Saturday, 29 April 2017

ചങ്ങാത്തംകൂടാന്‍ വെള്ളരിപ്രാവുകള്‍

പാലൂട്ടുന്ന പക്ഷി, അതാണ് പ്രാവുകള്‍. സസ്തനികള്‍ക്കു മാത്രമാണ് പാലൂട്ടാനുള്ള കഴിവുള്ളതെങ്കിലും പക്ഷികളായ പ്രാവുകള്‍ക്ക് ഇത് ക്രോപ് എന്ന അവയവമാണ് സാധ്യമാക്കുന്നത്.
തൊണ്ടയുടെ ഭാഗത്ത് അന്നനാളത്തില്‍ ചെറിയ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ക്രോപ് എന്ന അവയവത്തിലെ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് പീജിയന്‍ മില്‍ക്ക് എന്നറിയപ്പെടുന്നത്. ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇവയില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ പശുവിന്‍പാല്‍, മുലപ്പാല്‍ എന്നിവയിലേതിനേക്കാളും കൂടുതലാണ്. രോഗപ്രതിരോധശക്തി നല്‍കുന്ന ആന്റിബോഡീസ് ഘടകവും കൂടുതലായിട്ടുണ്ട്.
കൊളന്പ ലിവിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പ്രാവുകള്‍ സാധാരണ കറുപ്പ്, വെള്ള, ചാര, ഇളംചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുക. ചിറകുകളുടെ അഗ്രഭാഗങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതിനാലാണ് ഇവ പറക്കുന്‌പോള്‍ കൈയടി പോലുള്ള ശബ്ദം ഉണ്ടാവുന്നത്.

കൂട്

ചെറിയ കന്പുകളും പുല്ലും ഉപയോഗിച്ചാണ് പ്രാവുകള്‍ പ്രജനനത്തിനായി കൂടൊരുക്കുക. കൂടൊരുക്കുന്നതിനുള്ള വസ്തുക്കള്‍ ശേഖരിക്കുന്നതും കൂടൊരുക്കുന്നതും ആണ്‍പ്രാവുകളാണ്.
അഴിച്ചുവിട്ട് വളര്‍ത്തുന്നതിനേക്കാളുപരി മുന്തിയ ഇനം പ്രാവുകളെ കൂട്ടിലടച്ചാണ് വളര്‍ത്തുക. അതുകൊണ്ടുതന്നെ അത്യാവശ്യം വലുപ്പമുള്ള കൂടൊരുക്കുന്നതാണ് നല്ലത്. പറക്കാനുള്ള സൗകര്യം കൂടിനുള്ളില്‍ വേണമെന്നു സാരം. ചെറിയ കണ്ണിയുള്ള ഇരുന്പുവല ഉപയോഗിച്ചാല്‍ പാന്പ്, എലി തുടങ്ങിയ ശത്രുക്കളില്‍നിന്ന് സംരക്ഷിക്കാം.
പ്രാവുകള്‍ സമാധാനപ്രിയരെന്നു പറയുന്നുണ്ടെങ്കിലും തങ്ങളുടെ സ്ഥലങ്ങളിലേക്ക് പുതുതായി എത്തുന്നവരെ ആക്രമിക്കുന്ന സ്വഭാവമുണ്ട്. അതിനാല്‍ കൂടുകളില്‍ കഴിയുന്ന പ്രാവുകള്‍ക്കിടയിലേക്ക് പുതിയവയെ കൊണ്ടുവരുന്‌പോള്‍ കൂടുതല്‍ ശ്രദ്ധ നല്കണം. വലിയ പ്രാവുകള്‍ തമ്മില്‍ വഴക്കുണ്ടായാലും കൂട്ടില്‍ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അവ ആക്രമിക്കില്ല എന്നുള്ളത് പ്രാവുകളുടെ പ്രത്യേകതയാണ്.

ഭക്ഷണം

ധാന്യങ്ങള്‍, വിത്തുകള്‍, പച്ചിലകളൊക്കെയാണ് പ്രധാന ഭക്ഷണം. കൂട്ടില്‍ വളര്‍ത്തുന്‌പോള്‍ ആവശ്യാനുസരണം വിറ്റാമിന്‍, കാത്സ്യം സിറപ്പുകള്‍ കുടിവെള്ളത്തില്‍ ചേര്‍ത്ത് നല്കുന്നത് നല്ലതാണ്. ശുദ്ധജലം കൂടുകളില്‍ യഥേഷ്ടം ലഭ്യമാക്കണം. കുഞ്ഞുങ്ങളുള്ളവയ്ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റ നല്കുന്നത് നല്ലതാണ്.

ആയുസ്

കൂടുകളില്‍ വളര്‍ത്തുന്ന പ്രാവുകള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നതിനാല്‍ ശരാശരി 15 വര്‍ഷം വരെ ജീവിച്ചിരിക്കും. അതേസമയം പ്രകൃതിയില്‍ ജീവിക്കുന്ന പ്രാവുകളുടെ ആയുസ് കുറവാണ്.

റോക്ക് പ്രാവുകളില്‍നിന്നാണ് ഇന്നു കാണുന്ന ഫാന്‍സി പ്രാവുകള്‍ രൂപപ്പെട്ടത്. മേനിയളവുകള്‍, കഴുത്ത്, ആകൃതി, തലയെടുപ്പ് എന്നിവതന്നെ പ്രാവുകളുടെ പാരന്പര്യം നിര്‍ണയിക്കുന്ന ഘടകങ്ങള്‍. കാലുകളുടെ നീളം, ഉടല്‍ നീളം, കണ്‍വളയങ്ങള്‍, ചുണ്ടുകള്‍ എന്നിവയുടെ വ്യത്യസ്തതയാണ് വിവിധ ഇനങ്ങളെ സൃഷ്ടിക്കുന്നത്.

പ്രജനനം

5-6 മാസത്തില്‍ പ്രായപൂര്‍ത്തിയാകുന്ന പ്രാവുകള്‍ ഇണചേര്‍ന്നതിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യ മുട്ടയിടും. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ മുട്ടയുമിടും. രണ്ടു മുട്ടകളാണ് ഒരു തവണ ഇടുക. ആദ്യമുട്ട എടുത്തുമാറ്റി രണ്ടാമത്തെ മുട്ടയിട്ടതിനുശേഷം തിരിച്ചു കൂട്ടില്‍വച്ചാല്‍ രണ്ടു മുട്ടകളും ഒരുമിച്ച് വിരിയുന്നതിന് ഉപകരിക്കും. ചില പ്രാവുകള്‍ രണ്ടാമത്തെ മുട്ടയിട്ടതിനുശേഷം മാത്രമേ അടയിരിക്കല്‍ ആരംഭിക്കാറുള്ളൂ. രണ്ടു മുട്ടയും ഒരുമിച്ചു വിരിയുന്നതിനുവേണ്ടിയാണിത്. മാതാപിതാക്കള്‍ രണ്ടു പേരും മാറിമാറി അടയിരിക്കും.
18 ദിവസംകൊണ്ട് മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 4-6 ആഴ്ച പ്രായമാകുന്‌പോള്‍ മാതാപിതാക്കളില്‍നിന്നു വേര്‍പിരിയും. കൃത്യമായ ഭക്ഷണം ലഭ്യമാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വളര്‍ന്നുതുടങ്ങിക്കഴിയുന്‌പോഴേ പെണ്‍പ്രാവ് അടുത്ത മുട്ടയിടീലിനു തയാറാകും. വേനല്‍ക്കാലത്ത് പ്രജനനം അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. പൂതശല്യം (പേന്‍) ഉണ്ടായാല്‍ അത് പ്രാവുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണിത്. 

 

കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ട ചില പ്രാവിനങ്ങള്‍

 ഫാന്‍ടെയില്‍
 കിംഗ്
 പൗട്ടര്‍.
 ഹോമര്‍
 കാരിയര്‍
 മൂങ്ങാ പ്രാവുകള്‍
 ട്രംബ്ലര്‍
 ഓസ്‌ട്രേലിയന്‍ റെഡ്, ബ്ലാക്ക്, ഗോള്‍ഡ്
 സിറാസ്
 ജാക്കോബിന്‍
 ഹിപ്പി



കുഞ്ഞന്‍ പ്രാവുകള്‍

10 ഇഞ്ചില്‍ താഴെ മാത്രം വലുപ്പമുള്ള പ്രാവുകളെ കുഞ്ഞന്‍ പ്രാവുകളായി (dove) കണക്കാക്കുന്നു. ഇവയ്ക്ക് മറ്റുള്ളവരേപ്പോലെ വലിയ കൂടുകള്‍ വേണ്ട. സാധാരണ ബഡ്‌ജെറിഗാറുകള്‍ക്ക് ഒരുക്കുന്ന ചെറു കൂടുകള്‍ മതിയാകും.
ഡയമണ്ട് ഡവ്
ഓസ്‌ട്രേലിയയാണ് സ്വദേശം. വെള്ളപ്പുള്ളികള്‍ വീണ തവിട്ടു ചിറകുകള്‍. ശരീരത്തിന് ചാര നിറം. പ്രായപൂര്‍ത്തിയായാല്‍ പൂവന്റെ കണ്‍വളയങ്ങള്‍ക്ക് നല്ല ചുവപ്പു നിറമായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് തൂവല്‍ പൊഴിക്കുന്ന കാലം കഴിഞ്ഞേ നിറവും പുള്ളികളും ഉണ്ടാവൂ. ഒരു ശീലില്‍ രണ്ടു മുട്ട. 13 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയും.
ഇതു കൂടാതെ കഴുത്തില്‍ വളയമുള്ള റിംഗ് ഡോവുകളും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്.

ഐബിന്‍ കാണ്ടാവനം

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...