Thursday, 21 April 2016

മുയല്‍ വളര്‍ത്താം, ഈസിയായി

1970കളിലാണ് മികച്ച തീറ്റപരിവര്‍ത്തനശേഷിയും അത്യുത്പാദനശേഷിയുമുള്ള വിദേശയിനം മുയലുകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലന്‍ഡ് വൈറ്റ് തുടങ്ങിയ വിദേശ ഇനം മുയലുകളെ ഇന്ത്യയിലെത്തിച്ചത്. കേരളത്തില്‍ വ്യാവസായികമായി മുയല്‍വളര്‍ത്തല്‍ ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ടിലേറെ ആയിട്ടില്ല.


കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഗസാധ്യത ഒഴിവാക്കുന്നവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അനുദിനം വര്‍ധിച്ചുവരുന്ന തീറ്റച്ചെലവ്, മുയലിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ തുടങ്ങിയവ മുയല്‍വളര്‍ത്തല്‍ മേഖലയെ തളര്‍ത്തിയിട്ടുണ്ടെങ്കിലും തീന്‍മേശയില്‍ മുയലിറച്ചി ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല.

വീടുകളില്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും അനായാസം വളര്‍ത്താവുന്ന ഒരു വളര്‍ത്തുമൃഗമാണ് മുയല്‍. രോമക്കെട്ടുകളുള്ള മേനിയും നീണ്ട ചെവിയും ചാടിച്ചാടിയുള്ള നടത്തവുമെല്ലാം കൗതുകമുളര്‍ത്തുന്നവയാണ്.


കൂടൊരുക്കുമ്പോള്‍

കാലാനസ്ഥയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ മുയലുകള്‍ക്ക് കഴിവുണ്ടെങ്കിലും വസിക്കുന്ന സ്ഥലം വൃത്തിഹീനമാണെങ്കില്‍ കാലാവസ്ഥയയനുസരിച്ച് പലവിധ രോഗങ്ങളും മുയലുകളെ ബാധിക്കാറുണ്ട്. അതിനാല്‍, മുയലുകളെ പാര്‍പ്പിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം. പ്രായപൂര്‍ത്തിയായ ഒരു മുയലിന് ശരാശരി രണ്ട് അടി വീതി, രണ്ട് അടി നീളം, ഒന്നര അടി ഉയരവും ഉള്ള കൂടാണ് വേണ്ടത്. തറനിരപ്പില്‍നിന്ന് രണ്ടര അടിയെങ്കിലും ഉയരത്തില്‍ വേണം കൂട് ഉറപ്പിക്കാന്‍. മാത്രമല്ല വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്ന തരത്തിലായിരിക്കണം കൂട്. കൂടിനുള്ളില്‍ വായൂ സഞ്ചാരം ഉറപ്പാക്കണം. അല്ലാത്തപക്ഷം ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം മുയലുകളെ ബാധിക്കാനിടയുണ്ട്.


ഭക്ഷണം

സസ്യഭുക്കുകളാണ് മുയലുകള്‍. തൊടിയിലും മറ്റുമുള്ള പുല്ല്, പച്ചിലകള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. എന്നാല്‍, കീടനാശിനിയോ കളനാശിനിയോ തളിച്ച സ്ഥലത്തെ വിഷമയമുള്ള പുല്ലുകളും ഇലകളും നല്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഫെബറിന്റെ അളവ് കൂടിയ ഭക്ഷണമാണ് മുയലുകള്‍ക്കാവശ്യം. ഇത് അവയുടെ ദഹനപ്രക്രിയ സുഗമമാക്കുന്നു. കൂടുകളില്‍ 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കുക. കൂടുതല്‍ വെള്ളം നല്കുന്നത് മുയലുകളുടെ മൂത്രത്തിലെ രൂക്ഷഗന്ധം ഇല്ലാതാക്കും. ചിലര്‍ മുയലുകള്‍ക്ക് കഞ്ഞിവെള്ളം നല്കാറുണ്ട്. ഇതുകാരണം മൂത്രത്തിനു കൊഴുപ്പു കൂടി ദുര്‍ഗന്ധം വര്‍ധിക്കും. കഞ്ഞിവെള്ളം നല്കണമെന്നുണ്ടെങ്കില്‍ വളരെ നേര്‍പ്പിച്ച് മാത്രം നല്കുക. മാര്‍ക്കറ്റില്‍നിന്നു ലഭിക്കുന്ന റാബിറ്റ് ഫീഡ് നല്കുകയാണെങ്കില്‍ വളര്‍ച്ചാത്തോത് കൂടും. എന്നാല്‍, മുയലിറച്ചിയില്‍ രുചിമാറ്റമുണ്ടാകുമെന്ന് പറയപ്പെടുന്നു. സ്വാഭാവിക ഭക്ഷണങ്ങള്‍ നല്കുന്നതാണ് എപ്പോഴും ഉത്തമം. അപ്പോള്‍ വളര്‍ച്ച കുറഞ്ഞെന്നു വരാം.

പ്രജനനം

6-8 മാസത്തിനുള്ളിലാണ് മുയലുകള്‍ പ്രായപൂര്‍ത്തിയാവുക. പ്രായപൂര്‍ത്തിയായ മുയലുകളെ വെവ്വേറെ പാര്‍പ്പിക്കുന്നതാണ് ആരോഗ്യകരമായ പരിചരണത്തിന് നല്ലത്. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കും. ആണ്‍ മുയലുകളെ നാലാം മാസം മുതല്‍ പ്രത്യേകം പാര്‍പ്പിക്കുന്നതാണ് നല്ലത്. ഇണചേരാല്‍ കാലമായാല്‍ പെണ്‍മുയലുകള്‍ അസ്വസ്തരായി കാണപ്പെടും. കൂടിനുള്ളില്‍ ഓടി നടക്കുക, ശരീരം വശങ്ങളിലോ തീറ്റപ്പാത്രത്തിലോ ഉരയ്ക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. ഈ സമയത്ത് പെണ്‍മുയലിലെ ആണ്‍മുയലിന്റെ കൂട്ടിലേക്ക് മാറ്റി ഇണചേര്‍ക്കാം. ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലേക്ക് മാറ്റിയാല്‍ ആണ്‍മുയലിനെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല. ആണ്‍ മേധാവിത്വ സാഹചര്യമുണ്ടായാലേ ഇവയുടെ കാര്യത്തില്‍ ഇണചേരല്‍ സാധ്യമാകു. അതിനാണ് ആണ്‍മുയലുകളുടെ കൂട്ടിലേക്ക് പെണ്‍മുയലുകളെ മാറ്റേണ്ടിവരുന്നത്. ഇണചേരല്‍ വിജയകരമാണെങ്കില്‍ ആണ്‍മുയല്‍ ഒരു വശത്തേക്ക് മറിഞ്ഞു വീഴും. ആദ്യ ഇണചേരലിനു ശേഷം അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് ഒരു തവണകൂടി ഇണചേര്‍ത്താല്‍ കുഞ്ഞുങ്ങളുടെ എണ്ണം കൂടും. ഇണചേര്‍ന്നതിനുശേഷം ആണ്‍-പെണ്‍ മുയലുകളെ ഒന്നിച്ച് ഇടാന്‍ പാടില്ല. അന്തര്‍പ്രജനനം ഒരിക്കലും പാടില്ല. രക്തബന്ധംമുള്ള മുയലുകള്‍ തമ്മില്‍ ഇണ ചേര്‍ത്താല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷി, വളര്‍ച്ചാനിരക്ക് തുടങ്ങിയവ കുറവായിരിക്കും.

31 ദിവസമാണ് പ്രവസകാലം. ഇണചേര്‍ത്ത് 25-28 ദിവസമാകുമ്പോഴേക്കും പ്രവസപ്പെട്ടി നല്കാം. പ്രസവമയത്ത് പെണ്‍മുയല്‍ ശരീരത്തിലെ രോമങ്ങല്‍ പിഴുത് കുഞ്ഞുങ്ങള്‍ക്കായി മെത്ത തയാക്കാും. ഒരു പ്രസവത്തില്‍ ശരാശരി 4-8 കുഞ്ഞുങ്ങള്‍ ഉണ്ടാവാം. സാധാണ പലര്‍കാലങ്ങളിലാണ് മുയലുകള്‍ പാലൂട്ടുക. അതിനാല്‍ മതിയായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ ലഭിക്കുന്നുണ്ടോയെന്ന് ദിവസേന പരിശോധിക്കണം. പ്രസവിച്ച് രണ്ടു ദിവസമായിട്ടും കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞ് കണ്ടാല്‍ പാല്‍ ലഭിക്കുന്നില്ലെന്നു മനസിലാക്കാം. അത്തരം സാഹചര്യത്തില്‍ തള്ളമുയലിനെ പ്രസവപ്പെട്ടിയില്‍ കയറ്റി മറ്റൊരു പെട്ടി ഉപയോഗിച്ച് അടച്ച് വച്ചാല്‍ മതി. അഞ്ചു മിനിറ്റിനു ശേഷം തുറന്നുവിടാം.

പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുന്നവയാണ് മുയല്‍ കുഞ്ഞുങ്ങള്‍. ശരീരത്തില്‍ രോമങ്ങളിലാത്ത വെറും ഇറച്ചിക്കഷ്ണത്തിനു സമാനം. കണ്ണുകള്‍ തുറന്നിട്ടുണ്ടാവില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ രോമങ്ങള്‍ വന്നു കണ്ണു തുറക്കും. 15 ദിവസത്തിനുശേഷം പ്രസവപ്പെട്ടിയില്‍നിന്നു പുറത്തിറങ്ങിത്തുടങ്ങുന്ന കുഞ്ഞുങ്ങള്‍ ചെറുതായി ഖരാഹാരം കഴിച്ചുതുടങ്ങും. ഒരു മാസത്തിനുശേഷം തള്ളയില്‍നിന്നു കുഞ്ഞുങ്ങളെ പിരിക്കാം. കുഞ്ഞുങ്ങള്‍ മാറി ഒരാഴ്ചയ്ക്കുള്ളില്‍ തള്ളമുയല്‍ അടുത്ത ഇണചേരലിനു തയാറാകും.

ശരാശരി 5-10 വര്‍ഷമാണ് മുയലുകളുടെ ആയുസ്. ആരോഗ്യമുള്ള പെണ്‍മുയല്‍ വര്‍ഷത്തില്‍ ശരാശരി എട്ടു തവണ പ്രസവിക്കും.
ആണ്‍മുയലുതള്‍ പെണ്‍മുയലുകള്‍ കഴിക്കുന്നതിന്റെ പകുതി അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ.
രണ്ടു ആണ്‍മുയലുകളെ ഒരുമിച്ച് പാര്‍പ്പിക്കരുത്. ആക്രമിച്ച് പരസ്പരം മുറിവേല്‍പ്പിക്കും.

കേരളത്തിലുള്ള പ്രധാന മുയല്‍ ഇനങ്ങള്‍

കേരളത്തില്‍ പ്രധാനമായും നാലിനം മുയലുകളും അവയുടെ ക്രോസ് ബ്രീഡുകളുമാണ് വളര്‍ത്തിവരുന്നത്. കൂടാതെ ഡച്ച്, അങ്കോറ തുടങ്ങിയ ഇനങ്ങളും കേരളത്തിലുണ്ട്.

1. ന്യൂസിലാന്‍ഡ് വൈറ്റ്
1912ല്‍ ന്യൂസിലന്‍ഡില്‍നിന്ന് അമേരിക്കയില്‍ എത്തിച്ച ന്യൂസിലന്‍ഡ് റെഡ് എന്ന ഇനം മുയലിനെ ഫ്‌ളെമിഷ് ജയന്റ്, അമേരിക്കന്‍ വൈറ്റ്, അങ്കോറ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്ത് വികസിപ്പിച്ചു. വെളുത്ത രോമങ്ങള്‍, ചുവന്ന കണ്ണുകള്‍ എന്നിവ പ്രത്യേതകള്‍.




2. സോവിയറ്റ് ചിഞ്ചില
സോവിയറ്റ് റഷ്യയില്‍ ഉത്ഭവം. ചാര നിറം (കറുപ്പും വെളുപ്പും ചേര്‍ന്ന് ഏകദേശം നില നിറത്തിനു സമം).  കറുത്ത കണ്ണുകള്‍.











3. വൈറ്റ് ജയന്റ്
സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. വെള്ള നിറം, ചുവന്ന കണ്ണുകള്‍. ന്യൂസിലന്‍ഡ് വൈറ്റിനോട് സാമ്യമുണ്ടെങ്കിലും ന്യൂസിലന്‍ഡ് വൈറ്റിനെ അപേക്ഷിച്ച  വൈറ്റ് ജയന്റിന്റെ ശരീരവലുപ്പം കൂടുതലും പിന്‍കാലുകള്‍ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും.









4. ഗ്രേ ജയന്റ്
സോവയറ്റ് യൂണിയന്‍ ഉത്ഭവം. ചാര നിറം.


മുയല്‍ ഇറച്ചിയുടെ ഗുണങ്ങള്‍

1. പ്രോട്ടീന്‍ ശതമാനം കൂടുതല്‍.
2. കൊഴുപ്പിന്റെ അളവ് കുറവ്.
3. 63 ശതമാനം അപൂരിത ഫാറ്റി ആസിഡുകള്‍.
4. കൊളസ്‌ട്രോളിന്റെ അളവ് വളരെ കുറവ്.
5. കുറഞ്ഞ അളവില്‍ സോഡിയം.
6. ഇറച്ചിയെ അപേക്ഷിച്ച് അസ്ഥികളുടെ അളവ് കുറവ്.
7. വളരേവേഗം ദഹിക്കും.


മുയല്‍ വളര്‍ത്തലും വിവാദങ്ങളും

1977ല്‍ വിദേശ ഇനം മുയലുകളെ ഇന്ത്യയിലെത്തിച്ചശേഷം മുയല്‍വളര്‍ത്തല്‍ ഇന്ത്യയില്‍ വ്യാപകമായി. എന്നാല്‍, 2011 സെപ്റ്റംബര്‍ 11ന് മുയലിനെയും കാടയെയും വന്യജീവി സംരംക്ഷണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങി. ഇതേത്തുടര്‍ന്ന് കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇതേക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ ശിപാര്‍ശപ്രകാരം 2013 ഡിസംബര്‍ 13ന് വീട്ടില്‍ വളര്‍ത്തുന്ന മുയലുകളും കാടപ്പക്ഷികളും വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയല്ലെന്നു വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.


ഇന്ത്യന്‍ ഹേര്‍ അഥവാ കാട്ടുമുയല്‍

കാട്ടില്‍ കാണപ്പെടുന്ന കാട്ടുമുയല്‍ അഥവാ ചെവിയന്‍ മുയല്‍ വളര്‍ത്തു മുയലുകളില്‍നിന്നു വിഭിന്നമാണ്. ഇതിനെ വളര്‍ത്താനോ വേട്ടയാടാനോ പാടില്ല. ഇത് വന്യജീവിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഇനമാണിവ.

ശരീരം മുഴുവന്‍ തവിട്ടു നിറമാണെങ്കിലും പുറം കഴുത്തിലും വാലിനു പുറകിലും കറുത്ത നിറം ഇവയുടെ പ്രത്യേകതയാണ്. അടിഭാഗം വെള്ള നിറവുമായിരിക്കും. പെണ്‍മുയലുകള്‍ക്ക് ആണ്‍മുയലിനെ അപേക്ഷിച്ച് വലുപ്പം കൂടുതലായിരിക്കും.

 സാധാരണഗതിയില്‍ പകല്‍ സമയങ്ങളില്‍ ഉറക്കവും രാത്രിയില്‍ ഇരതേടലുമാണ് ഇവരുടെ രീതി. പുല്‍ക്കൂട്ടവും കുറ്റിക്കാടുകളും മാളങ്ങളുമൊക്കെയാണ് വിശ്രമസ്ഥലങ്ങള്‍. വര്‍ഷത്തില്‍ ഒന്ന് എന്ന രീതിയിലാണ് ഇവയുടെ പ്രജനന ചക്രം. പോഷകാഹാരത്തിന്റെ ലഭ്യത പ്രചനനത്തെ ബാധിക്കാറുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍മുയലുകളില്‍ 69 ശതനമാനവും എല്ലാ വര്‍ഷവും പ്രസവിക്കാറുണ്ട്. ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ എട്ടു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവും. ശരാശരി 45 ദിവസമാണ് പ്രസവകാലം (വളര്‍ത്തു മുയലുകള്‍ക്ക് 31 ദിവസമാണ്). ഒരു വര്‍ഷംകൊണ്ടാണ് പ്രായപൂര്‍ത്തിയാവുക.

ഐബിന്‍ കാണ്ടാവനം



No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...