Tuesday 26 April 2016

ഇറച്ചിക്കും മുട്ടയ്ക്കും പൗള്‍ട്രി ഫാമിംഗ്

മനുഷ്യന്റെ ഉപയോഗത്തിനുള്ള ഇറച്ചിക്കും മുട്ടയ്ക്കുമായി പക്ഷികളെ വളര്‍ത്തുന്നതിനെ പൗള്‍ട്രി ഫാമിംഗ് എന്നു പറയുന്നു. കോഴി, കാട, ടര്‍ക്കി, താറാവ്, വാത്ത തുടങ്ങിയ പക്ഷികളാണ് പൗള്‍ട്രി ഫാമിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടുക.

വലിയ അളവില്‍ പക്ഷികളെ ഇണക്കി വളര്‍ത്തുന്നത് പൗള്‍ട്രി വിഭാഗത്തില്‍ പെടുമെങ്കിലും ഇന്ന് കോഴികളെയാണ് പൗള്‍ട്രി ഫാമിംഗില്‍ പലപ്പോഴും അര്‍ഥമാക്കുന്നത്. തീറ്റയെ വളരെവേഗം പ്രോട്ടീനായി മാറ്റാനുള്ള കഴിവാണ് കോഴികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ കോഴി, താറാവ്, കാട എന്നിവയെ വാണിജ്യാടിസ്ഥാനത്തില്‍ മുട്ടയ്ക്കും ഇറച്ചിക്കുമായി വളര്‍ത്തിവരുന്നു. ടര്‍ക്കികളും ഗിനികളും മുട്ടയുടെ കാര്യത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും ഇറച്ചിയാവശ്യത്തിന് ഉപയോഗിച്ചുവരുന്നു. പൗള്‍ട്രി വിഭാഗത്തില്‍ 90 ശതമാനവും കോഴിയാണ്.


ഇറച്ചിയും മുട്ടയും

പോഷകസമ്പുഷ്ടമായ മുട്ട പ്രോട്ടീന്റെയും മിനറല്‍സിന്റെയും വൈറ്റമിനുകളുടെയും കലവറയാണ്. മറ്റ് ജന്തുക്കളുടെ ഇറച്ചിയേക്കാളും ഏറെ രുചികരമാണ് പൗള്‍ട്രി ഇറച്ചി. മാത്രമല്ല വളരെവേഗം ദഹിക്കും എന്ന പ്രത്യേകതയുമുണ്ട്.
മുട്ടയുടെ വെള്ള വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുണ്ടാക്കാനും വാര്‍ണിഷ്, പെയിന്റ്, പ്രിന്റിംഗ് മഷി തുടങ്ങിയവ നിര്‍മിക്കാനും ഉപയോഗിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവാകട്ടെ സോപ്പ്, പെയിന്റ്, ഷാംപൂ തുടങ്ങിയവ നിര്‍മിക്കാനും ഉപയോഗിക്കാറുണ്ട്. മുട്ടത്തോട് വളം നിര്‍മാണത്തിനായി ഉപയോഗിക്കുന്നു.

കാര്‍ഷികമേഖലയില്‍ ഇന്ന് വളരെവേഗം വളരുന്ന ഒരു വിഭാഗമാണ് പൗള്‍ട്രി. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇറച്ചി ഉപഭോഗം പൗള്‍ട്രി മേഖലയെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എങ്കിലും കേരളത്തിലെ മൊത്തം ഉപഭോഗത്തിനുള്ള കോഴികള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനില്ല.

മുട്ട ഉത്പാദനം

മുട്ടയിടാന്‍ തുടങ്ങിയശേഷമുള്ള ആദ്യ വര്‍ഷമാണ് സാമ്പത്തികമായി ലാഭം നല്കുന്ന രീതിയില്‍ മുട്ടയുത്പാദനം നടക്കുക. ആദ്യ മുട്ട ഇട്ടതിനു ശേഷമുള്ള 5-6 ആഴ്ചകളിലാണ് പരമാവധി മുട്ടയുത്പാദനം നടക്കുക.

ഇറച്ചി ഉത്പാദനം

പ്രായമായ കോഴികള്‍ സാധാരണ ഇറച്ചിയാവശ്യത്തിനായാണ് നമ്മുടെ നാട്ടില്‍ ഉപയോഗിച്ചുവരുന്നത്. എങ്കിലും ഇറച്ചിയാവശ്യത്തിനായി വളര്‍ത്തുന്ന ബ്രോയിലര്‍ കോഴികളുടെ എണ്ണത്തിന്റെ അഞ്ചു ശതമാനം പോലും പ്രായമായ കോഴികള്‍ ഉള്‍പ്പെടുന്നില്ല. ശരീരഭാരത്തിന് അമിത പ്രാധാന്യമുള്ള ഇനം കോഴികളെയാണ് ബ്രോയിലര്‍ വിഭാഗത്തിലേക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വൈറ്റ് പോളിമൗത്ത് റോക്ക്, വൈറ്റ് കോര്‍ണിഷ്, ന്യൂ ഹാംഷയര്‍ തുടങ്ങിയവയുടെ ക്രോസ് ബ്രീഡുകളാണവ.

വളരെവേഗം വളരുന്ന കുഞ്ഞുങ്ങളാണ് ഇറച്ചിയാവശ്യത്തിനു വളര്‍ത്തുക. ഇത് തീറ്റച്ചെലവ്, സമയം, തൊഴിലാളികളുടെ ചെലവ് തുടങ്ങിയവ കുറയ്ക്കുന്നു. അതിനാല്‍ ബ്രോയിലര്‍ കോഴികള്‍ 45 ദിവസം പ്രായംകൊണ്ട് ശരാശരി രണ്ടു കിലോഗ്രാം ഭാരം വയ്ക്കുന്നു.


വളര്‍ത്താന്‍ കഴിയുന്ന ഇനങ്ങള്‍

ഇനവ്യത്യാസമനുസരിച്ച് കോഴികളുടെ ശരീര ആകൃതിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതാണ് കോഴികളുടെ മികവിനാധാരം. ശീരാകൃതി ത്രികോണാകൃതിയിലുള്ള കോഴികള്‍ മികച്ച മുട്ടയുത്പാദകരും ചതുരാകൃതിയിലുള്ള കോഴികള്‍ മുട്ടയ്ക്കും ഇറച്ചിക്കും മികച്ചു നില്‍ക്കുന്നവകുമാണ്. ഉരുണ്ട ശരീരമുള്ള കോഴിയിനങ്ങളാവട്ടെ മികച്ച ഇറച്ചിയുത്പാദകരും.


ഗ്രാമപ്രിയ
ഹൈദരാബാദില്‍ വികസിപ്പിച്ചു. 175 ദിവസം പ്രായമാകുമ്പോള്‍ മുട്ടയിട്ടുതുടങ്ങും. വര്‍ഷം ശരാശരി 200-225 മുട്ടകള്‍. വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളര്‍ത്താന്‍ അനുയോജ്യം. ഈ ഇനത്തില്‍ വെള്ള നിറത്തിലുള്ളവ മികച്ച മുട്ടയുത്പാദകരും നിറമുള്ളവ മുട്ടയ്ക്കും ഇറച്ചിക്കുമായുള്ളവയുമാണ്. എന്നാല്‍ വെള്ളയെ അപേക്ഷിച്ച് നിറമുള്ളവയ്ക്ക് മുട്ടകളുടെ എണ്ണം കുറവായിരിക്കും.






ഗ്രാമ ലക്ഷ്മി
കേരള അഗ്രികള്‍ച്ചര്‍ യുണിവേഴ്‌സിറ്റി വികസിപ്പിച്ചത്. വെള്ളയില്‍ അങ്ങിങ്ങായി കറുത്ത പൊട്ടുകള്‍. 160-ാം ദിവസം പ്രായപൂര്‍ത്തി. വര്‍ഷം 180-200 മുട്ടകള്‍. ശരീരഭാരം ശരാശരി 1.7 കിലോഗ്രാം.





അതുല്യ
മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചു. 123-ാം ദിവസം മുതല്‍ മുട്ടയുത്പാദനം. വര്‍ഷം 280-290 മുട്ടകള്‍. ശരാശരി ശരീരഭാരം 1.5 കിലോഗ്രാം.








കടക്കനാഥ് (കരിങ്കോഴി)
180-ാം ദിവസം മുട്ടയുത്പാദനം തുടങ്ങും. വര്‍ഷം ശരാശരി 105 മുട്ടകള്‍. 20 ആഴ്ച പ്രായത്തില്‍ 900 ഗ്രാം തൂക്കം.










ഗ്രാമശ്രീ
കേരള അഗ്രികള്‍ച്ചര്‍ യുണിവേഴ്‌സിറ്റി വികസിപ്പിച്ചത്.  അഴിച്ചുവിട്ടു വളര്‍ത്താവുന്ന ഇനം. വര്‍ഷം 180 മുട്ടകള്‍. ബ്രൗണ്‍ നിറത്തിലുള്ള മുട്ടകള്‍.








കുട്ടനാടന്‍ താറാവുകള്‍
ചാര, ചെമ്പല്ലി എന്നിങ്ങനെ രണ്ടിനം. വര്‍ഷം ശരാശരി 200 മുട്ടകള്‍. 2-3 വര്‍ഷം മികച്ച മുട്ടയുത്പാദനം.


വീട്ടുവളപ്പിലെ കോഴിവളര്‍ത്തല്‍
വീട്ടുവളപ്പില്‍ അഴിച്ചുവിട്ടു വളര്‍ത്തുന്ന കോഴികള്‍ക്ക് രാത്രിയില്‍ സുരക്ഷിതമായി താമസിക്കാന്‍ മാത്രം കൂട് മതി. നാല് അടി നീളം മൂന്ന് അടി വീതി രണ്ട് അടി ഉയരമുള്ള കൂട്ടില്‍ 10 കോഴികള്‍ക്ക് കഴിയാനാകും. അഴിച്ചുവിട്ടു വളര്‍ത്തുന്ന കോഴികള്‍ക്ക് പൊതുവെ ഭക്ഷണം നല്‌കേണ്ടിവരില്ലെങ്കിലും ചെറിയ അളവില്‍ കൈത്തീറ്റ നല്കുന്നത് മുട്ടയുത്പാദനം മികച്ചതാക്കും. മാത്രമല്ല വല്ലപ്പോഴും കാത്സ്യം-വൈറ്റമിന്‍ സപ്ലിമെന്റുകള്‍ നല്കുന്നത് നല്ലതാണ്.

കൂട്ടില്‍ വളര്‍ത്തുമ്പോള്‍
വീട്ടിലേക്കുള്ള ആവശ്യത്തിനു മാത്രമാകുമ്പോള്‍ ചെറിയ കൂടുകളില്‍ അടച്ചിട്ടു വളര്‍ത്തുന്ന രീതിയും അവലംബിക്കാം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ കോഴികള്‍ക്ക് ആവശ്യമായ അളവില്‍ തീറ്റ, വൈറ്റമിന്‍, കാത്സ്യം തുടങ്ങിയവ ഉറപ്പുവരുത്തണം. നല്ല രീതിയിലുള്ള പരിചരണം ലഭിച്ചില്ലെങ്കില്‍ പണനഷ്ടം മാത്രമായിരിക്കം ഫലം. സങ്കരയിനം അത്യുത്പാദനശേഷിയുള്ള കോഴികള്‍ അടയിരിക്കില്ലാത്തതിനാല്‍ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തിത്തുടങ്ങാം. പിടക്കോഴികളെ മാത്രം വളര്‍ത്തുന്നതാണ് മുട്ടയ്ക്കുവേണ്ടി വളര്‍ത്തുമ്പോള്‍ ഉത്തമം.


ഒരു മാസം പ്രായമായ കുഞ്ഞുങ്ങള്‍ മുതല്‍ രണ്ടു മാസം പ്രായമായ കുഞ്ഞുങ്ങള്‍ വരെയാണ് വളര്‍ത്തിത്തുടങ്ങാന്‍ ലഭിക്കുക. സര്‍ക്കാര്‍ ഹാച്ചറികളില്‍നിന്ന് ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ലഭിക്കം. ഈ കുഞ്ഞുങ്ങളെ വാങ്ങി 45-60 ദിവസം വളര്‍ത്തി വിപണിയിലെത്തിക്കുന്ന ഫാമുകള്‍ ഇന്നു കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രോഗങ്ങള്‍
കൊക്കിഡിയോസിസ്, കോഴി വസന്ത, വസൂരി, വിര തുടങ്ങിയവയാണ് പ്രധാനമായി കോഴികളെ ബാധിക്കുക.
ആരോഗ്യകരമായ അന്തരീക്ഷവും കൃത്യമായ പരിചരണവും കൂടുകളിലെ വൃത്തിയും ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കും. വിരശല്യമോ മറ്റ് രോഗലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുന്നതാണ് ഉത്തമം. സ്വയം ചികിത്സ പാടില്ല. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില കൂടി നില്‍ക്കുന്നതിനാല്‍ വൈറസ് രോഗങ്ങള്‍ വ്യാപകമാകാറുണ്ട്. കോഴിവസന്ത, പക്ഷിപ്പനി തുടങ്ങിയവ ഈ കാലത്ത് ഉണ്ടാകുന്നവയാണ്. കോഴികള്‍ക്കോ മറ്റു പക്ഷികള്‍ക്കോ കൂട്ടത്തോടെ പനി, മൂക്കില്‍നിന്നും വായില്‍നിന്നും സ്രവം വരുക, തീറ്റയെടുക്കാന്‍ മടി, ചാവുക തുടങ്ങിയ കണ്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയിലോ മൃഗസംരക്ഷണ വകപ്പിലോ അറിയിക്കണം. വായുവിലൂടെ പകരുന്നതിനാല്‍ കൃത്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വ്യാപകമാകുന്ന രോഗമാണിത്.

ഐബിന്‍ കാണ്ടാവനം

1 comment:

  1. 1 day old aaya 1 kozhi kunjine vaangi , athu mutta edunna vare endhu theeta chilavu varum
    eg:athulya chicks aanu vaangunnathengil?????????

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...