Monday, 4 July 2016

കരിമീന്‍: ശ്രദ്ധിച്ചാല്‍ വളര്‍ത്താനെളുപ്പം

രുചിയുടെ കാര്യത്തില്‍ പേരുകേട്ട മത്സ്യമാണ് കേരളത്തിന്റെ സ്വന്തം കരിമീന്‍. വിപണിയിയില്‍ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിലൊന്നായ കരിമീനിനെ നാച്വറല്‍ കുളങ്ങളും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനമാര്‍ഗമാക്കാവുന്നതേയുള്ളൂ. പരിചരണവും പരിരക്ഷയും അല്പം കൂടുതല്‍ വേണമെന്നു മാത്രം.


ഒരു സെന്റില്‍ പരമാവധി 100 എണ്ണത്തിനെ വളര്‍ത്താം. 50 പൈസാ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ ഏറ്റവും നല്ലത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു മാസം പ്രായമാകുമ്പേഴേക്കും കരിമീനുകളെ കേജ് സിസ്റ്റത്തിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍ കരിമീനുകള്‍ക്കു കഴിയും. എട്ടു മാസമാണ് വളര്‍ച്ചാ കാലയളവെങ്കിലും ആറാം മാസം മുതല്‍ ഇത്തരത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ വിപണിയിലെത്തിക്കാം. സീസണില്‍ കിലോഗ്രാമിന് 400-450 രൂപയാണ് മാര്‍ക്കറ്റ് വില.

പ്രജനനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേജ് സിസ്റ്റം ആവശ്യമില്ല. നാലാം മാസം മുതല്‍ (70ഗ്രാം തൂക്കം) മുട്ടയിട്ടു തുടങ്ങും. നാലടിയെങ്കിലും വെള്ളത്തിന് ആഴമുണ്ടായിരിക്കണം. അടിത്തട്ടിലെ ചെളിയില്‍ കുഴിയുണ്ടാക്കിയാണ് കരിമീന്‍ മുട്ടയിടുക. ഡിസംബര്‍-ജനുവരിയാണ് പ്രജനനകാലം. ഒരു തവണ 500-800 കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. മുട്ടയിടുന്നതുമുതല്‍ മാതാപിതാക്കളുടെ സംരക്ഷണമുള്ളതിനാല്‍ ഇതില്‍ നല്ലൊരു ശതമാനം കുഞ്ഞുങ്ങളും വളര്‍ന്നുകിട്ടും. കരിമീനിന്റെ ഒരു കുഞ്ഞിന് 25 രൂപ വരെ മാര്‍ക്കറ്റ് വിലയുണ്ട്. സിമന്റ് കുളങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കി പ്രജനനം നടത്തുമെങ്കിലും നാച്വറല്‍ കുളങ്ങളോ പാറക്കുളങ്ങളോ ആണ് കരിമീനുകള്‍ക്ക് വളരാനും പ്രജനനത്തിനും ഏറ്റവും അനുയോജ്യം.

വെള്ളത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോട് വളരെവേഗം പ്രതികരിക്കുന്ന മത്സ്യമാണ് കരിമീന്‍. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാന്‍ കഴിയുമെന്നത് കരിമീനിന്റെ പ്രധാന പ്രത്യേകതയാണ്. എന്നാല്‍, പിഎച്ച് 6നു താഴെപ്പോയാല്‍ പെട്ടെന്നു ചാകും.

ഫ്‌ളോട്ടിംഗ് ഫീഡ് നല്കി ശീലിപ്പിച്ചാല്‍ കരിമീനുകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കും. കൂടാതെ കപ്പ ഉണങ്ങി പൊടിച്ചു നല്കുകയോ തേങ്ങാപ്പിണ്ണാക്ക് തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം പിറ്റേദിവസം വെള്ളമൂറ്റിക്കളഞ്ഞിട്ട് നല്കുകയോ ചെയ്യാം.

ജോഡി തിരിഞ്ഞ കരിമീനുകള്‍ക്ക് 300 രൂപയോളം വിലയുണ്ട്. ഇവയെ നാച്വറല്‍ കുളങ്ങളില്‍ നിക്ഷേപിച്ചാല്‍ 20-ാം ദിവസം കുഞ്ഞിലെ ലഭിക്കുമെന്നാണ്  ഈ മേഖലയില്‍ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.

2 comments:

  1. എൻറെ വീട്ടിൽ 3 മീ. x 3 മീ. x 1.5 മീ. കുളമുണ്ട്. അടിയിൽ സിൽപോളിൻ വിരിച്ചിരിക്കുന്നു. എനിക്ക് മീൻ വളർത്തണമെന്നുണ്ട്. ആവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾ തരുമോ ?. ഏതു തരം മീനുകളാണ് അനുയോജ്യം ? നല്ല മീൻ വിത്തുകൾ എവിടെ കിട്ടും ? എൻറെ മെയിൽ mohan.ambatt@gmail.com മൊബൈൽ 9847563237

    ReplyDelete
    Replies
    1. മത്സ്യം വളര്‍ത്തലില്‍ ആദ്യമാണെന്നു കരുതി മറുപടി പറയുന്നു. തുടക്കക്കാര്‍ക്ക് വളര്‍ത്താന്‍ പറ്റിയ മത്സ്യം തിലാപ്പിയ ആണ്. ആദ്യ കാലങ്ങളില്‍ നിലവിലുണ്ടായിരുന്ന തിലാപ്പിയകളെ അപേക്ഷിച്ച് ഹൈബ്രിഡ് തിലാപ്പിയകള്‍ ഇന്ന് ലഭ്യമാണ്. അവയ്ക്ക് വളര്‍ച്ചാനിരക്കും കൂടും. പ്രത്യുത്പാദനശേഷി ഇല്ലാത്തതിനാലാണ് അവയ്ക്ക് വളര്‍ച്ച കൂടുതല്‍ ലഭിക്കുന്നത്. ഹൈബ്രിഡ് തിലാപ്പിയകള്‍ വളര്‍ത്തി തുടങ്ങുന്നതാണ് ഉത്തമം.

      Delete

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെ...