Wednesday, 16 December 2015

മണ്ണിര; ഭൂമിയുടെ കലപ്പ


ഭൂമിയുടെ കലപ്പയാണ് മണ്ണിര. പ്രകൃതി അവയ്ക്കു അറിഞ്ഞു നല്കിയ സ്വഭാവവും പേരുപോലെതന്ന അന്വര്‍ഥം. മണ്ണിനെ ഉഴുതുമറിച്ച് വായുവിന്റെ അളവ് മണ്ണില്‍ വര്‍ധിപ്പിക്കുക എന്നതാണ് അവ കര്‍ഷകനുവേണ്ടി ചെയ്യുന്ന പ്രധാന സഹായം. ഇതിനോടൊപ്പം മണ്ണിലെ ജൈവമാലിന്യങ്ങളെ ചെടികള്‍ക്ക് ഉപകാരപ്രദമായരീതിയില്‍മ മാറ്റാനും അവയ്ക്കു കഴിയുന്നു. ഭൂമിയുടെ കുടല്‍ എന്നാണ് അരിസ്റ്റോട്ടില്‍ മണ്ണിരയെ വിശേഷിപ്പിച്ചത്. ജൈവവസ്തുക്കളെ വളമാക്കി മാറ്റാനുള്ള മണ്ണിരയുടെ കഴിവിനെ ഉപകാരപ്പെടുത്തി കൃത്രിമ സാഹചര്യത്തില്‍ തയാറാക്കിയെടുക്കുന്ന പ്രക്രിയയ്ക്കാണ് വെര്‍മി കള്‍ച്ചര്‍ എന്നു പറയുന്നത്. ഇങ്ങനെ തയാറാക്കി എടുക്കുന്ന വളത്തിനെ വെര്‍മി കമ്പോസ്റ്റ് എന്നും വിളിക്കുന്നു.


മണ്ണിരയുടെ ശരീരഘടന

നട്ടെല്ലില്ലാത്ത ജീവിയാണ് മണ്ണിര. ദിലിംഗ ജീവിയാണ് മണ്ണിര (Hermaphrodate). അതായത് ആണ്‍, പെണ്‍ ജനനേന്ദ്രിയം ഒരു മണ്ണിരയില്‍ത്തന്നെ ഉണ്ടാകും. പ്രജനനത്തിനുശേഷം ശരീരത്തിലെ ക്ലൈറ്റെല്ലാര്‍ ഭാഗത്ത് ഒരു ക്യാപ്‌സ്യൂള്‍ രീതിയില്‍ കൊക്കൂണ്‍ രൂപപ്പെടും. ഇത് പിന്നീട് പുറംതള്ളി തണുപ്പുള്ള സ്ഥലത്ത് നിക്ഷേപിക്കും. ഒരു കൊക്കൂണില്‍ നിരവധി മുട്ടകളുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ കുഞ്ഞുങ്ങള്‍ ആവാറുള്ളൂ.

മണ്ണിരയും മണ്ണും

മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവരാണ് മണ്ണിരകള്‍. ജൈവ വസ്തുക്കള്‍ പുനഃചംക്രമണം നടത്തി ചെടികള്‍ക്കാവശ്യമായ പോഷകങ്ങളാക്കി നല്കാന്‍ മണ്ണിരകള്‍ക്കു കഴിയുന്നു.

12.5%-17.2% നനവുള്ള മണ്ണാണ് മണ്ണിരകള്‍ക്ക് ഏറ്റവും അനുയോജ്യം. 16 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ജീവിക്കാന്‍ മണ്ണിരയ്ക്കു കഴിയും. അതില്‍ കൂടിയാല്‍ അവ നശിക്കും. മണ്ണിലെ ഹൈഡ്രജന്‍ അയോണിന്റെ തോതിനോട് വിപരീതാനുപാതത്തിലാണ് മണ്ണിര ജീവിക്കക. അതുകൊണ്ടുതന്നെ മണ്ണിന്റെ pH 7 ആയ സാഹചര്യത്തിലാണ് മിക്ക മണ്ണിരകളും ജീവിക്കാന്‍ ഇഷ്ടപ്പെടുക.

കമ്പോസ്റ്റിലെ രസതന്ത്രം

മണ്ണില്‍ അലിയുന്ന ജൈവമാലിന്യങ്ങള്‍ കഴിച്ച് വളമാക്കി മാറ്റുമ്പോള്‍ അവയില്‍ ചെടികള്‍ക്ക് ഉപകാരപ്രദമായ വളരെയധികം മൂലകങ്ങള്‍ മണ്ണിര ഉത്പാദിപ്പിക്കുന്നുണ്ട്. ഫോസ്‌ഫേറ്റ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടത്.


എങ്ങനെ വെര്‍മികള്‍ച്ചര്‍ തുടങ്ങാം?

കൃത്യമായി ജൈവമാലിന്യങ്ങള്‍ നല്കാന്‍ കഴിയുമെങ്കില്‍ ആര്‍ക്കും മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങാം. നൈട്രജന്‍ അളവ് കൂടുതലുള്ള ചാണകം, ആട്ടിന്‍ കാഷ്ഠം, പന്നിക്കാഷ്ഠം തുടങ്ങിയവ മറ്റ് ജൈവ വസ്തുക്കള്‍ വിഘടിപ്പിക്കാനുള്ള സഹായമാധ്യമമായി നല്കാവുന്നതാണ്. എല്ലാ വസ്തുക്കളും ചെറിയ കനത്തില്‍ (ഏകദേശം 5-10സെന്റീ മീറ്റര്‍) നിരത്തണം.

കമ്പോസ്റ്റിന് ഉപയോഗിക്കുന്ന മണ്ണിരകള്‍

പെരിയോണിക്‌സ് എസ്‌കവേറ്റസ്, എയ്‌സേനിയ ഫെറ്റിഡ, യൂഡ്രിലസ് യൂജിനെ എന്നീ ഇനങ്ങളില്‍പ്പെട്ട മണ്ണിരകളെയാണ് വെര്‍മ കമ്പോസ്റ്റ് നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത്.വെര്‍മി വാഷ്

കമ്പോസ്റ്റില്‍നിന്നു ലഭിക്കുന്ന തേന്‍ നിറത്തിലുള്ള ഒരു ഉപോത്പന്നമാണ് വെര്‍മി വാഷ്. കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ നനച്ചു നല്കുന്ന വെള്ളം ഊറി വരുന്നത് ശേഖരിക്കുന്നതാണിത്. വലിയ അളവില്‍ പോഷകങ്ങളുടെയും സൂക്ഷമജീവികളുടെയും കേന്ദ്രമാണ് വെര്‍മി വാഷ്. ഇത് നേര്‍പ്പിച്ച് കൃഷിയിടത്തിലെ വിളകളുടെ ഇലകളില്‍ തളിച്ചു കൊടുക്കുന്നത് നല്ലതാണ്. കാരണം വലിയ അളവിലുള്ള മൈക്രോ, മാക്രോ പോഷകങ്ങളും ചെടികള്‍ക്കാവശ്യമായ ഹോര്‍മോണുകളും ചെടികളെ ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുന്നു.


വെര്‍മി വാഷിലുള്ള പ്രധാന ഘടകങ്ങള്‍

1. നൈട്രജന്‍. ഫോസ്ഫറസ്, പൊട്ടാഷ്, കാത്സ്യം, മഗ്നീഷ്യം, സിങ്ക് എന്നീ മൂലകങ്ങള്‍.
2. ഷുഗറുകള്‍, ഫിനോളുകള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍  എന്നിവ.
3. ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന വൈറ്റമിനകളും ഹോര്‍മോണുകളും.


വെര്‍മിവാഷ് എങ്ങനെ ഉപയോഗിക്കാം?

1. നേര്‍പ്പിച്ച ശേഷമേ ചെടികളില്‍ തളിക്കാവൂ.
2. 5-10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാം.
3. ഗോമൂത്രംകൂടി ചേര്‍ത്ത് തളിച്ചാല്‍ അത് ഉത്തമ കീടനാശിനിയായി. (ഓരു ലിറ്റര്‍ വെര്‍മിവാഷ് + ഒരു ലിറ്റര്‍ ഗോമൂത്രം + എട്ടു ലിറ്റര്‍ വെള്ളം)No comments:

Post a Comment

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആള...