Monday, 7 November 2016

ഊര്‍ജസ്വലരായ ബഡ്‌ജെറിഗാര്‍സ്

ലോകത്തെവിടെയുമുള്ള പക്ഷിപ്രേമികള്‍ക്ക് ഒഴിവാക്കാനാവാത്ത എലങ്കാരപ്പക്ഷിയാണ് ബഡ്‌ജെറിഗാര്‍. പക്ഷിവളര്‍ത്തലിലെ പുതു സംരംഭകനുപോലും വളരെ അനായാസം കൈകാര്യം ചെയ്യാവുന്നതും പ്രജനനം നടത്താവുന്നതുമായ ഇനമാണിത്. മെലോപ്‌സിറ്റാക്കസ് അന്‍ഡുലാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവയുടെ സ്വാഭാവിക ആവാസസ്ഥലം ഓസ്‌ട്രേലിയന്‍ പുല്‍മേടുകളാണ്. ഒരു ബഡ്‌ജെറിഗാറിന് ഏകദേശം 18 സെ.മീ. നീളവും 25-28 ഗ്രാം ഭാരവും കാണും.
1805ല്‍ ഇംഗ്ലീഷ് ജന്തു-സസ്യ ശാസ്ത്രജ്ഞനായ ജോര്‍ദ് ഷോ ആണ് ആദ്യമായി ഇവയെപ്പറ്റി ആധികാരികമായി വിവരിച്ചത്. പക്ഷിപ്രേമികള്‍ക്ക് ബഡ്‌ജെറിഗാര്‍ പ്രിയപ്പെട്ടതാകാന്‍ കാരണം അവയുടെ ഊര്‍ജസ്വലമായ പ്രകൃതമാണെന്ന് പറയാം. സാമൂഹികമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായ ഇവര്‍ പ്രകൃതിയില്‍ പുതുസ്ഥലങ്ങള്‍ തേടിപ്പിടിച്ച് തീറ്റകണ്ടെത്താന്‍ താത്പര്യമുള്ളവരുമാണ്.

1850 മുതല്‍ ഇവയെ ഓമനപ്പക്ഷികളായി കരുതി കൂടുകളില്‍ പാര്‍പ്പിച്ച് വളര്‍ത്താന്‍ തുടങ്ങി. സാധാരണ പച്ച നിറങ്ങളില്‍ കാണപ്പെടുന്ന ബഡ്‌ജെറിഗാറില്‍നിന്നും ഇന്നു കാണുന്ന തരത്തില്‍ വിവിധ വര്‍ണങ്ങളില്‍ പ്രജനനം ചെയ്‌തെടുക്കാന്‍ പക്ഷിപ്രേമികള്‍ക്കായി. പ്രകൃതിയില്‍ ജീവിക്കുന്ന ബഡ്‌ഗെറിഗാര്‍സ് സാധാരണ ഭക്ഷണം സുലഭമായി ലഭിക്കുന്ന കാലത്ത് മാത്രം പ്രജനനം നടത്തുന്നവയാണെങ്കില്‍ കൂട്ടില്‍ കഴിയുന്ന പക്ഷികള്‍ക്ക് കൃത്യമായി പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാകുന്നതിനാല്‍ പ്രജനനത്തിന് പ്രത്യേക കാലമില്ല. അതുതന്നെയാണ് പക്ഷിവളര്‍ത്തലിന്റെ വിജയവും.

കേരളത്തില്‍ സാധാരണയായി വളര്‍ത്തിവരുന്ന ഇനം ഓസ്‌ട്രേലിയന്‍ ബഡ്‌ജെറിഗാറുകളാണ്. എന്നാല്‍ ഭംഗിയില്‍ മുന്നില്‍നില്‍ക്കുന്ന ഇംഗ്ലീഷ് ബഡ്‌ജെറിയും ഹോളണ്ട് ബഡ്‌ജെറിയും കേരളത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ല.

പ്രജനനം


ആറുമാസംകൊണ്ട് പ്രായപൂര്‍ത്തിയാകുന്ന ഇവര്‍ തനിക്കനുയോജ്യരായ ഇണകളെ സ്വയം തെരഞ്ഞെടുക്കുന്നു. പ്രജനനകാലമാകുമ്പോള്‍ ആണ്‍ പക്ഷികളെ അവയുടെ മൂക്കിനു ചുറ്റുമുള്ള നീല നിറംകൊണ്ട് തിരിച്ചറിയാം. പെണ്‍പക്ഷികള്‍ക്കു മൂക്കിനു ചുറ്റും വെളുപ്പോ വെളുപ്പുകലര്‍ന്ന തവിട്ടുനിറമോ ആയിരിക്കും.
പ്രജനനത്തിനായി കൂടൊരുക്കുമ്പോള്‍ ഓരോ ജോഡിക്കും ആവശ്യമായ സ്ഥലസൗകര്യം ഉറപ്പാക്കണം. അല്ലാത്തപക്ഷം അവ ആക്രമണ സ്വഭാവം കാണിക്കാനിടയുണ്ട്. ഏകദേശം 5x5x5 അടി വലിപ്പമുള്ള കൂടുകളില്‍ 15-20 ജോഡി ബഡ്‌ജെറിഗാര്‍സിനെ വളര്‍ത്താന്‍ കഴിയും. പ്രജനന കാലത്ത് ആക്രമണ സ്വഭാവം കൂടുന്നതിനാല്‍ ആവശ്യാനുസരണം മണ്‍കുടങ്ങളും മരച്ചില്ലകളും കൂടുകളില്‍ ഉറപ്പാക്കണം (മണ്‍കുടങ്ങള്‍ക്കു പകരം പെട്ടികളും ഉപയോഗിക്കാം). മാത്രമല്ല പ്രജനന കുടങ്ങള്‍ അടുത്തടുത്ത് ഉറപ്പിക്കാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം. ഇതുവഴി പരസ്പരമുള്ള ആക്രമണം ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും. കുടങ്ങള്‍ ചേര്‍ന്നിരുന്നാല്‍ പരസ്പരം ആക്രമിച്ച് മുട്ടകള്‍ നശിപ്പിക്കുന്ന പ്രവണത ഇക്കൂട്ടര്‍ക്കുണ്ട്. കൂടാതെ കൂടുകളില്‍ ആണ്‍-പെണ്‍ അനുപാതം 1:1 അയിരിക്കുന്നതാണ് നല്ലത്.
സാധാരണ ഒരു ബഡ്‌ജെറിഗാര്‍ ഒരു തവണ ശരാശരി നാലു മുതല്‍ എഴു മുട്ടകള്‍വരെ ഇടും. 18-22 ദിവസത്തിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ കഴിച്ച് ദഹിച്ച തീറ്റയാണ് നല്കുക. രണ്ടര മാസംകൊണ്ട് കുഞ്ഞുങ്ങള്‍ തൂവലുകള്‍ വന്ന് പറക്കാറാകുമ്പോള്‍ പ്രജനന കുടങ്ങളില്‍നിന്നു പുറത്തുവരും.


തീറ്റക്രമം

ബഡ്‌ജെറിഗാറുകളുടെ ഭക്ഷണ കാര്യങ്ങില്‍ സൂക്ഷ്മത ആവശ്യമാണ്. പോഷകസമൃദ്ധമായ ആഹാരം ഇവയുടെ ആരോഗ്യത്തിനും തൂവലുകളുടെ വര്‍ണപ്പൊലിമയ്ക്കും ആവശ്യമാണ്. സാധാരണ നല്കുന്ന തിന യോടൊപ്പം മുളപ്പിച്ച ഗോതമ്പ്, ചെറുപയര്‍, വിഷമുക്തമായ പച്ചിലകള്‍ എന്നിവയും നല്കാം. എല്ലാ ദിവസംവും ശുദ്ധമായ വെള്ളം കൂട്ടില്‍ ഉറപ്പാക്കണം.  കുടിവെള്ളത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ധാതുലവണമിശ്രിതങ്ങള്‍, ലിവര്‍ സിറപ്പുകള്‍ ചേര്‍ത്തു നല്കുന്നത് അവയുടെ പ്രജനനത്തിനും ആരോഗ്യത്തിനും തൂവലുകളുടെ ഭംഗി വര്‍ദ്ധിക്കുന്നതിനും നല്ലതാണ്.


രോഗങ്ങള്‍

1. സ്‌കേലി ഫേസ് (Scaly Face)
ചിലതരം പേനുകള്‍മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. പക്ഷികളുടെ മുഖത്തെ തൂവലുകള്‍ മുകളിലേക്ക് പൊങ്ങി, വളരെ ക്ഷീണിതരായി കാണപ്പെടും. മുഖം, ചുണ്ടുകള്‍, കണ്ണ്, പിന്‍ഭാഗം, കാലുകള്‍ എന്നിവിടങ്ങളില്‍ ചെതുമ്പല്‍പോലെ തൊലിയിളകി ഇരിക്കുന്നതുകാണാം. എവര്‍മെക്റ്റിന്‍ (Ivermectin) പോലുള്ള മരുന്നുകള്‍കൊണ്ട് ഇത് മാറുന്നതാണ്.

2. സിറ്റക്കോസിസ് (Psittacosis)
തത്തപ്പനി (Parrot Fever) എന്ന രോഗമാണിത്. വായുവിലൂടെയും ഭക്ഷണ കൈമാറ്റത്തിലൂടെയും പകരുന്ന രോഗമായതിനാല്‍ രോഗബാധ ശ്രദ്ധയില്‍പ്പെട്ടാണ് രോഗംബാധിച്ച പക്ഷികളെ മാറ്റിപ്പാര്‍പ്പിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ മനുഷ്യരിലേക്കും പകരാനിടയുണ്ട്.

3. ഫ്രഞ്ച് മോള്‍ട്ട് (French Molt)
തൂവല്‍ പൊഴിയുന്ന രോഗമാണിത്. വാലിലെയും ചിറകുകളിലെയും തൂവലുകളാണ് ആദ്യം പൊഴിയുക. മറ്റു പക്ഷികളിലേക്കും പകരുന്ന രോഗമാണിത്.

വളരെ ആരോഗ്യപ്രദമായ ജീവിതാന്തരീക്ഷം ഉണ്ടാക്കിക്കൊടുത്താല്‍ ഇത്തരം അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. ഇടത്തരക്കാരായ ആളുകള്‍ കേവലം പക്ഷികളോടുള്ള താല്പര്യത്തിന്റെ പുറത്ത് മാത്രം വളര്‍ത്താതെ അവയെപ്പറ്റി കൃത്യമായി അറിയാവുന്ന വ്യക്തികളോടോ സംഘടനകളോടോ ആശയവിനിയം നടത്തിയശേഷം വളര്‍ത്തിലിലേക്ക് തിരിയുന്നത് നന്നായിരിക്കും. പക്ഷിവളര്‍ത്തല്‍ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള കര്‍ഷകരും സംഘടനകളും ഇന്ന് ഇന്ത്യയിലുടെനീളമുണ്ട്. ഉദാഹരണത്തിന് ഏവിയന്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നുണ്ട്. വര്‍ണവൈവിധ്യവും കൈകാര്യം ചെയ്യുന്നതിലുള്ള ലാളിത്യവും പക്ഷിപ്രേമികളുടെ പ്രിയപ്പെട്ട ഇനമായി ബഡ്‌ജെറിഗാറുകളെ മാറ്റിയെടുത്തുവെന്നു പറയാം... അതേ പക്ഷികള്‍ എന്നും മനുഷ്യരുടെ മനം കവരും... അറിയാതെതന്നെ കിളിക്കൊഞ്ചലുകള്‍ക്കു കാതോര്‍ത്തുപോകും...തയാറാക്കിയത്‌
വി.എം. രഞ്ജിത്ത്
പെറ്റ് കണ്‍സള്‍ട്ടന്റ്
9287545454ഏവികള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരള (എഎകെ)

വിയന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകമാണ് ഏവികള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരള (എഎകെ). വളര്‍ത്തുപക്ഷികളുടെ പരിചരണം, ഭക്ഷണക്രമം, പ്രജനനരീതികള്‍ തുടങ്ങിയ കാര്യങ്ങളുടെ ശാസ്ത്രീയ വശങ്ങള്‍ അംഗങ്ങള്‍ക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എഎകെ. കൂടാതെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ആളുകളെ പരിചയപ്പെടാനും സംഘടന വഴിയൊരുക്കുന്നു. വളര്‍ത്തുപക്ഷികളെ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട നിയമവശങ്ങളെ സംബന്ധിച്ച് അംഗങ്ങളെ ബോധവത്കരിക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്.
കരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ ഇതില്‍ അംഗങ്ങളാണ്. എല്ലാ മാസവും വിവിധ ജില്ലകളിലായി പരിശീലന ക്ലാസുകളും സെമിനാറുകളും അസോസിയേഷന്‍ സംഘടിപ്പിക്കാറുണ്ട്. തുടക്കക്കാരായ കര്‍ഷകര്‍ക്ക് വിവിധയിനം പക്ഷികളെ വളര്‍ത്തുന്നതില്‍ ശാസ്ത്രീയ അറിവ് പകര്‍ന്നു നല്കാന്‍ ക്ലാസുകളും എഎകെ നല്കിവരുന്നു. ഒപ്പം കര്‍ഷകര്‍ക്കാവശ്യമായ ഉപകരണങ്ങളും മറ്റും മിതമായ നിരക്കില്‍ ലഭ്യമാക്കി നല്കാനും സംഘടനയ്ക്കു കഴിയുന്നു.

Aviculture-Association-of-Kerala (facebook)
aviculturekerala  (Website)


No comments:

Post a Comment

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെ...