Sunday 23 October 2016

തെറ്റിദ്ധാരണ പരത്തരുത്‌

ഫേസ്ബുക്കില്‍ 
പ്രചരിച്ച ചിത്രം.
സമീപ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട  ഒരു ചിത്രവും അതിനെക്കുറിച്ചുള്ള വിശദീകരണവുമാണ് ഇങ്ങനൊരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ ഒരു പാറമടയില്‍നിന്ന് അലിഗേറ്റര്‍ ഗാറിനെ കിട്ടി (സംഭവത്തിന്റെ നിജസ്ഥിതി അറിയില്ല). വിദേശ ഇനങ്ങളായ ഇത് പുഴകളിലോ മറ്റോ ചെന്നാല്‍ നാടന്‍ മത്സ്യങ്ങളെ നശിപ്പിക്കും എന്നാണ് ആ പോസ്റ്റിന്റെ ഉള്ളടക്കം.



മുതലയുടെ തലയും മത്സ്യത്തിന്റെ ഉടലുമുള്ള ഗാര്‍ ഭീകരനാണെന്നതില്‍ എനിക്കും എതിര്‍പ്പില്ല. ജീവനുള്ള മത്സ്യങ്ങള്‍, ചെറു ജന്തുക്കള്‍ എന്നിവയൊക്കെയാണ് അവയുടെ ഭക്ഷണം. വേസ്റ്റിനോട് അത്ര താത്പര്യമില്ല. പൊതു ജലാശയങ്ങളിലെത്തിയാല്‍ ജനങ്ങള്‍ക്കും ഭീഷണിയായേക്കാം. എന്നാല്‍, ഇവ നാടന്‍ മത്സ്യസമ്പത്ത് നശിപ്പിക്കും എന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഇന്ന് നമ്മുടെ ജലാശയങ്ങളില്‍നിന്ന് നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കണ്ടെന്ന് പറയപ്പെടുന്ന അലിഗേറ്റര്‍ ഗാറോ നട്ടറോ കാരണമാകുന്നുവെന്ന് കരുതാന്‍ വയ്യ. നാടന്‍ മത്സ്യങ്ങളെയും അവയുടെ മുട്ടകളെയും ഇവര്‍ നശിപ്പിക്കുമെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. എന്നാല്‍, അത് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പ്രകൃതിയിലെ ഭക്ഷ്യശൃംഖലയില്‍ ഒരു ഘടകം മാത്രമാണ് മത്സ്യം. അവയെ നശിപ്പിക്കാന്‍ മറ്റ് പലതുമുണ്ട്. എന്തിന്, മനുഷ്യര്‍ അവയെ പിടിക്കുന്നുണ്ടല്ലോ. ഇന്നത്തെ ഉള്‍നാടന്‍ മത്സ്യബന്ധന രീതികള്‍ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ. പണ്ടൊക്കെ തോട്ടയും നഞ്ചുമാണ് മത്സ്യങ്ങളെ പിടിക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് മാരകമായ വിഷവും മാനസികസമ്മര്‍ദമുള്ളവര്‍ ഉപയോഗിക്കുന്ന മരുന്നുമൊക്കെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നു. ലൈസന്‍സുള്ള വ്യക്തികളും ഇത്തരം അപക്വമായ പ്രവണതയാണ് കാണിക്കുന്നത്. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി വിഷം കലക്കി മീന്‍ പിടിക്കുമ്പോള്‍ നശിക്കുന്നത് ആ ജലാശയത്തിലെ എല്ലാത്തരം ജീവികളുമാണ്. അത്തരം പ്രവണതകള്‍ വ്യാപകമാകുമ്പോള്‍ എന്തിന് മറ്റ് മത്സ്യങ്ങളുടമേല്‍ പഴിചാരണം?

മത്സ്യങ്ങള്‍ എപ്പോഴും പരസ്പരം മുട്ട നശിപ്പിക്കുന്നവരാണ്. മിക്ക ഇനം മത്സ്യങ്ങളും ഒരുമിച്ച് ജീവിക്കാറില്ല. അതിനാല്‍ത്തന്നെ ഒരിനം മത്സ്യത്തിന്റെ മുട്ടകള്‍ മറ്റിനങ്ങള്‍ നശിപ്പിച്ചേക്കാം. ഗ്രാസ് കാര്‍പ്, കട്‌ല, രോഹു, മൃഗാല്‍ പോലുള്ള കാര്‍പ്പ് മത്സ്യങ്ങളെ വ്യാപകമായി ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ മാത്രം ഏതാണ് പത്തുലക്ഷത്തിനു മുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ് പൊതു ജലാശയങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള്. ഗ്രാസ് കാര്‍പ് എന്ന പേരു മാത്രമേയുള്ളൂ. എന്തും കഴിക്കുന്ന സ്വഭാവക്കാരാണ് ഇക്കൂട്ടര്‍ (അവയെ വളര്‍ത്തുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാം). അതിവേഗം വളരുന്നതിനാല്‍ മിക്ക ഫാമുകളിലും കോഴി വേസ്റ്റ് നല്കിയാണ് കാര്‍പ്പിനങ്ങളെ വളര്‍ത്തുന്നത്. അപ്പോപ്പിന്നെ പൊതു ജലാശയങ്ങളിലെ നാടന്‍ മത്സ്യങ്ങളുടെ മുട്ടകള്‍ ഇവ നശിപ്പിക്കുമെന്ന് ഉറപ്പല്ലേ.

മറ്റൊരു തെറ്റിദ്ധാരണയും വ്യാപകമാകുന്നുണ്ട്. കേരളത്തില്‍ പിരാനയെ വളര്‍ത്താന്‍ ആരും പ്രോത്സാഹിപ്പിക്കാറില്ല. വളര്‍ത്തുന്നവര്‍ ഉണ്ടെങ്കില്‍ത്തന്നെ വിരലിലെണ്ണാവുന്നവര്‍ മാത്രം. പിരാന എന്ന് തെറ്റിദ്ധരിക്കുന്ന നട്ടര്‍, റെഡ് ബെല്ലി എന്നൊക്കെ അറിയപ്പെടുന്ന റെഡ് ബെല്ലീഡ് പാക്കു ആണ് കേരളത്തില്‍ വ്യാപകമായി വളര്‍ത്തിവരുന്നത്. റെഡ് ബെല്ലീഡ് പിരാനയോട് രൂപത്തില്‍ സാമ്യമുണ്ടെങ്കിലും ആഹാര രീതിയില്‍ വ്യത്യാസുമണ്ട്. മാംസഭുക്കിന്റെ രീതിയിലുള്ള കൂര്‍ത്ത പല്ലുകളാണ് റെഡ് ബെല്ലീഡ് പിരാനയ്ക്കുള്ളത്. എന്നാല്‍ റെഡ് ബെല്ലീഡ് പാക്കുവിനുള്ളത് മനുഷ്യരേപ്പോലെ മിശ്രഭുക്കുകള്‍ കഴിക്കുന്ന തരം പല്ലുകളാണ്. പിരാനയെപ്പോലെ അപകടകാരിയുമല്ല. കേരളത്തില്‍ പിരാന വ്യാപകമായി വളര്‍ത്തുന്നു എന്നു പറയുന്നവര്‍ ഇക്കാര്യം ഓര്‍ത്താല്‍ നന്ന്.

ഐബിന്‍ കാണ്ടാവനം

(പൊതു താത്പര്യാര്‍ഥം തയാറാക്കിയത്)

1 comment:

  1. great..പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.
    താങ്ക്യു..

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...