Thursday 17 December 2015

പട്ടിന്റെ മാഹാത്മ്യം

വെട്ടിത്തിളങ്ങുന്ന പട്ടു വസ്ത്രം എന്നും എപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വസ്ത്രങ്ങള്‍ നെയ്യുന്ന നെയ്ത്തുകാരെ പലപ്പോഴും നാം ഓര്‍ക്കാറുണ്ട്. പക്ഷേ, മനോഹരമായ പട്ട് നിര്‍മിക്കാനായി നാം കൊന്നൊടുക്കുന്ന ഒരു ജീവിവര്‍ഗംമുണ്ട്. അങ്ങനൊരു കൂട്ടരെക്കുറിച്ച് അറിയാവുന്നവര്‍ ചുരുക്കമാവും. പട്ടിന്റെ വക്താക്കളായ പുഴുക്കളെയും അവ ഉത്പാദിപ്പിക്കുന്ന നൂലിനെയും പരിചയപ്പെടാം.



സെറികള്‍ച്ചര്‍ (Sericulture)

പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തി അവയില്‍നിന്നു പട്ടിനാവശ്യമായ അസംസ്‌കൃത വസ്തു ഉത്പാദിപ്പിക്കുന്ന പ്രക്രിയയ്ക്കു പറയുന്ന പേരാണ് സെറികള്‍ച്ചര്‍. കാര്‍ഷിക മേഖലയില്‍നിന്നു തുടങ്ങുന്നതാണ് പട്ടിന്റെ ചരിത്രം. മള്‍ബറി കൃഷി, പട്ടുനൂല്‍പ്പുഴു വിത്തുത്പാദനം, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, വേര്‍തിരിക്കല്‍, നൂലുകള്‍ തമ്മില്‍ പിരിച്ചെടുക്കല്‍, നെയ്ത്ത് തുടങ്ങിയ വിവിധ ഭാഗങ്ങള്‍ ഒരു പട്ടുവസ്ത്രത്തിനു പിന്നിലുണ്ട്.
പ്രകൃതിദത്ത പട്ടിന്റെ വ്യാവസായിക പ്രധാന്യമുള്ള മള്‍ബെറി, ടസര്‍, എറി, മ്യൂഗ എന്നീ നാലിനങ്ങളില്‍നിന്നു പട്ട് ഉത്പാദിപ്പിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്.


പട്ടിന്റെ ചരിത്രം

പട്ടിന്റെ ചരിത്രം ആരംഭിക്കുന്നത് ചൈനയില്‍നിന്നാണ്. ബിസി നാലായിരം മുതല്‍ ചൈനയില്‍ പട്ട് ഉത്പാദിപ്പിപ്പിച്ചിരുന്നുവെന്ന് ചരിത്രം വ്യക്താക്കുന്നു. എന്നാല്‍, ലോകത്തന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിന്റെ പ്രചാരം വര്‍ധിച്ചത് ക്രിസ്തുവര്‍ഷത്തിലാണ്. ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടു മുതല്‍ ജപ്പാനില്‍ പട്ടിന്റെ ഉപയോഗം തുടങ്ങി. അത് ഇന്ത്യയില്‍ ആരംഭിക്കുന്നത്  നാലാം നൂറ്റാണ്ടു മുതലാണ്. ഈ കാലഘട്ടത്തില്‍ അറബ് രാജ്യങ്ങളിലും സെറികള്‍ച്ചര്‍ വ്യാവസായികമായി തുടങ്ങി. പിന്നീടുള്ള പട്ടിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളും ഇതിലേക്കു തിരിഞ്ഞു. 16-ാം നൂറ്റാണ്ടില്‍ പട്ട് വിപണിയില്‍ ഫ്രാന്‍സ് വ്യക്തമായ മേല്‍ക്കൈ നേടി. എന്നാല്‍ പല രാജ്യങ്ങള്‍ക്കും ഈ മേഖലയില്‍ ശോഭിക്കാനായില്ല.

