Tuesday, 15 December 2015

കണ്ണഞ്ചിപ്പിക്കുന്ന മത്സ്യപ്രപഞ്ചം

പ്രകൃതി അറിഞ്ഞു നല്കിയിരിക്കുന്ന മായിക സൗന്ദര്യമാണ് വര്‍ണമത്സ്യങ്ങളുടേത്. നദികളിലും പിന്നീട് മനുഷ്യന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതുമുതല്‍ പളുങ്കു പാത്രങ്ങളിലും വിഹരിക്കുന്ന നിറലാവണ്യം. സ്ഫടികപ്പാത്രത്തിന്റെ നാലതിരുകളില്‍ ഒതുങ്ങിത്തീരാത്ത ഈ ചലന ചാരുത ജൈവലോകത്തിന്റെ മാസ്മരികതയാണ്. കേവലം 10 മി.മി. വലിപ്പമുള്ള ട്രാന്‍സ്‌പെരന്റ് ഡാനിയോ മുതല്‍ ഭീമാകാരന്മാരായ സ്രാവുകളും തിമിംഗലങ്ങളും വരെ ഇന്ന് അക്വേറിയങ്ങളുടെ അഴകാണ്.

ഫോട്ടോഗ്രഫി കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിനോദം എന്ന ബഹുമതി അലങ്കാരമത്സ്യപരിപാലനത്തിനാണ്. വര്‍ണമത്സ്യങ്ങളുടെ ലോകതലസ്ഥാനമെന്നറിയപ്പെടുന്ന സിംഗപ്പൂര്‍ മത്സ്യക്കയറ്റുമതിയില്‍ മുന്നിട്ടു നില്ക്കുമ്പോള്‍ മീനുകളുടെ വര്‍ണത്തിലും സൗന്ദര്യത്തിലും ആകൃഷ്ടരായി കൂടുതല്‍ വര്‍ണമത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന ബഹുമതി കരസ്ഥമാക്കി. അതും പ്രതിവര്‍ഷം 500 മില്യണ്‍ ഡോളറിനു മുകളിലാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്.

പ്രകൃതി വര്‍ണമത്സ്യങ്ങളുടെ കലവറയാണ്. ലോകത്താകെ 40,000ത്തോളം മത്സ്യ ഇനങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ ഏറിയപങ്കു സമുദ്രജലമത്സ്യങ്ങളാണ്. അത്ഭുതങ്ങളുടെ കലവറയായ കടല്‍തന്നെയാണ് വര്‍ണചാരുത നിറഞ്ഞ മത്സ്യങ്ങളുടേയും കലവറ. രാജ്യാന്തരവിപണിയില്‍ ഏറ്റവും വിലകൂടിയ മത്സ്യങ്ങള്‍ സമുദ്രജല അലങ്കാരമത്സ്യങ്ങളാണ്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മത്സ്യങ്ങളുടെ പിറവിയേയും ആവാസവ്യവസ്ഥയേയുമൊക്കെ സ്വാധീനിക്കുമെന്നു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍തന്നെ പ്രശസ്തരായ മത്സ്യസുന്ദരികളില്‍ പലരും ചില പ്രത്യേക രാജ്യങ്ങളുടെ കുത്തകയാണ്. ചൈനയില്‍ ജന്മംകൊണ്ട സ്വര്‍ണമത്സ്യങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും കയറ്റുമതിയിലും ജപ്പാനാണ് മുമ്പില്‍. മാലഖമത്സ്യങ്ങള്‍ ഇസ്രായേലില്‍ വ്യാപിച്ചപ്പോള്‍ ഗൗരാമിയിലും ഗപ്പിയിലും സിംഗപ്പൂര്‍ പ്രശസ്തരായി. അതുപോലെ മൗറീഷ്യസ്, ഹവായ്, ഹോങ്കോങ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സമുദ്രജല അലങ്കാരമത്സ്യങ്ങളുടെ പ്രജനനത്തിലും വിപണനത്തിലും പ്രശസ്തരായി.

അലങ്കാരമത്സ്യക്കയറ്റുമതിരംഗത്ത് 20% സിംഗപ്പൂരാണ് കൈയടക്കിവച്ചിരിക്കുന്നത്. ശുദ്ധജല അലങ്കാരമത്സ്യങ്ങളില്‍ ജനപ്രിയരായ പ്ലാറ്റി, വാള്‍വാലന്‍, മോളി, മാലാഖമത്സ്യങ്ങള്‍, സ്വര്‍ണമത്സ്യങ്ങള്‍, നിയോണ്‍ ടെട്ര, ഡിസ്‌കസ് തുടങ്ങിയവര്‍ സിംഗപ്പൂരിന്റെ കുത്തകകളാണ്. സമുദ്രജലമത്സങ്ങളില്‍ ശ്രീലങ്കയാണ് മുമ്പില്‍. ഡാംസല്‍, ചിത്രശലഭമത്സ്യങ്ങള്‍, തത്തമ്മമത്സ്യങ്ങള്‍, എന്നിവരൊക്കെ ശ്രീലങ്കയുടെ മത്സ്യക്കയറ്റുമതിരംഗത്തെ പ്രമുഖരാണ്.


ഭാരത്തിന്റെ മീനഴക്

മീനുകളുടെ ലോകത്തേക്കു ഇന്ത്യയുടെ സംഭാവനയും വളരെ വലുതാണ്. ഇതിനു കാരണം ഭാരതത്തിലെ നദികളിലെ അമൂല്യമായ ജൈവവൈവിധ്യംതന്നെ. 190 ഓളം മത്സ്യങ്ങള്‍ ഇന്ത്യയില്‍നിന്നും കയറ്റി അയയ്ക്കുന്നുണ്ട്. എന്നാല്‍ പേരറിയാത്തതുള്‍പ്പെടെ 4000 ഓളം ഇനങ്ങള്‍ ഇന്ത്യയിലുണ്ടെങ്ങിലും മത്സ്യവിപണിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് യാഥാര്‍ഥ്യം.
കായലിന്റെയും പുഴകളുടേയും സ്വന്തം നാടായ കേരളവും അലങ്കാരമത്സ്യങ്ങളുടെ പറുദീസയാണെന്നതില്‍ സംശയമില്ല. ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായ പശ്ചിമഘട്ടനദികളിലെ ഏകദേശം 250 ഇനം മത്സ്യങ്ങളില്‍ 72 ഇനങ്ങള്‍ അലങ്കാരമത്സ്യങ്ങളാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അലങ്കാരമത്സ്യപ്രപഞ്ചത്തിലേക്കു ഒരു ഡസനോളം ഇനങ്ങള്‍ കേരളത്തില്‍നിന്നുള്ളവയാണ്. ടോര്‍പിഡോയും മെറ്റാലിക് ബില്‍ ട്രോട്ടും ബാര്‍ബുകളും ക്യാറ്റ്ഫിഷും.


ജീവിക്കുന്ന ആവാസവ്യവസ്ഥയോട് പരമാവധി ഇണങ്ങിയും സ്വയരക്ഷയ്ക്കുമായി പ്രകൃതി അറിഞ്ഞു നല്കിയിരിക്കുന്ന ചില പ്രധാന സവിശേഷതകള്‍ മത്സ്യങ്ങള്‍ക്കുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം. 

നിറങ്ങള്‍: സൗന്ദര്യത്തിലൂടെ സ്വയരക്ഷ

ചില പിഗമെന്റുകള്‍ നിശ്ചിത അളവില്‍ ചോര്‍ത്താണ് മീനുകളുടെ ശരീരത്തിനു വര്‍ണചാരുത കൈവരുന്നത്. ഈ ക്രൊമാറ്റോഫോറുകള്‍ രണ്ടുതരമുണ്ട്. കറുത്ത പിഗമെന്റുള്ള മെലാനിന്‍, ചുമപ്പും മഞ്ഞയും (യഥാക്രമം കരോട്ടിന്‍, സാന്തോഫിന്‍) എന്നിവയാണവ. ഇത് ചോരുമപടി ചേരുമ്പോള്‍ വര്‍ണങ്ങളില്‍ മനോഹാരിത വിടര്‍ത്തുംന്ന വിധത്തില്‍ മീനുകളുടെ സൗന്ദര്യവും കൂടും. ഒപ്പം ത്വക്കിനടിയിലെ പ്രകാശം പ്രതിഫലിപ്പിക്കുന്ന ഗുവാനില്‍ പരലുകളും ചേരുമ്പോള്‍ നിറങ്ങള്‍ അതിന്റെ തീക്ഷ്ണതയോടെ കാഴ്ചക്കാരിലെത്തും.
സൗന്ദര്യത്തോടൊപ്പം തങ്ങളുടെ ഇണയെ തിരിച്ചറിയുന്നതിനും ശത്രുക്കളില്‍നിന്നു രക്ഷപെടുന്നതിനും ഈ വര്‍ണങ്ങള്‍ മീനുകളെ സഹായിക്കുന്നുണ്ട്.

ചിറകുകള്‍: നീന്താനും നില്‍ക്കാനും

വിവിധ ആകൃതിയിലുള്ള ഏഴു ചിറകുകളാണു മീനുകളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. വാല്‍ച്ചിറക് (Caudal Fin) മുന്നോട്ടുള്ള ഗതിയെയും അംസച്ചിറകുകള്‍ (Pectoral Fin) ശരീര ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു. അംസച്ചിറകുകള്‍ക്കുപിന്നില്‍ ഇരുവശങ്ങളിലുമായുള്ള ശ്രോണിപത്രങ്ങളാണ് (Pelvic Fin) മത്സ്യങ്ങളെ വെള്ളത്തില്‍ നിശ്ചലമായി നില്‍ക്കാന്‍ സഹായിക്കുന്നത്. ശ്രോണിപത്രങ്ങള്‍ക്കു പിന്നിലുള്ള ഗുദച്ചിറകും (Anal Fin) മേനിയുടെ ഉപരിതലത്തില്‍ കാണുന്ന മുതുച്ചിറകും (Dorsal Fin) മീനുകളുടെ ആവേഗവും ബാലന്‍സും നിയന്തരിക്കുന്നതില്‍ സഹായിക്കുന്നു.

വായ: ശ്വസനം

വായിലാണ് മീനുകളുടെ ശ്വസനവും ദഹനവും ആരംഭിക്കുന്നത്. വായിലൂടെ വെള്ളമെടുത്ത് ചെകിളകളിലൂടെ അരിച്ചു പുറത്തേക്കു പോകുമ്പോള്‍ വെള്ളത്തിലുള്ള പ്രാണവായു മീനുകളുടെ രക്തത്തിലേക്കു കലരും. നിശ്വാസവായു പുറന്തള്ളുന്നതും ഇങ്ങനെതന്നെ. ചെളിയിലും പ്രാണവായു കുറവുള്ള വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന മീനുകള്‍ക്കു അന്തരീക്ഷത്തില്‍നിന്നു നേരിട്ടു ശ്വസിക്കാന്‍ കഴിയും. ഇതിനായി ലാബിറിന്‍ത് അവയവം ഇവയ്ക്കുണ്ട്.

ഇര തേടാനുള്ള മുഖ്യ അവയവമാണ് മീനുകള്‍ക്കു വായ. വായയുടെ സ്ഥാനംനോക്കി മീനുകളുടെ ജീവിതരീതിയും ജലത്തിലെ നിലയുമൊക്കെ മനസിലാക്കാം. കീഴ്ച്ചുണ്ട് വലുതായി മുമ്പോട്ടുന്തിയതാണെങ്കില്‍ ഉപരിതലത്തില്‍നിന്നും ഇരു ചുണ്ടുകളും തുല്യ വലിപ്പമാണെങ്കില്‍ മധ്യതലത്തിലും കീഴോട്ടു തുറന്നിരിക്കുന്ന വായ ആണെങ്കില്‍ അടിത്തട്ടില്‍നിന്നും തീറ്റ എടുക്കുന്ന മീനീണെന്നു മനസിലാക്കാം.

പോളകളില്ലാത്ത കണ്ണുകള്‍

മീനുകള്‍ക്കു മിഴിയടയ്ക്കാനാവില്ല. കാരണം അവയ്ക്കു കണപോളകള്‍ ഇല്ല എന്നതുതന്നെ. കണ്ണുകള്‍ തലയുടെ രണ്ടു വശത്തുമായതിനാല്‍ നേരേ മുമ്പിലുള്ളവ കാണാന്‍ മീനുകള്‍ക്കു കഴിയില്ല. ഇരു കണ്മുകളുടെയും കാഴ്ചയൊരുമ (Binocular Vision) ഇല്ലാത്തതുകൊണ്ട് ദൂരം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുകയുമില്ല. എന്നാല്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.
ശരീരത്തിലെ നാഡീകോശങ്ങളാണു വെള്ളത്തിന്റെ പ്രകമ്പനങ്ങളും ഇതരസാന്നിധ്യവുമൊക്കെ തിരിച്ചറിയാന്‍ മീനുകളെ സഹായിക്കുന്നത്.


ബാലന്‍സിനു വായുസഞ്ചി

വെള്ളത്തില്‍ സ്ഥിരമായി നില്‍ക്കുന്നതിനും വിവിധ ജലവിതാനങ്ങളില്‍ നീന്തുന്നതിനും മീനുകളെ സഹായിക്കുന്നത് അന്നനാളം മുതല്‍ വാലിനടുത്ത് വരെ ഉറപ്പിച്ചിരിക്കുന്ന വായുസഞ്ചി(Air Blader)യാണ്. ഇതില്‍ നൈട്രജനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും അളവനുസരിച്ച് നിറച്ച് വികസിപ്പിച്ചും ചുരുക്കിയും ഭാരം ക്രമീകരിച്ചാണ് മീനുകള്‍ ജലത്തില്‍ നിലനില്‍ക്കുന്നത്.
അക്വേറിയ ചരിത്രം

ബിസി 2500 മുതല്‍തന്നെ മത്സ്യങ്ങളെ സംഭരണികളില്‍ വളര്‍ത്തിയിരുന്നു. റോമാക്കാരാണ് ഇതിനു മുന്‍കൈ എടുത്തത്. കടലില്‍നിന്നു നേരിട്ട് ചാലുകള്‍കീറി ലവണജലം ഉള്‍നാടുകളിലെത്തിച്ചും സാഹസിക പരീക്ഷണങ്ങള്‍ റോമന്‍ സമൂഹം നടത്തിയിരുന്നു.
ലാറ്റിന്‍ പദമായ 'അക്വാ'യില്‍നിന്നാണ് അക്വേറിയമെന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടത്. ജലം എന്നാണ് അക്വാ(അൂൗമ)യുടെ അര്‍ഥം. അക്വേറിയം (ജലം ഉള്‍ക്കൊള്ളുന്ന പാത്രം) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ഹെന്‍ട്രി ഗോസ്സെ ആയിരുന്നു.
ചൈനയില്‍ ഹുങ് രാജവംശത്തിന്റെ കാലത്ത് (ബിസി 1278 മുതല്‍ 960 വരെ) സ്വര്‍ണമത്സ്യങ്ങളെ ടാങ്കുകളില്‍ വളര്‍ത്തിയിരുന്നു. പറുദീസ മത്സ്യമാണ് അക്വേറിയത്തില്‍ വളര്‍ത്തിയ ആദ്യ ഉഷ്ണജലമത്സ്യം.

ലോകത്തിലെ ആദ്യ പൊതു അക്വേറിയം 1853ല്‍ ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കില്‍ സ്ഥാപിതമായപ്പോള്‍ സ്ഫടികനിര്‍മാണവിദ്യ വേണ്ടവിധം വികസിച്ചിരുന്നില്ല. മെച്ചപ്പെട്ട അക്വേറിയങ്ങള്‍ പിന്നീട് ബെര്‍ലിനിലും(1869) നേപ്പിള്‍സിലും(1873) പാരീസിലും(1878) സ്ഥാപിക്കപ്പെട്ടു.

കാലം മാറിയതോടെ അക്വേറിയങ്ങളുടെ രൂപത്തിലും വലിപ്പത്തിലും മാറ്റം വന്നു. ലക്ഷക്കണക്കിലും ലിറ്റര്‍ വെള്ളം കൊള്ളുന്ന ഭീമാകാരമായ ടണല്‍ അക്വേറിയങ്ങള്‍ മുതല്‍ സമുദ്രത്തിലെ സ്വാഭവിക ആവാസ വ്യവസ്ഥകള്‍ വരെ കാണിച്ചു തരുന്ന ഓഷനേറിയങ്ങള്‍ കാലത്തിന്റെ കാഴ്ചകളാവുകയാണ്.

ഇരുപതാം നൂറ്റാണ്ടോടെയാണ് ഇന്ത്യയില്‍ ഒഴിവുകാല വിനോദമെന്ന രീതിയില്‍ അലങ്കാരമത്സ്യ പരിപാലനം വ്യാപകമാകുന്നത്. ഈ കാലയളവില്‍ ബോംബെ, തിരുവനന്തപുരം, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗളൂര്‍ എന്നീ നഗരങ്ങളില്‍ പൊതു അക്വേറിയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് മത്സ്യങ്ങളുടെ പ്രജനനം, വിപണനം, കയറ്റുമതി, അക്വേറിയം നിര്‍മാണം തുടങ്ങിയവ ചെറുകിട മേഖലയില്‍ ആരംഭിച്ചു.

അലങ്കാര മത്സങ്ങളില്‍ ഇന്ത്യന്‍ ഇനവും വിദേശ ഇനങ്ങളുമുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരും(live bearers), മുട്ടയിടുന്നവരും (egg layers) ഉണ്ട്. അവയില്‍ ചിലരെ പരിചയപ്പെടാം.....
പ്രസവിക്കുന്ന മത്സ്യങ്ങള്‍

1. ഗപ്പി (Poecilia reticulata)
ആയിരങ്ങളുടെ മത്സ്യം(Millions Fish) എന്നാണ് ഗപ്പി അറിയപ്പെടുന്നത്. മഴവില്ലുംപോലെ വര്‍ണങ്ങളുടെ പൂന്തോട്ടം പോലെയാണ് ഇവയുടെ ശരീരം. അതുകൊണ്ടുതന്ന റെയിന്‍ബോ ഫിഷ് എന്നും ഗപ്പി അറിയപ്പെടുന്നു. ബാര്‍ബുഡ, ബ്രസീല്‍, ജമെയ്ക, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ഉരുത്തിരിഞ്ഞു വന്നതാണ് ഇവയെന്നു പറയുന്നുണ്ടങ്കിലും ഇന്ന് ആന്റാര്‍ട്ടിക്ക ഭൂഖണ്ഡമൊഴിച്ച് എല്ലായിടത്തും ഗപ്പിയുണ്ട്.

സംഖ്യാബാഹുല്യം, ഉയര്‍ന്ന വളര്‍ച്ച, മികച്ച പ്രത്യുല്പാദനം, വ്യത്യസ്ഥ താപനിലകളെ അതിജീവിക്കാനുള്ള കഴിവ് എന്നിവ ഗപ്പിയുടെ പ്രത്യേകതയാണ്. മിശ്രഭോജികളാണ്. പെണ്‍മത്സ്യങ്ങളെ അപേക്ഷിച്ച് ആണ്‍മത്സ്യത്തിനു വലിപ്പം കുറവാണ്. എന്നാത് മേനിയഴകിന്റെ കാര്യത്തില്‍ ആണ്‍മത്സ്യമാണു കേമന്‍. ശരീരത്തിലും വാലിലുമടക്കം നിരവധി വര്‍ണങ്ങളാണ് ഗപ്പിയെ സുന്ദരനാക്കുന്നത്. പെണ്‍മത്സ്യങ്ങള്‍ക്കു വാലില്‍ മാത്രമേ നിറം ഉണ്ടായിരിക്കുകയുള്ളു. വാല്‍ച്ചിറകിന്റെ പ്രത്യേകതകളനുസരിച്ച് ഗപ്പികള്‍ വിവിധ ഇനങ്ങളിലുണ്ട്. റൗണ്ട്‌ടെയില്‍, സ്‌പേഡ്‌ടെയ്ല്‍, ബാനര്‍ടെയ്ല്‍, ലയര്‍ ടെയ്ല്‍, അപ്പര്‍ സ്വേഡ് ടെയില്‍, ലോവര്‍ സ്വേഡ് ടെയില്‍, ഡബിള്‍ സ്വഡ് ടെയില്‍, സ്‌ക്വയര്‍ഫ്‌ളാഗ് ടെയില്‍, സാഷ്ഫ്‌ളാഗ് ടെയില്‍, ഫാന്‍ടെയില്‍, ഡെല്‍റ്റ ഫ്‌ളാഗ് ടെയില്‍.

2. മോളി (Molly)
(Poecilia sphenosp)
മെക്‌സിക്കോ നദികളാണ് ഇവയുടെ ഉത്ഭവ കേന്ദ്രം. വളരെ പെട്ടെന്നു പെരുകുകയും കൊതുകുകളെ നശിപ്പിക്കാനുപയോഗിക്കുകയും ചെയ്യുന്ന മോളികള്‍ ഇന്ന് വര്‍ണത്തിലെ വൈവിധ്യംകൊണ്ടും ആകാര വടിവപകൊണ്ടും മത്സ്യപ്രേമികളുടെ ഇഷ്ട മത്സ്യമാണ്. ആണ്‍-പെണ്‍ മത്സ്യങ്ങള്‍ ഭംഗിയുടെ കാര്യത്തില്‍ തുല്യരാണ്. ശുദ്ധജല മത്സ്യമാമെങ്കിലും ചെറിയ തോതിലുള്ള ലവണാംശമുള്ള വെള്ളത്തിലും ജീവിക്കാനുള്ള കഴിവുണ്ട്. ശരീരഘടനയനുസരിച്ച് വിവിധ തരം മോളികളുണ്ട. ബ്ലാക്ക് മോളി, സെയില്‍ഫിന്‍ മോളി, മാര്‍ബിള്‍ മോളി, സ്‌പോട്ടഡ് മോളി, ബലൂണ്‍ മോളി, ഗോള്‍ഡന്‍മോളി തുടങ്ങിയ ഇനങ്ങളാണ് മോളി വര്‍ഗത്തില്‍ ഉള്‍പ്പെടുക.

3. പ്ലാറ്റി (Platy)
(Xiphophorus maculatsu)
മെക്‌സിക്കോയ്‌ലെയും ഗ്വാട്ടിമാലയിലെയും നദികളില്‍നിന്ന് 1859ല്‍ ജെറാള്‍ഡ് എന്ന മത്സ്യശാസ്ത്രജ്ഞനാണ് പ്ലാറ്റികളെ വികസിപ്പിച്ചെടുത്തത്. പെണ്‍മത്സ്യങ്ങളെ അപേക്ഷിച്ച് ആണ്‍മത്സ്യത്തിനു വലിപ്പം കുറവായിരിക്കും. പക്ഷേ വര്‍ണപ്പൊലിമയുടെ കാര്യത്തില്‍ ആണ്‍മത്സ്യങ്ങളാണു കേമന്മാര്‍. ചെറുജീവികളും ഹരിത ആല്‍ഗകളുമാണ് പ്രധാന ഭക്ഷണം. നിറഭേദമനുസരിച്ച് ചുവപ്പ്, കറുപ്പ്, നീല, മാരിഗോള്‍ഡ്, എന്നിങ്ങനെ വിവിധ ഇനങ്ങള്‍ ഇവര്‍ക്കിടയിലൂണ്ട്.

4. വാള്‍വാലന്‍ (Sword Tail)
(Xiphophorus helleri)
വാല്‍ച്ചിറകിന്റെ അടിഭാഗത്തുനിന്നു പുറകിലോട്ടുന്തി നില്‍ക്കുന്ന വാള്‍പോലുള്ള ഭാഗം ആണ്‍മത്സ്യങ്ങള്‍ക്കുള്ളതുകൊണ്ട് വാള്‍വാലന്‍ എന്ന പേരു വീണു. മധ്യഅമേരിക്കയാണ് ജന്മദേശം. ചിറകിന്റെ പ്രത്യകതകളും വര്‍ണവുമൊക്കെ കണക്കിലെടുത്ത് വിവിധ ഇങ്ങള്‍ വാള്‍വാലന്‍മാരിലുണ്ട്. റെഡ്, ആല്‍ബിനോ, ബ്ലാക്ക്, വാഗ്‌ടെയില്‍, മൂണ്‍ടെയില്‍, റെഡ് ഐഡ് എന്നിങ്ങനെപേകുന്നു ആ നിര. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് വായ അല്പം തള്ളി നില്‍ക്കുന്നതിനാല്‍ ഒഴുകി നടക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ഇവയ്ക്കു പെട്ടെന്നു വായ്ക്കുള്ളിലാക്കാം.

5. ഗാംബൂസിയ (Gambusia)
(Gambusia affinis)
കൊതുകുമീന്‍ എന്നാണ് ഗാംബൂസിയ അറിയപ്പെടുന്നത്. അമേരിക്കയാണ് സ്വദേശം. ഒലിവ് പച്ച മുതല്‍ വെള്ളി നിറം വരെ വരുന്ന മേനിയില്‍ അങ്ങിങ്ങായി കറുത്ത പൊട്ടുകളും കാണാം. സ്വന്തം ഭാരത്തിനു തുല്യരായ കൊതുകു ലാര്‍വകളെ ഇവര്‍ തിന്നൊടുക്കും.


മുട്ടയിടുന്ന വര്‍ണമത്സ്യങ്ങള്‍

1. കത്തിമത്സ്യം (Knife Fish)
(Notopteridae)
ആഫ്രിക്കയിലും ഇന്ത്യയിലും കാണുന്നു. നീണ്ട ശിരസിന്റെ മുകള്‍ഭാഗം കുഴിഞ്ഞു മുതുകുയര്‍ന്നും വാല്‍ഭാഗം കൂര്‍ത്തും കത്തിയുടെ ആകൃതിയിലുള്ള മേനി. ചെറു മത്സ്യങ്ങളാണ് ആഹാരം. നിയന്ത്രിത പ്രജനനം പ്രയാസമാണ്.

2. പറുദീസ മത്സ്യം (Paradise Fish)
(Macropodus opercularis)
1861ല്‍ പറുദീസ മത്സ്യങ്ങള്‍ പാരീസില്‍ എത്തിയതോടെയാണ് അക്വേറിയം എന്ന ആശയത്തിനു പ്രചാരം ലഭിച്ചത്. ചെറുമത്സ്യങ്ങളാണ് ആഹാരം. എങ്കിലും ഏതാഹാരവും കഴിക്കും. ഇണയെ ആക്രമിക്കുക, പരസ്പരം പോരാടുക എന്നിവ ഇക്കൂട്ടരുടെ വിനോദമാണ്. ചെകിളയ്ക്കു മുകളില്‍ ഓറഞ്ചു വലയങ്ങള്‍ പൊതിഞ്ഞ കടുംനീല മറുകാണ് ഇവയുടെ മുഖ്യ ആകര്‍ഷണം. ഇളം ചുവപ്പ് ചിറകുകളില്‍ ചെറു കറുത്ത പൊട്ടുകള്‍ കാണാം. തിളങ്ങുന്ന വര്‍ണങ്ങള്‍ ആണ്‍മത്സ്യത്തിനും മങ്ങിയ മേനിവര്‍ണം പെണ്‍മത്സ്യത്തിനും സ്വന്തം. പ്രജനന കാലത്ത് ആണ്‍മത്സ്യങ്ങളുടെ വര്‍ണം കൂടുതല്‍ തീക്ഷ്ണതയുള്ളതാകും. എന്നാല്‍ പെണ്‍മത്സ്യം ഈ സമയത്ത് വിളറി വെളുക്കും.

പ്രജനന സമയത്ത് ജലോപരിതലത്തിലേക്കു വായു ചീറ്റി ആണ്‍മത്സ്യങ്ങള്‍ കുമിളക്കൂടുകള്‍ തീര്‍ക്കും. കുമിളക്കൂടുകള്‍ക്ക് അടിയിലെത്തുന്ന പെണ്‍മത്സ്യത്തെ ആണ്‍മത്സ്യം വളഞ്ഞു പിടിക്കും. മുട്ടകള്‍ പുറത്തു വരുന്നതോടെ ബീജവര്‍ഷവും ബീജസംയോജനവും നടക്കും. കുമിളക്കൂടിലേക്കു കടക്കുന്ന മുട്ടകള്‍ക്ക് ആണ്‍മത്സ്യം കാവല്‍നില്ക്കും. 48 മണിക്കൂറിനുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങും.

3. പടയാളിമത്സ്യം (Siamese Fighter Fish)
(Betta splendens)
വന്യസൗന്ദര്യമുള്ള ഇക്കൂട്ടര്‍ അക്വേറിയത്തിന്റെ അഴകാണ്. എന്നാല്‍ അഴകിനുള്ളിലെ ദേഷ്യം കാണണമെങ്കില്‍ രണ്ടു ആണ്‍മത്സ്യങ്ങളെ ഒന്നിച്ച് ഒരു ടാങ്കില്‍ ഇട്ടാല്‍മതി. പരസ്പരം പോരടിച്ച് ഒരാള്‍ മറ്റെയാളെ അവശനാക്കും. നീണ്ട ചിറകുകളും കടും വര്‍ണവുമാണ് ആണ്‍മത്സ്യങ്ങളുടെ പ്രത്യേകത. വൃത്താകൃതിയിലുള്ള വാല്‍ച്ചിറക്. പെണ്‍മത്സ്യങ്ങള്‍ക്ക് മഞ്ഞ കലര്‍ന്ന തവിട്ടു നിറമാണ്. ആണ്‍മത്സ്യങ്ങളേപ്പോലെ വര്‍ണചാരുത പെണ്‍മത്സ്യങ്ങള്‍ക്കില്ല.
രണ്ടു വര്‍ഷത്തിലധികം ആയുസ് പടയാളി മത്സ്യങ്ങള്‍ക്കില്ല. തീറ്റപ്രിയരായ ഇവര്‍ ഈച്ച, കൊതുകു ലാര്‍വകള്‍, പുഴുക്കള്‍ എന്നിവ ആഹാരമാക്കും. തായ്‌ലന്റാണു സ്വദേശം. അക്വേറിയങ്ങളില്‍ ഇണകളെ വളര്‍ത്തുന്നതാണ് അഭികാമ്യം. ചുവപ്പ്, പച്ച, വെള്ള, കറുപ്പ്, ക്രീം എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.

4. ഗൗരാമി മത്സ്യങ്ങള്‍ (Gourami Fishes)
നീല ഗൗരാമി
ശാന്തസ്വഭാവമുള്ള ഗൗരാമികള്‍ അക്വേറിയങ്ങളിലെ പ്രിയപ്പെട്ട മത്സ്യമാണ്. സഹായ ശ്വസനാവയവം ഇവര്‍ക്കുള്ളതാണ് പ്രധാന പ്രതേയകത. ഇതുവഴി പ്രാണവായുവിന്റെ അളവ് കുറഞ്ഞ വെള്ളത്തില്‍പേലും ഇവയ്ക്ക് സുഖമായി വിഹരിക്കാനാകും. സഹായ ശ്വസനാവയവം ഉള്ളതിനാല്‍ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശസിക്കാന്‍ കഴിയും. 'ലാബ്രിന്ത് ഓര്‍ഗന്‍' എന്നാണ് ഈ ശ്വസനാവയവം അറിയപ്പെടുന്നത്. പിന്‍പപാര്‍ശ്വച്ചിറകുകള്‍ ചേര്‍ന്നുണ്ടായ ഒരു ജോടി നാരുകള്‍ ശരീരത്തിന്റെ നീലത്തില്‍ പിന്നിലേക്ക് നീണ്ടു കിടക്കും. ഇവ ദിശയറിയാനും രുചി അറിയാനുമൊക്കെ ഗൗരാമികളെ സഹായിക്കുന്നു.
കുമിളക്കൂടുടുകള്‍ക്കകത്താണ് ഇണചേരല്‍. ആണ്‍മത്സ്യം പെണ്‍മത്സ്യത്തിന്റെ വയറില്‍ മര്‍ദം പ്രയോഗിച്ച് മുട്ടകള്‍ പുറത്തു ചാടിക്കും. തുടര്‍ന്നു ബീജവര്‍ഷം നടത്തി മുട്ടകള്‍ കുമിളക്കൂടിനുള്ളിലാക്കി കാവല്‍നില്‍ക്കും. വൈവിധ്യങ്ങള്‍കൊണ്ട് വിവിധ ഇനം ഗൗരാമികളുണ്ട്.
കുള്ളന്‍ ഗൗരാമി ( Dwarf Gourami, Colisa lalia)
പേള്‍ ഗൗരാമി (Pearl Gourami, Trocogaster leeri)
നീല ഗൗരാമി ( Blue/Spotted Gourami, Trichopodus trichopterus)
ചുംബിക്കുന്ന ഗൗരാമി (Kissing Gourami, Helostoma temminckii)
ഭീമന്‍ ഗൗരാമി (Giant Gourami, Osphronemus goramy)
കടുംചുണ്ടന്‍ ഗൗരാമി (Thicklip Gourami, Trichogaster microlepis)

5. സിക്ലിഡുകള്‍ (Cichlids)
ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിശാലമായ തടാകങ്ങളില്‍ ജന്മംകൊണ്ടു. വൃത്തിയായ ചുറ്റുപാടില്‍ കഴിയാനിഷ്ടം. കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കുന്നവര്‍, അനുരൂപരായ ഇണകളെ കണ്ടെത്തുന്നവര്‍, അവരെ നന്നായി പരിചരിക്കുന്നവര്‍, ഏക പത്‌നീ വ്രതക്കാര്‍ എന്നിങ്ങനെ  നരവധി വിശേഷണങ്ങള്‍ സിക്ലിഡുകള്‍ക്കു നല്കാം. പാറകളിലും ഒളി സങ്കേതങ്ങളിലും വിരാജിക്കാനിഷ്ടപ്പെടുന്ന ഇവര്‍ പിപണിയിലെ താരങ്ങളാണ്. റിഫ്റ്റ് സിക്ലിഡ്‌സ്, സീബ്ര സിക്ലിഡ്, ഗോള്‍ഡന്‍ സിക്ലിഡ്, തീവായന്‍ സിക്ലിഡ് എന്നിവ സ്‌ക്ലിഡുകളിലെ ചില ഇങ്ങളാണ്.

6. ഓസ്‌കാര്‍ (Oscar)
(Astronotus ocellatsu)
വലിയ അക്വേറിയങ്ങളില്‍ വളരാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓസ്‌കാറുകള്‍. പൂര്‍ണവളര്‍ച്ചയില്‍ ഒരടി വരെ നീളം വയ്ക്കുന്ന ഇവര്‍ അമേരിക്കന്‍ സ്വദേശികളാണ്. ചാര, കറുപ്പ്, ചോള നിറക്കാര്‍ ഉണ്ടെങ്കിലും ഒലിവ് പച്ചനിറമാണ് പൊതുവേയുള്ളത്. ജൈവ ഭക്ഷ്യ വസ്തുക്കളും കൃത്രിമാഹാരങ്ങളും തീറ്റയാക്കുന്ന ഇവര്‍ ഇണകളെ സ്വന്തമായി തെരഞ്ഞെടുക്കും.

7. മാലാഖമത്സ്യം (Angel Fish)
(Pterophyllum scalare)
മാലാഖയേപ്പോലെ തെളിനീരില്‍ നില്‍ക്കുന്ന ഇവര്‍ ആരുടേയും മനം കവരും. ആമസോണ്‍ ഓറിനാക്കോ നദികളില്‍ വിഹരിച്ചിരുന്ന ഇവര്‍ പരമാവധി 15സെ.മീ. വരെ വളരും. സീബ്ര, മാര്‍ബിള്‍, ഗോള്‍ഡ് എന്നീ വര്‍ണരൂപത്തില്‍ കാണപ്പെടുന്നു. ആണ്‍-പെണ്‍ മത്സ്യങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. പ്രജനന കാലത്ത് പെണ്‍മത്സ്യങ്ങള്‍ക്ക് വലിയ വയറും കൂര്‍ത്ത ജനെറ്റല്‍ പാപ്പില എന്ന അവയവവും വ്യക്തമാകും. പിന്‍ പാര്‍ശ്വച്ചിറകുകള്‍ രൂപാന്തരം പ്രാപിച്ചുണ്ടായ ഒരുജോടി നാരുകളും നീണ്ട ചിറകുകളും പിന്നിലേക്ക് വിടര്‍ന്നു കിടക്കുന്ന ആലസ വാലുകളും മാലാഖ മത്സ്യങ്ങളുടെ പ്രത്യേകതയാണ്.
1823ല്‍ ബര്‍ളിന്‍ മ്യൂസിയത്തില്‍ Zeus Scalarsi എന്ന ഇനമാണ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ട മാലാഖമത്സ്യം.

8. ഡിസ്‌കസ് മത്സ്യം (Discus Fish)
(Symphysodon discus)
അതിസുന്ദരിയായ ഒരു തളികയാണ് ഇവരെന്നു പറയാം. ആമസോണ്‍ നദികളില്‍ വിഹരിച്ചിരുന്ന ഇവര്‍ പ്രകൃതിയുടെ വര്‍ണങ്ങള്‍ മുഴുവര്‍ ആവാഹിച്ച മേനിക്കുടമകളാണ്. കൊബാല്‍ട്ട്, ടര്‍ക്കിഷ്, റോയല്‍, നിയോണ്‍, പീജിയന്‍ തുടങ്ങിയവ ഡിസ്‌കസ് മത്സ്യങ്ങളുടെ നിറവൈവിധ്യങ്ങളാണ്. പൂര്‍ണവളര്‍ച്ചിയില്‍ ആണ്‍മത്സ്യങ്ങള്‍ക്കു നെറ്റിയില്‍ മുഴയുണ്ടാകും. പരമാവധി 20 സെ.മി. വരെ വളരും.

9. ബാര്‍ബ് മത്സ്യങ്ങള്‍ (Barb)
പരല്‍ എന്ന സാധാരണ പേരിലറിയപ്പെടുന്ന ബാര്‍ബ് മത്സ്യങ്ങള്‍ തെക്കന്‍ ഏഷ്യയിലെ ജലാശയങ്ങളില്‍ ജനിച്ചവരാണ്. ചെറിയ തലയും നേര്‍ത്ത ചുണ്ടുകളും ഒറ്റ മുതുച്ചിറകുമുള്ള ബാര്‍ബുകളെ ഇന്ത്യയില്‍ ഉദ്യാനമത്സ്യം എന്നാണറിയപ്പെടുക. സില്‍വര്‍ ബാര്‍ബ് (Puntus vittans), സ്‌കാര്‍ലറ്റ് ബാന്‍ഡഡ് ബാര്‍ബ് (Puntius ambhibius), ടൈഗര്‍ ബാര്‍ബ് (Puntius tetra), ടിന്‍ഫോയില്‍ ബാര്‍ബ് (Barbus schwanenfeldi), കോമാളി ബാര്‍ബ്
(Barbus everetti) തുടങ്ങിയവ ചില ബാര്‍ബ് ഇനങ്ങളാണ്.

10. കാര്‍പ്പ് മത്സ്യങ്ങള്‍ (Koi)
(Cyprinus carpio)
ചൈനയില്‍ പിറന്ന ഈ അപ്‌സരസുകളെ ജപ്പാന്‍കാരാണ് വിവിധ ഇങ്ങളാക്കി വികസിപ്പിച്ചത്. മേനിഭംഗിക1ണ്ടും വര്‍ണപ്പൊലിമയുടെ തീക്ഷ്ണ വൈവിധ്യംകൊണ്ടും അനുഗ്രഹീതരാണ് കാര്‍പ്പുകള്‍. മേല്‍ത്താടിയിലുള്ള രണ്ടു ജോടി തൊങ്ങലുകള്‍ (barbles), നീണ്ട മുതുച്ചിറക്, ക്രമമായി അടുക്കിയ ചെതുമ്പലുകള്‍ എന്നിവയാണ് കാര്‍പ്പിന്റെ സവിശേഷതകള്‍. ജല സസ്യങ്ങളും ചെളിയും നിറഞ്ഞ കുളങ്ങളാണ് കാര്‍പ്പുകളുടെ പ്രിയപ്പെട്ട ആവാസവ്യവസ്ഥ. ജപ്പാനിലെ യാക്കോഷി ഗ്രാമമാണ് കാര്‍പ്പുകളുടെ തറവാട്. വെള്ള മേനിയും തലയില്‍ തീപ്പൊട്ടുമുള്ള കൊഹാക്കു, കറുത്ത മേനിയില്‍ വെള്ള, ചുവപ്പ് പൊട്ടുകളുള്ള ഉല്‍സൂരിമോണോ എന്നിവ യമാക്കോഷിയിയല്‍ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്.  കോയ് മത്സ്യങ്ങള്‍ പ്രേരിത പ്രജനനത്തിനും (Induced Beeding) സജ്ജരാണ്. ജപ്പാന്‍, ഇസ്രായേല്‍, അമേരിക്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ കോയ് മത്സ്യങ്ങള്‍ക്കായി പ്രത്യേക കോയ് മേളകള്‍ സംഘടിപ്പിക്കാറുണ്ട്. ജൈവ തീറ്റകളും പെല്ലറ്റ് തീറ്റകളും ആഹാരമാക്കും.

11. സ്വര്‍ണമത്സ്യങ്ങള്‍ (Gold Fish)
(Carassius auratus auratus)

സ്വര്‍ണത്തിന്റെ തിളക്കം സ്വമേനിയില്‍ ആവാഹിച്ച വശ്യസൗന്ദര്യത്തിനുടമകളാണ് വര്‍ണമത്സ്യങ്ങള്‍. ആരുടെയും മനം കവരുന്ന ഇവരുടെ ഉത്ഭവം ചൈനയിലാണെങ്കിലും ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. എ.ഡി. 960 മുതല്‍ക്കേ ചൈനയില്‍ സ്ഥാനം പിടിച്ച സ്വര്‍ണമത്സ്യങ്ങള്‍ മൂന്നു തരമുണ്ട്. സുതാര്യമായ ചെതുമ്പലുകളുള്ള മാറ്റ് (Mat), വെയില്‍ തട്ടി ലോഹം പോലെ തിളങ്ങുന്ന ചെതുമ്പലുകളുള്ള മെറ്റാലിക് (Metalic), ഇരുനിറമുള്ള നിത്രിയസ് (Necreous) എന്നിവയാണവ.
സ്വര്‍ണമത്സ്യങ്ങളുടെ ശരാരഘടനന കാര്‍പ്പ് മത്സ്യങ്ങളുടേതുപോലെതന്നെ. സ്വാഭാവിക ജലാശയങ്ങളില്‍ നന്നായി വളരുന്ന ഇവരുടെ വളര്‍ച്ചാനിരക്ക് അക്വേറിയങ്ങളില്‍ കുറവാണ്. പ്രായപൂര്‍ത്തിയായ മത്സ്യങ്ങളില്‍ ലിംഗനിര്‍ണയം കുറേയൊക്കെ സാധ്യമാണ്. ആണ്‍മത്സ്യങ്ങളുടെ ചെകിളയ്ക്കു പുറത്ത് ചെറിയ വെള്ളത്തരികള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ കാണാം. പെണ്‍മത്സ്യങ്ങള്‍ ഈ പ്രായത്തില്‍ കൂടുതല്‍ ഉരുണ്ട് തടിച്ചിരിക്കും. ചെറിയ ജലജീവികളും ജലസസ്യങ്ങളും കൃത്രിമതീറ്റകളുമാണ് സ്വര്‍ണ മത്സ്യങ്ങളുടെ ആഹാരം. രൂപത്തിന്റെയും വര്‍ണത്തിന്റെയും വാലഴകിന്റെയും വൈവ്ധ്യമനുസരിച്ച് വിവിധ ഇനങ്ങള്‍ സ്വര്‍ണമത്സ്യങ്ങള്‍ക്കിടയിലുണ്ട്.
=കോമണ്‍ ഗോള്‍ഡ്
=സെലസ്റ്റിയല്‍ (Celestial)
=പോം പോണ്‍(Pompon)
=പേള്‍ സ്‌കെയില്‍ (Pearl Scale)
=ഒറാന്‍ഡ (Oranda)
=റെഡ് ക്യാപ് ഒറാന്‍ഡ(Red Cap Oranda)
=ഷുബിന്‍ കിന്‍ (Shubin-Kin)
=ബബിള്‍ ഐ (Bubbke Eye)
=റിയുകിന്‍(Ryu Kin)
=ടെലിസ്‌കോപിക് (Telescopic/Black Moor)
=പാണ്ട (Panda)
=കോമറ്റ് (comte)
=ട്വിന്‍ ടെയില്‍ഡ് ഫാന്‍ടെയില്‍ (Twin Tailed Fantail)
=ലയണ്‍ഹെഡ് (LionHead)

12. സ്രാവുമത്സ്യങ്ങള്‍ (Sharks)
കടലിലെ സ്രാവുമായി ഇവര്‍ക്കു യാതൊരു ബന്ധവുമില്ല. 12-15സെ.മീ. വരെ വളരും. മിശ്രഭോജികള്‍. പ്രേരിത പ്രജനനത്തിനും സന്നദ്ധര്‍. വലിയ ടാങ്കുകള്‍ ആവശ്യമാണ്. ചുവന്ന വാലന്‍ ഷാര്‍ക്ക് (Red Tailed Shark, Labeo bicolar), സില്‍വര്‍ ഷാര്‍ക്ക് (Balantio cheilus melanopterus), ചുവന്ന ചിറകന്‍ ഷാര്‍ക്ക് ( Red Finned Shark, Labeo erythrurus) എന്നിവ ചില ഷാര്‍ക്ക് ഇനങ്ങളാണ്.

13. പൂച്ചമത്സ്യങ്ങള്‍ (Catfishes)
മീശയാണ് ഇവരെ പൂച്ചമത്സ്യങ്ങളാക്കുന്നത്. ശിരസിന്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന നീണ്ട ബാര്‍ബെലുകളാണീ മീശ. ഒന്നു മുതല്‍ ആറു ജോടി മീശകള്‍ വരെ കാണാറുണ്ട്. ചെതുമ്പലുകളില്ലാത്ത ശരീരമുള്ള ഇവര്‍ക്കു പ്രാണവായു കുറഞ്ഞ ജലാശയത്തിലും ജീവിക്കാന്‍ കഴിവുണ്ട്. ഷാര്‍ക്ക് ക്യാറ്റ്ഫിഷ്, ബ്രോണ്‍സ് ക്യാറ്റ്ഫിഷ്, റിയോ നീഗ്രോ ക്യാറ്റ്ഫിഷ്, പ്ലേറ്റഡ് ക്യാറ്റ്ഫിഷ്, ആര്‍മേര്‍ഡ് ക്യാറ്റ്ഫിഷ്, ഗ്ലാസ് ക്യാറ്റ്ഫിഷ് എന്നിവ ചില ഇനം ക്യാറ്റ് ഫിഷുകളാണ്.

14. ലോച്ചുകള്‍ (Loaches)
പ്രാണവായു കുറഞ്ഞ ജലത്തില്‍ ജീവിക്കാന്‍ കഴിയുന്ന സഹായകശ്വസനാവയവങ്ങളാണ് ലോച്ചുകളുടെ പ്രത്യേകത. വിസര്‍ജ്യവസ്തുക്കളും ആഴുകിയ ജൈവവസ്തുക്കളും ഇവര്‍ തീറ്റയാക്കും. വായയ്ക്കു ചുറ്റിലും മൂന്നുമുതല്‍ ആറുവരെ ജോടി തൊങ്ങലുകള്‍ കാണപ്പെടും. ചെറുശല്‍ക്കങ്ങള്‍ നിറഞ്ഞ മേനി ഉരഗങ്ങളേപ്പോലെ നീണ്ടതാണ്. ലോച്ചുകളുടെ ലിംഗനിര്‍ണയം അല്പം പ്രയാസമേറിയ ഒന്നാണ്. ഓരഞ്ച് ഫിന്‍ഡ് ബോട്ടിയ (Orange Finned Botia), വെതര്‍ ലോച്ച് (Weather Loach), വൈ ലോച്ച് (Y Loach), ടൈഗര്‍ ലോച്ച് , കൂലി ലോച്ച് (Coolie Loach), കോമാളി ലോച്ച് (Clown Loach), വരയന്‍ ലോച്ച് (Stripped Loach) എന്നിവ ചിലയിനം ലോച്ച്മത്സ്യങ്ങളാണ്.

No comments:

Post a Comment

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആള...