Friday 15 April 2016

വീട്ടിലേക്കുള്ള മീന്‍ മുറ്റത്തുനിന്ന്‌

നട്ടല്ലുള്ള ജീവികളില്‍ ഏറ്റവും താഴേക്കിടയിലാണ് ജലജീവികളായ മത്സ്യങ്ങളുടെ സ്ഥാനം. ശീതരക്തമുള്ള ഇവര്‍ക്ക് തോണി പോലെ രണ്ടറ്റവും കൂര്‍ത്ത ആകൃയുള്ള ശരീരം നല്കി പ്രകൃതി ഇവയെ സംരക്ഷിച്ചുപോരുന്നു. ഏകദേശം 28,000 സ്പീഷിസുകളാണ് മത്സ്യകുടുംബത്തിലുള്ളത്. എന്നാല്‍, ഭക്ഷ്യയോഗ്യമായവ വളരെ ചുരുക്കമാണ്. ഇവയില്‍ ശുദ്ധജലത്തില്‍ വളരുന്നവയുടെ എണ്ണവും വിരളം.


അലങ്കാര മത്സ്യങ്ങള്‍ എന്നതിലുപരി ഭക്ഷയോഗ്യമായ മത്സ്യങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ പ്രിയമേറി വരികയാണ്. ശുദ്ധജലാശയത്തിലെ അവസ്ഥ പ്രയോജനപ്പെടുത്തി വളരെ വേഗം വളരുന്ന മത്സ്യങ്ങളെയാണ് ഭക്ഷ്യാവശ്യത്തിനായി കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയൂ. ജലാശയത്തിലെ പ്രാധമിക ജൈവവ്യവസ്ഥയെ നേരിട്ട് ഉപയോഗിക്കാനുള്ള കഴിവിനെയാണ് വളര്‍ത്തുമത്സ്യങ്ങളുടെ യോഗ്യതയായി കണക്കാക്കുക.


മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍
സൂര്യപ്രകാശം സ്വീകരിച്ച് വളരുന്ന സസ്യപ്ലവങ്ങളാണ് മത്സ്യങ്ങളുടെ പ്രധാനാഹാരം. അതുകൊണ്ടുതന്നെ പ്ലവങ്ങള്‍ കൂടുതലുള്ളതും വിസ്തൃതി കൂടുലുള്ളതുമായ ജലാശയങ്ങള്‍ മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരമാധി മൂന്നടി താഴ്ച മതിയാകും. സീല്‍പോളിന്‍ കുളങ്ങളോ സിമന്റ് കുളങ്ങളോ സ്വഭാവിക കുളങ്ങളോ ഉപയോഗിക്കാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന കുളങ്ങള്‍ നന്ന്. കുളത്തില്‍ പ്ലവങ്ങള്‍ വളരാന്‍ വെള്ളം നിറച്ചശേഷം അല്പം ചാണകം കുളത്തില്‍ ലയിപ്പിക്കുക. മൂന്നു നാലു ദിവസത്തിനുശേഷം മത്സ്യങ്ങളെ നിക്ഷേപിക്കാം.

വീട്ടാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ മത്സ്യങ്ങളെ കമ്യൂണിറ്റി രീതിയില്‍ വളര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. ഇതിനായി മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ തെരഞ്ഞെടുക്കണം. മാത്രമല്ല ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ജലാശയങ്ങളുടെ രാസ-ഭൗതിക സ്വഭാവത്തിനനുസരിച്ചു ജീവിക്കാനുള്ള കഴിവും ഉള്ള മത്സ്യങ്ങളെ വേണം തെരഞ്ഞെടുക്കാന്‍.

ജലോപരിതലത്തിലും മധ്യഭാഗത്തും അടിത്തട്ടിലും തീറ്റതേടുന്ന മത്സ്യങ്ങളെയാണ് എപ്പോഴും കമ്യൂണിറ്റിയായി വളര്‍ത്താന്‍ കഴിയുക. ഇതുവഴി നല്കുന്ന തീറ്റയും കുളത്തിലെ അവശിഷ്ടങ്ങളും പാഴാകുന്നത് ഒഴിവാക്കാനാകും.


ഭക്ഷണം
ഭക്ഷണമായി വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളും തൊടിയിലെ ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും സിഒ3, സിഒ4, കോംഗോസിഗ്നല്‍ തുടങ്ങിയ പുല്ലുകളും ഭക്ഷമായി നല്കാം. ചുരുങ്ങിയ അളവില്‍ കൈത്തീറ്റ നല്കാം. കൈത്തീറ്റ മാത്രം നല്കി വളര്‍ത്തുന്ന മീനുകളുടെ ശരീരത്തില്‍ കൊഴുപ്പ് അടിയും. അത് രുചി കുറയുന്നതിന് ഇടവരുത്തും. മത്സ്യങ്ങള്‍ക്ക് എപ്പോഴും പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ നല്കുന്നതാണ് ഉത്തമം. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ കൃത്രിമത്തീറ്റ നല്കി വളര്‍ത്തേണ്ടി വരുന്നു.

അമിതമായാല്‍ അമൃതും വിഷം. ഇതാണ് മത്സ്യങ്ങള്‍ക്കു നല്കുന്ന തീറ്റയുടെ കാര്യത്തിലും സംഭവിക്കുക. മത്സ്യങ്ങള്‍ക്കു തീറ്റ നല്കുമ്പോള്‍ കുളത്തില്‍ മിച്ചം കിടക്കാതെ പ്ര്‌ത്യേകം ശ്രദ്ധിക്കണം. ബാക്കിയാകുന്ന തീറ്റകളില്‍നിന്ന് അസുഖങ്ങള്‍ ഉണ്ടാകുക മാത്രമല്ല ജലാശയത്തില്‍ മീനുകള്‍ക്ക് ഹാനികരമായ അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ രൂപപ്പെടാനും ഇടവരുത്തും.

പ്രാണവായു
വായിലാണ് മത്സ്യങ്ങളുടെ ശ്വസനം ആരംഭിക്കുന്നത്. വായില്‍ക്കൂടെ വെള്ളമെടുത്ത് ചെകിളപ്പൂക്കളിലൂടെ പുറത്തുവിടുമ്പോള്‍ വെള്ളത്തിലടങ്ങിയിട്ടുള്ള പ്രാണവായു ചെകിളപ്പൂക്കള്‍ വലിച്ചെടുത്ത് രക്തത്തിലെത്തിക്കും. നിശ്വാസവായു പുറംതള്ളുന്നതും ഇങ്ങനെതന്നെ.

എന്നാല്‍, അനബാന്റിഡെ സബ് ഓര്‍ഡറില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് ചെകിളപ്പൂക്കളെക്കൂടാതെ ശ്വാസകോശത്തിനു സമാനമായ ഒരു പ്രത്യേക ശ്വസനാവയവമുണ്ട്. ലേബിരിന്ത് ഓര്‍ഗന്‍ എന്ന ഈ പ്രത്യേക ശ്വസനാവയവം വഴി അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാന്‍ മത്സ്യങ്ങള്‍ക്കു കഴിയുന്നു. ചെളിയിലും ചതുപ്പിലുമൊക്കെ വസിക്കുന്ന പൂച്ചമത്സ്യങ്ങള്‍ ഗൗരാമികള്‍ തുടങ്ങിയ മത്സ്യങ്ങള്‍ക്കാണ് ഈ ശ്വസനാവയവമുള്ളത്. ലേബിരിന്ത് ഓര്‍ഗനുള്ള മത്സ്യങ്ങളില്‍ ഏറിയപങ്കും ഭക്ഷണാവശ്യത്തിനായ ഉപയോഗിക്കുന്നവയായിരിക്കും. ചെറിയ ഇനം ഗൗരാമികള്‍ ഫൈറ്റര്‍ ഫിഷുകള്‍ എന്നിവ അലങ്കാരമത്സ്യ വിഭാഗത്തിലും പെടുന്നു.

കാര്‍പ്പിനങ്ങള്‍, പാക്കു, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങള്‍ ജലത്തില്‍നിന്നുതന്നെ ശ്വസിക്കുന്നവയായതിനാല്‍ വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറഞ്ഞാല്‍ വളരെവേഗത്തില്‍ ചത്തൊടുങ്ങും. അതിനാല്‍ ഇത്തരം മത്സ്യങ്ങളുള്ള കുളങ്ങളില്‍ കരുതല്‍ ആവശ്യമാണ്. വലിയ ജലായശങ്ങളില്‍ ഈ പ്രശ്‌നം ഉണ്ടാവാറില്ല.

വീട്ടാവശ്യത്തിനു വളര്‍ത്താന്‍ കഴിയുന്ന ചില മത്സ്യങ്ങള്‍

കാര്‍പ്പ് മത്സ്യങ്ങള്‍
രോഹു, കട്‌ല, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വീട്ടാവശ്യത്തിനായി വളര്‍ത്തുന്ന കാര്‍പ്പ് ഇനങ്ങള്‍. വസിക്കുന്ന ജലാശയത്തിന്റെ ആകൃതി ഇവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. നീന്തിത്തുടിക്കാന്‍ നീളമുള്ള കുളങ്ങളാണ് കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യം. നീന്താനുള്ള സ്ഥലമനുസരിച്ച് കാര്‍പ്പ് മത്സ്യങ്ങളുടെ വളര്‍ച്ചയും വര്‍ധിക്കും. ആവശ്യമായ തീറ്റ ലഭ്യമെങ്കില്‍ ഏകദേശം 7-9 മാസത്തിനുള്ളില്‍ വിളവെടുക്കാം.

പൂച്ചമത്സ്യങ്ങള്‍
നാടന്‍ ഇനങ്ങളായ കാരി, കൂരി, മുഷി എന്നിവയും വാളയുമൊക്കെ പൂച്ചമത്സ്യ ഇനത്തില്‍പ്പെടുന്നവയാണ്. രുചിയില്‍ മുന്‍പന്തിയിലുള്ള ഇവയെ അനായാസം വളര്‍ത്താവുന്നതാണ്. അടുക്കളയില്‍നിന്നുള്ള മാലിന്യത്തോടൊപ്പം മാസാവശിഷ്ടങ്ങളും നല്കാം. ചെതുമ്പല്‍ ഇല്ലാത്ത മത്സ്യങ്ങളായതിനാല്‍ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ തൊലി ഉരിയണം. അല്ലാത്തപക്ഷം രുചിയെ പ്രതികൂലമായി ബാധിക്കും. പൂച്ചമത്സ്യങ്ങളില്‍ പ്രധാനിയാണ് കൂരിവാള/ആസാംവാള. കേരളത്തിലെ വന്‍കിട മത്സ്യഫാമുകളുടെ പ്രിയപ്പെട്ട ഇനം. കേരളത്തില്‍ ഭക്ഷണാവശ്യത്തിനായി വളര്‍ത്തുന്ന മത്സ്യങ്ങളില്‍ ഏതാണ്ട് 60 ശതമാനത്തോളം ഇവയാണ്. അറവുമാലിന്യങ്ങള്‍ നല്കി ചുരുങ്ങിയ ചെലവില്‍ വളര്‍ത്താം.


റെഡ് ബെല്ലീഡ് പാക്കു
റെഡ് ബെല്ലി, പാക്കു, നട്ടര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. പിരാന കുടുംബത്തിലെ അംഗമാണ്. വയറിലെ ചുവപ്പു നിറമാണ് പേരിനാധാരം. എട്ടുമാസംകൊണ്ട് ഒരു കിലോയോളം തൂക്കം വയ്ക്കും. ചെറിയ ചെതുമ്പലുകളുണ്ട്. എങ്കിലും തൊലിയുരിഞ്ഞ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പിരാന എന്ന ഭീകര മത്സ്യങ്ങള്‍ പേടിപ്പെടുത്തുന്നവരാണെങ്കിലും ഇവര്‍ അത്രക്കാരല്ല. മിശ്രഭുക്കാണ്. എന്തും കഴിക്കും. മറ്റു മത്സ്യങ്ങളോടൊപ്പം കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം.

ജയന്റ് ഗൗരാമി
പേരു സൂചിപ്പിക്കുംപോലെ ഭീമന്മാരാണ് ഇവര്‍. രുചിയില്‍ ബഹുമിടുക്കന്‍. ആദ്യ രണ്ടു വര്‍ഷം വളര്‍ച്ചയില്‍ പിന്നോട്ടാണ്. എന്നാല്‍ രണ്ടു വയസിനു ശേഷമുള്ള വളര്‍ച്ച ദ്രുതഗതിയിലാണ്. ഉറപ്പുള്ള മാംസമാണ് ഇവരുടെ പ്രത്യേകത. പൂച്ച മത്സ്യങ്ങളേപ്പോലെ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാനുള്ള അവയവമുള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും പ്രശ്‌നമില്ല. എന്നാല്‍ അണുബാധയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറു പ്രായത്തില്‍ ചെതുമ്പല്‍ നീക്കിയശേഷം കറി വയ്ക്കാം. മൂന്നു വയസിനു ശേഷമാണെങ്കില്‍ ചെതുമ്പലിനൊപ്പം പുറംതൊലിയും നീക്കം ചെയ്ത് ഇറച്ചി മാത്രം വേര്‍തിരിച്ചെടുക്കാവുന്നതാണ്. കമ്യൂണിറ്റിയായി വളര്‍ത്താന്‍ യോജിച്ച ഇനം. പ്രധാനമായം ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും പുല്ലും ഭക്ഷണമായി നല്കാം.

കരിമീന്‍
കേരളത്തിന്റെ സ്വന്തം മീന്‍. ഉപ്പുള്ള ജലാശയങ്ങളില്‍ വളരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായി ചെറു കുളങ്ങളിലും ജലാശയങ്ങളിലും വളര്‍ത്തുന്നവരും വിരളമല്ല. വാട്ടര്‍ സെന്‍സിറ്റീവാണ് ഏറ്റവും വലിയ പ്രശ്‌നം. വെള്ളത്തിന്റെ ഘടനയില്‍ മാറ്റം വന്നാല്‍ പെട്ടെന്നുതന്നെ ചാകും. അതുകൊണ്ട് പ്രത്യേത ശ്രദ്ധ ആവശ്യമാണ്.

തിലാപ്പിയ
കേരളത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മത്സ്യം. വളരെവേഗം പെറ്റുപെരുകും. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ചത്തോത് വര്‍ധിപ്പിക്കും. അല്ലാത്തപക്ഷം പ്രജനനം നടന്ന് വളര്‍ച്ച കുറയും. പ്രജനനശേഷി ഇല്ലാതാക്കിയ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) ഇപ്പോള്‍ പ്രചാരത്തിലുണ്ട്.



ബോക്‌സ്
ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ

കാര്‍ഷികവിളകളിലും മൃഗസംരക്ഷണ മേഖലയിലും ജനിതകപരമായി മികച്ച ഇനങ്ങള്‍ കണ്ടെത്തുന്നതിനായി സെലക്ടീവ് ബ്രീഡിംഗ് നടത്താറുണ്ട്. 1980കളിലാണ് ഫിഷ് ഫാമിംഗ് മേഖലയില്‍ സെലക്ടീവ് ബ്രീഡിംഗ് പരീക്ഷിക്കുന്നത്. ലോകത്താകമാനം വളര്‍ത്തിയിരുന്ന നൈല്‍ തിലാപ്പിയ വര്‍ഗത്തിലെ പുതിയ തലമുറയുടെ വളര്‍ച്ച ക്രമാതീതമായി കുറയുന്നത് വലിയ പ്രശ്‌നമായി മാറിയതോടെയാണ് തിലാപ്പിയ മത്സ്യങ്ങളിലേക്ക് ഗവേഷകര്‍ തിരിഞ്ഞത്. ഇതേത്തുടര്‍ത്ത് ജെനറ്റിക്ക് ഇംപ്രൂവ്‌മെന്റ് ഓഫ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) പ്രോജക്ട് വന്നു. ഇത് നൈല്‍ തിലായപ്പിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഉപകരിച്ചുവെന്നു മാത്രമല്ല പ്രതിസന്ധിയിലായ അനേകം ചെറുകിട-വന്‍കിട മത്സ്യകര്‍ഷകരെ സഹായിക്കുകയും ചെയ്തു. വികസ്വരരാജ്യങ്ങള്‍ക്ക് വലിയൊരു കുതിച്ചുചാട്ടം നല്കിയ പദ്ധതിയായിരുന്നു ഗിഫ്റ്റ്.

85ലധികം രാജ്യങ്ങളില്‍ വളര്‍ത്തിവരുന്ന മത്സ്യമാണ് തിലാപ്പിയ. രോഗപ്രതിരോധശേഷി, ഏതു കാലവസ്ഥയിലും ജീവിക്കാനുള്ള കഴിവ്, മിശ്രഫുക്ക് തുടങ്ങിയ സ്വഭാവങ്ങളാണ് തിലാപ്പിയയ്ക്കു ലോകശ്രദ്ധനേടിക്കൊടുത്തത്. എന്നാല്‍, ലോകത്തെമ്പാടും വളര്‍ത്തുന്ന തിലാപ്പിയകളില്‍ ഏറിയപങ്കും അവയുടെ തനത് ജനിതകഗുണം ഇല്ലാത്തവയാണ്.



ഐബിന്‍ കാണ്ടാവനം

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...