Thursday, 7 April 2016

കുപ്പിക്കുള്ളിലും തേന്‍ നിറയ്ക്കാം

ഐബിന്‍ കാണ്ടാവനം


തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്‌കരിക്കാനും തേനീച്ചകള്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഇരട്ടിയിലധികമാണ് മെഴുകുണ്ടാക്കുന്നതില്‍ തേനീച്ചയ്ക്ക് ചെയ്യേണ്ടിവരിക. അതുകൊണ്ടുതന്നെ തേനീച്ചക്കോളനികള്‍ ലാഭകരമായി പ്രവര്‍ത്തിക്കമെങ്കില്‍ തേനടയ്ക്ക് ഇളക്കംതട്ടാത്തവിധത്തില്‍ തേന്‍ ശേഖരിക്കണം. ഇതാണ് തേനീച്ച പരിപാലനത്തിലെ പൊതു രീതി. എന്നാല്‍ തേനീച്ച കോളനികളിലെ സൂപ്പര്‍ ചേംബറില്‍ ഫ്രെയിമിനു പകരം ചില്ലു ഭരണികള്‍ വച്ച് പുതിയ പരീക്ഷണം നടത്തുകയാണ് കോട്ടയം ജില്ലയിലെ പാലായിലുള്ള വലിയമുറത്താങ്കല്‍ ബിജു.അംഗബലം കുറഞ്ഞ കോളനികളിലാണ് ബിജു ഭരണികള്‍ വച്ചുനല്കിയിരിക്കുന്നത്. ഈച്ചകളുടെ എണ്ണം കൂടിയ കോളനികളാണെങ്കില്‍ ഭരണി നല്കുമ്പോഴുള്ള സ്ഥലപരിമിധി കാരണം തേനീച്ചകള്‍ കൂടു പിരിയാന്‍ സാധ്യതയുണ്ട്.

സൂപ്പര്‍ ചേംബറില്‍ ഭരണിവച്ചു നല്കുന്നതിനുമുമ്പ് ബ്രൂഡ് ചേംബറിലെ ഫ്രെയിമുകള്‍ക്കു മുകളില്‍ തേനടയുടെ ചെറിയ പാളി വച്ചുനല്കി വളര്‍ത്തിയെടുക്കും. തേനീച്ച മുകളിലേക്ക് വളര്‍ത്തിയ തേനട ഭരണിയുടെ വാവട്ടത്തിന്റെ വലുപ്പതില്‍ മുറിച്ചശേഷം മുകളില്‍ സൂപ്പര്‍ ചേംബര്‍ വച്ചു നല്കും. സൂപ്പര്‍ ചേംബറിന്റെ അടിഭാഗത്ത് ഒരിഞ്ചോളം ഉള്ളിലേക്കു കയറ്റി പലക ഉറപ്പിച്ച് അതില്‍ ഭരണിയുടെ വലുപ്പത്തില്‍ ദ്വാരമിട്ടശേഷം ഭരണി ഇറക്കിവയ്ക്കുന്നു. രണ്ടാഴ്ചകൊണ്ട് ഈച്ചകള്‍ ഭരണികളില്‍ തേന്‍ നിറച്ച് സീല്‍ ചെയ്യും. ഇതിനുശേഷമാണ് വിളവെടുപ്പ്. ഭരണിക്കുള്ളിലെ ഭിത്തിയില്‍ തേനട ഉറപ്പിച്ചിരിക്കുന്നതിനാല്‍ എടുക്കുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ. സൂപ്പര്‍ ചേംബറിന്റെ അടിയിലൂടെ കത്തി കടത്തി അട മുറിച്ചതിനുശേഷമാണ് ഭരണികള്‍ പൂറത്തെടുക്കുക. ഈച്ചകള്‍ ഭരണിക്കുള്ളില്‍നിന്നു പുറത്ത് പോയതിനുശേഷം അടച്ച് സൂക്ഷിക്കാം.

സാധാരണ തേനീച്ചക്കോളനികളില്‍നിന്ന് സീസണില്‍ എട്ടു ദിവസത്തിലൊരിക്കല്‍ തേന്‍ ശേഖരിക്കും. സീസണില്‍ ശരാശരി 10 കിലോ ഗ്രാം തേനാണ് ഒരു പെട്ടിയില്‍നിന്നു ശേഖരിക്കുക. കിലോയ്ക്ക് 300 രൂപ നിരക്കിലാണ് വില്പന. ഭരണിക്കുള്ളിലെ തേനടയോടെയുള്ള തേനിന് 600 രൂപയോളം വരും. ഭരണിയുടെ തുകകൂടി ചേര്‍ത്താണ് ഈ വില. സാധാരണ ഈ രീതിയിലുള്ള തേന്‍ സമ്മാനമായി നല്കാനാണ് ആവശ്യക്കാര്‍ വാങ്ങുക. പെട്ടിക്കുള്ളിലെ തേനിനു രുചി കൂടുതലാണ്. ഈ രുചി നിലനിര്‍ത്താനാണ് ബിജു ഭരണിക്കുള്ളിലെ തേന്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. നിലവില്‍ പത്തോളം കോളനികളില്‍ ഭരണി സ്ഥാപിച്ചിട്ടുണ്ട്.

നൂറോളം കോളനികളുണ്ട് ബിജുവിന്റെ ശേഖരത്തില്‍. വേനല്‍ക്കാലത്ത് വായുസഞ്ചാരം കൂട്ടാനായി ചേംബറുകള്‍ തമ്മില്‍ അല്പം ഉയര്‍ത്തി വയ്ക്കാറാണ് പതിവ്. അല്ലെങ്കില്‍ ചൂട് കൂടി കൂടു പിരിയാനുള്ള പ്രവണതയുണ്ടാകും. മാത്രമല്ല റാണി സെല്ലുകളുടെ എണ്ണവും കൂടും.

വന്‍തേനീച്ചയെക്കൂടാതെ ചെറുതേനീച്ചയും ചെറിയ തോതില്‍ ബിജു വളര്‍ത്തുന്നുണ്ട്. വന്‍തേനീച്ചകളേപ്പലെ തുറസായ സ്ഥലത്തുതന്നെയാണ് ചെറുതേനീച്ചകളുടെയും പെട്ടി വച്ചിരിക്കുന്നത്. ആദ്യകാലത്ത് കൗതുകത്തിനായി ചെറിയ തോതില്‍ തുടങ്ങിയെങ്കിലും തേനീച്ച വളര്‍ത്തലില്‍ പരിശീലനം തേടിയശേഷമാണ് വിപുലീകരിച്ചത്. മ്യൂറന്‍സ് ഹണി എന്ന ബ്രാന്‍ഡ് നെയിമിലാണ് വില്പന.

ഭാര്യ ബീനയും മക്കളായ ബിനിലും പോള്‍സണുമാണ് തേനീച്ച പരിപാലനത്തില്‍ ബിജുവിന്റെ സഹായികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447820399

3 comments:

  1. അപ്പോള്‍ ഈ കണ്ണാടി കുപ്പിയില്‍ നിന്നും തേന്‍ എങ്ങനെയാ അട നശിക്കാതെ എടുക്കുന്നത് ?

    ReplyDelete
    Replies
    1. we have to consume Honey together with ada.

      Delete

നായ ദേഹത്ത് ചാടിക്കയറാതിരിക്കാന്‍

സ്‌നേഹം കൂടുമ്പോള്‍ നാം മാതാപിതാക്കളോടും സഹോദരങ്ങളോടും കൂട്ടുകാരോടും എങ്ങനെ പ്രകടിപ്പിക്കും. പൊതുവെ കെട്ടിപ്പിടിക്കാറാണല്ലോ പതിവ്... നായ്...