Thursday, 24 November 2016

റെഡ് ബെല്ലീഡ് പാക്കുവിനെ ഭയപ്പെടേണ്ട...

പരക്കെ ഭീകരനെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മത്സ്യമാണ് റെഡ് ബെല്ലീഡ് പാക്കു അഥവാ നമ്മുടെ സ്വന്തം നട്ടര്‍. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയിലെ ഭീകരന്മാരായ പിരാനകളുടെ കുടുംബക്കാരനെങ്കിലും നട്ടര്‍ പാവം മിശ്രഭുക്കാണ്. പൊതുവേ ആക്രമണ സ്വഭാവം കാണിക്കാറുമില്ല. എന്നാല്‍, ഇപ്പോള്‍ നമ്മുടെ നാട്ടിലെ റെഡ് ബെല്ലീഡ് പാക്കുവിനെ റെഡ് ബെല്ലീഡ് പിരാനയായി തെറ്റിദ്ധരിക്കുന്നവരും കുറവല്ല. അക്കൂട്ടത്തില്‍ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ടെന്ന് അറിയുമ്പോഴാണ് വകുപ്പിനോട് സഹതാപം തോന്നുന്നത്.


ഉള്‍നാടന്‍ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്ന ഫിഷറീസ് വകുപ്പുതന്നെ റെഡ് ബെല്ലീഡ് പാക്കു എന്ന നട്ടറിനെ കര്‍ഷകര്‍ക്ക് ചിലപ്പോഴൊക്കെ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം കുമരകത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏഴു കിലോയോളം തൂക്കമുള്ള നട്ടറിനെ കിട്ടിയപ്പോള്‍ അത് പിരാനയായി, പോരാത്തതിന് നിരോധിച്ച മത്സ്യവും. റെഡ് ബെല്ലീഡ് പിരാന നിരോധിച്ച മത്സ്യംതന്നെയാണ്. എന്നാല്‍, പാക്കു അങ്ങനെയല്ല. റെഡ് ബെല്ലീഡ് പിരാനയോട് സാമ്യമുണ്ടെങ്കിലും അവ തമ്മിലുള്ള ഘടനയില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. റെഡ് ബെല്ലീസ് പിരാനയ്ക്ക് കൂര്‍ത്ത പല്ലുകളാണുള്ളത്. മാത്രമല്ല കാര്യമായ വളര്‍ച്ചയുമില്ല.

റെഡ് ബെല്ലീഡ്
പാക്കുവിന്റെ
പല്ലുകള്‍.
എന്നാല്‍, നട്ടര്‍ (പാക്കു) അങ്ങനെയല്ല. മനുഷ്യനു സമാനമായ പല്ലുകള്‍, മികച്ച വളര്‍ച്ച എന്നിവയുണ്ട്. അല്പം മനസിലാക്കാനുള്ള താത്പര്യമുണ്ടെങ്കില്‍ ഇവ രണ്ടിനെയും തിരിച്ചറിയാവുന്നതേയുള്ളൂ. പിന്നെ, റെഡ് ബെല്ലീഡ് പിരാനയെ കേരളത്തില്‍ വളര്‍ത്തുന്ന കര്‍ഷകരില്ല. ഉണ്ടെങ്കില്‍ത്തന്നെ പ്രദര്‍ശനസ്ഥലങ്ങളിലേ കാണൂ.

റെഡ് ബെല്ലീഡ് 
പിരാനയുടെ 
പല്ലുകള്‍.
ഇനിയെങ്കിലും ജനങ്ങളെ പേടിപ്പിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകള്‍ ഫിഷറീസ് വകുപ്പ് നടത്താതിരിക്കണം. അറിയില്ലെങ്കില്‍ അറിയില്ലായെന്ന് തുറന്നു സമ്മതിക്കണം. അല്ലെങ്കില്‍ മിണ്ടാന്‍ പാടില്ല...

കഴിഞ്ഞ ദിവസം കണ്ടെത്തിയ മീനുകളെക്കുറിച്ചുള്ള രണ്ടു പത്രവാര്‍ത്ത കൂടെ ചേര്‍ക്കുന്നു. ഇതില്‍ ശരിയേത് തെറ്റേത് എന്ന് വായനക്കാര്‍ തീരുമാനിച്ചുകൊള്ളൂ...





No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...