍ കഴിയും.
ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, വെള്ളം മാറ്റുക, പിഎച്ച് കുറയ്ക്കുക, വാതായനം കൂട്ടുക എന്നിവയാണ് അമോണിയ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍.
നൈട്രൈറ്റ്/നൈട്രേറ്റ്
അമോണിയ ജലത്തില്‍ രൂപപ്പെടുന്‌പോളുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയാണ് നൈട്രൈറ്റ്/നൈട്രേറ്റ് രൂപപ്പെടുന്‌പോഴും. കാരണങ്ങളും അതുതന്നെ. നല്കുന്ന തീറ്റയുടെ അളവ് കുറയ്ക്കുക, ഭാഗീകമായി വെള്ളം മാറ്റുക, വാതായനം നടത്തി വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് വര്‍ധിപ്പിക്കുക എന്നിവ ചെയ്യാം.

താപനില

മിക്ക ശുദ്ധജലമത്സ്യങ്ങള്‍ക്കും ജീവിക്കാന്‍ അനുയോജ്യമായ ജലതാപനില 23-28 ഡിഗ്രി സെല്‍ഷ്യസാണ്. ഇതില്‍ കൂടിയാലും കുറഞ്ഞാലും മത്സ്യങ്ങളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും അത് സാരമായി ബാധിക്കും. ശക്തിയേറിയ ചൂടേല്‍ക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.
മഴക്കാലമായതിനാല്‍ ജലാശയങ്ങളിലെ താപനില കുറഞ്ഞിട്ടുണ്ട്. ഒപ്പം ജലനിരപ്പ് ഉയരുകയും ചെയ്തു. ജലനിരപ്പ് ഉയര്‍ന്നാല്‍ ജലത്തിലെ മര്‍ദം കൂടും. ഇത് താങ്ങാന്‍ ചില മത്സ്യങ്ങള്‍ക്ക് കഴിയാറില്ല. ജയന്റ് ഗൗരാമി പോലുള്ള മത്സ്യങ്ങള്‍ക്ക് ഈ കാരണത്താല്‍ പോപ് ഐ അസുഖം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഹെവി മെറ്റല്‍

ജലാശയങ്ങളില്‍ അടിയുന്ന പഴയ പൈപ്പ് പോലുള്ള വസ്തുക്കളാണ് ഇതിനു കാരണം. ഘന ലോഹങ്ങളുടെ (മാംഗനീസ്, ക്രോമിയം, കൊബാള്‍ട്ട്, നിക്കല്‍, കോപ്പര്‍, സിങ്ക്, സെലീനിയം, സില്‍വര്‍, ആന്റിമണി, താലിയം എന്നിവയാണ് ഹെവി മെറ്റലുകളില്‍ ഉള്‍പ്പെടുക) അളവ് കൂടുന്‌പോള്‍ മീനുകള്‍ക്ക് ശ്വസനത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതുകാരണം ജലോപരിതലത്തില്‍വന്ന് ശ്വാസമെടുക്കാന്‍ ശ്രമിക്കും. ജലപരിശോധന നടത്തിയാല്‍ ഏതു ലോഹത്തിന്റെ അളവാണ് കൂടിയിരിക്കുന്നതെന്നു കണ്ടെത്താന്‍ കഴിയും. റിവേഴ്‌സ് ഓസ്‌മോസിസ് വഴി വെള്ളത്തിലെ ലോഹങ്ങളുടെ അളവ് കുറയ്ക്കാം. ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ച് അരിച്ചാണ് ഘനലോഹങ്ങളുടെ അളവ് കുറയ്ക്കുക.

ഹൈഡ്രജന്‍ സള്‍ഫൈഡ്

കുളത്തില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളാണ് ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെടാന്‍ കാരണം. മീനുകള്‍ക്ക് അപകടകാരിയായ ഈ വാതകത്തിനു ചീമുട്ടയുടെ മണത്തിനു സമാനമായ മണമായതിനാല്‍ പെട്ടെന്നുതന്നെ തിരിച്ചറിയം. മീനുകള്‍ ജലോപരിതലത്തിലൂടെ നീന്തി അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കാന്‍ ശ്രമിക്കും. പൂര്‍ണമായും വെള്ളം മാറ്റി കുളം ശുദ്ധീകരിക്കുക എന്നതാണ് പോംവഴി. അടിത്തട്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും വേണം.

