Sunday, 18 December 2016

ജയന്റ് ഗൗരാമിയും ഫംഗസ്ബാധയും

ജയന്റ് ഗൗരാമിമത്സ്യങ്ങള്‍ക്ക് വളരെ വേഗം ബാധിക്കുന്നതും മരണകാരണമാകുന്നതുമായ അസുഖമാണ് ഫംഗസ് ബാധ. ശരീരത്തില്‍ വെളുത്ത പാടയായി രൂപപ്പെട്ട് മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് വരും. മൂക്കും ചെകിളയും വായുമെല്ലാം വെളുത്ത പാടയാല്‍ മൂടപ്പെടുന്നതിനാലാണ് ശ്വസിക്കാന്‍ പറ്റാതെവരുന്നത്. കൃത്യമായ പരിചരണം നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 24 മണിക്കൂറിനുള്ള മത്സ്യങ്ങള്‍ ചാവുകയും ചെയ്യും. ഗൗരാമികളില്‍ കുഞ്ഞുങ്ങള്‍ ഒരു പരിധിവരെ ഫംഗസ് ബാധയെ ചെറുക്കുമെങ്കിലും വലിയ മത്സ്യങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാറില്ല. അവയ്ക്ക് കൃത്യമായ പരിചരണം നല്കാന്‍ കഴിയാത്തതുതന്നെ കാരണം.


രോഗത്തിനു കാരണം

ശുദ്ധജല മത്സ്യങ്ങളായ ഗൗരാമികള്‍ തെളിഞ്ഞ വെള്ളത്തേക്കാളേറെ പായല്‍ നിറഞ്ഞ് പച്ച നിറത്തിലായ ജലാശയം ഇഷ്ടപ്പെടുന്നവരാണ്. തെളിഞ്ഞ വെള്ളത്തില്‍ നേരിട്ട് സൂര്യപ്രകാശംകൂടി ശരീരത്തില്‍ അടിക്കുമ്പോഴാണ് ഗൗരാമികള്‍ക്ക് ഫംഗസ്ബാധയേല്‍ക്കുന്നത്.

ഗൗരാമികള്‍ക്ക് തങ്ങള്‍ വസിക്കുള്ള ജലാശത്തിലെ വെള്ളത്തിന് അത്യാവശ്യം ചൂട് ആവശ്യമാണ്. അതിന് സൂര്യപ്രകാശം വേണം. എന്നാല്‍, നേരിട്ട് സൂര്യപ്രകാശം അവയ്ക്ക് ആവശ്യമില്ല. തെളിഞ്ഞ ജലാശയവും നേരിട്ടുള്ള സൂര്യപ്രകാശവുമാണ് ഫംഗസ്ബാധ അവയ്ക്കുണ്ടാക്കും. കൂടാതെ ജലാശയം മാറുമ്പോഴും ഇതുണ്ടാകാറുണ്ട്.


രോഗം വന്നാല്‍

രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യങ്ങളെ ഉടന്‍ മാറ്റി ചെറിയ ജലാശയത്തിലേക്കാക്കണം (അക്വേറിയം പോലുലുള്ള ചെറു ടാങ്കുകളാണ് നല്ലത്). വെയില്‍ ഏല്‍ക്കാത്ത സ്ഥലത്ത് വയ്ക്കം. വെള്ളത്തിന് ഇളം നീല നിറം വരുന്ന വിധത്തില്‍ മെത്തിലിന്‍ ബ്ലൂ ലായനി ഒഴിക്കുകയോ അല്ലെങ്കില്‍ ചെറിയ തോതില്‍ ഉപ്പ് നല്കുകയോ ചെയ്യാം. 24 മണിക്കൂറും എയറേഷന്‍ നല്കണം. ഇങ്ങനെ ഒരാഴ്ചയോളം ട്രീറ്റ് ചെയ്‌തെടുത്താല്‍ രക്ഷപ്പെടുത്തിയെടുക്കാനാകും. മെത്തിലിന്‍ ബ്ലൂ വാങ്ങുമ്പോള്‍ നിലവാരമുള്ളത് വാങ്ങാന്‍ ശ്രദ്ധിക്കണം. ഷോപ്പുകളില്‍ ലഭിക്കുന്ന ഫംഗ് റിഡ് പോലുള്ള ചെറു ലായനികള്‍ വേണ്ടവിധത്തില്‍ ഫലം ചെയ്യില്ല.

രോഗം വരാതിരിക്കാന്‍

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഗൗരാമിപോലെ വിലയേറിയ മത്സ്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ടത്ര ശ്രദ്ധ നല്കിയില്ലെങ്കില്‍ ധനനഷ്ടം ഉറപ്പാണ്. ജയന്റ് ഗൗരാമികളെ വാങ്ങി പുതിയ കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ (വലിയ മീനാണെങ്കിലും ചെറിയ മീനാണെങ്കിലും) കുളത്തില്‍ മിനിമം സാഹചര്യങ്ങള്‍ ഒരുക്കിയിരിക്കണം. പുതിയ വെള്ളം നിറച്ച് പച്ചച്ചാണകം കലക്കി ഒരണ്ടാഴ്ചയെങ്കിലും കഴിഞ്ഞശേഷം മാത്രമേ മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ പാടുള്ളൂ. ആല്‍ഗയുടെ വളര്‍ച്ച കൂട്ടി വെള്ളം പച്ചനിറത്തിലാക്കാന്‍വേണ്ടിയാണിത്. ഇനി ചാണകം കലക്കാന്‍ മടിയാണെങ്കില്‍ തെളിഞ്ഞ വെള്ളത്തില്‍ വെയില്‍ അടിക്കാതെ വേണ്ടത്ര മറ നല്കണം. ഒരാഴ്ചകൊണ്ട് വെള്ളത്തില്‍ പായല്‍ നിറഞ്ഞുകൊള്ളും.

സംശയനിവാരണത്തിന്
ഐബിന്‍ കാണ്ടാവനം
ജയന്റ് ഗൗരാമി ഫാമിംഗ് ആന്‍ഡ് 
ബ്രീഡിംഗ് കണ്‍സള്‍ട്ടന്റ്
9539720020



ജയന്റ് ഗൗരാമികളെക്കുറിച്ചുള്ള മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം.





ജയന്റ് ഗൗരാമി;   അറിഞ്ഞിരിക്കാന്‍ അല്പം കാര്യം

ജയന്റ് ഗൗരാമികളുടെ പ്രത്യേക ശ്വസനാവയവം
കുഞ്ഞുങ്ങളുടെ കൃത്രിമ പരിചരണം
ജയന്റ് ഗൗരാമികള്‍ക്ക് പ്രജനനത്തിനായി കൂടുകള്‍ നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍

ജയന്റ് ഗൗരാമികളുടെ ലിംഗനിര്‍ണയം
ജയന്റ് ഗൗരാമിയും കൃത്രിമ തീറ്റയും
ജയന്റ് ഗൗരാമിയും മുട്ടയും
ജയന്റ് ഗൗരാമി: തെറ്റിദ്ധാരണകള്‍ പരത്തരുത്

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...