Sunday, 9 April 2017

നായ്ക്കളോട് കൂട്ടുകൂടാം...


വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ എടുത്തു മടിയില്‍ വയ്ക്കാനും അവയെ ഒന്നു തൊട്ടു തലോടാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. വീടിനുള്ളില്‍ എവിടെയും ഓടിക്കളിക്കാനും വീട്ടംഗങ്ങളോടൊപ്പം കളിച്ചുല്ലസിക്കാനും പൂച്ചകള്‍ക്ക് എപ്പോഴും അനുമതിയുണ്ട്. എന്നാല്‍, വീടിനകത്തേക്ക് അനുമതി നിഷേധിക്കപ്പെട്ട ഒരു വിഭാഗം അരുമ മൃഗങ്ങളും മിക്ക വീടുകളിലുമുണ്ടാകും. അതെ, നമ്മുടെ വീടിനു കാവല്‍ക്കാരായ ശ്വാനവീരന്മാര്‍ തന്നെ.


പൂച്ചകള്‍ക്കുള്ളതുപോലെതന്നെ തങ്ങളുടെ യജമാനന്മാരുടെയൊപ്പം കളിക്കാനും അവരുടെ തലോടലുകള്‍ ലഭിക്കാനും നായകള്‍ക്കും ആഗ്രഹമുണ്ട്. നായ്ക്കളെ അടുത്തറിഞ്ഞിട്ടുള്ളവര്‍ക്ക് അത് അറിയാനും കഴിയും.
എത്ര അവഗണനകള്‍ നേരിട്ടാലും യജമാനസ്‌നേഹത്തില്‍ നായ്ക്കളെ കഴിഞ്ഞേ മറ്റൊരു മൃഗമുള്ളൂ. എത്രയൊക്കെ സ്‌നേഹിച്ചാലും സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയായിരിക്കും പൂച്ചകള്‍ക്ക്. ഏതായാലും പറഞ്ഞുവരുന്നത് നമ്മുടെ വീടുകാവലിനുള്ള നായ്ക്കളെക്കുറിച്ചാണ്. ഇപ്പോള്‍ വീടിനുള്ളിലും നായ്ക്കളെ വളര്‍ത്തുന്ന രീതി കേരളത്തില്‍ പ്രചാരത്തില്‍ വന്നിട്ടുണ്ട്. കേരളത്തില്‍ പ്രചാരത്തിലുള്ള ചില പ്രധാന നായ ഇനങ്ങളെ പരിചയപ്പെടാം.

ജര്‍മന്‍ ഷെപ്പേഡ് (അള്‍സേഷന്‍)

ജനപ്രീതിയില്‍ എന്നും മുന്പന്തിയില്‍ അള്‍സേഷന്‍തന്നെ. ജര്‍മനിയാണ് സ്വദേശമെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗത്തും ഇവര്‍ പ്രിയപ്പെട്ടവരാണ്. പട്ടാളത്തിലും പോലീസിലും സേവനം ചെയ്ത് കഴിവു തെളിയിച്ചവര്‍. നല്ല ബുദ്ധിയും ഗ്രഹണശക്തിയുമുള്ള ഇവര്‍ യജമാനന്റെ ഉറ്റ തോഴരായിരിക്കും. കുട്ടികള്‍ക്കും പേടികൂടാതെ അടുത്തിടപഴകാന്‍ കഴിയുന്ന ഇനമാണ്. തിങ്ങി അല്പം നീളത്തില്‍ വളരുന്ന രോമങ്ങള്‍, കൂര്‍ത്ത ചെവി എന്നിവ സവിശേഷതകള്‍. മികച്ച സംരക്ഷകനാണ്. കൃത്യ വ്യായാമവും രോമത്തിന്റെ സംരക്ഷണവും അത്യാവശ്യമാണ്. പരിശീലനമുറകള്‍ എളുപ്പം സ്വായത്തമാക്കും.

റോട്ട് വീലര്‍

കണ്ടാലേ അറിയാം ശൗര്യം. മാന്യനെന്നു തെറ്റിദ്ധരിപ്പിക്കുമെങ്കിലും ആക്രമണകാര്യങ്ങളില്‍ മുന്നിലാണ്. മികച്ച പ്രൊട്ടക്ഷന്‍ ഡോഗാണ് ഇക്കൂട്ടര്‍. വീടുകളോട് ഇണങ്ങി നില്‍ക്കുന്‌പോള്‍ സിംഗിള്‍ മാസ്റ്റര്‍ രീതിയാണെങ്കിലും മറ്റുള്ളവരോടും അടുപ്പം കാണിക്കും. കുട്ടികളെ ഇവരുമായി അടുപ്പിക്കാത്തതാണ് നല്ലത്. ചെറുപ്പത്തില്‍ത്തന്നെ പരിശീലനം നല്കിയാല്‍ ആക്രമണസ്വഭാവം കുറയ്ക്കാം. അമിത ഭാരമുണ്ടാകാതെ നോക്കണം.

ലാബ്രഡോര്‍

ഘ്രാണശക്തിയില്‍ മുന്പന്‍. ഈ സവിശേഷതകൊണ്ടുതന്നെയാണ് പോലീസില്‍ കടന്നുകൂടാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞത്. പോലീസ് വകുപ്പിലെ സ്‌നിഫര്‍ നായകളുടെ വേഷമായിരുന്നു ഇക്കൂട്ടര്‍ക്ക്. സൗഹൃദഭാവം കൂടുതലായതിനാല്‍ കാവല്‍ നായയായി ഉപയോഗിക്കാന്‍ കഴിയില്ല. കുട്ടികളുമായി അടുത്തിടപഴകാന്‍ മിടുക്കരാണ്. ദിവസവും വ്യായാമം നല്കിയില്ലെങ്കില്‍ അമിത വണ്ണമുണ്ടാകും. അമേരിക്കന്‍ കെന്നല്‍ ക്ലബ്ബിന്റെ നായ ഇനങ്ങള്‍ക്കുള്ള റാങ്കിംഗില്‍ തുടര്‍ച്ചയായി 26-ാം വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ലാബ്രഡോറാണ്.

ഡാഷ്ഹണ്ട്

കുറുകിയ കാലും ചെറിയ മുഖവും നീളമേറിയ ശരീരവുമുള്ള ഇക്കൂട്ടരെ വേട്ടയ്ക്കുവേണ്ടിയായിരുന്നു ആദ്യകാലങ്ങളിള്‍ ഉപയോഗിച്ചിരുന്നത്. വീടിനുള്ളില്‍ അരുമകളായി വളര്‍ത്താന്‍ പറ്റിയ ഇനത്തിലൊന്ന്. കൃത്യമായി വ്യായാമം നല്കി വണ്ണം കൂടാതെ നോക്കണം. ശരീരനീളം കൂടുതലായതിനാല്‍ വണ്ണം കൂടുന്‌പോള്‍ നട്ടെല്ലിനു വളവുണ്ടാകാം. അതുകൊണ്ടുതന്നെ നട്ടെല്ലിനു പ്രശ്‌നങ്ങളുണ്ടാകാം.

 

ബുള്‍മാസ്റ്റിഫ്

ഇംഗ്ലീഷുകാരനായ ഇക്കൂട്ടര്‍ ആകാരംകൊണ്ട് ഭീകരനാണ്. ധൈര്യവും ദേഷ്യവും കൂടുതല്‍. അധികം കുരയ്ക്കില്ലെങ്കിലും വേട്ടസ്വഭാവം അല്പം മുന്തിയ തരമാണ്. കാവലിന് ബഹു മിടുക്കര്‍. വലുപ്പമേറിയ തലയും ചുളുങ്ങിയ മുഖവും താളത്തിനൊത്ത നടപ്പും ഇക്കൂട്ടരുടെ പ്രത്യേകതയാണ്.

ഡോബര്‍മാന്‍

ജര്‍മനിയാണ് സ്വദേശം. ബുദ്ധിശക്തിയിലും കൂറിലും യജമാനഭക്തിയിലും മുന്നിലാണ്. സിംഗിള്‍ മാസ്റ്ററിനോടാണ് താത്പര്യം. എന്തിനും ഏതിനും തിടുക്കക്കാരാണ്. അതിനാല്‍ കൃത്യമായ പരിശീലനം ലഭിച്ചാല്‍ ഇക്കൂട്ടരെ അനായാസം നിയന്ത്രിക്കാന്‍ കഴിയും.

സെന്റ് ബെര്‍ണാഡ്

സൗമ്യനായ ഭീമന്‍- സെന്റ് ബെര്‍ണാഡിനെ വേണമെങ്കില്‍ അങ്ങനെ വിളിക്കാം. സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് സ്വദേശം. വലിയ ശരീരമെങ്കിലും സൗമ്യത മുഖമുദ്ര. കുട്ടികളുമായി അടുക്കാന്‍ ഏറെ ഇഷ്ടം. പതിയെയുള്ള ചലനങ്ങള്‍, ക്ഷമ, അനുസരണാശീലം, വിശ്വസ്തത, ആകാംക്ഷ, സന്തോഷിപ്പിക്കാനുള്ള താത്പര്യം തുടങ്ങിയവ ഇക്കൂട്ടരുടെ പ്രത്യേകതയാണ്.
വലുപ്പമുണ്ടെങ്കിലും കാവല്‍നായയുടെ വിഭാഗത്തിലും ഇവയെ പെടുത്താം. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലെങ്കിലും ഇന്ന് കേരളത്തില്‍ വലിയ പ്രചാരമുണ്ട് ഇവയ്ക്ക്. ഹൃദയ രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, അര്‍ബുദം തുടങ്ങിവ പിടിപെടാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ കൃത്യമായ വ്യായാമവും ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധയും അത്യാവശ്യമാണ്.

പഗ്

മൊബൈല്‍ കന്പനിയായ ഹച്ചിന്റെ പരസ്യത്തില്‍ കുട്ടിയുടെ പിന്നാലെ ചുറുചുറുക്കോടെ നടക്കുന്ന ചുക്കിച്ചുളിഞ്ഞ മുഖമുള്ള കുഞ്ഞന്‍ നായയെ ആരും മറക്കാനിടയില്ല. ആ പരസ്യംതന്നെയാണ് പഗ്ഗിനു ജനപ്രിയത നേടിക്കൊടുത്തതും. വെളുത്ത ശരീരത്തില്‍ കരിപിടിച്ചതുപോലെയുള്ളതും ചുക്കിച്ചുളിഞ്ഞതുമായ മുഖവും ഉണ്ടക്കണ്ണും കാണുന്‌പോള്‍ ആര്‍ക്കുമൊന്ന് ഓമനിക്കാന്‍ തോന്നും. ചെറിയ വാലുള്ള ഇവര്‍ക്ക് കൂട്ടുകൂടി ഒപ്പം ചേരാന്‍ വല്യ ഇഷ്ടമാണ്. കണ്ണ്, ത്വക്ക്, ശ്വാസകോശം എന്നിവയുമായുള്ള പ്രശ്‌നങ്ങള്‍ അല്പം കൂടുതലാണ്.

പോമറേനിയന്‍

ജര്‍മന്‍ സ്വദേശിയായ ഇക്കൂട്ടര്‍ കേരളത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഇനമാണ്. നായപ്രേമികള്‍ സ്‌നേഹത്തോടെ പോം എന്നു വിളിക്കുന്നു. രോമം കൂടുതലുള്ള ഇനമായതിനാല്‍ നിത്യേന ചീകിയൊതുക്കണം. അല്ലാത്തപക്ഷം രോമം കെട്ടുപിടിച്ച് അഭംഗിയാകും. ഒപ്പം പരാദങ്ങളും കടന്നുകൂടാം. 19-ാം നൂറ്റാണ്ടില്‍ വിക്ടോറിയ രാജ്ഞി ഒരു ചുമന്ന പോമറേനിയനെ ഏറ്റെടുക്കുകയും ഈ ഇനത്തിനുവേണ്ടി കെന്നല്‍ക്ലബ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ചരിത്രം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കളിക്കൂട്ടുകാരാവാന്‍ ഇവര്‍ക്കു കഴിയും.

ഗോള്‍ഡന്‍ റിട്രീവര്‍

റിംഗ് മാസ്റ്റര്‍ എന്ന മലയാളം ചിത്രം കണ്ടിട്ടുള്ളവര്‍ ഡയാന എന്ന നായ്ക്കുട്ടിയെ മറക്കാനിടയില്ല. ഗോള്‍ഡന്‍ റിട്രീവര്‍ എന്ന ഇനം നായ്ക്കുട്ടിയാണ് അത്. സ്വര്‍ണനിറത്തിലുള്ള നീണ്ട രോമങ്ങളാണ് ഇവരുടെ മുഖമുദ്ര. മികച്ച ബുദ്ധിശക്തിയുള്ളവരായതിനാല്‍ പെട്ടെന്നു പരീശീലിപ്പിച്ചെടുക്കാം. കാഴ്ച-കേള്‍വി പരിമിതര്‍ക്കായി സര്‍വീസ് ഡോഗ് എന്ന ഇനത്തില്‍ പെടുത്താവുന്നവയാണിവര്‍. കൂടാതെ വേട്ടയ്ക്കും രക്ഷാദൗത്യങ്ങള്‍ക്കും ഇവയെ ഉള്‍പ്പെടുത്താറുണ്ട്. കുട്ടികളുമായി കൂട്ടുകൂടാനിഷ്ടപ്പെടുന്ന ഇവര്‍ക്ക് ദിവസേന വ്യായാമം നല്കുന്നത് ഊര്‍ജസ്വലത നിലനിര്‍ത്താന്‍ നല്ലതാണ്. നീണ്ട രോമമുള്ളതിനാല്‍ ദിവസേന ചീകണം.

ബെല്‍ജിയം മലിനോയിസ്

പോലീസിലും പട്ടാളത്തിലുമൊക്കെ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ഈ ഇനം നായ്ക്കളെയാണ്. അമേരിക്കന്‍ പട്ടാളത്തിന്റെ ശ്വാനപ്പടയില്‍ പ്രധാനിയും ഇവര്‍തന്നെ. സ്‌ഫോടകവസ്തുക്കളും ലഹരിവസ്തുക്കളുമൊക്കെ കണ്ടെത്താനുള്ള കഴിവ് ഇക്കൂട്ടര്‍ക്ക് കൂടുതലാണ്. ഇന്ത്യന്‍ പട്ടാളത്തിലും ഇവയെ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ നാടന്‍ നായ്ക്കളുടെ രൂപംപോലെയാണ് ഇവയും. കറുത്ത മുഖവും തവിട്ടു ശരീരവും ഉറച്ച മസിലുകളുമാണ് ഇവയുടെ പ്രത്യേകതകള്‍. ചുറുചുറുക്ക്, ബുദ്ധികൂര്‍മത, സൗഹൃദ സ്വഭാവം, സുരക്ഷാബോധം, ശ്രദ്ധ, കഠിനാധ്വാനം എന്നിവയാണ് സവിശേഷതകള്‍.


നായകള്‍ക്ക് പരിശീലനം

വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് പൊതുവെ പരിശീലനം ആവശ്യമില്ലെങ്കിലും യജമാനന്റെ ആജ്ഞകള്‍ അനുസരിക്കുന്ന നായകള്‍ എപ്പോഴും അവരുടെ പ്രിയപ്പെട്ടതായിരിക്കും. വീട്ടിലെ അംഗങ്ങള്‍ക്കു തന്നെ പ്രാഥമിക പരിശീലനം നായകള്‍ക്കു നല്കാവുന്നതേയുള്ളൂ. എന്നാല്‍, ഒരു വയസിനുള്ളില്‍ത്തന്നെ ഇത്തരം പരിശീലനം നടത്തിയെങ്കില്‍ മാത്രമേ അവ കൂടുതല്‍ വേഗം പഠിച്ചെടുക്കൂ. നായക്കന്പം കേരളത്തില്‍ വര്‍ധിച്ചുവരുന്നതിനാല്‍ നായപരിശീലനത്തിനും സാധ്യതകളേറെയുണ്ട്. ഇതിനായി സ്‌കൂളുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, സ്‌കൂളിനെയും പരിശീലകനെയും കുറിച്ച് നല്ല രീതിയില്‍ അന്വേഷിച്ചശേഷം മാത്രമേ പരിശീലനത്തിനായി നായ്ക്കളെ കൊണ്ടുവിടാന്‍ പാടുള്ളൂ. കാരണം, തട്ടിപ്പുകളും ഈ മേഖലയില്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. മികച്ച ഡോഗ് ട്രെയിനിംഗ് സ്‌കൂളുകളുടെ പേര് ഉപയോഗിച്ച് നിലവാരമില്ലാത്ത സ്‌കൂളുകള്‍ നടത്തുന്നവരും വിരളമല്ല.

ഉടമസ്ഥനും വേണം പരിശീലനം

പരിശീലനത്തിനായി നായകളെ മാത്രം സ്‌കൂളില്‍ കൊണ്ടുപോയി വിട്ടിട്ടു കാര്യമില്ല. അവ അവിടെ പഠിച്ചതെന്തൊക്കെയാണെന്ന് നായയുടെ ഉടമസ്ഥനും അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ അവയെ നിയന്ത്രിക്കാന്‍ കഴിയൂ.

വേണം കൂടുതല്‍ ശ്രദ്ധ

മറ്റുള്ളവര്‍ നായയെ വളര്‍ത്തുന്നതില്‍ ആകൃഷ്ടരായി നായയെ വാങ്ങാന്‍ ഇറങ്ങിത്തിരിക്കുന്നവരാണ് ഇന്നു പലരും. ആദ്യത്തെ ഉത്സാഹം കഴിഞ്ഞാല്‍ പിന്നെ നായയെ പലരും ഗൗനിക്കാറേയില്ല. അപ്പോള്‍ മുതല്‍ അവയുടെ കഷ്ടകാലവും തുടങ്ങും. പട്ടിണിക്കിട്ടോ പരിചരണം ലഭിക്കാതെയോ വളരുന്ന നിരവധി മുന്തിയ ഇനം നായകളെ ഇന്നു ചുറ്റും കാണാന്‍ കഴിയും. പരിചരിക്കാന്‍ കഴിയില്ലെങ്കില്‍ നായയെ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

മുന്തിയ ഭക്ഷണക്രമം വേണ്ട

മുന്തിയ ഇനം നായ്ക്കളെന്നു കേള്‍ക്കുന്‌പോഴേ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് അവയ്ക്ക് പ്രത്യേക ഭക്ഷണം വാങ്ങി നല്കണ്ടേ എന്ന്. സാധാരണ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ഉടമസ്ഥരുടെ ഭക്ഷണത്തിന്റെ വിഹിതംതന്നെ നല്കി ശീലിപ്പിക്കുന്നതാണ് നല്ലത്.

ഐബിന്‍ കാണ്ടാവനം

No comments:

Post a Comment

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആള...