Monday 14 December 2015

മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍

ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളരുന്നില്ല എന്നിങ്ങനെ. കൃത്യമായ അവബോധവും ബോധവത്കരണവും നല്കാതെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതാണ് ഈ പരാതികള്‍ക്കു പ്രധാന കാരണം.
ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളായ കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഇത്തരത്തില്‍ ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്നത്. അശാസ്ത്രീയമായ പരിചരണമാണ് പലപ്പോഴും ഇത്തരം മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നത്. മാത്രമല്ല കേരളത്തിനു പുറത്തുള്ള ഹാച്ചറികളില്‍നിന്ന് കരാറടിസ്ഥാനത്തില്‍ ഇവിടെയെത്തുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വില അഡ്ജസ്റ്റ് ചെയ്യാനായി മറ്റ് നാടന്‍ മത്സ്യങ്ങളെയും കൂടെ ചേര്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും കര്‍ഷകരുടെ നഷ്ടത്തിനു കാരണമാകുന്നുണ്ട്.

പുതുതായി മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുളത്തിന്റെ ഭൗതിക-രാസ-ജൈവ സ്വഭാവങ്ങള്‍ അറിഞ്ഞിരിക്കണം. അവ ശ്രദ്ധിക്കണം.

ഭൗതികസ്വഭാവങ്ങള്‍

1. ആഴം

ഒരു മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ (3-7 അടി) വരെ ആഴം മതിയാകും കുളങ്ങള്‍ക്ക്. ആഴം കൂടുന്നതനുസരിച്ച് സൂര്യപ്രകാശത്തിന് കുളത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിയില്ല. സൂര്യപ്രകാശത്തിന്റെ കുറവുണ്ടായാല്‍ കുളത്തിലെ മാലിന്യങ്ങള്‍ വിഘടിപ്പിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതുവഴി വെള്ളത്തില്‍ മീഥൈല്‍, നൈട്രജന്‍ വാതകങ്ങള്‍, അമോണിയ തുടങ്ങിയവ രൂപപ്പെട്ട് മീനുകളുടെ ജീവനുവരെ ഭീഷണിയാകും.

കുളത്തിന്റെ ആഴം കൂടുംതോറം മര്‍ദ്ദം ഉയരും. അതിമര്‍ദ്ദത്തെ അതിജീവിക്കാന്‍ പല മത്സ്യങ്ങള്‍ക്കും കഴിയില്ല. ഇത് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

ജലത്തിലെ പ്ലവങ്ങള്‍ വഴി പ്രകാശസംശ്ലേഷണം ജലാശയങ്ങളില്‍ നടക്കുന്നുണ്ട്. വേണ്ടത്ര സൂര്യപ്രകാശമില്ലെങ്കില്‍ ഇത് നടക്കില്ല.

2. താപനില

23-30 ഡിഗ്രി സെല്‍ഷ്യസാണ് മീനുകള്‍ക്ക് ഏറ്റവും അനുയോജ്യമായ താപനില. ഇതില്‍ കൂടിയാലും കുറഞ്ഞാലും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വെള്ളത്തിലെ ചൂട് കൂടുമ്പോഴും കുറയുമ്പോഴഉം മത്സ്യങ്ങളുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതുകൊണ്ടാണിത്.

ചൂട് കൂടുന്നതനുസരിച്ച് വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറയും. കുളങ്ങളില്‍ ഒരു പരിധിയില്‍ കുടൂതല്‍ വെയിലേല്ക്കാതെ ശ്രദ്ധിക്കണം.

3. തെളിച്ചമില്ലായ്മ

മത്സ്യക്കുളങ്ങളിലെ വെള്ളം കലങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് പലരുടെയും കുളങ്ങളില്‍ മണ്ണു കലങ്ങാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ജലത്തില്‍ മണ്ണ് കലങ്ങുന്നതുവഴി മത്സ്യങ്ങളുടെ ചെകിളപ്പൂക്കളില്‍ ചെളി കടറി അവയ്ക്ക് ശ്വസിക്കാന്‍ പറ്റാതെ വരും.
ഒരു സെന്റ് കുളത്തില്‍ രണ്ടു കിലോഗ്രാം ജിപ്‌സം നിക്ഷേപിക്കുന്നത് ഈ കലക്കല്‍ ഒഴിവാക്കാനിടയാക്കും.

രാസസ്വഭാവങ്ങള്‍

1. പ്രാണവായു (ഓക്‌സിജന്‍)

എപ്പോഴും വെള്ളത്തില്‍ ലയിച്ചുചേര്‍ന്നുകൊണ്ടിരിക്കുന്ന വാതകമാണ് ഓക്‌സിജന്‍. ജലത്തില്‍ നടക്കുന്ന പ്രകാശസംശ്ലഷണത്തിന്റെ ഉത്പന്നമാണിത്. മാത്രമല്ല അന്തരീക്ഷത്തില്‍നിന്നും വെള്ളത്തിലേക്ക് ഓക്‌സിജന്‍ ആഗിരണം ചെയ്യപ്പെടുന്നുമുണ്ട്. കുളത്തില്‍ എപ്പോഴും മതിയായ പ്രാണവായു ഉണ്ടെന്ന് ഉറപ്പുവരുത്തണം. കുളത്തിന്റെ ഉപരിതലം മൂടിക്കിടക്കുന്ന വിധത്തില്‍ പായല്‍, താമര, ആമ്പല്‍ പോലുള്ള ജലസസ്യങ്ങള്‍ പാടില്ല.

2. pH

മത്സ്യങ്ങളുടെ നിലനില്പിനു ജത്തിലെ pH റേറ്റിനു പ്രധാന പങ്കുണ്ട്. മത്സ്യങ്ങള്‍ക്കു എപ്പോഴും അല്പം ക്ഷാരതയുള്ള ജലാശയമാണ് നല്ലത് (pH റേഞ്ച് 7.5-8.5). നമ്മുടെ പൊതുവെയുള്ള അടുക്കളക്കുളങ്ങളുടെ pH റേഞ്ച് 6-8 ആയിരിക്കും. ഇതും മീനുകള്‍ക്ക് അനുയോജ്യമാണ്.

pH ന്യൂട്രല്‍ അവസ്ഥയായ ഏഴില്‍നിന്ന് താഴേയ്ക്ക് പോയാല്‍ കുളത്തില്‍ ഹൈഡ്രജന്‍ അയോണുകളുടെ എണ്ണം കൂടിയെന്നു മനസിലാക്കാം. അതായത് കുളത്തിലെ വെള്ളത്തിനു ആസിഡ് സ്വഭാവമാണ്. ഇങ്ങനെ വരുമ്പോള്‍ pH ഉയര്‍ത്തുന്നതിനായി കുമ്മായം ചേര്‍ത്താല്‍ മതി. pH 4-5 ആകുമ്പോള്‍ ഒരു സെന്റ് കുളത്തില്‍ 4-8 കിലോഗ്രാം കുമ്മായവും, pH 5-6 ആണെങ്കില്‍ 2-4 കിലോഗ്രാം കുമ്മായവും, pH 6-7 ആണെങ്കില്‍ 1-2 കിലോഗ്രാം കുമ്മായവും ചേര്‍ക്കാം. മത്സ്യങ്ങളെ നിക്ഷേപിച്ചതിനുശേഷമാണെങ്കില്‍ കുമ്മായം കിഴികെട്ടിയിടുന്നതാണ് നല്ലത്.

എന്തെങ്കിലും കാരണത്താല്‍ pH 7നു മുകളിലായാല്‍ കുളത്തില്‍ ക്ഷാരത കുടിയെന്നു മനസിലാക്കാം. ഈ സാഹചര്യത്തില്‍ ക്ഷാരത കുറയ്ക്കാന്‍ ശീമക്കൊന്നയുടെ ഇല കുളത്തില്‍ നിക്ഷേപിച്ചാല്‍ മതിയാകും.


3. കാര്‍ബണ്‍ ഡൈഓക്‌സൈഡ്

പ്രകാശസംശ്ലഷണത്തിന് അത്യാവശ്യമാണ്.


ജൈവസ്വഭാവങ്ങള്‍

ചെറു സസ്യങ്ങള്‍ മുതല്‍ ജല-ഉഭയജീവികള്‍ വരെയുള്ള വലിയൊരു ആവാസവ്യവസ്ഥയാണ് ജലാശയങ്ങള്‍. നിര്‍മാണപ്രക്രിയ നടക്കുന്ന പ്രകാശസംശ്ലേഷണം മുതല്‍ വിഘടനപ്രക്രിയവരെ ജലാശയങ്ങളില്‍ നടക്കുന്നുണ്ട്.
ജലാശയത്തിലെ സൂക്ഷ്മപ്ലവങ്ങളുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ മാസത്തില്‍ ഒരു തവണ എന്ന രീതിയില്‍ ഒരു സെന്റിന് നാലു കിലോഗ്രാം ചാണകം, നൂറു ഗ്രാം വീതം യൂറിയ, സൂപ്പര്‍ഫോസ്‌ഫേറ്റ്, കാത്സ്യം അമോണിയം നൈട്രേറ്റ് എന്നിവ ചേര്‍ക്കണം.


കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍

ദീര്‍ഘയാത്രയ്ക്കുശേഷം കേരളത്തിലെത്തുന്ന മീന്‍കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഹാ്ച്ചറികളില്‍ ട്രീറ്റ് ചെയ്ത് കേരളത്തിലെ കാലാവസ്ഥയുമായി ഇണക്കിവേണം കര്‍ഷകനു നല്കാന്‍. എന്നാല്‍ ഇവിടെ അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന മുറയ്ക്കുതന്നെ കര്‍ഷകര്‍ക്കു വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ നെരിട്ട് കുളത്തില്‍ നിക്ഷേപിക്കുന്നതോടെ അവയ്ക്ക് ജലവുമായി പൊരുത്തപ്പെടാനാവാതെ ചത്തുപോവുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ സാധിക്കുമെങ്കില്‍ നഴ്‌സറി കുളങ്ങളില്‍ നിക്ഷേപിച്ച് ഒരാഴ്ചയോളം പ്ര്ത്യക പരിചരണം നല്കുന്നത് നന്ന്. അല്ലെങ്കില്‍ വളര്‍ത്താനുദ്ദേശിക്കുന്ന കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ബാഗ് സഹിതം അര മണിക്കൂറോളം ഇടുക. ശേഷം സാവധാനത്തില്‍ ബാഗിലേക്കു കുളത്തിലെ വെള്ളം കയറ്റി കുഞ്ഞുങ്ങളെ ഇറക്കിവിടുക.
ഒരു സെന്റ് വലുപ്പമുള്ള കുളത്തില്‍ പരമാവധി 50 ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെയാണ് നിക്ഷേപിക്കാന്‍ കഴിയുക. എണ്ണം കൂടിയാല്‍ വളര്‍ച്ചയുണ്ടാകില്ല.


ഭക്ഷണം

ശരീരഭാരത്തിന്റെ 3-5 ശതമാനം ഭക്ഷണം മാത്രമേ മത്സ്യങ്ങള്‍ സ്വീകരിക്കാറുള്ളൂ. അതുകൊണ്ട് തീറ്റ നല്കുമ്പോള്‍ ശ്രദ്ധിക്കണം. അമിതമായി തീറ്റ നല്കാന്‍ പാടില്ല. ഇത് ജലമലിനീകരണത്തിനും അതുവഴി മത്സ്യങ്ങളുടെ നാശത്തിനും കാരണമാകും. ആദ്യ മാസം പൊടിത്തീറ്റ നല്കാം. കടലപ്പിണ്ണാക്കും തവിടും പൊടിച്ച് നല്കുന്നതാണ് ഉത്തമം.

മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുമ്പോള്‍ സ്ഥിരസ്ഥലത്ത് സ്ഥിര സമയത്ത് സ്ഥിര അളവില്‍ സ്ഥിര ഗുണനിലവാരമുള്ള തീറ്റ നല്കണം. തീറ്റ നല്കുന്നതില്‍ കൃത്യത ഉറപ്പാക്കിയാല്‍ തീറ്റ നഷ്ടം കുറച്ച് മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താം.

രണ്ടാം മാസം മുതല്‍ തീറ്റ കുഴച്ച് നല്കാം. സ്ഥിരമായി ഒരു സ്ഥലത്ത് നല്കുന്നത് നന്ന്.

ഐബിന്‍ കാണ്ടാവനം
9539720020


4 comments:

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...