Wednesday, 19 April 2017

ചെറുതേനീച്ച പുരാണം

തേനുത്പാദകരായ തേനീച്ചകളും ചെറുതേനീച്ചകളും ഉള്‍പ്പെടുന്ന ഗണമാണ് ഹൈമനോപ്റ്റിറ. ഇതില്‍ തേനീച്ചകളുടെ എപ്പിഡെ കുടുംബത്തിലെ മെലിപോണിന ഉപകുടുംബത്തില്‍പ്പെട്ട ഷഡ്പദങ്ങളാണ് ചെറുതേനീച്ചകള്‍ അഥവാ സ്റ്റിംഗ് ലെസ് ബീസ്.
ചെറുതേനീച്ചകളെ പ്രകൃതിദത്ത കൂടുകളില്‍നിന്നു ശേഖരിച്ച് മനുഷ്യനിര്‍മിതമായ കൂടുകളിലാക്കി മെരുക്കി വാണിജ്യാടിസ്ഥാനത്തില്‍ ശാസ്ത്രീയമായി വളര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യ, വിവിധതരം കൂടുകള്‍, അനായാസം വിഭജനം നടത്താനുള്ള വിദ്യകള്‍, തേന്‍ ശുദ്ധമായി ശേഖരിക്കാനുള്ള രീതി എന്നിവയൊക്കെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചെറുതേനിന്റെ വര്‍ധിച്ച ഔഷധഗുണം മൂലം വിവിധ രോഗങ്ങള്‍ക്ക് ആയുര്‍വേദ മരുന്നുകളില്‍ ചാലിച്ചു കഴിക്കാന്‍ ചെറുതേന്‍ ആവശ്യമായി വന്നതോടെ ഇതിന്റെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കാന്‍ തുടങ്ങി. ആയുരാരോഗ്യത്തിന് ചെറുതേനിനു പ്രാധാന്യമുള്ളതിനാല്‍ ഓരോ വീട്ടിലും ഒരു പെട്ടിയെങ്കിലും ഉള്ളത് നല്ലതാണ്.

കുത്താത്ത ഈച്ചകളായ ഇവയെ ആര്‍ക്കും അനായാസം വളര്‍ത്തിയെടുക്കാം. എങ്കിലും ചെറുതേനീച്ചകളുടെ ജീവിതചക്രം, പരിപാലന മുറകള്‍, തേന്‍ സംഭരണം, തേനീച്ചകള്‍ക്കു തേനും പൂന്‌പൊടിയും നല്കുന്ന സസ്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ എന്നിവ നാം മനസിലാക്കേണ്ടതുണ്ട്.

ചെറുതേനീച്ചകളുടെസവിശേഷതകള്‍

  • മറ്റു തേനീച്ചകളെപ്പോലെ സാമൂഹ്യജീവിതം നയിക്കുന്നു.
  • തേനും പൂന്‌പൊടിയും ഭക്ഷണം.
  • ഒരു റാണി, കുറച്ച് ആണീച്ചകള്‍, അനേകം വേലക്കാരി ഈച്ചകള്‍ എന്നിവയടങ്ങുന്നതാണ് തേനീച്ച കോളനി.
  • ചെറിയ ശരീരമായതിനാല്‍ ഏറ്റവും ചെറിയ പൂക്കളില്‍നിന്നുപോലും തേന്‍ ശേഖരിക്കാന്‍ ചെറുതേനീച്ചകള്‍ക്കു കഴിയും.
  • ചെടികള്‍ തോറും പാറിനടക്കുന്നതിനാല്‍ പരാഗണത്തിനു സഹായിക്കുന്നു. ഒരീച്ച ഒരിനം പൂക്കളിലൂടെ മാത്രമേ സഞ്ചരിക്കാറുള്ളൂ എന്ന പ്രത്യേകതയുള്ളതിനാല്‍ സസ്യങ്ങളുടെ പരാഗണത്തിന് ഏറ്റവുമധികം സഹായിക്കുന്നത് ചെറുതേനീച്ചയാണ്.

 

ആഹാരം തേനും പൂന്‌പൊടിയും

പുഷ്പങ്ങളില്‍ മാത്രമല്ല മധുരമുള്ള പദാര്‍ഥങ്ങളിലെല്ലാം ചെറുതേനീച്ച സന്ദര്‍ശിക്കുന്നതായി കാണുന്നു. ഔഷധച്ചെടികള്‍, ഭക്ഷ്യവിളകള്‍, നാണ്യവിളകള്‍, സുഗന്ധവിളകള്‍, പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, കളകള്‍ തുടങ്ങി മിക്ക സസ്യങ്ങളില്‍നിന്നും ചെറുതേനീച്ച തേനും പൂന്‌പൊടിയും ശേഖരിക്കുന്നുണ്ട്.

അനായാസം കൈകാര്യം ചെയ്യാം

38 cm X 11 cm X 12 cm വലുപ്പമുള്ള പെട്ടികളാണ് ചെറുതേനീച്ച വളര്‍ത്താന്‍ നല്ലത്. നാടന്‍ മരങ്ങളുടെ തടി ഉപയോഗിച്ചാണ് സാധാരണ ഉണ്ടാക്കുക. മരുതാണ് ഏറ്റവും അനുയോജ്യം.

കോളനി വിഭജനം

നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ചെറുതേനീച്ച കോളനി വിഭജിക്കേണ്ടത്. ആ സമയത്ത് കൂടുതല്‍ റാണി സെല്‍ കാണപ്പെടുന്നു. മറ്റു മുട്ടകളോടൊപ്പം റാണി മുട്ടയും എടുത്തുവച്ചാണ് കോളനി വിഭജിക്കേണ്ടത്.

തേനെടുക്കല്‍

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് തേനെടുക്കേണ്ടത്. ഒരു കൂട്ടിലെ മുഴുവന്‍ തേനും എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടില്‍നിന്നു തേനറകളോടുകൂടിയ ഭാഗം വൃത്തിയുള്ള സ്പൂണ്‍ ഉപയോഗിച്ച് എടുത്തശേഷം വൃത്തിയുള്ള പാത്രത്തിനു മുകളില്‍ കണ്ണി അകലമുള്ള തോര്‍ത്ത് വിരിച്ചുകെട്ടി അതിനു മുകളില്‍ തേനറകള്‍ നിക്ഷേപിക്കണം.
ചെറുവെയിലത്ത് വച്ചാല്‍ തേന്‍ പെട്ടെന്നു ശേഖരിക്കാന്‍ കഴിയും. എന്നാല്‍, നല്ല വെയിലത്ത് വയ്ക്കരുത്. അങ്ങനെയുണ്ടായാല്‍ ചൂടേറ്റ് മെഴുകും ഉരുകി തേനിനൊപ്പം താഴത്തെ പാത്രത്തിലേക്ക് വീഴും. ഇങ്ങനെ വീണാല്‍ ആ തേന്‍ ശുദ്ധമായിരിക്കില്ല.

കോളനി പരിപാലനം

ചെറുതേനീച്ച കൂടുകള്‍ മഴനനയാതെയും വെയില്‍ അടിക്കാതെയും സൂക്ഷിക്കണം.
ഉറുന്പ്, ചിലന്തി പോലുള്ള ഇരപിടിയന്‍മാരില്‍ന്ന് സംരക്ഷണവും ഒരുക്കണം.  ഒരുക്കാം കെണിക്കൂടുകള്‍

ചുവരുകളിലും, മരപൊത്തുകളിലും, വൈദ്യുതി മീറ്റര്‍ ബോക്‌സുകളിലും ധാരാളം ചെറുതേനീച്ച കൂടുകള്‍ കണാറുണ്ട്. ഇവയെ നമുക്ക് അനായാസം കലങ്ങളിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. ഇതിനായി ചെറിയ വാവട്ടമുള്ള കലം കോളനിയുടെ വാതില്‍ ഭാഗത്ത് ചേര്‍ത്തുവച്ച് കളിമണ്ണുപയോഗിച്ചു ചുമരിനോട് ചേര്‍ത്ത് ഉറപ്പിക്കുക. കലത്തിന്റെ പുറകുവശത്തു ഒരു ചെറിയ ദ്വാരം ഇട്ടിരിക്കണം. പിന്നീട് ഒരു 7-8 മാസത്തിനു ശേഷം കലം തുറന്ന് പരിശോധിച്ചാല്‍ ചുവരരിനുള്ളിലെ ചെറുതേനീച്ചകള്‍ മുഴുവന്‍ കലത്തിനുള്ളിലേക്ക് വന്നതായി കാണാം. കലത്തിനു മുകളില്‍ തടികൊണ്ടുള്ള അടപ്പുവച്ചു നന്നായി അടച്ചതിനു ശേഷം പുതിയ ചെറുതേനീച്ച കോളനിയായി മാറ്റി സ്ഥാപിക്കാവുന്നതാണ്.
കലം മാത്രമല്ല തടിപ്പെട്ടികളും ഇതുപോലെ കെണിക്കൂടൊരുക്കാന്‍ ഉപയോഗിക്കാം. തടിപ്പെട്ടിയുടെ കുറിയ വശങ്ങളില്‍ ഓരോ ദ്വാരം ഇടണം. ഒരു ദ്വാരത്തില്‍ ചെറിയ ഹോസ് ഘടിപ്പിച്ച് ഭിത്തിയിലും മറ്റുമുള്ള ചെറുതേനീച്ച കൂടിന്റെ വാതില്‍ഭാഗവുമായി ഉറപ്പിക്കണം. ഭിത്തിയിലെ കൂടിന്റെ വാതില്‍ഭാഗം അടര്‍ത്തിയെടുത്ത് പെട്ടിയുടെ എതിര്‍വശത്തുള്ള ദ്വാരത്തില്‍ ഘടിപ്പിച്ചാല്‍ ഈച്ചകള്‍ക്ക് ഭയംകൂടാതെ കൂടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയും. 7-8 മാസത്തിനു ശേഷം ഈച്ചകള്‍ പെട്ടിയിലേക്ക് താമസം മാറിയതായി കാണാം.
വിഭജനം തടിപ്പെട്ടികളില്‍

കോളനി പിരിഞ്ഞ് നഷ്ടമുണ്ടാകാതിരിക്കാന്‍ യഥാസമയം ചെറുതേനീച്ച കോളനി വിഭജിക്കേണ്ടത് അത്യാവശ്യമാണ്. നവംബര്‍ - ഡിസംബര്‍ മാസങ്ങളാണ് ചെറുതേനീച്ചക്കൂട് വിഭജിക്കാനുത്തമം. ധാരാളം വേലക്കാരി ഈച്ചയും മുട്ടയും പുഴുവും ഉള്ള കോളനികള്‍ തെരഞ്ഞെടുത്ത് തെളിവുള്ള സായാഹ്നങ്ങളില്‍ വിഭജനം നടത്താം.
റാണിയുള്ള അറകള്‍ വേണം വിഭജനത്തിനു തെരഞ്ഞെടുക്കാന്‍. മാതൃതേനീച്ചപ്പെട്ടി തുറന്ന്, പകുതി പുഴു അടയും പൂന്‌പൊടി ശേഖരവും കുറച്ച് തേന്‍ ശേഖരവും പുതിയകൂട്ടിലേക്കു മാറ്റുക. എല്ലാപ്രായത്തിലുമുള്ള മുട്ട അട ഉണ്ടെന്ന് ഉറപ്പാക്കണം. തേനടകള്‍ പൊട്ടിയൊഴുകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് ഉറുന്പിന്റെ ആക്രമണത്തില്‍നിന്നു സംരക്ഷണം നല്‍കും.
പിരിക്കാനുപയോഗിച്ച കോളനിയില്‍ റാണിയുടെ സാന്നിധ്യവും പുതിയ കൂട്ടില്‍ റാണിമുട്ടയുടെ സാന്നിധ്യവും ഉറപ്പാക്കണം. റാണി അറ ഇല്ലെങ്കില്‍ അതില്‍ ഒരു റാണി അറ ഗ്രാഫ്റ്റ് ചെയ്തു നല്കണം. രണ്ടുകൂടും അടച്ച് സുരക്ഷിതമാക്കി പുതിയ കൂട് പഴയകൂടിന്റെ സ്ഥാനത്ത് പ്രവേശനദ്വാരം അതേദിശയില്‍ വരത്തക്കവിധം തൂക്കിയിടുക. പഴയകൂട് അടച്ച് കഴിയുന്നത്ര അകലേക്ക് മാറ്റി സ്ഥാപിക്കുക.
മുളങ്കൂട് പോലെ നീളത്തില്‍ തുല്യകഷണങ്ങളായി ഉണ്ടാക്കുന്ന തടിപ്പെട്ടിയില്‍ കോളനിയുടെ വിഭജനം വളരെ എളുപ്പമാണ്. വളര്‍ച്ചക്കാലത്ത് പെട്ടിതുറന്ന് ഓരോ ഒഴിഞ്ഞ ഭാഗത്തും പാളികള്‍ ചേര്‍ത്ത് ഘടിപ്പിച്ച് പുതിയ കോളനികളാക്കാവുന്നതാണ്. വിഭജിക്കുന്‌പോള്‍ ആദ്യത്തെ കൂടിന് മുകളിലും രണ്ടാമത്തെ കൂടിന് താഴെയും ആയിരിക്കണം പുതിയ ഒഴിഞ്ഞ പാളിയുടെ സ്ഥാനം. ഈ രീതിയിലുള്ള വിഭജനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ അനായാസം ചെറുതേനീച്ചയെ കൈകാര്യം ചെയ്യാന്‍ സഹായിക്കും.
ചെറുതേനീച്ച കോളനി


കൂടിന്റെ പ്രധാന ഭാഗങ്ങള്‍

പ്രവേശന കവാടം, മുട്ട, പുഴു, അറകള്‍, പൂന്‌പൊടി, തേനറകള്‍.

റാണി

റാണി
ഒരു റാണിമുട്ട വിരിയാന്‍ 65-70 ദിവസം വേണം. അഞ്ചു വര്‍ഷമാണ് റാണിയുടെ ആയുസ്. തേനീച്ചക്കോളനിയില്‍ മുട്ടയിടാന്‍ കഴിവുള്ള ഒരേയൊരു പെണ്ണീച്ച റാണി മാത്രമാണ്.

ആണീച്ച

ബീജസങ്കലനം നടക്കാത്ത മുട്ടവിരിഞ്ഞുണ്ടാകുന്നവയാണ് ആണീച്ചകള്‍. മടിയനീച്ചകളെന്നും വിളിക്കും. കൂട്ടിലെ തേന്‍ കഴിച്ച് വെറുതെ ഇരിപ്പാണ് പ്രധാന ജോലി.

വേലക്കാരി

വേലക്കാരി ഈച്ച
ബീജസങ്കലനം നടന്ന മുട്ട വിരിഞ്ഞ് പുറത്തുവരുന്നവരാണ് ഇക്കൂട്ടര്‍. കോളനി വൃത്തിയാക്കല്‍, കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്കല്‍, കോളനിയുടെ സംരക്ഷണം, തേന്‍ ശേഖരിക്കല്‍ തുടങ്ങി ഒരു തേനീച്ചക്കോളനിയിലെ എല്ലാവിധ ജോലികളും ചെയ്യുന്നത് വേലക്കാരി ഈച്ചകളാണ്. ശരാശരി 80 ദിവസമാണ് ഇവരുടെ ആയുസ്.
തയാറാക്കിയത്‌
വിപിന്‍ ജോസ്
(ചെറുതേനീച്ച കര്‍ഷകന്‍, കണ്ണൂര്‍)

No comments:

Post a Comment

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആള...