Sunday, 19 June 2016

പോളിഹൗസ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

കേരളത്തിലെ പച്ചക്കറിയുത്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിനു 75 ശതമാനം സബ്‌സിഡി നല്കി  കൊണ്ടുവന്ന പദ്ധതിയാണ് പോളിഹൗസ് കൃഷി. കേരളത്തിലെ ഭൂപ്രകൃതിയെക്കുറിച്ചുള്ള കാര്യമായ പഠനം നടത്താതെയുള്ള ഈ എടുത്തുചാട്ടത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ന് കര്‍ഷകര്‍ അനുഭവിച്ചുവരികയാണ്.
എല്ലാ പഞ്ചായത്തിലും മൂന്നു പോളിഹൗസ് എന്ന ലക്ഷ്യം ഒപ്പിക്കുന്നതിനായി കാര്‍ഷികരംഗത്ത് യാതൊരു പരിചയമില്ലാത്തവര്‍ക്കും പോളിഹൗസ് നല്കി. സബ്‌സിഡി എന്ന മോഹവാഗ്ദാനം പലരെയും ഇതിലേക്ക് അടുപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ പോളിഹൗസ് കൃഷി സാധാരണമാണെങ്കിലും കേരളത്തില്‍ അതിനുള്ള വിദഗ്ധ നിര്‍മാതാക്കളില്ലാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ നിര്‍മാണക്കമ്പനികളെ ആശ്രയിക്കേണ്ടിവന്നു. ഫലമോ നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങാത്ത വിധത്തിലുള്ള രൂപഘടനയെത്തി. കാസര്‍ഗോഡുനിന്ന് തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ ഭൂപ്രകൃതിയും കാലാവസ്ഥയും വ്യത്യസ്തമാണ്. എന്നാല്‍, എല്ലാ കാലാവസ്ഥയ്ക്കും ആവിഷ്‌കരിച്ച മോഡല്‍ മാത്രം ഒന്ന്. അതുതന്നെയാണ് ഈ മേഖല പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് കൃഷി ഉദ്യേഗസ്ഥര്‍തന്നെ സമ്മതിക്കുന്നുണ്ട്.

ഈര്‍പ്പമേറിയ ഉണഷ്ണമേഖലാ കാലാവസ്ഥയാണ് കേരളത്തില്‍. ഈ സാഹചര്യത്തിനു യോജിച്ചവിധത്തിലൊരു പോളിഹൗസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ത്തന്നെ അയല്‍സംസ്ഥാനങ്ങളിലെ മാതൃകയില്‍ത്തന്നെ ഇവിടെ പോളിഹൗസുകള്‍ ഉയരുന്നു. ഈ രംഗത്ത് സാങ്കേതിക അറിവുള്ളവരെ പരിശീനം നല്കി നിയമിച്ചശേഷം വേണമായിരുന്നു പദ്ധതി ആവിഷ്‌കരിക്കാന്‍. പോളിഹൗസ് കൃഷി തുടങ്ങി നാലു വര്‍ഷം പിന്നിട്ടശേഷം തിരിഞ്ഞുനോക്കുമ്പോള്‍ കര്‍ഷകനു ബാക്കി കഷ്ടപ്പാടുകളും ധനനഷ്ടവും മാത്രം.

കര്‍ഷകരുടെ പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 14 ജില്ലകളിലേക്കുമായി 14 കൃഷി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്കി നിയമിച്ചെങ്കിലും അതും വേണ്ടരീതിയില്‍ മുന്നോട്ടുപോയില്ല. ഹൈ ടെക് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്നായിരുന്നു തസ്തിക. ഇതനുസരിച്ച് നാലു മാസം വേതനമില്ലാത്ത ജോലി ചെയ്യേണ്ടിവന്നെന്ന് ഈ ഉദ്യോഗസ്ഥര്‍ സാഷ്യപ്പെടുത്തുന്നു. കൃഷിവകുപ്പും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും (എസ്എച്ച്എം) തമ്മിലുള്ള പടലപ്പിടക്കങ്ങളും ഇവിടെയും വില്ലനായി. ഇതുതന്നെയാണ് പല നല്ല പദ്ധതികളുടെയും നടത്തിപ്പിനു തടസമായ പ്രധാന കാരണവും. സംസ്ഥാന സര്‍ക്കാരിന്റെ അനുവാദത്തോടെ എസ്എച്ച്എം നിയമിച്ച ഹൈ ടെക് അഗ്രികള്‍ച്ചര്‍ ഓഫീസര്‍മാര്‍ക്ക് ശമ്പളം നല്‌കേണ്ടത് കൃഷിവകുപ്പായിരുന്നു. ശമ്പളം നല്കാന്‍ ഫണ്ടില്ലെന്നാണ് കൃഷിവകുപ്പിന്റെ ന്യായം. അതോടെ ഈ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പഴയ തസ്തികകളിലേക്കു മടങ്ങി.

പണ്ടൊക്കെ കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമാക്കിയവരെയായിരുന്നു കര്‍ഷകരെന്നു വിളിച്ചിരുന്നത്. അന്ന് മൂന്നു രീതിയിലുള്ള കര്‍ഷകര്‍ സമൂഹത്തിലുണ്ട്. 1) കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമാക്കിയവര്‍, 2) മറ്റു ജോലികള്‍ക്കു ശേഷം കൃഷി വിനോദമായി എടുത്തവര്‍, 3) മള്‍ട്ടി നാഷണല്‍ കമ്പനികള്‍. ഇതില്‍ ആദ്യത്തെ വിഭാഗത്തിന് കൃഷിയില്‍നിന്ന് വ്യക്തമായ വരുമാനം ലഭിച്ചില്ലെങ്കില്‍ പട്ടിണിയാകുമെന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ ഹൈ ടെക് കൃഷിയിലേക്ക് ചാടിയവര്‍ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. രണ്ടാമത്തെ കൂട്ടര്‍ക്ക് പ്രതിസന്ധികളുണ്ടായെങ്കിലും അത് കാര്യമായി ഏശിയില്ല. മറ്റൊരു മേഖലയില്‍നിന്നുള്ള പണം പ്രതിസന്ധി തരണം ചെയ്യിച്ചു. മൂന്നാമത്തെ വിഭാഗമായ മള്‍ട്ടി നാഷണല്‍ കമ്പനികളാണ് പോളിഹൗസ് കൃഷിയില്‍ വന്‍ വിജയം നേടുന്നത്. പൂര്‍ണമായ സാങ്കേതികവിദ്യയുടെ പിന്‍ബലവും വിദഗ്ധരും അത്തരം പോളിഹൗസുകളെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നു. അതുമായി താരതമ്യപ്പെടുത്തിയാല്‍ കേരളം എവിടെ നില്‍ക്കുന്നുലെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

ചെലവ് കൂടുതല്‍ വരുമാനം കുറവ്

വരവില്‍ കവിഞ്ഞ ചെലവാണ് കേരളത്തിലെ മറ്റൊരു വെല്ലുവിളി. ജൈവകൃഷിയുമായി മുമ്പോട്ടുപോകാന്‍ പറ്റുന്നില്ലെന്നാണ് മിക്ക കര്‍ഷകരുടെയും അഭിപ്രായം. പോളിഹൗസുകളിലേക്കുള്ള വെള്ളത്തില്‍ ലയിക്കുന്ന രാസവളങ്ങള്‍ക്ക് കിലോഗ്രാമിന് 200 രൂപയില്‍ താഴെ മാത്രം വില വരുമ്പോള്‍ ജൈവ വളങ്ങള്‍ക്ക് 1300 രൂപയോളം ചെലവു വരുന്നു. മികച്ച ഉത്പാദനം തരുന്ന വളങ്ങളാണെങ്കിലും ഉത്പനങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന വില കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. രാസവളം ഉപയോഗിച്ചു വളര്‍ന്ന വിളയ്ക്കും ജൈവവളം ഉപയോഗിച്ചു വളര്‍ന്ന വിളയ്ക്കും വിപണയില്‍ ലഭിക്കുന്നത് ഒരേ വിലയാണ്. മാത്രമല്ല എസ്എച്ച്എം സ്റ്റാളുകളിലെ തറവിലയും കര്‍ഷകര്‍ക്ക് വേണ്ടരീതിയില്‍ പ്രയോജനപ്പെടുന്നില്ല എന്ന വാദവും ഉയരുന്നുണ്ട്. പലപ്പോഴും സ്റ്റാളുകളിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് തിരിച്ചുകൊണ്ടുപോകേണ്ടി വന്നിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം ആദ്യം വിപണിയ പ്രശ്‌നമായിരുന്നെങ്കിലും പാലക്കാടുള്ള പോളിഹൗസ് കര്‍ഷകര്‍ സ്വന്തമായി വിപണി കണ്ടെത്തിയിട്ടുണ്ട്. കളക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കളക്ടറേറ്റിനുള്ളില്‍ തിങ്കളാഴ്ചതോറും സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പോളിഹൗസ് ഉത്പന്നങ്ങളും മറ്റ് കാര്‍ഷികോത്പന്നങ്ങളും ഗ്രേഡിംഗ് നടത്തി ഇവിടെ എത്തുന്നുണ്ട്. രണ്ടു മണിക്കൂറിനുള്ളില്‍ 20,000 രൂപയുടെ വില്പന നടത്താന്‍ കഴിയുന്നുണ്ടെന്ന അഭിമാനവും അവര്‍ക്കുണ്ട്. സബ്‌സിഡിയില്‍ മയങ്ങിവീണവരുടെ ഉപയോഗിക്കാതെകിടന്ന പോളിഹൗസുകള്‍ ഇപ്പോള്‍ ഇവര്‍ ഏറ്റെടുത്ത് നടത്തുകയാണ്.


പോളിഹൗസില്‍ കൃഷിചെയ്യുന്ന മുന്തിയ ഇനം വിത്ത് 1000 എണ്ണത്തിന് 8,000 രൂപ വില വരും. ഒരു ആവൃത്തി കൃഷിയിറക്കണമെങ്കില്‍ വളത്തിനു തന്നെ 45,000 രൂപയോളം ചെലവ് വരും. വര്‍ഷം മൂന്ന് ആവൃത്തിയെങ്കിലും കൃഷി ചെയ്യുന്നതിനാല്‍ ചെലവ് 1.3 ലക്ഷം രൂപ. വളം ഫോളിയാറായി നല്കുന്നതിനാല്‍ ചെലവ് കുറയുന്നു. അല്ലെങ്കില്‍ ഇതിലും കൂടുതല്‍ ചെലവു വരുമെന്നാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കര്‍ഷകരുടെ അഭിപ്രായം. ഇതേ രീതിയില്‍ രാസവളം മാത്രമുപയോഗിച്ചാല്‍ ചെലവ് കുറയും. പക്ഷേ... അനന്തരഫലം അനുഭവിക്കേണ്ടെ എന്നാണ് അവരുടെ ചോദ്യം.

കാര്‍ഷികവൃത്തിയില്‍ ആത്മാര്‍ഥതയോടെ ഇടപെടണമെന്നാണ് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ഹൈ ടെക് അഗ്രികള്‍ച്ചര്‍ ട്രെയിനിംഗ് സെന്ററിന്റെ ഡയറക്ടര്‍ ഡോ. പി. സുശീലയുടെ അഭിപ്രായം. ഹൈ ടെക് രീതിയിലുള്ള കൃഷിയിലേക്ക് ഒന്നുമറിയാതെ എടുത്തു ചാടുന്നതിനു മുമ്പ് അതിനെക്കുറിച്ച് പഠിക്കുകയോ ട്രെയിനിംഗ് നേടുകയോ ചെയ്തിരിക്കണം. കൊച്ചു കുട്ടികളെ ശുശ്രൂഷിക്കുന്നപോലെ വേണം കൃഷിയോടുള്ള സമീപനം. കൃത്യമായ പരിചരണവും ശ്രദ്ധയുമുണ്ടെങ്കില്‍ വിജയം നേടാവുന്നതേയുള്ളൂ. പോളിഹൗസിലെ വിളകളില്‍ രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ പരിഹാരം ചെയ്തിരിക്കണമെന്നാണ് ശാസ്ത്രം. പക്ഷേ കേരത്തിലെ 400 ചതുരശ്ര മീറ്ററിലെ കൃഷിയിടം വരുമാനമാര്‍ഗമാകുന്നില്ലാത്തതിനാല്‍ പലരും മതിയായ ശ്രദ്ധ നല്കുന്നില്ല. ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനാല്‍ കൃത്യമായ അണുനശീകരണവും വേണം.

