Wednesday, 27 July 2016

നമ്മുടെ കൃഷി

കാര്‍ഷികപാരമ്പര്യമുള്ള കേരളത്തിന്റെ ജീവനാഡിയാണ് കൃഷി. ഒരുകാലത്ത് ആളുകളില്‍ വളരെ സ്വാധീനം ചെലുത്തിയിരുന്ന മേഖലയായിരുന്നു കൃഷിയെങ്കില്‍ ഇപ്പോള്‍ കൃഷിമേഖലയുടെ പ്രാധാന്യം കുറഞ്ഞുവന്നിരിക്കുന്നു. ഉപജീവനത്തിനായി കൃഷിയെ ആശ്രയിച്ചവര്‍ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. അതേസമയം അടുക്കളകൃഷി എന്ന പേരില്‍ ഓരോ വീട്ടുമുറ്റത്തും കൃഷിസ്ഥലങ്ങള്‍ ഉയരുന്നു. കേരളത്തെ മുഴുവനും തീറ്റിപ്പോറ്റാന്‍ കഴിയില്ലെങ്കിലും വീട്ടുമുറ്റത്തെ കൃഷിയിലൂടെ പച്ചക്കറിയുത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിയുന്നുവെന്നത് പ്രശംസനീയമാണ്.


കാലത്തിന്റെ കാലാനുസൃത മാറ്റത്തില്‍ കൃഷി രീതിയും സാഹചര്യങ്ങളും മാറിയിട്ടുണ്ട്. ഇന്ന് പ്രചാരത്തിലുള്ള കൃഷിരീതികളെക്കുറിച്ചാവട്ടെ ഇത്.

ജൈവകൃഷി

ജൈവ കീടനാശിനികള്‍, കമ്പോസ്റ്റ്, പച്ചിലവളങ്ങള്‍ തുടങ്ങിയവയെ പ്രഥാനമായി ആശ്രയിക്കുന്ന കൃഷിരീതിയാണിത്. രാസവളങ്ങളും, രാസ കീടനാശിനികളും തീര്‍ത്തും ഒഴിവാക്കിയുള്ളതും ചെടിയുടെ വളര്‍ച്ചാ നിയന്ത്രണ വസ്തുക്കള്‍, കന്നുകാലി തീറ്റകളില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍, ജൈവമാറ്റം വരുത്തിയ വിത്തുകള്‍ തുടങ്ങിയവ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷിരീതിയെയാണ് ജൈവകൃഷി എന്നു പറയുന്നത്.

ജൈവോത്പന്നങ്ങളുടെ വര്‍ധിച്ച ആവശ്യം മൂലം ജൈവകൃഷി രീതി സ്വീകരിക്കുന്ന കൃഷിയിടങ്ങളുടെ വ്യാപനവും വേഗത്തിലായി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മുവ്‌മെന്റ്‌സ്(IFOAM) എന്ന അന്തര്‍ദേശീയ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ജൈവ കൃഷിരീതി രാജ്യാന്തര തലത്തില്‍ നിയന്ത്രിക്കുകയും നിയമപരമായി നടപ്പിലാക്കുകയും ചെയ്യുന്ന നിരവധി രാജ്യങ്ങളുണ്ട്. 1972 സ്ഥാപിച്ച ഐഎഫ്ഒഎഎം എന്ന ഈ സംഘടനയുടെ കുടക്കീഴില്‍ നിരവധി ജൈവകൃഷി പ്രചാരക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. ഐഎഫ്ഒഎഎം ജൈവ കൃഷിയുടെ ലക്ഷ്യത്തെ ഇങ്ങനെ നിര്‍വചിക്കുന്നു:

'മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യം നിലനിര്‍ത്തുന്ന ഒരു ഉത്പാദന രീതിയാണ് ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിനു പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍, ജൈവ വൈവിധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തന്‍ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സംയോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടുംവിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു..'

രാസകൃഷി

ചെടികള്‍ക്ക് മണ്ണില്‍നിന്നും ജൈവ വളങ്ങളില്‍നിന്നും മാത്രം മെച്ചപ്പെട്ട ഉത്പാദനം ലഭിക്കിക്കില്ലെന്നും ജൈവകൃഷിയിലൂടെ മാത്രം ഇന്ത്യയിലെ ജനങ്ങളെ മുഴുവനും തീറ്റിപ്പോറ്റാന്‍ കഴിയില്ലെന്നുമുള്ള ബോധ്യം വന്നപ്പോഴാണ് ഇന്ത്യയില്‍ ഹരിതവിപ്ലവം അരങ്ങേറിയത്. അതുവരെ ഉപയോഗിച്ചിരുന്ന നാടന്‍ വിത്തുകള്‍ക്കു പകരം അത്യുത്പാദനശേഷിയുള്ള വിത്തുകള്‍, വളം, യന്ത്രവത്കരണം, ജലസേചനം തുടങ്ങിയവയെല്ലാം ആധുനികരീതിയിലായപ്പോള്‍ 1960കളില്‍ കാര്‍ഷികമേഖലയില്‍ വലിയൊരു കുതിച്ചുചാട്ടം നടത്തി.

സങ്കരയിനം വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള കൃഷിരീതിയെയയാണ് രാസകൃഷി എന്നു പറയുന്നത്. ജൈവവളങ്ങളില്‍നിന്നു ചെടിക്കാവശ്യമായ പോഷകമൂലകങ്ങള്‍ ലഭിക്കാതെ വന്നപ്പോഴാണ് അവ ഇത്തരത്തില്‍ വേര്‍തിരിച്ചു നല്കുന്ന രീതി വന്നത്. ഇതുവഴി ഉത്പാദനത്തില്‍ വലിയ മുന്നേറ്റമുണ്ടായി. എന്നാല്‍, അശാസ്ത്രീയമായ ഉപയോഗം ഇന്ന് ശാസ്ത്രത്തെയും കൃഷിയെയും ആളുകള്‍ തള്ളിപ്പറയുന്ന സ്ഥിതിവിശേഷത്തിലെത്തിച്ചു.

ഹൈടെക് കൃഷി

ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ആവശ്യമായ സമയത്ത് ആവശ്യമായ സ്ഥലത്ത് ആവശ്യമായ അളവില്‍ നല്കുന്നതിനെയാണ് ഹൈടെക് ഫാമിംഗ് അഥവാ കൃത്യതാ കൃഷി എന്ന് പറയുന്നത്. കൃഷിക്ക് ആവശ്യമായ വിത്ത്, വളം, മണ്ണ്, ജലം എന്നിവയുടെ സൂക്ഷ്മവും കൃത്യവുമായുള്ള ഉപയോഗമാണ് ഇവിടെ നടക്കുക. പ്രധാനമായും അഞ്ചു കാര്യങ്ങളാണ് ഹൈടെക് ഫാമിംഗില്‍ ഉള്‍പ്പെടുക.
1. മൈക്രോ ഇറിഗേഷന്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഷന്‍
ചെടികള്‍ക്ക് ആവശ്യമായ ജലവും വളങ്ങളും തുള്ളിനന രീതിയില്‍ നല്കുന്നതാണിത്. ഇതുവഴി 95 ശതമാനം കാര്യക്ഷമതയോടെ ജലസേചനം നടത്താന്‍ കഴിയും.
2. സംരക്ഷിത കൃഷി
പോളിഹൗസ്, മഴമറ തുടങ്ങിയവയാണ് ഹൈടെക് ഫാമിംഗ് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. കടലില്‍ വന്നു പതിക്കുന്ന കൈത്തോടുകള്‍ പോലെയാണ് ഹൈടെക് ഫാമിംഗും പോളിഹൗസ്/മഴമറ കൃഷിയും തമ്മിലുള്ള ബന്ധം. സംരക്ഷിതകൃഷിയില്‍ നാലു ഘടകങ്ങളുണ്ട്. തുറസായ സ്ഥലത്തെ കൃഷി, പോളിഹൗസ് കൃഷി, മഴമറകൃഷി, നെറ്റ് ഹൗസ് കൃഷി.
3. ക്രോപ് ജ്യോമെട്രി
വിളകള്‍ തമ്മിലുള്ള വരിയും ഇടയും കൃത്യമായ അളവിലായിരിക്കണം. ശാസ്ത്രീയമായ ഇടയളവു സ്വീകരിക്കുന്നലൂടെ ഒരു സ്ഥലത്ത് പരമാവധി ചെടികള്‍ നട്ട് പരമാവധി വിളവെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.
4. വേരിയബിള്‍ റേറ്റ്
ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ആവശ്യമായ സമയത്ത് ആവശ്യമായ സ്ഥലത്ത് ആവശ്യമായ അളവില്‍ നല്കുന്നതിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
5. ഐഡിപിഎം അഥവാ ഇന്റഗ്രേറ്റഡ് പെസ്റ്റ് ആന്‍ഡ് ഡിസീസ് മാനേജ്‌മെന്റ്
രോഗങ്ങളും കീടങ്ങളുടെ ആക്രമണങ്ങളും വരാതിരിക്കാതെ നോക്കുകയാണ് ഈ രീതി. വന്നാല്‍ രോഗമുള്ളിടത്തു മാത്രം ചികിത്സിക്കുക.

അക്വാപോണിക്‌സ്

കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയില്‍ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്‌സ്. വെള്ളത്തിലെ കൃഷി അഥവാ അക്വാകള്‍ച്ചറും മണ്ണില്ലാത്ത കൃഷി അഥവാ ഹൈഡ്രോ പോണിക്‌സും സംയോജിപ്പിച്ചു നടത്തുന്ന കൃഷിയാണ് അക്വാ പോണിക്‌സ്. ചെടിയും മത്സ്യങ്ങളെയും തമ്മില്‍ ബന്ധപ്പിച്ചാണ് ഈ കൃഷിരീതി. മത്സ്യങ്ങളുടെ വിസര്‍ജ്യത്തില്‍നിന്നുള്ള നൈട്രജനും മറ്റും ചെടികള്‍ സ്വീകരിച്ചാണ് ഇവിടെ കൃഷി നടക്കുക.

ഹൈഡ്രോപോണിക്‌സ്

മണ്ണില്ലാത്ത കൃഷിയാണിത്. ഗ്രാവലിലും കല്‍ച്ചീളുകളിലും മറ്റും പോഷകഗുണമുള്ള വെള്ളത്തിന്റെ സാന്നിധ്യത്തില്‍ കൃഷി നടത്തുന്ന രീതി. ഇവിടെ ചെടികള്‍ക്കാവശ്യമുള്ള പോഷകങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ചാണ് നല്കുക.

ആവര്‍ത്തന കൃഷി

ഒരു വിളതന്നെ കൃത്യമായതോ അല്ലാത്തതോ ആയ ഇടവേളകളില്‍ വീണ്ടും കൃഷി ചെയ്യുന്നതിനെയാണ് ആവര്‍ത്തനകൃഷി എന്നു പറയുക. റബര്‍, നെല്ല്, കപ്പ തുടങ്ങിയവായാണ് സാധാരണ ആവര്‍ത്തനകൃഷിയായി നടത്തുക. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ ചെടികള്‍ക്ക് ആവശ്യമായ പോഷകമൂലകങ്ങളുടെ ലഭ്യത മണ്ണില്‍ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

സമ്മിശ്രകൃഷി

ഒരു വിളമാത്രം കൃഷിചെയ്യാതെ വിവിധ തരം വിളകള്‍ ഒരു സ്ഥലത്ത് ഇടകലര്‍ത്തി ചെയ്യുന്ന കൃഷിരീതിയാണ് സമ്മിശ്രകൃഷി. എല്ലാ വിളയില്‍നിന്നു മെച്ചപ്പെട്ട വരുമാനം ലഭിക്കും എന്ന പ്രത്യേകതയും ഈ രീതിക്കുണ്ട്.

വിളപരിക്രമണം

ഓരോ ചെടികള്‍ക്കും വ്യത്യസ്ത രീതിയിലായിരിക്കും മണ്ണില്‍നിന്നുള്ള പോഷകങ്ങളുടെ ആവശ്യം. ഇത് കൃത്യമായി ഉപയോഗിക്കാന്‍ വിളപരിക്രണം അഥവാ ക്രോപ് റൊട്ടേഷന്‍ ആവശ്യമാണ്. ഒരേ വിളതന്നെ ആവര്‍ത്തിക്കാതെ വിളകള്‍ മാറിമാറി ചെയ്യുന്ന രീതിയാണിത്.


ഞാറ്റുവേല

രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാന്‍ സൂര്യനുവേണ്ട കാലയളവാണു ഞാറ്റുവേല എന്നറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകളുണ്ട്. 27 ഞാറ്റുവേലകള്‍ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ് നല്‍കിയിരിക്കുന്നത്. സൂര്യന്‍ ഏത് നക്ഷത്രത്തിന്റെ കൂടെ നില്‍കുന്നുവോ ആ നക്ഷത്രത്തിന്റെ പേരില്‍ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യന്‍ ഒരു നക്ഷത്രത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകര്‍ച്ച എന്നോ ഞാറ്റുവേലപ്പോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നില്‍കും.

കേരളീയര്‍ ഞാറ്റുവേലക്കൊത്ത് കാര്‍ഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളീയരെ സംബന്ധിച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലും ഊന്നി ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിര്‍ണയിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഞാറ്റുവേല സങ്കല്പം.

ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും ഏറ്റവും പ്രായോഗികമായും തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയര്‍, ചെറുപയര്‍, ഉഴുന്ന് തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ് എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിനു മകം ഞാറ്റുവേലയും ഉത്തമമാണ്. ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികള്‍ക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം. നെല്‍കൃഷിക്കും ഇത്തരത്തില്‍ ഞാറ്റുവേല സമയങ്ങള്‍ കൃഷിഗീതയില്‍ പ്രസ്താവിച്ചു കാണുന്നു. ഭരണി ഞാറ്റുവേലയില്‍ മത്തന്‍, കുമ്പളം, കയ്പ, വെണ്ട എന്നിവയുടെ വിത്തു കുത്താം.

ചെടികള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍

17 മൂലകങ്ങളാണ് വിവിധ അളവുകളില്‍ സസ്യങ്ങള്‍ക്ക് ആവശ്യം. ഇതില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ (കൂടിയ അളവില്‍ വേണ്ട ഇവ മൂന്നും വായുവില്‍നിന്നും ജലത്തില്‍നിന്നും ചെടികള്‍ക്ക് കിട്ടുന്നു), നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നവ പ്രാഥമിക സസ്യപോഷകമൂലകങ്ങളായും സള്‍ഫര്‍, കാത്സ്യം, മഗ്നീഷ്യം എന്നിവ ദ്വിതീയ പോഷകമൂലകങ്ങളായും തരംതിരിച്ചിരിക്കുന്നു. ഇരുമ്പ്, മാംഗനീസ്, ചെമ്പ്, ബോറോണ്‍, മോളിബിഡിനം, ക്ലോറിന്‍, നിക്കല്‍, സിങ്ക് എന്നിവ സൂക്ഷ്മമൂലകങ്ങളാണ്.

സീറോ ബജറ്റ് ഫാമിംഗ്

മണ്ണിലെ ജൈവാംശമാണ് ചെടികള്‍ക്ക് വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടനം. ചെടികള്‍ക്ക് ഇവ നേരിട്ട് ആഗിരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ അവ വിഘടിപ്പിക്കുന്നത് മണ്ണിലെ സൂക്ഷ്മ ജീവികളാണ്. നാടന്‍ പശുക്കളുടെ ചാണകം വഴി മണ്ണിലെ സൂക്ഷ്മാണുക്കളുടെ അളവ് വര്‍ധിപ്പിക്കുകയാണ് ഈ രീതിയിലൂടെ ചെയ്യുന്നത്. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ 300 മുതല്‍ 500 കോടി വരെ സൂക്ഷ്മ ജീവികളാണുള്ളതെന്നാണ് സീറോ ബജറ്റ് ഫാമിംഗിന്റെ ഉപജ്ഞാതാവായ സുഭാഷ് പാലേക്കറുടെ കണ്ടെത്തല്‍. അതത് പ്രദേശത്തുള്ള നാടന്‍ കന്നുകാലികള്‍ക്കാണ് ഈ സവിശേഷത കൂടുതല്‍. എന്നാല്‍, പലേക്കറുടെ രീതിയെ എതിര്‍ക്കുന്ന വിഭാഗവും ഉണ്ട്. ചെലവില്ലാ കൃഷി എന്നു പറയുമ്പോഴും ഇവിടെ ചൂഷണവും നടക്കുന്നു. ആര്‍ക്കും വേണ്ടാതിരുന്ന നാടന്‍ പശുക്കളുടെ വില കുത്തനെ കയറി.




No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...