Wednesday, 2 December 2015

പാലാക്കാട് ആര്‍പിഎസിന്റെ തേനീച്ചത്തോട്ടം

റബര്‍കര്‍ഷകര്‍ റബറിന്റെ വിലയിടിവുമൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പാലായ്ക്കടുത്തുള്ള പാലാക്കാട് റബര്‍ ഉത്പാദക സംഘത്തിന്റെ പ്രസിഡന്റ് വെട്ടിക്കുഴക്കുന്നേല്‍ വി.യു. ജോസഫിന്റെ മകന്‍ ലിജു ജോസും സുഹൃത്ത് പൂവത്താനിക്കുന്നേല്‍ ബിജു ജോസഫും പുതിയോരു സംരംഭവുമായി മുന്നിട്ടിറങ്ങിയത്. സാമൂഹ്യപ്രാധാന്യമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ പാലാക്കാട് ആര്‍പിഎസിന്റെ കീഴില്‍ നടന്നിരുന്നു. അത്തരത്തില്‍ റബര്‍ കര്‍ഷകര്‍ക്കൊരു പ്രചോദനമായാണ് റബറിനൊപ്പം തേനീച്ചവളര്‍ത്തല്‍, കര്‍ഷകര്‍ക്കു തേനീച്ചവളര്‍ത്തലില്‍ പരീശീലനം എന്നീ ആശയങ്ങള്‍ ബിജു മുന്നോട്ടുവച്ചത്.


തേനീച്ചവളര്‍ത്തലില്‍ പരിശീലനം നേടിയിട്ടുള്ള ബിജുവിന്റെ നേതൃത്വത്തിലാണ് ആര്‍പിഎസില്‍ ഒരുവര്‍ഷത്തെ പരിശീലന പരിപാടി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആര്‍പിഎസിന്റെ അംഗങ്ങള്‍ക്കായി നടത്തിയ പരിശീലനം ഈ വര്‍ഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 45 കര്‍ഷകര്‍ പരിശീലനം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തെ പരിശീലനത്തില്‍ തേനീച്ച വളര്‍ത്തലിന്റെ ആദ്യാവസാനംവരെ പഠിക്കുന്നതിനൊപ്പം പ്രാക്ടിക്കല്‍ പരിശീലനവും ഇവിടുത്തെ പ്രത്യകതയാണ്. അതുവഴി കേവലം പറഞ്ഞു ലഭിക്കുന്ന അറിവുകളേക്കാളേറെ പ്രവര്‍ത്തനത്തിലൂടെ അറിവുനേടാന്‍ കര്‍ഷകര്‍ക്കു കഴിയുന്നുണ്ട്.

ഔഷധഗുണമുള്ള ഭക്ഷണം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച് മറ്റു ഭക്ഷണങ്ങള്‍ക്കുപുറകേ പോകുന്ന പ്രവണതയാണ് പൊതുവേ മലയാളികള്‍ക്കുള്ളത്. അലങ്കാരത്തിനും ആര്‍ഭാടത്തിനുമുള്ള വസ്തുവായി തേനിനെ കാണരുതെന്നാണ് ബിജുവിന്റെ അഭിപ്രായം. തേന്‍ ജീവിതത്തിലെ ഒരു ഭാഗമായി മാത്രം കാണണം. ഈ രീതിക്കു ബിജുവും ലിജുവും മറ്റുള്ളവര്‍ക്കു മാതൃകയുമാണ്. അതിഥികള്‍ക്കു തേന്‍വെള്ളവും തേന്‍ ഉപയോഗിച്ചു നിര്‍മിച്ച പലഹാരങ്ങളുമാണ് നല്കുക. തേന്‍ ഉത്പാദിപ്പിക്കുമ്പോള്‍ വീട്ടിലെ ആവശ്യം കഴിഞ്ഞുമാത്രമേ ആവശ്യക്കാരിലെത്തിക്കൂ.