 ഒരു വ്യാവസായിക മുന്നേറ്റത്തിനു കളമൊരുക്കാന്‍ പട്ടിനു കഴിഞ്ഞു എന്നു വേണം പറയാന്‍. ഈ കാലഘത്തില്‍ പട്ടിനു പകരം പരുത്തി വന്നതോടെ പട്ടിന്റെ പ്രചാരത്തിന് ഇടിവുണ്ടായി. പട്ട് നിര്‍മിക്കുന്നതിലും ചുരുങ്ങിയ ചെലവിലും കുറഞ്ഞ അധ്വാനത്തിലും പരുത്തി വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞതാണ് പട്ടിന്റെ പ്രചാരം കുറയാന്‍ കാരണമായത്. കൂടാതെ ഫ്രാന്‍സിലെ പട്ടുനൂല്‍പ്പുഴുക്കള്‍ മാരക രോഗം നിമിത്തം ചത്തൊടുങ്ങിയത് അവിടുത്തെ പട്ടുത്പാദനത്തെ സാരമായി ബാധിച്ചു. പിന്നീടിങ്ങോട്ട് പഴയ അപ്രമാദിത്തം തിരിച്ചു പിടിക്കാന്‍ ഫ്രാന്‍സിനായില്ല. ഇന്ന് ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ പട്ടുത്പാദന രാജ്യം.

ഉപോത്പന്നങ്ങള്‍

പ്രധാനമായും പട്ടിനുവേണ്ടിയാണ് പുഴുക്കളെ വളര്‍ത്തുന്നതെങ്കിലും അവ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. ഇലക്ട്രിക് വസ്തുക്കളില്‍ ഇന്‍സുലേറ്ററായും ടയര്‍ ലൈനിംഗുകളായും കൃത്രിമ രക്തവാഹിനിയായും ശസത്രക്രിയാ നൂലുകളായും പട്ടുനൂല്‍ ഉപയോഗിക്കാറുണ്ട്.

പട്ടുനൂല്‍പുഴുവിന്റെ പ്യൂപ്പയില്‍നിന്ന് അമിനോ ആസിഡുകളും വൈറ്റമിന്‍ ബി2 (Riboflavin) എന്നിവ വേര്‍തിരിച്ചെടുക്കാറുണ്ട്. ഇവയെ വളര്‍ത്തുമ്പോള്‍ ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, കാഷ്ടം തുടങ്ങിയവ മണ്ണിര കമ്പോസ്റ്റ് നിര്‍മിക്കാനും ബയോഗ്യാസ് നിര്‍മിക്കാനും ഉപയോഗിക്കാം. ഉപയോഗശൂന്യമായ കൊക്കൂണുകള്‍ കരകൗശല വസ്തുക്കള്‍ നിര്‍മിക്കാനും ഉപയോഗിക്കാറുണ്ട്.

എന്താണ് പട്ട്?

പട്ടുനൂല്‍പ്പുഴു അവയുടെ സമാധി കാലത്ത് കൊക്കൂണ്‍ ഉണ്ടാക്കാനായി പുറപ്പെടുവിക്കുന്ന നൂല് പോലെയുള്ള ഒരു പ്രോട്ടീനാണിത്. തീര്‍ത്തും മൃദുവായ ശരീത്തിനു സമാധികാലത്ത് സുരക്ഷിതമായ കവചം ഒരുക്കുകയാണ് ഈ നൂലിന്റെ ധര്‍മം. പുഴു പുറപ്പെടുവിക്കുന്ന പ്രത്യേക ദ്രാവകം വായുവുമായുള്ള സമ്പര്‍ക്കത്തില്‍ നീളമുള്ള ഉറപ്പുള്ള നൂലായി മാറുകയാണ് ചെയ്യുന്നത്.

ഫൈബ്രോയിന്‍, സെറിസിന്‍ എന്നീ രണ്ടു പ്രോട്ടീനുകളാണ് പട്ടുനൂലിലുള്ളത്. പട്ടുനൂലിന് ബലം നല്കുന്ന പ്രധാന പ്രോട്ടീനാണ് ഫൈബ്രോയിന്‍. ഫൈബ്രോയില്‍ ഭാഗത്തെ പശപോലെ ആവരണം ചെയ്യുന്ന പ്രോട്ടീനാണ് സെറിസിന്‍. ഒരു കൊക്കൂണില്‍നിന്നു ലഭിക്കുന്ന നൂലിനു 350 മുതല്‍ 1800 മീറ്റര്‍ വരെ നീളമുണ്ടായിരിക്കും. കൊക്കൂണില്‍നിന്നു നിവര്‍ത്തിയെടുക്കുന്ന നൂലാണ് വ്യാവസായിക പട്ടിനായി ഉപയോഗിക്കുന്നത്. പ്യൂപ്പയെ കൊന്നശേഷമാണ് കൊക്കൂണില്‍നിന്നു നൂല് വേര്‍തിരിക്കുക.

പ്രധാന ഇനങ്ങള്‍

1. മള്‍ബെറി സില്‍ക്ക് വേം
ബോംബിക്‌സ് മോറി എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഇവയുടെ കൊക്കൂണിലെ നൂല് തുര്‍ച്ചയായ നീളത്തില്‍ പൊട്ടാത്തതാണ്. അതുകൊണ്ടുതന്നെ ലോകത്താകെ ഉത്പാദിപ്പിക്കപ്പെടുന്ന പട്ടുനൂലിന്റെ 95 ശതമാനവും ബോംബിക്‌സ് മോറി ഇനത്തില്‍നിന്നാണ്.

യൂണിവോള്‍ട്ടൈന്‍
തണുപ്പു രാജ്യങ്ങളില്‍ വളര്‍ത്തുന്ന മള്‍ബെറി സില്‍ക്ക് വേം ഇനങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. വര്‍ഷത്തില്‍ ഒരു തലമുറ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന ഇനമാണിത്.

ബൈവോള്‍ട്ടൈന്‍
ഒരു വര്‍ഷം രണ്ട് തലമുറ ഉണ്ടാകുന്ന മള്‍ബെറി സില്‍ക്ക് വേം ഇനങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. പ്രധാനമായും ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഈ വിഭാഗത്തില്‍പ്പെട്ട പട്ടുനൂല്‍പ്പുഴു ഇനങ്ങളെയാണ് വളര്‍ത്തിവരുന്നത്.

മള്‍ട്ടിവോള്‍ട്ടൈന്‍
ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് തലമുറയിലധികം ഉണ്ടാകുന്ന മള്‍ബെറി പട്ടുനൂല്‍പ്പുഴു ഇനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇവയെ കൂടുതലായും വളര്‍ത്തുന്നത്. രോഗപ്രതിരോധശേഷി കൂടുതലുള്ള ഇനവുമാണ്.

ലോകവിപണിയില്‍ ബൈവോള്‍ട്ടൈന്‍ വിഭാഗത്തില്‍നിന്നു ലഭിക്കുന്ന പട്ടിനാണ് ഏറെ പ്രചാരമുള്ളത്. ഈ വിഭാഗം മള്‍ബെറി പട്ടുനൂല്‍പ്പുഴു ഇനങ്ങളെ വളര്‍ത്തുന്നതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

2. എറി സില്‍ക്ക് വേം (Eri Silkworm)
ആവണക്ക് ചെടിയില്‍ വളര്‍ത്തിയെടുക്കുന്ന ഇനം പട്ടുനൂല്‍പ്പുഴു ഇനമാണിത്. കാസ്റ്റര്‍ സില്‍ക്ക്‌വേം എന്നും അറിയപ്പെടുന്നു. ഇവ ഉത്പാദിപ്പിക്കുന്ന നൂലിന് വെള്ളയോ ഇഷിടികച്ചുവപ്പ് നിറമോ ആയിരിക്കും. പല നൂലൂകള്‍ കൂടിച്ചേര്‍ന്ന നിലയിലായിരിക്കും ഇവയുടെ കൊക്കൂണിലെ നൂലുകള്‍. അവ വേര്‍തിരിച്ചെടുക്കാനും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ പുഴു ശലഭമായി കൊക്കൂണ്‍ ഭേദിച്ച് പുറത്തുവന്നതിനുശേഷമേ എറി സില്‍ക്ക് വേര്‍തിരിച്ചെടുക്കാറുള്ളൂ. ഇന്ത്യയില്‍ എറി സില്‍ക്കിന്റെ പ്രധാന കേന്ദ്രം ആസാമാണ്.

3. ടസര്‍ സില്‍ക്ക് വേം (Tasar Silkworm)
ആന്തറിയ മൈലേറ്റ എന്നാണ് ശാസ്ത്ര നാമം. ബൈവോളട്ടൈന്‍ ഇനമാണിത്. ഇന്ത്യയിലെ ടസര്‍ പുഴുക്കള്‍ക്ക് ഭക്ഷണായി താന്നി മരത്തിന്റെ ഇലയാണ് നല്കിവരുന്നത്. കൊക്കൂണിനു ദൃഢത കൂടുതലാണ്.

4. മ്യൂഗ സില്‍ക്ക് വേം (Muga Silkworm)
ആന്തറിയ അസാമെന്‍സിസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം. ഭംഗിയേറിയതും ഉറപ്പുമുള്ള സ്വര്‍ണനിറത്തിനുള്ള നൂലുകളാണ് ഇവ ഉത്പാദിപ്പിക്കുക. ആസാമില്‍ മാത്രമാണ് കാണപ്പെടുന്നത്. ആസാമിലെ പ്രമാണികുടുംബാംഗങ്ങള്‍ ഉപയോഗിച്ചുപോരുന്ന പട്ട് മ്യൂഗ സില്‍ക്കാണ്.


പട്ടുനൂല്‍പ്പുഴുവിന്റെ ജീവിതചക്രം (ബോംബിക്‌സ് മോറിയെ ആധാരമാക്കി)
നാല് ജീവിതഘട്ടങ്ങളാണ് പട്ടുനൂല്‍പ്പുഴുവിനുള്ളത്.

1. മുട്ട (Egg)
ഓരോ പെണ്‍ ശലഭങ്ങളും ശരാശരി 400 മുട്ടകള്‍ ഇടും. മള്‍ബെറിയുടെ ഇലകളില്‍ നിക്ഷേപിക്കുന്ന മുട്ടകള്‍ക്ക് ഓവല്‍ ആകൃതിയായിരിക്കും.

2. ലാര്‍വ (Larva)
9-12 ദിവസത്തിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന കഞ്ഞുങ്ങള്‍ക്ക് കറുപ്പോ ഇരുണ്ട ബ്രൗണ്‍ നിറമോ ആയിരിക്കും. വലിയ തലയും ചെറിയ ഉടലുമായിരിക്കും ഇവയ്ക്ക് അപ്പോളുണ്ടാവുക. 25-30 ദിവസം വരെയാണ് ലാര്‍വല്‍ ലൈഫ്. ഈ ദിവസം വരെ നന്നായി ഭക്ഷണം കഴിക്കുകയും വളരെവേഗം വളരുകയും ചെയ്യും.

3. പ്യൂപ്പ (Pupa)
ജീവിതചക്രത്തിന്റെ അവസാന പാദത്തില്‍ ലാര്‍വ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും ശരീരത്തില്‍നിന്നു പുറപ്പെടുവിക്കുന്ന പ്രത്യേക സ്രവം ഉപയോഗിച്ച് കവചം ഉണ്ടാക്കാന്‍ തുടങ്ങുകയും ചെയ്യും. സില്‍ക്ക് ഗ്ലാന്‍ഡിന്‍നിന്നു പുറപ്പെടുവിക്കുന്ന ഈ സ്രവം സ്പിന്നെറെറ്റ് എന്നറിയപ്പെടുന്ന ചെറു അവയവം ഉപയോഗിച്ചാണ് പുഴു കവചം തീര്‍ക്കുന്നത്. പശപശപ്പുള്ള ഈ സ്രവം അന്തരീക്ഷത്തിലെ വായുവുമായി കൂടിച്ചേര്‍ന്നാണ് ഉറപ്പുള്ള പട്ടുനൂലായി മാറുന്നത്. ഇവ നിര്‍മിക്കുന്ന കവചമാണ് കൊക്കൂണ്‍ (Cocoon) എന്നറിയപ്പെടുക. 48 മുല്‍ 72 മണിക്കൂര്‍ വരെ സമയമെടുത്താണ് ഓരോ പുഴുവും തങ്ങളുടെ സമാധിസ്ഥലം ഒരുക്കുന്നത്. പ്യൂപ്പാ ഘട്ടം 8 മുല്‍ 14 ദിവസം വരെ നീളും (കൊക്കൂണ്‍ നിര്‍മിക്കാന്‍ തുടങ്ങിയതില്‍നിന്ന് അഞ്ചു ദിവസങ്ങള്‍ക്കുശേമാണ് പട്ടുനൂലിനായി കൊക്കൂണ്‍ ശേഖരിക്കുന്നത്). പ്യൂപ്പാ ഘട്ടം അവസാനിക്കുമ്പോള്‍ ക്ഷാരാംശം കൂടിയ ഉമിനീരുപയോഗിച്ച് കൊക്കൂണ്‍ പിളര്‍ന്നാണ് ശലഭം പുറത്തുവരുന്നത്.

4. ശലഭം (Moth)
കൊക്കൂണ്‍ പിളര്‍ന്നു പുറത്തിറങ്ങുന്ന ശലഭങ്ങള്‍ക്ക് പറക്കാനുള്ള കഴിവില്ല. 4000 വര്‍ഷത്തിലധികമായി വളര്‍ത്തിവരുന്നതിന്റെ ഫലമോന്നോണം പറക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതാണ്. ശലഭഘട്ടത്തില്‍ ഇവ ഭക്ഷണം കഴിക്കാറില്ല. പ്യൂപ്പ ഘട്ടത്തില്‍ന്നു ശലഭമായ ഉടനെ ഇണചേര്‍ന്ന് മുട്ടയിടുന്ന ഇവ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ചാകും.


സില്‍ക്ക് റീലിംഗ്

കൊക്കൂണില്‍നിന്നു സില്‍ക്ക് ഫിലമെന്റ് അഴിച്ചെടുക്കുന്ന പ്രക്രിയയാണ് റീലിംഗ്. സില്‍ക്ക് നിര്‍മാണരംഗത്തെ ഒരു പ്രധാന പ്രക്രിയയാണിത്. എട്ടിലധികം കൊക്കൂണില്‍നിന്ന് നിവര്‍ത്തിയെടുക്കുന്ന ഫിലമെന്റുകള്‍ പിരിച്ചെടുത്താണ് ഒരു സില്‍ക്ക് നൂലുണ്ടാക്കുന്നത്.

പുഴുക്കള്‍ പ്യൂപ്പല്‍ ഘട്ടത്തിലേക്കു കടക്കാന്‍ തുടങ്ങിയതിന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ശേഖരിക്കുന്ന കൊക്കൂണുകള്‍ ചൂടുവെള്ളത്തില്‍ ഇട്ടാണ് സംസ്‌കരിക്കുന്നത്. 95-97 ഡിഗ്രി സെല്‍ഷ്യസ് ചൂടുവെള്ളത്തില്‍ 10-15 മിനുട്ട് മുക്കി പ്യൂപ്പയെ കൊല്ലുന്ന പ്രക്രിയ കുക്കിംഗ് എന്നാണ് അറിയപ്പെടുക. ഇതോടെ കൊക്കൂണ്‍ ഫിലമെന്റിലെ സെറിസിന്‍ പ്രോട്ടീന്‍ കൂടുതല്‍ മൃദുവാകും. അപ്പോള്‍ അനായാസം കൊക്കൂണില്‍നിന്നു ഫിലമെന്റ് അഴിച്ചെടുക്കാന്‍ കഴിയും.


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...