തോല്‍വി എപ്പോഴുമുണ്ടാകും. ഇസ്രയേല്‍ പോളിഹൗസ് മാതൃകയാണ് നമ്മളും സ്വീകരിച്ചിരിക്കുന്നത്. അവിടെയും ആദ്യകൃഷി പരാജയമായിരുന്നു. നാളുകള്‍ എടുത്താണ് അവിടെ കൃഷി വിജയകരമാക്കിയതെന്ന് ഡോ. സുശീല പറയുന്നു.



വേണ്ടത് സര്‍ക്കാരില്‍നിന്നുള്ള പരിഹാര സഹായങ്ങള്‍


  • വിത്ത്, വളം, കീടനാശിനി തുടങ്ങിയവയൊക്കെ മിതമായ വിലയ്ക്ക് ലഭ്യമാകുന്ന സെന്ററുകള്‍ കേരത്തില്‍ തുടങ്ങണം. ഇപ്പോള്‍ ഇത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുകയാണ്.
  • എല്ലാ ജില്ലകളിലും അസോസിയേഷന്‍ രൂപീകരിക്കുക, പൂട്ടിക്കിടക്കുന്ന പോളിഹൗസുകള്‍ അസോസിയേഷനുകള്‍ ഏറ്റെടുത്ത് കൃഷി തുടങ്ങണം.
  • കര്‍ഷകര്‍ക്ക് ആവശ്യമായിട്ടുള്ള പ്രശ്‌നപരിഹാരത്തിനുള്ള സഹായം നല്കുന്നതിന് പ്രാക്ടിക്കല്‍ പരിജ്ഞാനവും കര്‍ഷകരുമായി ബന്ധവുമുള്ള ഒരു ടീമിനെ കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ടെക് അഗ്രികള്‍ച്ചര്‍ ട്രെയിനിംഗ് സെന്ററില്‍ നിയമിക്കുക.  
  • പോളിഷീറ്റ് കഴുകുന്നതിനും മൂന്നു വര്‍ഷത്തിനു ശേഷം മാറുന്നതിനും കര്‍ഷകര്‍ക്ക് സബ്‌സിഡി ഉറപ്പാക്കുക. 
  • പോളിഹൗസ് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സേഫ് ടു ഈറ്റ് എന്ന ബ്രാന്‍ഡില്‍ നല്ല വിലയ്ക്ക് കേരളത്തില്‍ വിറ്റഴിക്കാനുള്ള മാര്‍ഗം സ്വീകരിക്കണം. 
  • പോളിഹൗസ് കൃഷിക്കുള്ള ജൈവവളങ്ങള്‍ക്ക് വില അധികമായതിനാല്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് ഒരു പരിധിവരെ നഷ്ടം കുറയ്ക്കാന്‍ കഴിയും. 
  • സാങ്കേതിക അറിവുള്ള കാര്‍ഷിക വിദഗ്ധരെ ഈ മേഖലയിലേക്ക് നിയമിക്കണം. 
  • കേളത്തിനു മാത്രം ഇണങ്ങുന്ന വിധത്തിലുള്ള പോളിഹൗസ് മോഡല്‍ വികസിപ്പിക്കണം.
  • ഓരോ കാര്യത്തിനും നല്ലവശവും ദോഷവശവും ഉണ്ടെങ്കിലും. ദോഷവശത്തിന്റെ തീവ്രത കുറയ്ക്കാനാണ് പ്രധാനമായും ഈ മേഖലയില്‍ ശ്രദ്ധിക്കേണ്ടത്. 

ഐബിന്‍ കാണ്ടാവനം

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...