Friday, 8 April 2016

അറിയാം അയല്‍ സംസ്ഥാനങ്ങളിലെ പോളിഹൗസ് കൃഷി

പോളിഹൗസ് കൃഷി നഷ്ടമാണെന്ന അഭിപ്രായം വ്യാപകമാണ്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായത്തിലെത്തുന്നതിനു മുമ്പ് തമിഴ്‌നാട്ടിലെ ഹൊസൂര്‍ പോലുള്ള സ്ഥലങ്ങളിലെ അനുഭവങ്ങള്‍ക്കൂടി അറിയുന്നത് നന്നായിരിക്കും.  ജില്ലാ ഹോര്‍ട്ടി കോര്‍പ്പ് മിഷനുകളുമായി ബന്ധപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും. കേരളത്തിലെ 10 സെന്റ് വലുപ്പമുള്ള പോളിഹൗസ് കണ്ടുശീലിച്ചവര്‍ക്ക് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോളിഹൗസുകള്‍ കണ്ടാല്‍ കൗതുകവും ആശ്ചര്യവുമായിരിക്കും.

ഇവിടത്തെ പോളിഹൗസുകളുടെ മിനിമം വലിപ്പം ഒരേക്കറാണ്. പോളിഹൗസുകളുടെ വലിപ്പംപോലെതന്നെ വളരെ ശ്രദ്ധയും പ്രാധാന്യവും നല്കിയാണ് ഇവിടെ ഓരോ പച്ചക്കറികളും വിളയിക്കുക. എന്നാല്‍ തമിഴ്‌നാടന്‍ കൃഷിരീതികള്‍ പൂര്‍ണമായും കേരളത്തില്‍ പരീക്ഷിക്കാനുമാവില്ല. പക്ഷേ, അറിവുകള്‍ നേടാനാകും.

പലപ്പോഴും കര്‍ഷകര്‍ക്ക് മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് വിപണി കണ്ട് കൃഷിയിറക്കാന്‍ അറിയാത്തതുകൊണ്ടാണ്. മാര്‍ക്കറ്റ് എന്താവശ്യപ്പെടുന്നു, അതനുസരിച്ച് കൃഷി ചെയ്യുക, വില്‍ക്കുക.  കൃഷി നഷ്ടമാണെന്നു പരിതപിക്കുന്നവര്‍ വിപണികണ്ടെത്താന്‍ അറിയാത്തവരാണെന്നനുമാനിക്കാം. തമിഴ്‌നാട്ടിലെ കര്‍ഷകരെ ഇക്കാര്യത്തില്‍ മാതൃകയാക്കാം. വിപണിയനുസരിച്ചാണ് ഇവിടത്തെ കൃഷി.
പോളിഹൗസ് കൃഷി കേരളത്തില്‍ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായെങ്കിലും ഇന്നും ശൈശവദശയില്‍ത്തന്നെയാണ്. വേണ്ടരീതിയില്‍ നിര്‍ദേശങ്ങള്‍ നല്കാന്‍ വിദഗ്ധരില്ല എന്നതാണ് കേരളത്തിലെ പോളിഹൗസ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പോളിഹൗസ് നിര്‍മിച്ച് കൃഷിയിലേക്ക് തിരിഞ്ഞവര്‍ക്കാകട്ടെ കൃഷിയെക്കുറിച്ച് കാര്യമായ അറിവില്ലെന്നു പറയാതിരിക്കാന്‍ വയ്യ. അതാണ് പോളിഹൗസിലെ കൃഷി നഷ്ടമാകുന്നെന്ന നിലവിളിയുയരാന്‍ പ്രധാന കാരണം. ശാസ്ത്രീയ മാര്‍ഗങ്ങള്‍ക്കൊപ്പം തനതു കാര്‍ഷിക രീതികള്‍ക്കൂടി അവംലംബിച്ച് കൃഷി ചെയ്യുന്ന പോളിഹൗസുകള്‍ ഏറെക്കുറെ വിജയം കൈവരിക്കുന്നുമുണ്ട്.

