Thursday, 23 November 2017

മുയല്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങള്‍


പതുപതുത്ത രോമങ്ങള്‍ക്കൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന മൃഗമാണ് മുയല്‍. കൊഴുപ്പു കുറഞ്ഞ മാസവും ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. ചുരുങ്ങിയ സ്ഥലത്ത് വലിയ പരിചരണമില്ലാതെ വളര്‍ത്തുകയും ചെയ്യാം. മുയല്‍ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.



1. ശാന്തസ്വഭാവുള്ള മൃഗമാണ് മുയല്‍. അതുകൊണ്ടുതന്നെ അവയ്ക്കുള്ള കൂട് ഒരുക്കുമ്പോഴും ശാന്തമായ അന്തരീക്ഷം ഉള്ളതാണ് നല്ലത്. ചൂടേല്‍ക്കാത്ത സ്ഥലത്ത് കൂട് സ്ഥാപിക്കാം.

2. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ കമ്പിവലകളാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും തടികൊണ്ട് കൂടുണ്ടാക്കാന്‍ കഴിയുന്നവര്‍ അതിന് ശ്രമിക്കുന്നതാണ് നല്ലത്. കൂടിന് കൂടുതല്‍ കാലം ഈടു ലഭിക്കാന്‍ അതാണ് ഉത്തമം. കൂടിന്റെ അടിത്തട്ട് തയാറാക്കാന്‍ ഒരിഞ്ച് വീതിയുള്ള റീപ്പ (തടി) ഉപയോഗിക്കാം. കൂട് ഉണങ്ങി വൃത്തിയായിക്കിടക്കാന്‍ ഇതാണ് നല്ലത്. കമ്പിവലയും കുഴപ്പമില്ല. എന്നാല്‍, പെട്ടെന്ന് തുരുമ്പെടുത്ത് ദ്രവിക്കാനുള്ള സാധ്യതയുണ്ട്.

3. രണ്ടടി നീളവും രണ്ടടി വീതിയും ഒന്നരയടി ഉയരവുമുള്ള കള്ളികളാണ് നല്ലത്. വലുപ്പം കൂടിയതുകൊണ്ട് വളര്‍ത്തുന്നവര്‍ക്ക് ചെലവ് കൂടാനെ ഉപകരിക്കൂ. പ്രസവ സമയങ്ങളില്‍ രണ്ടര അടി നീളമുള്ള കള്ളികളും ഉപയോഗിക്കാം.

4. തള്ളമുയലിന് കയറി നില്‍ക്കാന്‍ കഴിയുന്ന വലുപ്പത്തിലുള്ള പ്രസവപ്പെട്ടികളാണ് ഉത്തമം. ഇത് എല്ലാ കുഞ്ഞുങ്ങള്‍ക്ക് മുലകുടിക്കാനുള്ള സൗകര്യമൊരുക്കുന്നു.

5. തടികൊണ്ടുണ്ടാക്കിയ പ്രവസപ്പെട്ടിയുടെ അടിവശം ഇരുമ്പ് നെറ്റ് തറയ്ക്കുന്നത് നല്ലതാണ്. മുലകുടിപ്പിച്ചുകഴിയുമ്പോള്‍ മുയലുകള്‍ക്ക് മൂത്രമൊഴിക്കുന്ന സ്വഭാവമുള്ളതുകൊണ്ട് പ്രസവപ്പെട്ടി വൃത്തിയായിരിക്കാന്‍ അടിയില്‍ നെറ്റ് ഉള്ളതുതന്നെയാണ് നല്ലത്.



6. ആറു മാസം പ്രായമായ പെണ്‍ മുയലുകളെ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം. ആണ്‍മുയല്‍ എട്ടു മാസം പ്രായവും ആരോഗ്യമുള്ളതുമായിരിക്കണം.

7. ഇണചേര്‍ക്കുന്ന മുയലുകള്‍ രക്തബന്ധമുള്ളവരായിരിക്കരുത്. രക്തബന്ധമുള്ള മുയലുകളുടെ കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷിയും വളര്‍ച്ചാനിരക്കും കുറവായിരിക്കും.


8. മദിലക്ഷണം കാണിക്കുന്ന പെണ്‍മുയലിനെ ആണ്‍ മുയലിന്റെ കൂട്ടിലേക്ക് മാറ്റാം. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ആണ്‍മുയല്‍ ഒരു വശത്തേക്കു മറിഞ്ഞുവീഴും. ഇത് വിജയകരമായി ഇണചേര്‍ന്നു എന്നതിന്റെ തെളിവാണ്. അഞ്ചു മണക്കൂര്‍ കഴിഞ്ഞ് ഒന്നുകൂടി ഇണ ചേര്‍ക്കാം. കുഞ്ഞുങ്ങള്‍ കൂടുതല്‍ ലഭിക്കാന്‍ ഈ രീതി അനുവര്‍ത്തിക്കാം.

9. ഒരു ദിവസം മുഴുവും ആണ്‍മുയലിന്റെയൊപ്പം പെണ്‍മുയലിനെ പാര്‍പ്പിക്കണമെന്നില്ല. മുകളില്‍ സൂചിപ്പിച്ചപോലെ ഇണ ചേരല്‍ കഴിഞ്ഞാല്‍ പെണ്‍മുയലിനെ അതിന്റെ കൂട്ടിലേക്ക് മാറ്റാവുന്നതാണ്.

10. ഇണ ചേര്‍ത്ത് 15-ാം ദിവസം പെണ്‍മുയലിനെ പിടിച്ച് ഉദരം പരിശോധിച്ചാല്‍ ഗോലി രൂപത്തില്‍ കുഞ്ഞുങ്ങളെ അറിയാന്‍ കഴിയും. ഇത്തരത്തില്‍ പിടിച്ച് പരിശോധിക്കുമ്പോള്‍ ശ്രദ്ധ വേണം.

11. 31 ദിവസമാണ് ശരാശരി ഗര്‍ഭകാലം. ഇണ ചേര്‍ത്ത തീയതി പ്രത്യേകം ഓര്‍മിച്ചോ കുറിച്ചോ വച്ചാല്‍ പ്രസവം മുന്‍കൂട്ടി അറിയാന്‍ കഴിയും.

12. പ്രവസത്തിന് മൂന്നു നാല് ദിവസം മുമ്പ് പ്രസവപ്പെട്ടി പെണ്‍മുയലിന്റെ കൂട്ടില്‍ വയ്ക്കാം. മുയല്‍ മൂത്രമൊഴിക്കുന്ന വശത്ത് പ്രസവപ്പെട്ടി വയ്ക്കരുത്.

13. പ്രസവസമയം അടുത്താല്‍ പെണ്‍മുയല്‍ കൂട്ടിലുള്ള പൂല്ല് പെട്ടിയില്‍ അടുക്കി രോമം പൊഴിച്ച് കുട്ടികള്‍ക്കായി മെത്തയൊരുക്കും.

14. ഒരു പ്രസവത്തില്‍ ശരാശരി 4-8 കുഞ്ഞുങ്ങളാണ് ഉണ്ടാവുക. പ്രസവം പരമാവധി അര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകും.

15. കുഞ്ഞുങ്ങളെ ദിവസവും പരിശോധിക്കുന്നത് നല്ലതാണ്. നന്നായി പാലു ലഭിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരം രണ്ടു ദിവസത്തിനുള്ളില്‍ ചുളിവുകള്‍ മാറി ഭംഗിയുള്ളതാവും.

16. സാധാരണ മുയലുകള്‍ കുഞ്ഞുങ്ങളെ തനിയെ മുലയൂട്ടിക്കൊള്ളും. പിടിച്ച് കുടുപ്പിക്കേണ്ട ആവശ്യമില്ല. രണ്ടു ദിവസമായിട്ടും കുഞ്ഞുങ്ങള്‍ക്ക് വലുപ്പം വയ്ക്കാതെ ശരീരം ചുക്കിച്ചുളിഞ്ഞിരിക്കുകയാണെങ്കില്‍ തള്ളമുയലിനെ പ്രസവപ്പെട്ടിക്കുള്ളിലാക്കി മറ്റൊരു പെട്ടിവച്ച് 10 മിനിറ്റത്തേക്ക് അടച്ചുവയ്ക്കാം. കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചുകൊള്ളും. സാധാരണ ആദ്യപ്രസവത്തിലാണ് മുലയൂട്ടാന്‍ മടി കാണിക്കാറുള്ളത്.


17. പത്തു ദിവസം ആകുമ്പോള്‍ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കും. 15 ദിവസമാകുമ്പോള്‍ ചെറുതായി ഭക്ഷണം കഴിച്ചുതുടങ്ങും.

18. 30 ദിവസമാകുമ്പോള്‍ തള്ളയുടെ അടുത്തുനിന്ന് മാറ്റാമെങ്കിലും 40 ദിവസം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളെ പിരിക്കുന്നതാണ് നല്ലത്. അവയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അതാണ് ഉത്തമം.

19. കുഞ്ഞുങ്ങളെ മാറ്റി ഒരാഴ്ചയ്ക്കുശേഷം തള്ള മുയലിനെ വീണ്ടും ഇണചേര്‍ക്കാം. പ്രവവങ്ങള്‍ തമ്മില്‍ 50 ദിവസത്തെയെങ്കിലും ഇടവേളയുണ്ടാകുന്നത് തള്ളമുയലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

20. റാബിറ്റ് ഫീഡ് മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിലല്ലാതെ വളര്‍ത്തുമ്പോള്‍ അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കുറഞ്ഞ ചെലവില്‍ വളര്‍ത്തുന്നതാണ നല്ലത്. തവിട് ചേര്‍ത്ത് കഞ്ഞിയും പച്ചപ്പുല്ലും നല്കാം. ശുദ്ധജലം 24 മണിക്കൂറും കൂട്ടിലുണ്ടാവണം. പുല്ല് വൈകുന്നേരങ്ങളില്‍ കൂടുതല്‍ കൊടുക്കുന്നതാണ് അനുയോജ്യം.

21. കൂട് ദിവസേന വൃത്തിയാക്കണം. അല്ലാത്തപക്ഷം ഫംഗസ് രോഗങ്ങള്‍ പിടിപെടാം. മുയലുകളുടെ മൂക്ക്, ചെവി, നഖങ്ങള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വരുന്ന ഫംഗസ് ബാധയാണ് സാധാരണയുണ്ടാവാറുള്ളത്. ഇതിന് അസ്‌കാബിയോള്‍ എന്ന ലോഷന്‍ പഞ്ഞിയില്‍ മുക്കി രണ്ടു നേരം പുരട്ടാം. വൃത്തിയുള്ള അന്തരീക്ഷം രോഗങ്ങള്‍ അകറ്റും.


22. ഭക്ഷണത്തിനൊപ്പം കാത്സ്യവും വൈറ്റമിന്‍ സപ്ലിമെന്റുകളും നല്കണം. വൈറ്റമിന്റെ കുറവുകൊണ്ട് ഗര്‍ഭംധരിക്കാതെ വരികയോ കപടഗര്‍ഭം കാണിക്കുകയോ ചെയ്യാം.

23. മുയലുകളെ ചെവിയില്‍ തൂക്കി എടുക്കരുത്. ശരീരത്തിന്റെ ഭാരം താങ്ങാന്‍ ചെവികള്‍ക്കു കഴിയില്ല. പകരം മുതുകത്തെ തൊപ്പുറത്ത് പിടിച്ച് എടുക്കാം.

24. പ്രായപൂര്‍ത്തിയായ മുയലുകളെ വെവ്വേറെ കൂടുകളില്‍ പാര്‍പ്പിക്കണം. അല്ലെങ്കില്‍ പരസ്പരം ആക്രമിക്കും.

25. കൂടുതല്‍ വെള്ളം നല്കുന്നത് മുയലുകളുടെ മൂത്രത്തിലെ രൂക്ഷഗന്ധം ഇല്ലാതാക്കും. ചിലര്‍ മുയലുകള്‍ക്ക് കഞ്ഞിവെള്ളം നല്കാറുണ്ട്. ഇതുകാരണം മൂത്രത്തിനു കൊഴുപ്പു കൂടി ദുര്‍ഗന്ധം വര്‍ധിക്കും. കഞ്ഞിവെള്ളം നല്കണമെന്നുണ്ടെങ്കില്‍ വളരെ നേര്‍പ്പിച്ച് മാത്രം നല്കുക.

2 comments:

  1. വളരെ നല്ല ഇൻഫർമേഷൻആണ് പങ്കുവെച്ചിരിക്കുന്നതു വളരെ ഉപകാരപ്രേദഎം

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...