തേനീച്ച സംരക്ഷണം
തേനീച്ചകൃഷി പ്രധാനമായും മൂന്നു കാലങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ സമയങ്ങളില്‍ ആവശ്യമായ സംരക്ഷണം നല്കിയില്ലെങ്കില്‍ തേന്‍ ഉത്പാദനത്തെ അത് സാരമായി ബാധിക്കും.
1. ക്ഷാമകാലം (ജൂണ്‍-സെപ്റ്റംബര്‍)
ഈ കാലത്ത് പ്രകൃതിയില്‍നിന്നു തേന്‍ ലഭിക്കില്ലാത്തതിനാല്‍ കൃത്രിമമായ ആഹാരം നല്കുന്നു. ഇതിനായി മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത പഞ്ചസാര ലായനി ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ എല്ലാ പെട്ടികളിലും നല്കുന്നുണ്ട്. കൂടാതെ ആഴ്ചയില്‍ ഒരുതവണ പെട്ടിയുടെ അടിപ്പലക വൃത്തിയാക്കും. മെഴുകുപുഴുവിന്റെ ശല്യം ഒഴിവാക്കാനാണിത്.
2. വളര്‍ച്ചാകാലം (സെപ്റ്റംബര്‍-ജനുവരി)
നിര്‍ജീവമായ തേനടകള്‍ മാറ്റും. സജീവമായ അടകളുള്ള പെട്ടികള്‍ വിഭജിക്കും. വര്‍ഷംതോറും റാണിമാരെ പുതുക്കുന്ന പ്രക്രിയ ഈ കാലത്ത് നടത്താം. പഴയറാണിയെ മാറ്റി പുതിയ റാണിയെ വളരാന്‍ അനുവദിക്കും. ഒരു കോളനിയില്‍ പുതിയ റാണി ഉണ്ടാകാത്ത സാഹചര്യത്തില്‍ മറ്റു കോളനികളില്‍നിന്നു റാണിമുട്ട എടുത്തുവയ്ക്കും.
ഈ കാലത്തുതന്നെയാണ് കോളനികളുടെ വിപണനവും നടത്തുക. ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ച് കോളനികള്‍ സ്ഥാപിച്ച് നല്കാറുണ്ട്. ഇതിനായി സര്‍വീസ് ചാര്‍ജും ഈടാക്കും. ഡിസംബര്‍ 15നു ശേഷം വിഭജനം നടത്തില്ല.
3. ഉത്പാദനകാലം (ഫെബ്രുവരി-മാര്‍ച്ച്)
തേന്‍ ഉത്പാദനം തുടങ്ങുന്നതിനുമുമ്പായി കോളനികളില്‍ സൂപ്പര്‍ വച്ചു നല്കും. പുതിയതായി റാണി സെല്ലുകള്‍ വളര്‍ന്നു വരുന്നുണ്ടെങ്കില്‍ അവ നശിപ്പിക്കും. സൂപ്പറില്‍ അഞ്ചു ഫ്രെയിമായിരിക്കും ഉണ്ടാവുക. ഇത് തേനിന്റെ ഗുണമെന്മ വര്‍ധിക്കാനിടയാക്കുന്നു. ചിലര്‍ നാലു ഫ്രെയിമുകള്‍ വയ്ക്കാറുണ്ട്. ഇങ്ങനെ നാലു ഫ്രെയിമുകള്‍ നല്കുമ്പോള്‍ ഫ്രെയിമുകള്‍ തമ്മില്‍ അകലം വര്‍ധിക്കുകയും തന്മൂലം തേനറകളുടെ വീതി കൂടാനിടവരും. ഇത് തേനിലെ ജലാംശം കുറയാതിരിക്കുന്നതിനു കാരണമാകും. ഫലമോ, തോനിന്റെ ഗുണമേന്മ നഷ്ടപ്പെട്ട് പെട്ടെന്നു കേടാകും.

തേന്‍ശേഖരണവും സംസ്‌കരണവും
100 ശതമാനം സീല്‍ ചെയ്ത അടകളിനിന്നേ തേന്‍ എടുക്കു. സ്‌റ്റെയില്‍ലെസ് സ്റ്റീല്‍ സംഭരണിയില്‍ വായുകടക്കാത്തവിധത്തിലാണ് സൂക്ഷിക്കുക. ചെമ്പ്, പ്ലാസ്റ്റിക് തുടങ്ങിയ സംഭരണികള്‍ ഉപയോഗിക്കാറില്ല. ചെമ്പില്‍ സൂക്ഷിക്കുമ്പോള്‍ രാസപ്രവര്‍ത്തനം നടന്ന് സിങ്ക് ഓക്‌സൈഡ് ഉണ്ടാകുന്നുണ്ട്. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്ലാസ്റ്റിക് ജാറുകളില്‍ സൂക്ഷിക്കുമ്പോള്‍ തേന്‍ വളരെവേഗം പുളിച്ചുപോകുന്നതായും കാണുന്നു.
ശരാശരി പത്തു കിലോ തേന്‍ ഓരോ പെട്ടിയില്‍നിന്നും ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ തേനീച്ച (എപിസ് സെറാന ഇന്‍ഡിക്ക)യാണ് ഇവരുടെ പക്കലുള്ളത്. ഈ സീസണില്‍ ബിജുവിന് 400 കോളനികളും ലിജുവിനു നൂറോളം കോളനികളുമുണ്ട്. സുഹൃത്തുക്കളുടെ തോട്ടങ്ങളില്‍ ഒരു തോട്ടത്തില്‍ 25 കോളനി എന്ന രീതിയിലാണ് വച്ചിരിക്കുന്നത്. വിളവെടുക്കുന്ന സമയത്ത് തോട്ടമുടമയ്ക്കു ാെരു കുപ്പി തേന്‍ നല്കും.

വിപണനം
അളവില്‍ പ്രാധാന്യം നല്കുന്ന രീതിയേക്കാളുപരി തേനിന്റെ ഗുണമേന്മയ്ക്കാണ് ഇരുവരും പ്രാധായന്യം നല്കുന്നത്. വിളവെടുപ്പിനുശേഷം ഒരു വര്‍ഷം മുമ്പിലുള്ളതിനാല്‍ തേനിന്റെ മാര്‍ക്കറ്റിംഗ് പ്രശ്‌നമല്ല. ഉപഭോക്താക്കള്‍ക്കു നേരിട്ട് വിപണനം നടത്തുക എന്നതാണ് ഇവരുടെ രീതി. ബന്ധുക്കള്‍തന്നെയാണ് ആദ്യത്തെ ഉപഭോക്താക്കള്‍. പ്രധാനമായും രണ്ടുതരം തേനാണ് വിപണനത്തിനെത്തുക. സംസ്‌കരിച്ചതും സംസ്‌കരിക്കാത്തതും. സംസ്‌കരിച്ച തേന്‍ കൂടുതല്‍കാലം കേടാകാതിരിക്കും. കിലോയ്ക്ക് 270 രൂപ എന്ന രീതിയിലാണ് വിപണനം.
റബര്‍ കര്‍ഷകര്‍ക്കു റബറിനൊപ്പം ചെയ്യാവുന്ന പ്രധാന കൃഷിയാണ് തേനീച്ച വളര്‍ത്തല്‍. റബറുമായി ബന്ധപ്പെട്ട ജോലികള്‍ക്കുശേഷം ലഭിക്കുന്ന സമയത്ത് തേനീച്ച വളര്‍ത്തലും നടത്തിയാല്‍ റബറിന്റെ ഉത്പാദന സീസണ്‍ കഴിയുമ്പോള്‍ തേന്‍ വിളവെടുപ്പാകും. ഇതുവഴി അധികവരുമാനമാണ് ലഭിക്കുക.

തേനീച്ചവളര്‍ത്തല്‍ പരിശീലന പരിപാടി
വ്യക്തമായ പരിശീലനമില്ലാതെ ഈ മേഖലയിലേക്കു കടന്നാല്‍ പരാജയം സംഭവിക്കാമെന്നു ബിജു പറയുന്നു. ഇന്ന് നിരവതി പരിശീലന പരിപാടികള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നു. എന്നാല്‍ കേവലം അക്കാദമിക് തലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന അത്തരം ക്ലാസുകള്‍ തേനിച്ചവളര്‍ത്തലിലെക്കു തിരിയാന്‍ ആഗ്രഹിക്കുന്നവരെ പിന്നോട്ടുവലിക്കുകയേയുള്ളു. കേവലം രണ്ടോ മൂന്നോ ദിവസത്തെ ക്ലാസുകള്‍കൊണ്ട് മനസിലാക്കിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല ഈ മേഖല. തേനീച്ചകൃഷിയുടെ ഒരുര്‍ഷം നീണ്ടുനില്ക്കുന്ന കാലഘട്ടം അനുഭവിച്ച് പ്രവര്‍ത്തിച്ചു പഠിച്ചാല്‍ മാത്രമേ പ്രായോഗികമായി മുമ്പോട്ടുകൊണ്ടുപോകാന്‍ കഴിയു. ഇതു മനസിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ലിജുവും ബിജുവും പാലാക്കാട് ആര്‍പിഎസിന്റെ നേതൃത്വത്തില്‍ തേനീച്ചവളര്‍ത്തല്‍ പരിശീലക്ലാസുകള്‍ ആരംഭിക്കാന്‍ മുമ്പിട്ടിറങ്ങിയത്.

ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന പരിശീലനപരിപാടിക്ക് 500 രൂപയാണ് ഫീസായി ഈടാക്കുക. മാസത്തില്‍ ആദ്യത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഒന്നു വരെയാണ് ക്ലാസുകള്‍. തേനീച്ച വളര്‍ത്തലില്‍ പ്രഗത്ഭരായവരുടെ ക്ലാസുകള്‍ നല്കുന്നതോടൊപ്പം ബിജുവും ക്ലാസുകള്‍ നയിക്കാറുണ്ട്.

തിയറി ക്ലാസുകള്‍ക്കൊപ്പം പ്രാക്ടിക്കല്‍ അറിവുംകൂടി ക്ലാസുകളില്‍ ഉള്ളതിനാല്‍ തേനീച്ചയെ പേടിയുള്ളവരുടെ പേടി മാറും. എട്ടു കോളനികളാണ് പഠനാവശ്യത്തിനായി സ്ഥാപിച്ചിട്ടുള്ളത്. പഠനകാലത്ത് ഈ കോളനികളുടെ മുഴുവന്‍ പരിപാലനവും വിദ്യാര്‍ഥികളാണ് ചെയ്യുക.
ക്രിയാത്മക പരിശീലനം, തേന്‍ സംസ്‌കരണം, മെഴുകു സംസ്‌കരണം, ഉപോത്പന്ന നിര്‍മാണം എന്നിവയാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയുടെ സിലബസ്.

ഉപകരണങ്ങള്‍
തേനീച്ചയുമായി ബന്ധപ്പെട്ട എല്ലാവിധ ഉപകരണങ്ങളുടെയും വിതരണക്കാരന്‍കൂടിയാണ് ബിജു. പെട്ടി, സ്‌മോക്കര്‍, എക്‌സ്ട്രാക്ടര്‍, കത്തി, നെറ്റ്, കോട്ട് തുടങ്ങി തേനീച്ച കോളനിയും വിപണനത്തിലുണ്ട്. പുന്ന, മരുത് മുതലായ തടികള്‍ ഉപയോഗിച്ചു നിര്‍മിക്കുന്നതാണ് പെട്ടികളും ഫ്രെയിമുകളും. തമിഴ്‌നാട്ടിന്‍നിന്നെത്തിച്ച് പെട്ടിയുടെ പുറത്ത് പെയിന്റ് അടിച്ചശേഷം പെയിന്റിന്റെ മണം മാറിയ ശേഷമേ ആവശ്യക്കാര്‍ക്കു വിതരണം ചെയ്യു. പെട്ടികള്‍ വെയിലും മഴയുമേല്ക്കാതെ സംരക്ഷിക്കുകയാണെങ്കില്‍ വര്‍ഷങ്ങളോളം ഈടു നില്ക്കും.

ഏതൊരു കാര്‍ഷിക സംരംഭത്തിന്റെയും വിജയം എന്നത് കുടുംബാംഗങ്ങളുടെ സഹകരണവും പിന്തുണയുമാണ്. ബിജുവിന്റെ ഭാര്യ
റെന്‍സിയും മകന്‍ നെല്‍വിനും കോളനികളുടെ പരിചരണത്തില്‍ ബിജുവിന്റെ ഒപ്പമുള്ളപ്പോള്‍ പിതാവ് ജോസഫ്, മാതാവ് ആലീസ്, ഭാര്യ ജിജി മക്കളായ ആല്‍ഫിനോ, ആല്‍ഫ്രഡ് എന്നിവരാണ് ലിജുവിന്റെ ബലം.

റബര്‍ വിലയിടിവില്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്കു പുതിയൊരു മാര്‍ഗം പകര്‍ന്നു നല്കുന്ന പാലാക്കാട് ആര്‍പിഎസിന്റെ തേനീച്ച വളര്‍ത്തല്‍ പരിപാടിക്ക് മേല്‍നോട്ടം വഹിച്ച് ലിജുവും ബിജുവും റബര്‍ കര്‍ഷകര്‍ക്കു പുതിയ മാതൃകയാവുകയാണ്...


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...