Sunday 12 November 2017

പളുങ്കുപാത്രത്തിലെ ഗപ്പിയഴക്

Moscow blue guppies
അലങ്കാരമത്സ്യകര്‍ഷകരുടെയും ഹോബിയിസ്റ്റുകളുടെ ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്ന് നിരവധി നിറവൈവിധ്യമുള്ള മുന്തിയ ഇനം ഗപ്പികള്‍ ലഭ്യമാണ്. നൂറു മുതല്‍ ആയിരങ്ങള്‍ വിലവരുന്ന ഗപ്പികള്‍ ഇന്ന് കേരളത്തില്‍ സുലഭമാണ്. ഇറക്കുമതി ചെയ്യുന്ന ഗപ്പി ഇനങ്ങളും ഇക്കൂട്ടത്തില്‍ പെടും.




ബ്രൂഡര്‍ സ്റ്റോക്ക്

3-4 മാസം പ്രായമായ ഗപ്പികളെ വാങ്ങി വളര്‍ത്തിയെടുക്കുന്നതാണ് ബ്രീഡിംഗിന് നല്ലത്. ഇതില്‍ നല്ല നിറവും ആരോഗ്യവും ചുറുചുറുക്കുമുള്ള ആണ്‍-മത്സ്യങ്ങളെയായിരിക്കണം ബ്രീഡിംഗിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. രണ്ടു മത്സ്യങ്ങളും ഒരേ നിറത്തിലുള്ളവയായിരിക്കുന്നതാണ് ഏറ്റവും നല്ലത്. മികച്ച നിറമുള്ള കുഞ്ഞുങ്ങളെ ലഭിക്കാന്‍ അതാണ് നല്ലത്..

1:3, 1:1 ആണ്‍-പെണ്‍ അനുപാതത്തില്‍ ഗപ്പികളെ പ്രജനന ടാങ്കില്‍ നിക്ഷേപിക്കാം. 1:1 മത്സ്യങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുന്നതിനാല്‍ 1:3 വരെ നല്ലതാണ്. എന്നാല്‍ മൂന്നു പെണ്‍മത്സ്യങ്ങള്‍ക്കു മുകളില്‍ ഉപയോഗിക്കാത്തതാണ് നല്ലത്. മൂന്നില്‍ കൂടിയാല്‍ തുടര്‍ച്ചയായുള്ള ഇണചേരല്‍ ആണ്‍മത്സ്യങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കും.

പ്രജനനടാങ്കില്‍ മുള്ളന്‍ പായല്‍ പോലുള്ള ചെടികള്‍ അവശ്യത്തിനു വേണം (ചെടികള്‍ പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയില്‍ ഒരു മിനിറ്റ് നേരം മുക്കി അണുവിമുക്തമാക്കണം). മാതാപിതാക്കളുടെ ആക്രമണങ്ങളില്‍നിന്ന് കുഞ്ഞുങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍വേണ്ടിയാണിത്. വെള്ളം എപ്പോഴും വൃത്തിയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം ഗപ്പികള്‍ക്കാവശ്യം. ആല്‍ഗയും ഭക്ഷണമാക്കും.


പ്രജനനരീതി

ഒരു തവണ ഇണചേരുമ്പോഴുള്ള ബീജം ഉപയോഗിച്ച് ഒരു സീസണില്‍ കുറഞ്ഞത് ആറു ബാച്ച് കുഞ്ഞുങ്ങളെ വരെ പ്രസവിക്കാന്‍ പെണ്‍മത്സ്യങ്ങള്‍ക്കാകും.

28 ദിവസമാണ് ഗര്‍ഭകാലം. ഗപ്പികളിലെ ഇനങ്ങളനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകും. സാധാരണ ഇനങ്ങളില്‍നിന്ന് കൂടുതല്‍ (10-50) കുഞ്ഞുങ്ങളെ ലഭിക്കുമ്പോള്‍ ആല്‍ബിനോ ഇനങ്ങളില്‍ താരതമ്യേന കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരിക്കും.

ജനിച്ചിറങ്ങുന്ന കുഞ്ഞുങ്ങളെ പേരന്റ് സ്റ്റോക്കിന്റെ ടാങ്കില്‍നിന്ന് പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ച കൂടാന്‍ സഹായിക്കും. കൂടാതെ പല ബാച്ച് കുഞ്ഞുങ്ങളെ ഒരുമിച്ച് പാര്‍പ്പിക്കുന്നതും വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ ഓരോ ബാച്ച് കുഞ്ഞുങ്ങളെയും പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നതാണ് നല്ലത്.


ആര്‍ട്ടീമിയ, മൊനിയ തുടങ്ങിയവ കുഞ്ഞുങ്ങളുടെ ആദ്യ ആഴ്ചകളിള്‍ നല്കാം. മൂന്നാഴ്ച കഴിഞ്ഞ് പൊടി രൂപത്തിലുള്ള തീറ്റ നല്കിത്തുടങ്ങാനാകും. അളവ് കുറച്ച് ദിവസം നാലു നേരം ഭ്ക്ഷണം നല്കുന്നത് വളര്‍ച്ചയ്ക്കു നല്ലതാണ്.

ഒരു മാസത്തിനുശേഷം ആണ്‍-പെണ്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം ടാങ്കുകളിലേക്കു മാറ്റാം. ആദ്യ മാസംതന്നെ ആണ്‍മത്സ്യങ്ങളില്‍ നിറം വന്നുതുടങ്ങും. ലിംഗനിര്‍ണയം നടത്താന്‍ ഇതു സഹായിക്കും.



വില്പന 90 ദിവസത്തില്‍

Albino Full Red Guppies
സാധാരണ മൂന്നു മാസം പ്രായമാകുമ്പോഴാണ് വില്പന നടത്തുക. ഈ സമയത്ത് ആണ്‍മത്സ്യങ്ങള്‍ക്കു നല്ല നിറമാകും. പെണ്‍മത്സ്യം വലുപ്പുമുള്ളതുമാകും.

ഈ പ്രായത്തില്‍ പൊടി രൂപത്തിലുള്ളതോ തരി രൂപത്തിലുള്ളതോ ആയ തീറ്റകള്‍ നല്കാം. ആഴ്ചയില്‍ 2-3 തവണ ലൈവ് ഫീഡുകള്‍ നല്കുന്നത് നല്ലതാണ്.


തുടക്കക്കാര്‍ക്ക്

Blonde red tuxedo guppies
അലങ്കാരമത്സ്യകൃഷിയിലേക്കു തിരിയുന്ന തുടക്കക്കാര്‍ക്ക് സാധാരണ ഗപ്പികളെയോ ടെക്‌സഡസ്, ഫുള്‍ ബ്ലാക്ക്, ഫുള്‍ റെഡ് പോലുള്ള ഇനങ്ങളെയോ വളര്‍ത്താനായി തെരഞ്ഞെടുക്കാം.
ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ക്ക് ആയിരത്തിനു മുകളിലാണ് വില. പ്രാദേശികമായി ലഭ്യമാകുന്ന ഇനങ്ങള്‍ക്ക് ആയിരത്തില്‍ താഴെയേ വില വരൂ. മികച്ച ബ്രീഡര്‍മാരില്‍നിന്നോ നല്ല കടകളില്‍നിന്നോ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


ജലസംരക്ഷണം അത്യാവശ്യം

Half black guppies
7-8 പിഎച്ച് റേഞ്ചാണ് ഗപ്പികള്‍ക്ക് അനുയോജ്യം. നേരിട്ടു മഴവെള്ളം പതിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഒപ്പം വെള്ളം അധികം ചൂടാവാനും പാടില്ല.






പ്രജനന ടാങ്ക്

Endler guppies
30 ലിറ്റര്‍ ശേഷിയുള്ള അക്വേറിയത്തില്‍ ബ്രീഡിംഗ് ബാച്ചിനെ സൂക്ഷിക്കാം. ഫില്‍ട്രേഷനും അത്യാവശ്യമാണ്. ഒരു ഇനം ഗപ്പി ബ്രീഡ് ചെയ്‌തെടുക്കാന്‍ കുറഞ്ഞത് ആറു ടാങ്കെങ്കിലും വേണ്ടിവരും. കുഞ്ഞുങ്ങളെ മാറ്റാനും പിന്നീട് ആണ്‍-പെണ്‍ മത്സ്യങ്ങളെ മാറ്റാനുമൊക്കെ വേണ്ടിയാണിത്.

ടാങ്കില്‍ 1-1.5 അടി വെള്ളമുള്ളത് ഗപ്പികള്‍ക്ക് അനുയോജ്യമാണ്. കൃത്യമായ ഫില്‍ട്രേഷന്‍ സംവിധാനമുണ്ടെങ്കില്‍ മാസത്തില്‍ രണ്ടു തവണ 30 ശതമാനം വെള്ളം നീക്കി പുതിയത് നിറയ്ക്കാം.



രോഗങ്ങള്‍

മികച്ച രോഗപ്രതിരോധശേഷിയുള്ള മത്സ്യമാണ് ഗപ്പിയെങ്കിലും കാലാവസ്ഥാ വ്യതിയാനം, മോശം വെള്ളം തുടങ്ങിയവ രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നേരിട്ട് മഴവെള്ളം ടാങ്കില്‍ വീഴാതെ ശ്രദ്ധിക്കണം. മാത്രമല്ല തീറ്റ നല്കുമ്പോള്‍ അധികമാവാതെ നോക്കുകയും വേണം. വെള്ളം മോശമാവാനും പാടില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗങ്ങള്‍ ഏഴയലത്തുപോലും വരില്ല.


വെറ്റ് സ്‌പോട്ട് അല്ലെങ്കില്‍ ചൊറിച്ചില്‍ ആണ് പ്രധാന അസുഖം. മത്സ്യങ്ങള്‍ തങ്ങളുടെ ശരീരം ടാങ്കിലുള്ള വസ്തുക്കളില്‍ ഉരയ്ക്കുന്നത് കാണാം. ഈ സാഹചര്യത്തില്‍ ടാങ്കിലെ ചെടികള്‍ നീക്കം ചെയ്തശേഷം അല്പം കല്ലുപ്പ് ഇടാം. 48 മണിക്കൂറിനുശേഷം വെള്ളം മാറ്റി നല്കാം.

Red tuxedo guppies







വില

White tuxedo
കടകളില്‍ ജോടിക്ക് 30 രൂപ മുതല്‍ 300 രൂപ വരെയുള്ള ഗപ്പികള്‍ സാധാരണ ലഭ്യമാണ്. ഇറക്കുമതി ചെയ്തവയാണെങ്കില്‍ 1500 രൂപയ്ക്കു മുകളിലേക്കാണ് ജോടിക്കു വില.




കടപ്പാട്
ഗിരീഷ് ഭട്ട് (അലങ്കാരമത്സ്യക്കര്‍ഷകന്‍)
ഗിരി നവാസ്
എ.എന്‍. പുരം
ആലപ്പുഴ
മൊബൈല്‍: 8714401136


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്റര്‍നെറ്റ്‌




സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിനും അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി. തുടര്‍ന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...