Wednesday 19 April 2017

സസ്തനികള്‍

കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുന്ന ജീവികളാണ് സസ്തനികള്‍. അമ്മയുടെ സ്‌നേഹം ഇത്തരത്തില്‍ അനുഭവിച്ചറിയാന്‍ കഴിയുന്നത് സസ്തനിവര്‍ഗത്തിലെ കുഞ്ഞുങ്ങള്‍ക്കു മാത്രമാണ്.


മറ്റു ജീവിവര്‍ഗങ്ങളിലില്ലാത്ത സവിശേഷതകള്‍

1. മധ്യകര്‍ണത്തില്‍ മൂന്ന് അസ്ഥികള്‍.
2. ശരീര രോമങ്ങള്‍.
3. ക്ഷീരഗ്രന്ഥികള്‍.
എല്ലാ സസ്തനികളുടെയും വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ശരീരത്തില്‍ രോമങ്ങള്‍ ഉണ്ടാവാറുണ്ട്. കൂടുതല്‍ ഇനങ്ങള്‍ക്ക് ജീവിതകാലം മുഴുവനും ശരീരത്തില്‍ രോമങ്ങളുണ്ടാകും. ജലത്തിലെ സസ്തനികളായ തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും ഭ്രൂണാവസ്ഥയില്‍ ശരീരത്തില്‍ രോമങ്ങളുണ്ട്. കെരാറ്റിന്‍ എന്ന പ്രോട്ടീന്‍കൊണ്ടാണ് സസ്തനികളുടെ രോമങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. സസ്തനികളുടെ ശരീരത്തിലെ രോമാവരണത്തിന് നിരവധി ധര്‍മങ്ങളുണ്ട്.


താപനിലയിലുള്ള വ്യതിയാനങ്ങളില്‍നിന്നു ശരീരത്തെ സംരക്ഷിക്കുകയാണ് രോമങ്ങളുടെ പ്രധാന കര്‍ത്തവ്യം. പൂച്ച, എലി പോലുള്ള മീശയുള്ള ജീവികള്‍ ചുറ്റുപാടുമുള്ള വസ്തുക്കള്‍ സ്പര്‍ശിച്ചറിയാന്‍ മീശരോമങ്ങള്‍ ഉപയോഗിക്കുന്നു. മിക്ക ജീവികളുടെയും രോമങ്ങള്‍ അവയുടെ ആവാസവ്യവസ്ഥയുമായി ഇണങ്ങുന്നവയായിരിക്കും. ഇരപിടിയന്മാരില്‍നിന്നു രക്ഷപ്പെടാന്‍ ഇത് അവയെ സഹായിക്കും.  ഇരപിടിയന്മാരായ ജീവികള്‍ക്കും ഇരകളെ പിടിക്കാന്‍ സഹായകമാകാറുണ്ട്.
രണ്ടു തവണ മുളയ്ക്കുന്ന പല്ലുകള്‍, ഒരെല്ലു മാത്രമുള്ള കീഴ്ത്താടി, നാലറകളുള്ള ഹൃദയം,  ഉരസിനെയും ഉദരത്തെയും വേര്‍തിരിക്കുന്ന ഡയഫ്രം, ഏറെ വികാസം പ്രാപിച്ച തലച്ചോറ്, ഉഷ്ണരക്തം എന്നിവ സസ്തനികളുടെ പൊതുവായ പ്രത്യേകതകളാണ്.
ഇത്രയൊക്കെ പ്രത്യേകതകള്‍ എല്ലാ സസ്തനികളിലുമുണ്ടെങ്കിലും വലുപ്പത്തിലും ആവാസസ്ഥലങ്ങളിലും മറ്റും വലിയ വൈവിധ്യം സസ്തനികള്‍ക്കിടയിലുണ്ട്. ഏറ്റവും ചെറിയ സസ്തനികള്‍ പിഗ്മി ഷ്‌റൂവും ചില വവ്വാലുകളുമാണ്. ഏറ്റവും വലിയ സസ്തനിയാവട്ടെ നീലത്തിമിംഗലമാണ്. ഏറ്റവും ചെറിയ സസ്തനിക്ക് മൂന്നു ഗ്രാം മാത്രമേ ഭാരമുള്ളൂ എങ്കില്‍ ഏറ്റവും വലുതിന് 160 മെട്രിക് ടണ്‍ (1,60,000 കിലോഗ്രാം) ഭാരമാണുള്ളത്. 

സസ്തനികളുടെ ജ്ഞാനേന്ദ്രിയങ്ങള്‍

  • കണ്ണ് - ഒരു ജോടി കണ്ണുകളാണ് കാഴ്ച സാധ്യമാക്കുന്നത്.
  • മൂക്ക് - ഗന്ധം തിരിച്ചറിയാന്‍ മൂക്ക് സഹായിക്കുന്നു. നാസാരന്ധ്രങ്ങളിലുള്ള അനേകം ഘ്രാണഗ്രാഹികള്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. സ്വാദ് എന്ന അനുഭവം ഉണ്ടാകുന്നത് രുചിയും ഗന്ധവും ചേര്‍ന്നാണ്.
  • ചെവി - ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരകര്‍ണം എന്നീ മൂന്നു ഭാഗങ്ങളുള്ളവയാണ് ശ്രവണേന്ദ്രിയങ്ങള്‍.
  • നാക്ക് - നാക്കിലും കവിളിനുള്ളിലും തൊണ്ടയിലുമുള്ള രുചിമുകുളങ്ങളാണ് രുചിയറിയാന്‍ സഹായിക്കുന്നത്. വിവിധ രുചികള്‍ രുചിമുകളത്തില്‍നിന്നു നാഡികള്‍ വഴി തലച്ചോറിലെത്തുകയും തലച്ചോറിന്റെ രുചികേന്ദ്രം വിവിധ രുചികള്‍ തിരിച്ചറിയുകയും ചെയ്യുന്നു.
  • ത്വക്ക് - സസ്തനികളുടെ സ്പര്‍ശനാവയവമാണ് ത്വക്ക്. ചൂട്, തണുപ്പ്, മര്‍ദം, വേദന എന്നിവ തിരിച്ചറിയാനുള്ള ഗ്രാഹികളും ത്വക്കിലുണ്ട്.

സസ്തനികളിലെ വിഭാഗങ്ങള്‍

1. മുട്ടയിടുന്ന സസ്തനികള്‍

പ്ലാറ്റിപ്പസ്
കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനു പകരം മുട്ടയിടുന്നവരാണ് ഈ വിഭാഗത്തിലെ ജീവികള്‍.  പ്ലാറ്റിപ്പസ്, എക്കിഡ്‌ന എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്. മറ്റു സസ്തനികളില്‍നിന്നു വ്യത്യസ്തമായി  പ്രസവിക്കാതെതന്നെ മുലയുട്ടാന്‍ ഇക്കൂട്ടര്‍ക്കു കഴിയും. 

 

 

2. സഞ്ചിമൃഗങ്ങള്‍

മാര്‍സൂപ്പിയലുകള്‍ അഥവാ സഞ്ചിമൃഗങ്ങളും സസ്തനികളില്‍പ്പെടുന്നവയാണ്. പ്ലാസന്റയുള്ള സസ്തനികളില്‍നിന്നു വ്യത്യസ്തമായി ഉദരത്തിന്റെ മുന്‍ഭാഗത്തു സഞ്ചിയുള്ള മൃഗങ്ങളാണ് മാര്‍സൂപ്പിയലുകള്‍. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ മാതാവിന്റെ ഉദരത്തിലുള്ള സഞ്ചിയിലിരുന്ന് പാലു കുടിച്ചാണ് പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്.
ഒപ്പോസം, ബില്‍ബി, ഈസ്റ്റേണ്‍ ബാര്‍ഡ് ബാന്‍ഡികോട്ട്, ടാസ്മാനിയന്‍ ഡെവിള്‍, ഡൈഗര്‍  ക്വോള്‍, ഡിബ്ലര്‍, നുംബാറ്റ്, മാര്‍സൂപ്പിയല്‍ മോള്‍, കങ്കാരു, വൊലെബി, കസ്‌ക്കസ്, കൊവാല, വൊംബാറ്റ് തുടങ്ങിയവ സഞ്ചിമൃഗങ്ങളാണ്.

 

3. പ്ലാസന്റയുള്ള സസ്തനികള്‍

സസ്തനികളില്‍ വലിയൊരു ശതമാനവും പ്ലാസന്റയുള്ളവയാണ്. അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞിനെ അമ്മയുമായി ബന്ധിപ്പിക്കുന്നത് പ്ലാസന്റയാണ്. വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളും ഓക്‌സിജനും അമ്മയുടെ ശരീരത്തില്‍നിന്ന് പ്ലാസന്റയിലുടെ കുഞ്ഞിനു ലഭിക്കുന്നു.

പ്രസവിക്കുന്ന സസ്തനികളെ അവയുടെ സ്വഭാവ സവിശേഷതകളനുസരിച്ച് വിവിധരീതിയില്‍ തരംതിരിച്ചിട്ടുണ്ട്

ഇരട്ടക്കുളന്പുള്ളവ

പാദങ്ങളില്‍ ഇരട്ടക്കുളന്പുള്ള (2, 4, ...) മൃഗങ്ങളാണിവ. ഭൂമുഖത്തുള്ളവയില്‍ താരതമ്യേന വലുപ്പമുള്ളവയും സസ്യഭുക്കുകളുമായ മൃഗങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. പന്നി, ഹിപ്പോപൊട്ടാമസ്, ഒട്ടകം, മാനുകള്‍, ജിറാഫ്, പശു, ആട് തുടങ്ങിയ മൃഗങ്ങള്‍ ഇരട്ടക്കുളന്പുള്ളവയാണ്.

ഒറ്റക്കുളന്പുള്ളവ

പാദത്തില്‍ ഒറ്റക്കുളന്പുള്ള (1, 3, ...) മൃഗങ്ങളാണ് ഈ വിഭാഗത്തില്‍ പെടുക. സസ്യഭുക്കുകളാണ്. കുതിര, കഴുത, സീബ്ര, ടാപ്പിര്‍, കാണ്ടാമൃഗം തുടങ്ങിയ മൃഗങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു.

മാംസഭോജികള്‍

പൂച്ചവര്‍ഗങ്ങളും നായവര്‍ഗങ്ങളുമാണ് ഈ വിഭാഗത്തിലെ പ്രധാനികള്‍. മാംസഭുക്കിന്റെ ഗണത്തിലാണെങ്കിലും മിശ്രഭുക്കുകളായ ചില ജീവികളും ഈ ഗണത്തില്‍ ഉള്‍പ്പെടും. ചീറ്റ, കഴുതപ്പുലി, കീരി, കടുവ, സിംഹം, കുറുക്കന്‍, നായ, കരടി, നീര്‍നായ, പൂച്ച, കടലാന തുടങ്ങിയ മൃഗങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്.

 

പ്രാണികളെ ആഹാരമാക്കുന്നവ

മുള്ളെലി
പ്രാണികളെയും ഷഡ്പദങ്ങളെയും മറ്റും പ്രധാനമായും ആഹാരമാക്കുന്ന സസ്തനിവര്‍ഗമാണിത്. ട്രീ ഷ്രൂസും മുള്ളെലിയുമൊക്കെ ഈ വിഭാഗത്തിലാണുള്ളത്.

വവ്വാലുകള്‍

പറക്കുന്ന സസ്തനിയാണ് വവ്വാല്‍. പറക്കുന്നതിനാല്‍ മൃഗങ്ങളുടെ കൂട്ടത്തിലും പ്രസവിക്കുന്നതിനാല്‍ പക്ഷികളുടെ കൂട്ടത്തിലും ഇവയെ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

 

 ലഗൊമോര്‍ഫ

മുയലുകള്‍ ഉള്‍പ്പെടുന്ന വിഭാഗമാണിത്.

 

 

പല്ലില്ലാത്തവ

ഉറുന്പുതീനി
ഉറുന്പുതീനി, സ്ലോത്ത് തുടങ്ങിയവ ഉള്‍പ്പെടുന്ന വിഭാഗം.

 

 

കരണ്ടുതീനികള്‍

സസ്തനികളിലെ ഒരു പ്രധാന വിഭാഗം. ദിവസേന വളരുന്ന ഉളിപ്പല്ലുകളാണ് ഇക്കൂട്ടരുടെ പ്രത്യേകത. എലികള്‍, അണ്ണാന്‍, മുള്ളന്‍പന്നി, ബീവര്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്.

ജലത്തിലെ സസ്തനികള്‍

പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജലജീവികളാണ് തിമിംഗലവും ഡോള്‍ഫിനുകളും. അതുകൊണ്ടുതന്നെ സസ്തനി വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

പ്രൈമേറ്റുകള്‍

മനുഷ്യനുള്‍പ്പെടെ അടങ്ങിയിട്ടുള്ള വിഭാഗമാണ് പ്രൈമേറ്റുകള്‍. വിവിധയിനം കുരങ്ങുകള്‍ ഈ വിഭാഗത്തില്‍ത്തന്നെയുള്ളവയാണ്. ഗോറില്ല, ചിന്പാന്‍സി, ബബൂണ്‍, ലെമര്‍, ഗിബ്ബണ്‍, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ് എന്നിങ്ങനെ എല്ലാ കുരങ്ങിനങ്ങളും ഇതില്‍ ഉള്‍പ്പെടും. 


ഐബിന്‍ കാണ്ടാവനം

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...