Saturday, 1 October 2016

75 ഏക്കറില്‍ മത്സ്യക്കൃഷിയുമായി മീനച്ചില്‍ ഫിഷ് ഫാം

ശ്രീജിത്തും പ്രവീണും
 വളര്‍ത്തുമത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് യുവാക്കള്‍. പ്രതിമാസം ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളാണ് കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് ഇവര്‍ വിതരണം ചെയ്യുന്നത്.






ഐബിന്‍ കാണ്ടാവനം

കേരള സമ്പദ്ഘടനയില്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. വളര്‍ത്തുമത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് കോട്ടയത്തെ രണ്ടു യുവാക്കള്‍. കുഞ്ഞുങ്ങളുടെ വില്പനയും ഇവര്‍ നടത്തുന്നു. കോട്ടയം വടവാതൂര്‍ പുതുപ്പറമ്പില്‍ ശ്രീജിത്ത്, പാറമ്പുഴ വെള്ളാറ്റില്‍ പ്രവീണ്‍ എന്നിവരാണ് മത്സ്യമേഖലയില്‍ മികച്ച വരുമാനം കൊയ്യുന്നത്. പ്രതിമാസം ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളാണ് കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് ഇവര്‍ വിതരണം ചെയ്യുന്നത്.

മീനച്ചില്‍ ഫിഷ് ഫാം എന്നപേരില്‍ ഫാം രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ സംരംഭവുമായി മുന്നേറുന്നത്. പാട്ടത്തിനെടുത്ത 75 ഏക്കറില്‍ മത്സ്യകൃഷി നടത്തി വിജയിച്ച ആത്മവിശ്വാസം കുഞ്ഞുങ്ങളുടെ വിപണനത്തിലേക്കുകൂടി കടക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചു. കോട്ടയം ജില്ലയിലെ പ്രധാന ജലസ്രോതസുകളായ പാടം, പാറമട, പടുതാക്കുളം, മണ്‍കുളം തുടങ്ങിയവയില്‍ മത്സ്യകൃഷി നടത്തുന്നു എന്ന പ്രത്യേകതയും ഈ ഫാമിനു സ്വന്തം.

കട്‌ല, രോഹു, മൃഗാല്‍, സൈപ്രിനസ്, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്തിയായിരുന്നു തുടക്കം. ചുരുങ്ങിയ കാലംകൊണ്ട് നല്ല വളര്‍ച്ച കൈവരിക്കുന്ന മത്സ്യങ്ങളാണിവ. എന്നാല്‍, വെള്ളത്തിന്റെ ഘടനയില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ഈ മത്സ്യങ്ങള്‍ക്ക് തരണം ചെയ്യാന്‍ കഴിയില്ലെന്നത് ഒരു വെല്ലുവിളിയാണ്. മാത്രമല്ല ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളായ കട്‌ല, രോഹു, ഗ്രാസ്‌കാര്‍പ്പ് എന്നിവ ഒരു സെന്റില്‍ പരമാവധി 40 എണ്ണം മാത്രമേ പാടുള്ളു. എങ്കിലേ മികച്ച വളര്‍ച്ച ലഭിക്കൂ. അതിനാല്‍ ഇപ്പോള്‍ വാള, നട്ടര്‍ മത്സ്യങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

നട്ടര്‍, വാള, ഹൈബ്രിഡ് തിലാപ്പിയ, അനാബസ് ഇനങ്ങളെയാണ് മീനച്ചില്‍ ഫിഷ് ഫാം വഴി വിതരണം ചെയ്യുന്നത്. ബംഗ്ലാദേശിലെ ഹാച്ചറികളില്‍നിന്ന് അംഗീകൃത ഇറക്കുമതിക്കാര്‍ കോല്‍ക്കത്തയിലെത്തിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചശേഷമാണ് മീനച്ചില്‍ ഫിഷ്ഫാമിലെത്തുക. പ്രത്യേക പരിചരണത്തിലൂടെ ഇവിടത്തെ സാഹചര്യവുമായി ഇണക്കിയതിനുശേഷം ഒരാഴ്ച കഴിഞ്ഞാണ് വില്പന. വലിപ്പമനുസരിച്ച് മൂന്നു മുതല്‍ ആറു രൂപ വരെയാണ് ഒരു കുഞ്ഞിന്റെ വില.

കേരളത്തില്‍ ഗിഫ്റ്റിന്റെ (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) ലഭ്യത വളരെ കുറവായതിനാല്‍ ബംഗ്ലാദേശില്‍നിന്ന് ഹൈബ്രിഡ് ഇനം തിലാപ്പിയയാണ് എത്തിക്കുന്നത്. ഏകലിംഗമാക്കിയതാണെങ്കിലും ചുരുക്കം ചിലതില്‍ ലിംഗമാറ്റം നടക്കാത്തതിനാല്‍ പ്രജനനം നടന്ന് വലുപ്പം മുരടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മികച്ച വളര്‍ച്ച ലഭിക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയയാണ് പുതിയ പരീക്ഷണം. 10 മാസംകൊണ്ട് ഒരു കിലോ വളര്‍ച്ച ലഭിക്കുന്ന ഇനമാണിത്. മറ്റു സംസ്ഥാനങ്ങളില്‍ വളര്‍ത്തി വിജയിച്ച ഇനമായതിനാല്‍ തായ്‌ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്താണ് ഇവിടെ വിതരണം ചെയ്യുന്നത്. കോല്‍ക്കത്ത വഴിയാണ് ഇതും ഇവിടെത്തുക.

ചെറിയ മുതല്‍മുടക്കില്‍ മികച്ച വരുമാനം നേടിത്തരുന്ന മേഖലയാണിതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ സെന്റ് വലിപ്പമുള്ള കുളങ്ങളില്‍നിന്ന് അടുക്കളയിലേക്കു മാത്രമല്ല വരുമാനം നല്കുന്ന രീതിയിലും മത്സ്യകൃഷി നടത്താവുന്നതേയുള്ളൂ. ഒരു സെന്റില്‍ 400 വാളയോ 200 തിലാപ്പിയയോ 80 നട്ടറോ 100 കരിമീനോ 400 അനാബസോ നിക്ഷേപിക്കാം. പത്തു മാസം കൊണ്ട് നട്ടര്‍ 1.25 കിലോയും വാള 1.5 കിലോയും കരിമീന്‍ 300 ഗ്രാമും തൂക്കം വയ്ക്കും. അനാബസ് നാലു മാസം കൊണ്ട് 300 ഗ്രാം തൂക്കം വയ്ക്കും.

ആദ്യ രണ്ടു മാസത്തേക്ക് ഫ്‌ളോട്ടിംഗ് ഫീഡ് നല്കിയശേഷം അടുക്കളഅറവ് മാലിന്യങ്ങള്‍ മത്സ്യങ്ങള്‍ക്ക് നല്കാം. അറവുമാലിന്യങ്ങള്‍ നല്കുമ്പോള്‍ നന്നായി വേവിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും വെള്ളം മലിനമാവാതിരിക്കാനും ഉപകരിക്കും. എപ്പോഴും ഒരിനം മത്സ്യം മാത്രം നിക്ഷേപിക്കുന്നതാണ് ഉത്തമം. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം മാത്രമല്ല, സംശയങ്ങള്‍ക്കു മറുപടി നല്കാനും മത്സ്യകൃഷിയില്‍ പരിചയമില്ലാത്തവര്‍ക്ക് കുളം നിര്‍മാണം മുതല്‍ വിപണനം വരെയുള്ള സഹായങ്ങള്‍ ചെയ്യാനും മീനച്ചില്‍ ഫിഷ് ഫാം സാരഥികളായ ശ്രീജിത്തും പ്രവീണും സന്നദ്ധരാണ്.
ഫോണ്‍:
ശ്രീജിത്ത്  8907448014
പ്രവീണ്‍  9656417211

1 comment:

  1. Congrats....Best project---Its the best way to teach people how they can have fresh fish with out any fear and earnings also..........

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...