Saturday 26 November 2016

വെള്ളത്തിലെ രസതന്ത്രം

ജലരസതന്ത്രത്തിലെ സാധാരണ ചോദ്യമാണ് എന്താണ് പിഎച്ച് (pH) എന്നത്. പലരും ഇതിനേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വസ്തുത. മത്സ്യക്കുളങ്ങളില്‍ പിഎച്ച് എന്താണെന്നറിഞ്ഞ് കൃഷി ചെയ്തില്ലെങ്കില്‍ ധനനഷ്ടം മാത്രമേ പലപ്പോളും ഉണ്ടാവാറുള്ളൂ. ഓരോ മത്സ്യത്തിനും ഓരോ വ്യത്യസ്ഥ പിഎച്ച് റേഞ്ച് ആയിരിക്കും ഉണ്ടാവുക. അതുതന്നെയാണ് അവയുടെ വളര്‍ച്ചയ്ക്ക് ആവാസവ്യവസ്ഥ നല്കുന്ന സ്ഥാനം.


ചില മത്സ്യങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു നിശ്ചിത റേഞ്ച് പിഎച്ച് വേണം, ചിലര്‍ക്കാവട്ടെ പ്രജനനത്തിന് കൃത്യമായ പിഎച്ച് റേഞ്ച് ഉണ്ടായിരിക്കും. അങ്ങനെ ഒരു മത്സ്യത്തിന്റെ ജനനം മുതല്‍ മരണം വരെ ജലത്തിലെ പിഎച്ചിനുള്ള സ്ഥാനം വളരെ വലുതാണ്. അത് മനസിലാക്കി വല്ലപ്പോഴും പരിശോധിച്ച് മത്സ്യകൃഷി ചെയ്താല്‍ വിജയം ഉറപ്പാണ്.

എന്താണ് പിഎച്ച്?

കെമിസ്ട്രിയില്‍ ഒരു ലായനിയുടെ അമ്ലത(acidtiy)യും ക്ഷാരത(basi-ctiy)യും അളക്കുന്നതിനായി ഉപയോഗിക്കുന്ന സംഖ്യാ സ്‌കെയിലാണ് പിഎച്ച്. 1 മുതല്‍ 14 വരെയാണ് പിഎച്ച് സ്‌കെയിലിലുള്ളത്. പിഎച്ച് 7നു താഴെയുള്ള ലായനിക്ക് അമ്ലസ്വഭാവമാണെന്നും പിഎച്ച് 7നു മുകളിലുള്ള ലായനിക്ക് ക്ഷാരഗുണമാണെന്നും പറയുന്നു. 7 ആണെങ്കില്‍ അത് നൂട്രല്‍ എന്നും പറയും.  ലായനിയിലെ ഹൈഡ്രജന്‍ അയോണുകളുടെ പവര്‍ അല്ലെങ്കില്‍ ആക്ടിവിറ്റി അനുസരിച്ചാണ് പിഎച്ച് വിലയിരുത്തുന്നത്.

ഇക്കാര്യം വെള്ളവുമായി ബന്ധിപ്പിച്ചാല്‍ പിഎച്ച് 7 ആണെങ്കില്‍ അത് ശുദ്ധജലമായിരിക്കും. മെഡിസിന്‍, ബയോളജി, കെമിസ്ട്രി, കൃഷി, ഫോറസ്ട്രി, ഫുഡ് സയന്‍സ്, എന്‍വയേണ്‍മെന്റല്‍ സയന്‍സ്, ഓഷനോഗ്രഫി, സിവില്‍ എന്‍ജിനിയറിംഗ്, കെമിക്കല്‍ എന്‍ജിനിയറിംഗ്, വാട്ടര്‍ ട്രീറ്റ്‌മെന്റ്, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ എന്നുതുടങ്ങി നിരവധി മേഖലകളില്‍ പിഎച്ചിന് വളരെ പ്രാധാന്യമുണ്ട്.


പിച്ച് ഇന്‍ഡിക്കേറ്റര്‍

സാധാരണ വെള്ളത്തിന്റെ സ്വഭാവം ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയില്ല. ഇതിന് ലബോറട്ടറികളിലെ വലിയ ഉപകരണങ്ങളുടെ സഹായമൊന്നും നമുക്ക് ആവശ്യമില്ല. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച 14 നിറങ്ങളിലൂടെ പിഎച്ച് റേഞ്ച് തിരിച്ചറിയാവുന്നതേയുള്ളൂ.


യൂണിവേഴ്‌സല്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്

ഒരു ടെസ്റ്റ് ട്യൂബും യൂണിവേഴ്‌സല്‍ ഇന്‍ഡിക്കേറ്റര്‍ എന്ന പിഎച്ച് ഇന്‍ഡിക്കേറ്ററും മാത്രം മതി. പിഎച്ച് പരിശോധിക്കേണ്ട കുളത്തിലെ അല്പം വെള്ളം ടെസ്റ്റ് ട്യൂബിലെടുത്ത് അതിലേക്ക് ഒന്നു രണ്ടു തുള്ളി യൂണിവേഴ്‌സല്‍ ഇന്‍ഡിക്കേറ്റര്‍ ഒഴിക്കുക. വെള്ളത്തിന്റെ സ്വഭാവം അനുസരിച്ച് വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകുന്നു. ഈ നിറം അനുസരിച്ച് വെള്ളത്തിന്റെ പിഎച്ച് മനസിലാക്കാവുന്നതേയുള്ളൂ. ആസിഡ് ആണെങ്കില്‍ ചുവപ്പു മുതല്‍ മഞ്ഞ വരെയും (പിഎച്ച് 1-7) ക്ഷാരഗുണമാണെങ്കില്‍ നീല മുതല്‍ പര്‍പ്പിള്‍ നിറം (പിഎച്ച് 7-14) വരെയും കാണിക്കാം. ഓരോ നിറത്തിനും നിശ്ചിത പിഎച്ച് വാല്യു ഉണ്ട്. ശുദ്ധജലമാണെങ്കില്‍ പച്ച നിറത്തിലും കാണും (പിഎച്ച് 7). ചിത്രം കാണുക.

(സ്‌കൂളുകളിലേക്കുള്ള ലാബ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ യൂണിവേഴ്‌സല്‍ ഇന്‍ഡിക്കേറ്റര്‍ സൊലൂഷനും ടെസ്റ്റ് ട്യൂബും ചുവടെ പറഞ്ഞിട്ടുള്ള ലിറ്റ്മസ് പേപ്പറും ലഭിക്കും).

ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ച്
പിഎച്ച് കണ്ടെത്തുന്നതിനായി പ്രത്യേകം തയാറാക്കിയിരിക്കുന്ന സിമ്പിള്‍ രീതിയാണിത്. നീല, ചുവപ്പ്, നൂട്രല്‍ എന്നിങ്ങനെ മൂന്നു തരം ലിറ്റ്മസ് പേപ്പറുകളുണ്ട്.

നീല: അമ്ലസ്വഭാവുമുള്ള വെള്ളത്തില്‍ നീല ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ അത് ചുവപ്പാകും. ക്ഷാരസ്വഭാവുമള്ള വെള്ളത്തിലാണെങ്കില്‍ നിറവ്യത്യാസം ഉണ്ടാവില്ല.

ചുവപ്പ്: ക്ഷാരഗുണമുള്ള വെള്ളത്തില്‍ മുക്കിയാല്‍ ചുവന്ന ലിറ്റ്മസ് പേപ്പര്‍ നീലയാകും. അമ്ലസ്വഭാവമുള്ള വെള്ളത്തില്‍ നിറമാറ്റം ഉണ്ടാവില്ല.

നൂട്രല്‍: അമ്ല സ്വഭാവുമള്ള വള്ളത്തില്‍ മുക്കിയാല്‍ ചുവപ്പായും ക്ഷാര സ്വഭാവമുള്ള വെള്ളത്തില്‍ മുക്കിയാല്‍ നീലയായും മാറും. വെള്ളം നൂട്രലാണെങ്കില്‍ ലിറ്റ്മസിന് നിറമാറ്റം ഉണ്ടാവില്ല.


പിഎച്ച് മീറ്റര്‍
പിഎച്ച് കണ്ടെത്താനുള്ള ഡിജിറ്റല്‍ മീറ്റര്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. 600 രൂപ മുതല്‍ അത്യാവശ്യം നല്ല ഡിജിറ്റല്‍ പിഎച്ച് മീറ്ററുകള്‍ ലഭ്യമാണ്.


മത്സ്യങ്ങളുടെ വിസര്‍ജ്യവും നല്കുന്ന തീറ്റയും ജലാശയത്തിന്റെ ഘടനയുമൊക്കെ അനുസരിച്ച് വെള്ളത്തിലെ പിഎച്ചിന് മാറ്റം വരാം. പല മത്സ്യങ്ങള്‍ക്കും പിഎച്ചിലുണ്ടാകുന്ന ചെറിയ മാറ്റംപോലും തരണം ചെയ്യാന്‍ കഴിയാറില്ല. അതുകൊണ്ടുതന്നെ നിശ്ചിത ഇടവേളകളില്‍ വെള്ളത്തിലെ പിഎച്ച് പരിശോധിക്കുന്നത് നല്ലതാണ്.



(ഈ ബ്ലോഗിലെ ലേഖനങ്ങളുടെ ഉടമസ്ഥാവകാശം എനിക്ക് മാത്രമായിരിക്കും. പലരും കോപി ചെയ്ത് അവരുടെ ലേഖനമെന്ന തരത്തില്‍ പുറത്തുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ബ്ലോഗിന്റെ പ്രൈവസിയില്‍ അല്പം മാറ്റം വരുത്തേണ്ടിവന്നിട്ടുണ്ട്. പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കുക.

എന്ന്, 
ഐബിന്‍ കാണ്ടാവനം)

1 comment:

  1. ee vivarangal okkey share cheyyunnathu njangalku oru punyam aanu... ella vidhathilum iniyum mikacha vivaranagal post cheyyanum kazhiyattey eenu aashamsikkunnu.. :)

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...