Wednesday 5 September 2018

വെറുതേ പേടിപ്പിക്കരുത്.... അത് പിരാനയല്ല

ഒരു കുടുംബത്തിലെ രൂപസാദൃശ്യമുള്ള താന്തോന്നിയായ മൂത്ത സഹോദരന്റെ സ്വഭാവഗുണം മൂലം പഴികേള്‍ക്കേണ്ടിവരുന്ന ഇളയ സഹോദരന്റെ അവസ്ഥയാണ് റെഡ് ബെല്ലീഡ് പാക്കു അഥവാ നട്ടര്‍ എന്നറിയപ്പെടുന്ന വളര്‍ത്തുമത്സ്യത്തിന്.



ഐബിന്‍ കാണ്ടാവനം


കേരളത്തില്‍ വന്‍തോതില്‍ വളര്‍ത്തിവന്നിരുന്ന, രുചിയും ഡിമാന്‍ഡും ഏറെയുള്ള ഉള്‍നാടന്‍ മത്സ്യകൃഷിക്ക് ഉപയോഗിച്ചിരുന്ന മത്സ്യയിനമാണ് പാക്കു. എന്നാല്‍, ശാസ്ത്രീയവര്‍ഗീകരണത്തില്‍ ഒരേ കുടുംബത്തിലുള്ള റെഡ് ബെല്ലീഡ് പിരാനയോട് രൂപസൗദൃശ്യമുള്ളതിനാല്‍ ഇപ്പോള്‍ കൊലയാളി പിരാന എന്ന പേരിലാണ് പാവം പാക്കു അറിയപ്പെടുന്നത്. രണ്ടു മത്സ്യത്തെക്കുറിച്ചും വലിയ ധാരണ ഇല്ലാത്തതാണ് തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം. രൂപം ഒന്നെങ്കിലും റെഡ് ബെല്ലീഡ് പിരാനയും റെഡ് ബെല്ലീഡ് പാക്കുവും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്.


മനുഷ്യരുമായുള്ള ബന്ധം

ബ്രസീലിയന്‍ ആമസോണില്‍നിന്ന് ഭക്ഷണാവശ്യത്തിനായി പിടിക്കുന്ന മത്സ്യങ്ങളില്‍ വലുപ്പത്തില്‍ 12-ാം സ്ഥാനമാണ് പാക്കുവിനുള്ളത്. തൊട്ടു മുന്നിലുള്ളത് തംബാക്വിയാണ് (ബ്ലാക്ക് പാക്കു). കൂടാതെ ലോകവ്യാപകമായി വളര്‍ത്തിവരുന്നുമുണ്ട്. ചുവന്ന വയറും തിളക്കമാര്‍ന്ന മേനിയുമുള്ള ഇനമായതിനാല്‍ അക്വേറിയങ്ങളിലും വളര്‍ത്തുന്നുണ്ട്. എന്നാല്‍, അതിവേഗം വളരുന്നതിനാല്‍ ഭക്ഷണാവശ്യത്തിനായാണ് ഇപ്പോള്‍ പ്രധാനമായും ഉപയോഗിച്ചുവരുന്നത്.
കേരളത്തില്‍ പാക്കു പ്രചാരത്തിലായിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. മികച്ച തീറ്റപരിവര്‍ത്തനശേഷിയുള്ളതിനാല്‍ കര്‍ഷകര്‍ കാര്‍പ്പിനം മത്സ്യങ്ങളെ വിട്ട് ഇവയിലേക്കു തിരിയുകയായിരുന്നു. ഏഴു മുതല്‍ പത്തു മാസത്തിനിടയിലാണ് വിളവെടുപ്പ്. വിപണിയില്‍ 200 രൂപയ്ക്കു മുകളിലാണ് ഇവയുടെ ചില്ലറവില.




പാക്കു പിരാനയല്ല

red bellied piranha (left) and red bellied pacu (right)

പാക്കുവും പിരാനയും തമ്മിലുള്ള സാദൃശ്യം നിമിത്തം പാക്കുവിനെ പിരാന എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. പലരും പിരാന എന്ന പേരില്‍ത്തന്നെയാണ് പാക്കുവിനെ വിശേഷിപ്പിക്കുന്നതും. രണ്ട് ഇനം മത്സ്യങ്ങള്‍ക്കും പല്ലുള്ളതിനാല്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍, കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പാക്കുവിനെ മാത്രമേ വളര്‍ത്തുന്നുള്ളൂ. പ്രളയത്തിലൂടെ ജലാശയങ്ങളില്‍ എത്തിയിരിക്കുന്നത് പാക്കു എന്ന നട്ടര്‍ മാത്രമാണ്. മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിച്ച് മാംസ്യം കടിച്ചുപറിച്ചെടുക്കാനുള്ള ശേഷി ഇവയുടെ പല്ലുകള്‍ക്കില്ല. മാത്രമല്ല അങ്ങനെ ആക്രമിക്കുന്ന പ്രവണതയും ഇവയ്ക്കില്ല.
ഏഴു കിലോഗ്രാം തൂക്കമുള്ള രണ്ടു പാക്കു മത്സ്യങ്ങളെ ഏതാനും മാസങ്ങള്‍ക്കു മുന്പ് കുമരകത്തുനിന്ന് പിടികൂടിയിരുന്നു. ഇത്രയും വലിയ പാക്കു വലിയ ജലാശയങ്ങളിലുണ്ടെങ്കിലും ഇതുവരെ ആരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

TEETH- red bellied pacu

TEETH- red bellied piranha


 

 

 

 

 

 

പിടിച്ചു തീര്‍ക്കാം

കുളങ്ങളിലൂം പാടങ്ങളിലും നിയന്ത്രിത സാഹചര്യത്തില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ പൊതുജലാശയത്തിലേക്കെത്തിയത് പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന വാദങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. പാക്കു വളരെവേഗം പെറ്റുപെരുകുമെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. എന്നാല്‍, വെള്ളത്തിന്റെ ഘടനയില്‍ അല്പം മാറ്റം വന്നാല്‍ത്തന്നെ ചത്തുപൊങ്ങുന്ന ഇവര്‍ അതിവേഗം വംശവര്‍ധന നടത്താന്‍ ശേഷിയുള്ളവയല്ല. നിലവില്‍ ജലാശയങ്ങളില്‍ എത്തുന്നവയെ പിടിച്ചു തീര്‍ക്കുക എന്നൊരു പോംവഴി മാത്രമാണ് മുന്പിലുള്ളത്. പ്രളയത്തിനുശേഷം ദിവസവും വലിയ തോതില്‍ പാക്കു മത്സ്യങ്ങള്‍ ചൂണ്ടകളും വലകളും ഉപയോഗിച്ച് പിടികൂടപ്പെടുന്നുണ്ട്.












No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...