മരുന്നുകള്‍

അവശ്യഘട്ടങ്ങളില്‍ മീനുകള്‍ക്ക് മരുന്നുകള്‍ നല്‌കേണ്ടിവരാറുണ്ട്. കോപ്പര്‍ അടങ്ങിയിരിക്കുന്ന മരുന്നുകള്‍ മത്സ്യങ്ങള്‍ക്ക് അപകടം വരുത്തിവയ്ക്കും. മാത്രമല്ല കുളത്തിലെ ചെറുജീവികളും ഒച്ചുകളും നശിക്കാനിടയാകും. മീനുകള്‍ക്ക് അനുയോജ്യമായ മരുന്നാണെന്നു ലേബല്‍ നോക്കി ഉറപ്പുവരുത്തിയിരിക്കണം. മീനുകള്‍ക്ക് അസ്വസ്തതയുണ്ടായാല്‍ ഉടനടി വെള്ളം മാറ്റുക.

മറ്റു വിഷകരമായ വസ്തുക്കള്‍

ചില സാഹചര്യങ്ങളില്‍ മറ്റു ചില രാസവസ്തുക്കളും കുളങ്ങളില്‍ എത്തിപ്പെടാറുണ്ട് (സിഗരറ്റ് പുക, പെയിന്റ്, കീടനാശിനികള്‍ എന്നിവ). ഇത്തരം വസ്തുക്കള്‍ ജലാശയത്തെയും അതിലെ ജീവിവര്‍ഗത്തെയും നശിപ്പിക്കും. വെള്ളം മാറ്റുകയാണ് എളുപ്പമുള്ള പോംവഴി.

ക്ലോറിന്‍

സ്വതന്ത്ര ക്ലോറിന്‍ ഏറ്റവുമധികം കാണപ്പെടുക പൈപ്പ് വെള്ളത്തിലാണ്. അത് മീനുകള്‍ക്ക് ഹാനികരമാണ്. മീനുകളുടെ ചെകിളപ്പൂക്കളെയാണ് ക്ലോറിന്‍ നശിപ്പിക്കുക. ഇതുമൂലം മീനുകള്‍ക്ക് ശ്വസിക്കാനാവാതെ വരുന്നു. പിന്നാലെ മരണവും.
വെള്ളം തിളപ്പിക്കുക, വെള്ളം സൂര്യപ്രകാശമേറ്റ് കുറച്ചുദിവസം തുറന്നു സൂക്ഷിക്കുക, വെള്ളത്തില്‍ വാതായനം നടത്തി പ്രാണവായുവിന്റെ അളവ് കൂട്ടുക തുടങ്ങിയവയാണ് വെള്ളത്തിലെ ക്ലോറിന്റെ അളവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍.

പിഎച്ച്

മിക്ക ജലാശയങ്ങളിലെയും പിഎച്ച് താരതമ്യേന ന്യൂട്രല്‍ റേഞ്ചിലായിരിക്കും. പിഎച്ച് ശരിയല്ലെങ്കില്‍ മീനുകളുടെ ആരോഗ്യത്തെ ബാധിക്കുകയും രോഗം വരുകയോ ചത്തുപോവുകയോ ചെയ്യാം.
ബാലന്‍സ് ഇല്ലാതെയുള്ള നീന്തല്‍, ചെകിളപ്പൂക്കളുടെ നിറം മാറുക (ചിലപ്പോള്‍ രക്തവും വന്നേക്കാം), ജലോപരിതലത്തില്‍വന്ന് ശ്വസിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.
പിഎച്ച് കുറയുകയോ താഴുകയോ ചെയ്താല്‍ വേഗം പൂര്‍വസ്ഥിതിയിലാക്കരുത്. സാവധാനം മാത്രം ശ്രമിക്കുക. വെള്ളത്തിലെ പിഎച്ച് ആഴ്ചയില്‍ ഒന്നെങ്കിലും പരിശോധിക്കുന്നതു നന്ന്.

പ്രാണവായുവിന്റെ കുറവ്

മത്സ്യങ്ങളുടെ ചെകിളകള്‍ വളരെ വേഗത്തില്‍ ചലിക്കുന്നതും ജലോപരിതലത്തിലൂടെ നീന്തുന്നതും പ്രധാന ലക്ഷണം. പതുക്കെ മത്സ്യങ്ങളുടെ ശരീരനിറം മങ്ങുകയും മരണത്തിലേക്ക് നീങ്ങുകയും ചെയ്യും.
വാതായനം കുറയുക, ജൈവമാലിന്യങ്ങളുടെ അളവ് കൂടുക, അധിക താപനില, സസ്യങ്ങളുടെ ശ്വസനം എന്നിവയാണ് വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറയാനുള്ള കാരണം.
ഭാഗിക ജലമാറ്റം, വാതായനം, ചത്തതും ചാകാറായതുമായ മത്സ്യങ്ങളെ നീക്കം ചെയ്യുക എന്നിവയിലൂടെ പ്രാണവായു വര്‍ധിപ്പിക്കാം.






No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...