ഏതു കാലാവസ്ഥയിലും ഒരേ അന്തരീക്ഷം സൃഷ്ടിച്ച് കൃഷി ചെയ്യാം എന്നതാണ് പോളി ഹൗസ് കൃഷിയുടെ മേന്മ. എന്നാല്‍ കേരളത്തിലെ അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയില്‍ പോളിഹൗസുകളില്‍ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ആവശ്യമില്ലാത്തതാണ്. ഫോഗിംഗ് സംവിധാനം പ്രവര്‍ത്തിപ്പിച്ചാല്‍ പോളിഹൗസിനുള്ളില്‍ ഫംഗസ് ബാധ കൂടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ സര്‍ക്കാരില്‍നിന്നുള്ള സബ്‌സിഡി ലഭിക്കാന്‍ ഇതൊക്കെ വയ്‌ക്കേണ്ടതായി വരുന്നു.


തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക്

മുമ്പ് പറഞ്ഞപോലെ ചുരുങ്ങിയത് ഒരേക്കറാണ് ഇവിടുത്തെ പോളിഹൗസുകളുടെ വലിപ്പം. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ എന്ന പട്ടണം ആയിരക്കണക്കിനു പോളിഹൗസ് കൃഷിയിടങ്ങളുടെ കേന്ദ്രമാണ്. ഇവിടെ നിന്നു ബംഗളൂരുവിലേക്ക് 40 കിലോമീറ്റര്‍ മാത്രമേയുള്ളൂ. ബംഗളൂരു ആസ്ഥാനമാക്കി 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള പോളിഹൗസുകളുടെ എണ്ണമെടുത്താല്‍ ഉത്തരേന്ത്യയില്‍ ആകെയുള്ള പോളി ഹൗസുകളുടെ എണ്ണത്തേക്കാളേറെ വരും.

ഇവിടെ സാധാരണയായി സാലഡ് വെള്ളരി, വഴുതന, തക്കാളി, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികളും ജര്‍ബെറ, റോസ് തുടങ്ങിയ പൂക്കളുമാണ് പ്രധാനമായും പോളിഹൗസുകളില്‍ കൃഷിചെയ്തുവരുന്നത്. വിത്തുകള്‍ക്ക് വില കൂടുതലാണെങ്കിലും വിളവധികമാണ്. റിജ്ക് സ്വാന്‍ പോലെയുള്ള അന്താരാഷ്ട്ര വിത്തുകമ്പനികളാണ് കര്‍ഷകര്‍ക്കായി മികച്ച ഇനം വിത്തുകള്‍ നല്കുന്നത്.

സാലഡ് വെള്ളരി

പോളിഹൗസ് കൃഷിയില്‍ പ്രധാനി മള്‍ട്ടി സ്റ്റാര്‍ എന്ന ഇനമാണ്. വണ്ണം കുറഞ്ഞ് കടും പച്ചനിറമായിരിക്കും. കൈയ്യത്തുന്ന ഉയരത്തില്‍മാത്രമേ കുക്കുമ്പര്‍ വള്ളികള്‍ കയറ്റി വിടാറുള്ളൂ. അതിനുശേഷം താഴേയ്ക്ക് തൂക്കിയിടും. പരമാവധി അഞ്ചു മീറ്ററാണ് സാലഡ് വെള്ളരിച്ചെടിയുടെ നീളം. പയര്‍ വശങ്ങളിലേക്കു വളര്‍ത്തുന്നതു പോലെ യായാല്‍ വിളവു കുറയും. ഒന്നെങ്കില്‍ മുകളിലേക്ക് അല്ലെങ്കില്‍ താഴേക്ക്. അതാണ് സാലഡ് വെള്ളരികൃഷിയില്‍ ചെയ്യേണ്ടത്.

ഒരു മാസത്തിനുശേഷം വരുന്ന പൂക്കള്‍ മാത്രമാണ് വളരാന്‍ അനുവദിക്കുക. അതിനു മുമ്പ് വരുന്ന പൂക്കള്‍ മുറിച്ചു കളയുകയാണ് ഇവരുടെ രീതി. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച കുറയും. പൂ മുറിച്ചു കളയുന്നതിന്റെയോ അല്ലെങ്കില്‍ വിളവെടുക്കുന്നതിന്റെയോ താഴേക്കുള്ള ഇലകള്‍ മുറിച്ചു മാറ്റുന്നത് മുകളില്‍ വരുന്ന കായ്കളുടെ വളര്‍ച്ചയെ സഹായിക്കും. ആഴ്ചയില്‍ രണ്ടില. അതില്‍ക്കൂടുതല്‍ മുറിച്ചു കളയാറില്ല.
കേളത്തിലെ സാഹചര്യത്തില്‍ ഇലവലുപ്പം കുറഞ്ഞ സാലഡ് വെള്ളരി കൃഷി ചെയ്യുന്നതാണുത്തമം. ഇത് വായൂചംക്രമണം കുറേക്കൂടി സുഗമമാക്കും. ഫംഗസ് ബാധ ഒഴിവാക്കാം. ഒരു ഞെട്ടില്‍ ഒന്നില്‍ക്കൂടുതല്‍ കായ്കള്‍ ഉണ്ടാകുകയാണെങ്കില്‍ ഒരെണ്ണം മാത്രം നിലനിര്‍ത്തുന്നത് ചെടിയുടെ ആരോഗ്യത്തിനും കായ്കളുടെ വലുപ്പത്തിനും നല്ലതാണ്. വിളവെടുക്കുമ്പോള്‍ ഒരു വെള്ളരിക്ക് 90-120 ഗ്രാം ഭാരമുണ്ടാകുന്ന രീതിയിലാണ് ഇവിടത്തെ കൃഷി. കായില്‍നിന്നു പൂ പൊഴിഞ്ഞുപോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൂ പൊഴിഞ്ഞാല്‍ വെള്ളരി മൂത്തുപോയി എന്നാണു പറയുക. ഇത് വിപണിയില്‍നിന്നു തള്ളപ്പെടും. കേരളത്തിലാവട്ടെ നേരേ തിരിച്ചാണ്. പൂ കണ്ടാല്‍ മൂത്തില്ല എന്ന ചിന്ത മാത്രമേയുള്ളൂ.

വഴുതന

ഷറപ്പോവ എന്ന ഇനം വഴുതനയാണ് സാധാരണയായി ഇവിടെ കൃഷിചെയ്തുവരുന്നത്. കേരളത്തില്‍ വിപണി കണ്ടെത്തിയിട്ടില്ലാത്ത ഇനമാണിത്. പ്രധാനമായും കയറ്റുമതിയാണ് ലക്ഷ്യം. ഒരു കായയ്ക്ക് 400 ഗ്രാമോളം തൂക്കമുണ്ടാകും. ഏഴു രൂപയാണ് ഒരു വിത്തിന്റെ വില. ഏകദേശം 12 മീറ്ററോളം ഉയരവും വയ്ക്കും.

കാപ്‌സിക്കം

ബച്ചാട്ടാ എന്ന ഇനമാണ് ഇവിടെ പോളിഹൗസുകളില്‍ കൃഷി ചെയ്യുന്നത്. ഓരോ കായും 200 ഗ്രാമോളം വരും. ഒരു വര്‍ഷമാണ് കാപ്‌സിക്ക ചെടിയുടെ ആയുസ്. സാധാരണഗതിയില്‍ പൂ വന്ന് 50-60 ദിവസം വരെ കായ്ക്ക് പച്ച നിറമായിരിക്കും. ഈ സമയത്താണ് വിളവെടുപ്പ്. മാര്‍ക്കറ്റില്‍ വിപണിസാധ്യതയുള്ളത് പച്ച കാപ്‌സിക്കത്തിനാണ്.
60-80 ദിവസകൊണ്ട് കായകള്‍ പഴുത്ത് നിറമുള്ളതാകും. ഇതിന് മാര്‍ക്കറ്റില്ല. ഓരോ ചെടിയും ഏകദേശം 12 അടിയോളം ഉയരത്തില്‍ വളരും. അതനുസരിച്ച് ഓരോ ചെടിക്കും താങ്ങു നല്കിയിട്ടുണ്ട്. 70 സെന്റീമീറ്റര്‍ വീതിയുള്ള ബെഡും 80 സെന്റീമീറ്റര്‍ വീതിയുള്ള പാതയുമാണ് കാപ്‌സിക്കത്തിനായി ഒരുക്കുക. ചെടികള്‍ തമ്മില്‍ 45 സെന്റീമീറ്റര്‍ അകലവും അടുത്തടുത്ത ബെഡുകളിലെ ചെടികള്‍ തമ്മില്‍ 1.2 മീറ്റര്‍ അകലവുമാണ് ഉണ്ടായിരിക്കേണ്ടത്.


ജര്‍ബെറ

തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പൂക്കളില്‍ ഏറിയ പങ്കും കേരളത്തിലേക്കാണെത്തുക. കേരളത്തിലെ വിപണിസാധ്യത എത്രത്തോളം വലുതാണെന്നതിനുള്ള തെളിവാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂ ഉത്പാദകരായ കര്‍ണാടയിലെ 30 ശതമാനം പൂക്കളും കേരളത്തിലേക്കാണെത്തുക. എവിടി, കെഎഫ് ബയോപ്ലാന്റ് പൂനെ എന്നിവരാണ് ജര്‍ബെറ തൈകളുടെ വിതരണക്കാര്‍. ഒരു തൈക്ക് 35 രൂപ വില വരും. 60 സെന്റീ മീറ്റര്‍ വീതിയിലാണ് ബെഡ് തയാറാക്കുക. ബെഡുകള്‍ തമ്മില്‍ 45 സെന്റീമീറ്റര്‍ അകലവും ഉണ്ടായിരിക്കും. ഒരു ചതുരശ്ര മീറ്ററില്‍ ആറു ചെടി എന്നതാണ് ജര്‍ബെറ കൃഷിരീതി. നട്ട് 60 ദിവസങ്ങള്‍ക്കുമുമ്പ് പൂമൊട്ടുകള്‍ വന്നാല്‍ അത് പറിച്ചുകളയുകയാണു പതിവ്. മാര്‍ക്കറ്റില്‍ ഏതു നിറത്തിനാണോ ഡിമാന്‍ഡ് കൂടുതല്‍ അതനുസരിച്ചാണ് ഇവിടെ കൃഷി നടക്കുന്നത്. കേരളത്തില്‍ വെള്ളയ്ക്കു ഡിമാന്‍ഡ് കൂടുതലായതിനാല്‍ വെള്ള നിറമുള്ള ചെടിയാണ് ഇവിടെ അധികവും.

ആവശ്യത്തിനനുസരിച്ചാണ് കൃഷി. അതുകൊണ്ടുതന്നെ പൂക്കള്‍ ഒരിക്കലും കെട്ടിക്കിടക്കുന്നില്ല. മൂന്നു വര്‍ഷമാണ് ജര്‍ബെറ ചെടികളുടെ പരമാവധി ആയുസ്. രണ്ടു വര്‍ഷത്തിനു ശേഷം പൂ ഉത്പാദനം കുറയുന്നതിനാല്‍ രണ്ട്, രണ്ടര വര്‍ഷത്തിനുള്ളില്‍ റീ പ്ലാന്റിംഗ് നടത്തുകയാണ് പതിവ്. ലഭ്യത കുറയാതിരിക്കാനുള്ള സംവിധാനം സ്വീകരിച്ച ശേഷം മാത്രമേ റീപ്ലാന്റിംഗ് നടത്താറുള്ളൂ എന്നത് എടുത്തുപറയേണ്ട കാര്യമാണ്. വിപണിയില്‍നിന്നു പുറംതള്ളപ്പെടാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ സാഹചര്യത്തില്‍ പോളിഹൗസില്‍ ജര്‍ബെറ കൃഷി യോജിച്ചതാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിരിയുന്ന പൂവിനേക്കാള്‍ വലുപ്പവും കാണാറുണ്ട്. 400 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഒരു പോളിഹൗസില്‍ ഒരു വര്‍ഷം 96,000 പൂക്കള്‍ എന്നതാണ് കണക്ക്. പലപ്പോഴും കേരളത്തില്‍ വിപണിയിലെത്തുന്ന ജര്‍ബെറ ചെടികള്‍ ഇത്തരം പോളിഹൗസുകളില്‍നിന്ന് പ്രായാധിക്യംമൂലം ഉപേക്ഷിക്കുന്ന ചെടികളാണ്. അതുതന്നെയാണ് അവയില്‍നിന്നു പൂക്കള്‍ കിട്ടാത്തതിനു കാരണവും.
പോളിഹൗസുകളിലെ നന

പുട്ടുപൊടിയുടെ നനവ്. അതാണ് പോളിഹൗസുകളില്‍ ചെടികള്‍ക്കു നല്‌കേണ്ട നന. കൂടുതല്‍ വെള്ളം നല്കിയാല്‍ മണ്ണിന്റെ ഫീല്‍ഡ് കപ്പാസിറ്റി (വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവ്) കുറയും. കേരളത്തിലെ സാഹചര്യത്തില്‍ ഉച്ചയ്ക്കു മുമ്പ് പോളിഹൗസുകളിലെ ജലസേചനം തീര്‍ക്കുന്നതാണ് നല്ലത്. തുറസായ സ്ഥലങ്ങളിലാവട്ടെ രാവിലെയും വൈകുന്നേരം ആറിനു ശേഷവും വെള്ളം നല്കുന്നതാണ് ഉചിതം. ഇത് ചെടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ്.

പോളിഹൗസുകളില്‍ രാത്രി നന ഉണ്ടായാല്‍ ഈര്‍പ്പം കൂടി ഫംഗസ് ബാധയുണ്ടാകും. അതുകൊണ്ട് രാവിലെതന്നെ നന നല്കുന്നതാണ് ഉത്തമം. ഒരു നേരം മാത്രം നന മതി.

കേരളത്തിലെ സാഹചര്യത്തില്‍ പോളിഹൗസുകളില്‍ തക്കാളികൃഷി അത്ര വിജയകരമല്ല എന്നാണ് വിദഗ്ധാഭിപ്രായം. കേരളത്തില്‍ പ്രധാനമായി കുക്കുമ്പര്‍, പയര്‍ എന്നിവയാണ് കൃഷിചെയ്തു വരുന്നത്. അത്യാവശ്യം ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ പോളിഹൗസില്‍ വജയമുറപ്പാണ്. പ്രതിസന്ധികള്‍ കര്‍ഷകന്റെ കൂടെപ്പിറപ്പാണ്. അതിനെ തരണം ചെയ്ത് മുന്നേറുന്നവനേ വിജയം നേടാന്‍ കഴിയൂ. കൈനനയാതെ മീന്‍ പിടിക്കാന്‍ കഴിയില്ലെന്നതുപോലെതന്നെയാണ് കൃഷിയുടെ കാര്യം. ബുദ്ധിമുട്ടാതെ ഒന്നും നേടാന്‍ കഴിയില്ല എന്നോര്‍ക്കുന്നതു നന്ന്.

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...