വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെടുക്കാനേ തോന്നില്ല. അടുക്കളയില്‍ സമീപകാലത്ത് വളര്‍ത്തുമത്സ്യങ്ങള്‍ക്ക് സ്ഥാനമേറിവരുന്നുണ്ട്. കടകളില്‍നിന്നുള്ള കടല്‍മത്സ്യങ്ങളിള്‍ ഫോര്‍മലിന്‍ പോലുള്ള രാസവസ്തുക്കള്‍ കണ്ടുവരുന്നതാണ് ഒരുകാലത്ത് രുചിയില്ല എന്ന പേരു പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന വളര്‍ത്തുമത്സ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറാന്‍ കാരണം.
ഐബിന്‍ കാണ്ടാവനം
നട്ടര്‍, തിലാപ്പിയ, മലേഷ്യന്‍ വാള, അനാബസ് തുടങ്ങിയ വളര്‍ത്തുമത്സ്യങ്ങള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ അടുക്കളക്കുളം എന്ന രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് വളര്‍ത്തി വിളവെടുക്കാന്‍ പാകമാകുന്നവയാണ്. എന്നാല്‍, ഇവയില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ആഹാരത്തിനും അലങ്കാരത്തിനും ഒരുപോലെ ഉപയോഗിക്കപ്പെടുന്ന ജയന്റ് ഗൗരാമികള്‍.
മുകളില്‍ സൂചിപ്പിച്ച മത്സ്യങ്ങളെ അപേക്ഷിച്ച് വളര്‍ച്ചാനിരക്ക് കുറവാണെങ്കിലും രണ്ടു വര്‍ഷം പ്രായമെത്തിയതിനുശേഷം അതിവേഗമാണ് ഗൗരാമികളുടെ വളര്‍ച്ച. പ്രായപൂര്‍ത്തിയാകാന്‍ നാലു വര്‍ഷമെടുക്കും എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടു വയസുമുതല്‍ തീന്‍മേശയിലെ താരമാകുന്ന ഗൗരാമികള്‍ രുചിയില്‍ കരിമീനെ കടത്തിവെട്ടും. അതുകൊണ്ടുതന്നെ ജയന്റ് ഗൗരാമികളുടെ കുഞ്ഞുങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറെയാണ്.
വളര്‍ച്ചാരീതി
തിലാപ്പിയ, നട്ടര്‍, വാള തുടങ്ങിയവ 6-8 മാസംകൊണ്ട് വിളവെടുപ്പിനു പാകമാകുമ്പോള്‍ ഗൗരാമികള്‍ അപ്പോഴും ശൈശവദശയില്‍ത്തന്നെയായിരിക്കും. വലുപ്പം കൂടിയ കുളങ്ങളില്‍ എല്ലാ മത്സ്യങ്ങള്‍ക്കും വളര്‍ച്ച കൂടും എന്ന പ്രവണത ഇക്കൂട്ടര്‍ക്കുമുണ്ട്. എങ്കില്‍പോലും ശരിയായ വളര്‍ച്ച തുടങ്ങാന്‍ രണ്ടു വയസെത്തണം. തുടര്‍ന്നുള്ള വളര്‍ച്ച ദ്രുതഗതിയിലായിരിക്കും. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ശരാശരി മൂന്നു കിലോഗ്രാമോളം തൂക്കം വരും. ചെറു പ്രായത്തില്‍ ഒരു സെന്റില്‍ 250 കുഞ്ഞുങ്ങളെ വളരെ വളര്‍ത്താന്‍ നിക്ഷേപിക്കാമെങ്കിലും വളരുന്നതനുസരിച്ച് എണ്ണം കുറയ്ക്കുന്നത് വളര്‍ച്ചത്തോത് ഉയര്‍ത്തും. കൂടാകെ ചെറുപ്പത്തില്‍ മറ്റു മത്സ്യങ്ങളുടെയൊപ്പം കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം. എന്നാല്‍, പ്രജനനത്തില്‍ വലിയ ഗൗരാമികളെ മാത്രമേ ഇടാന്‍ പാടുള്ളു.
ഭക്ഷണം
സസ്യഭുക്കെന്നു വിളിക്കുമെങ്കിലും എന്തും കഴിക്കുന്ന കൂട്ടത്തിലാണ് ജയന്റ് ഗൗരാമികള്‍. എന്നാല്‍, ചേമ്പ്, ചേന തുടങ്ങിയവയുടെ ഇലകളാണ് പ്രധാന ഭക്ഷണം. മറ്റ് ഇലവര്‍ഗങ്ങളും അടുക്കളയിലെ ദോശ, അപ്പം, ബ്രഡ് എന്നിവയും നല്കാം. കോഴിക്കുടല്‍ വേവിച്ച് കഴുകി ചെറിയ തോതില്‍ നല്കുകയും ചെയ്യാം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പ്രോട്ടീന്‍ തീറ്റകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ചെറിയ തോതില്‍ കൊടുക്കാമെങ്കിലും പ്രോട്ടീന്‍ ഭക്ഷണം ദഹിപ്പിക്കാന്‍ ശേഷിയുള്ള ദഹനവ്യവസ്ഥ ഗൗരാമികള്‍ക്ക് ഇല്ലാത്തതിനാല്‍ അള്‍സര്‍ പോലുള്ള അസുഖങ്ങള്‍ കണ്ടുവരാറുണ്ട്. അത് ആരോഗ്യത്തെയും ആയുസിനെയും പ്രതീകൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ പ്രധാനമായും നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ നല്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചേമ്പില നല്കുന്നതാണ് അത്യുത്തമം.
ലിംഗനിര്‍ണയം
വലുതും ചെറുതുമായ മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന വലിയൊരു കുടുംബമാണ് ഗൗരാമികളുടേത്. ഏറെക്കുറെ ഏല്ലാ ഇനങ്ങളിലും ലിംഗനിര്‍ണയം ഒരുപോലെതന്നെ. അലങ്കാര മത്സ്യങ്ങളായ ചെറിയ ഇനം ഗൗരാമികളില്‍ മുതുചിറകിലെ നീളം ലിംഗനിര്‍ണയത്തിന്റെ അടിസ്ഥാനമാകുമ്പോള്‍ ജയന്റ് ഗൗരാമികളില്‍ അത് ചെറിയൊരളവില്‍ മാത്രമേ ഉപകാരപ്രദമാകൂ. തടിച്ച് മുന്നോട്ടുന്തിയ കീഴ്ത്താടി, അംസച്ചിറകുകളിലെ ചുവട്ടില്‍ വെള്ള നിറം എന്നിവ ആണ്‍ ജയന്റ് ഗൗരാമികള്‍ക്കുള്ള്‌പോള്‍ പെണ്‍ മത്സ്യങ്ങള്‍ക്ക് ചെറിയ മുഖം, അംസച്ചിറകുകളുടെ ചുവട്ടില്‍ കറുത്ത നിറം എന്നിവയാണുള്ളത്. ആണ്‍മത്സ്യങ്ങളെ നെറ്റിയിലെ മുഴ നോക്കി തിരിച്ചറിയാമെങ്കിലും ചില പെണ്‍മത്സ്യങ്ങള്‍ക്കും ഈ മുഴ കാണാറുണ്ട്.പ്രജനനം
പുല്ലുകളും പ്ലാസ്റ്റിക് നൂലുകള്‍ പോലുള്ളവകൊണ്ടും കൂടു നിര്‍മിച്ച് മുട്ടയിടുന്നവരാണിവ. കൂട് നിര്‍മിക്കുന്നത് ആണ്‍മത്സ്യമാണ്. സാധാരണഗതിയില്‍ കൃത്യമായ അളവില്‍ നിര്‍മാണവസ്തുക്കള്‍ ലഭിച്ചാല്‍ മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളിള്‍ കൂടിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഇതിനുശേഷം പെണ്‍മത്സ്യം കൂടിനുള്ളിലേക്ക് മുട്ട നിക്ഷേപിക്കുന്നതിനൊപ്പം ആണ്‍മത്സ്യം ബീജവര്‍ഷം നടത്തും. ബീജസംയോജനം നടക്കാത്ത മുട്ടകള്‍ കടും മഞ്ഞ നിറത്തിലും സംയോജനം നടന്ന മുട്ടകള്‍ നേരിയ മഞ്ഞ നിറത്തിലും തിരിച്ചറിയാം. ആദ്യമായി പ്രജനനം നടത്തുമ്പോള്‍ മുട്ടകള്‍ കൂടിനു വെളിയില്‍ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്ത തവണ ഈ പ്രശ്‌നം മത്സ്യങ്ങള്‍ത്തന്നെ പരിഹരിച്ചുകൊള്ളും. 24 മണിക്കൂറിനുള്ളില്‍ മുട്ട വിരിയും. തുടര്‍ന്ന് 18-24 ദിവസത്തോളം കുഞ്ഞുങ്ങള്‍ ഈ കൂടിനുള്ളിലായിരിക്കും. അതുവരെ പെണ്‍മത്സ്യം കാവല്‍നില്‍ക്കും. മത്സ്യത്തിന്റെ ആകൃതിയായി തനിയെ നീന്താറാകുമ്പോള്‍ കുഞ്ഞുങ്ങള്‍ കൂടിനു വെളിയില്‍ വരും. അപ്പോള്‍ വെകുന്നേരങ്ങളില്‍ കുളത്തിന്റെ വശങ്ങളില്‍ നോക്കിയാല്‍ കുഞ്ഞുങ്ങളെ കാണാം.കൂട് നിര്‍മിക്കാന്‍
പ്രകൃത്യാലുള്ള കുളങ്ങളില്‍ മത്സ്യങ്ങള്‍ക്ക് കൂട് ഉറപ്പിച്ചുവയ്ക്കാന്‍ നിരവധി സാഹചര്യങ്ങളുണ്ട്. എന്നാല്‍, സിമന്റ്, സില്‍പോളിന്‍, പാറമട തുടങ്ങിയ ജലായശയങ്ങളില്‍ ഇതിനുള്ള സാഹചര്യം ലഭിക്കില്ല. ഇത്തരം അവസ്ഥയില്‍ കൃത്രിമമായുള്ള സംവിധാനം ഒരുക്കിക്കൊടുക്കണം. വിപിസികൊണ്ട് ഫ്രെയിമോ മുള, ഓല എന്നിവയോ ഇതിനായി നല്കാം. കുളത്തിന്റെ വശങ്ങളില്‍ അഴിഞ്ഞുപോകാത്ത രീതിയില്‍ ഉറപ്പിച്ചു നല്കണം. ഒന്നിലധികം ആണ്‍മത്സ്യങ്ങളുള്ള കുളമാണെങ്കില്‍ ഇത്തരം ഫ്രെയിമുകള്‍ തമ്മില്‍ കുറഞ്ഞത് പത്തടിയെങ്കിലും അകലമുണ്ടായിരിക്കണം. അല്ലാത്തപക്ഷം പരസ്പരം കൂട് പൊളിച്ചുകളയും.മത്സ്യങ്ങളുടെ അനുപാതം
നാലു വയസിലാണ് പ്രായപൂര്‍ത്തിയാകുക. ഈ പ്രായമെത്തിയാല്‍ പ്രജനനത്തിനായി ജോടി തിരിച്ചോ ഒരാണ്‍മത്സ്യത്തിന് രണ്ടു പെണ്‍മത്സ്യം എന്ന രീതിയിലോ കുളത്തില്‍ വളര്‍ത്താം. എന്നാല്‍, 1:2 അനുപാതത്തില്‍ നിക്ഷേപിക്കുമ്പോള്‍ ആണ്‍മത്സ്യങ്ങളുടെ എണ്ണം കൂടാതിരിക്കുന്നതാണ് നല്ലത്. പത്തു ചതുരശ്ര അടി വിസ്തീര്‍ണമുള്ള കുളത്തില്‍ ഒരു ജോടി ജയന്റ് ഗൗരാമികളെ പ്രജനനത്തിനായി നിക്ഷേപിക്കാം.കുഞ്ഞുങ്ങള്‍ക്ക്
കൂട്ടില്‍നി്ന്നു പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് കുളത്തിലെ പ്ലവങ്ങളാണ് മുഖ്യാഹാരം. പ്ലവങ്ങളുടെ വളര്‍ച്ച കൂട്ടാന്‍ പച്ചച്ചാണകം, ആട്ടിന്‍കാഷ്ഠം എന്നിവ നിക്ഷേപിക്കാം. വളരുന്നതനുസരിച്ച് ചെറിയ രീതിയില്‍ സ്റ്റാര്‍ട്ടറോ, ആര്‍ട്ടീമിയം പോലുള്ള ജീവനുള്ള തീറ്റയോ നല്കാം. 3-4 മാസം പ്രായമെത്തുമ്പോള്‍ 1.5 ഇഞ്ച് വലുപ്പത്തില്‍ വില്‍ക്കാം. ഈ പ്രായക്കില്‍ 30 രൂപ മുതലാണ് കുഞ്ഞുങ്ങളുടെ വില. വലുപ്പമനുസരിച്ച് വില കൂടും.വെള്ളത്തിലും വേണം കരുതല്‍
അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവമുള്ളതിനാല്‍ പ്രാണവായു കുറഞ്ഞ ജലാശയത്തില്‍പ്പോലും ജീവിക്കാന്‍ ഗൗരാമികള്‍ക്കാകും. എന്നാല്‍, വെള്ളം തീരെ മോശയാല്‍ ശരീരത്തില്‍ അണുബാധയുണ്ടാകാം. കൂടാതെ അശ്രദ്ധമായി കൈകാര്യം ചെയ്താല്‍ ഫംഗസ് പോലുള്ള അസുഖങ്ങളും പിടിപെടാം. വലിയ മത്സ്യങ്ങളെ പിടിക്കാന്‍ മാര്‍ദവമുള്ള കണ്ണിയകലമില്ലാത്ത വലകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കുളത്തിലേക്കോ ടാങ്കിലേക്കോ മാറ്റുമ്പോള്‍ തുണിയില്‍ പൊതിഞ്ഞ് പിടിച്ചാല്‍ പരിക്കേല്‍ക്കാതെ സംരക്ഷിക്കാം.രോഗങ്ങള്‍
സാധാരണഗതിയില്‍ രോഗങ്ങള്‍ ജയന്റ് ഗൗരാമികളെ ബാധിക്കാറില്ല. ഫംഗസ് ബാധിച്ചാല്‍ കൃത്യമായ പരിചരണമില്ലാതെ രക്ഷിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഫംഗസ് ബാധയേറ്റാല്‍ മത്സ്യങ്ങളെ പ്രത്യേക ടാങ്കുകളിലേക്കുമാറ്റി വെള്ളത്തില്‍ മെത്തിലില്‍ ബ്ലൂ ലായനി ഒഴിച്ച് ശക്തിയായി വാതായനം നടത്തണം. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അസുഖം മാറിക്കൊള്ളും. വലിയ കുളങ്ങളില്‍ മത്സ്യങ്ങളെ നിക്ഷേപിക്കുന്നതിനുമുമ്പു പച്ചച്ചാണകം കലക്കുന്നത് ഫംഗസ്ബാധയെ പ്രതിരോധിക്കും. വെള്ളത്തിലെ ഓക്‌സിജന്റെ അളവു കുറഞ്ഞാലും ഗൗരാമികള്‍ക്കു ജീവിക്കാന്‍ കഴിയുമെങ്കിലും അവശിഷ്ടങ്ങള്‍ അടിഞ്ഞു മോശമാകുന്നതിനനുസരിച്ച് വെള്ളം മാറി നല്കുന്നത് രോഗങ്ങളുണ്ടാവാതിരിക്കുന്നതിനു നല്ലതാണ്.ഇനങ്ങള്‍
പൊതുവെ നാലിനം ജയന്റ് ഗൗരാമികളാണ് ലോകത്തുള്ളത്. സാധാരണമായി ഏറ്റവുമധികം വളര്‍ത്തുന്നതും പ്രചാരത്തിലുള്ളതും കറുത്ത ജയന്റ് ഗൗരാമികളാണ്. ഇതുകൂടാതെ ആല്‍ബിനോ ജയന്റ് ഗൗരാമി (വെളുത്ത/ചുവപ്പു കലര്‍ന്ന ശരീരം, ചുമന്ന കണ്ണുകള്‍), പിങ്ക് ജയന്റ് ഗൗരാമി (വെളുത്ത/ചുവപ്പു കലര്‍ന്ന ശരീരം, കറുത്ത കണ്ണുകള്‍), ചുമന്ന വാലന്‍ ഗൗരാമി എന്നിവയാണ്. ഇവയെക്കൂടാതെ തായ്‌ലന്‍ഡിലെ ഫാമുകള്‍ ചില ഇനങ്ങളെക്കൂടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാലികോ ഗൗരാമി, സൂപ്പര്‍ റെഡ് ജയന്റ് ഗൗരാമി എന്നിവ അവയില്‍ ചിലതാണ്.albino giant gourami |
pink giant gourami |
red tail giant gourami |
calico giant gourami |
Informative..👍
ReplyDelete